'ഒരു പന്തിയില്‍ രണ്ട് രീതിയിലുള്ള വിളമ്പല്‍ വേണ്ട' എന്ന എ.കെ.ആന്റണിയുടെ ശുപാര്‍ശയും ചവറ്റുകൊട്ടയില്‍; ജയസാധ്യത കുറവെന്ന സര്‍വ്വേ റിപ്പോര്‍ട്ടുകളും വിനയായി; കേസ് പേടിയില്‍ എല്‍ദോസ് കുന്നപ്പിളിളി ഔട്ട്; സീറ്റ് കിട്ടാത്തതില്‍ വേദനയുണ്ടെങ്കിലും പാര്‍ട്ടി വിടില്ലെന്ന് എല്‍ദോസ്
എ.കെ.ആന്റണിയുടെ ശുപാര്‍ശയും ചവറ്റുകൊട്ടയില്‍
കൊച്ചി: എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോള്‍ തുടര്‍ച്ചയായി രണ്ടുതവണ മണ്ഡലത്തെ പ്രതിനിധീകരിച്ച എല്‍ദോസ് കുന്നപ്പിള്ളിയെ പാടെ തഴഞ്ഞു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടനെ പാര്‍ട്ടി അവിടെ നിയോഗിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ അവസാന നിമിഷം വരെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന എല്‍ദോസിന് ഇത് കനത്ത പ്രഹരമായി.
സീറ്റ് തെറിക്കാന്‍ കാരണമായത്:
എല്‍ദോസിനെതിരായ ലൈംഗികാതിക്രമ കേസ് കോടതി ഉടന്‍ പരിഗണിക്കാന്‍ ഇരിക്കുകയാണ്. വിധി എതിരായാല്‍ അത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്ന വി.ഡി. സതീശന്‍ അടക്കമുള്ള നേതാക്കളുടെ വിലയിരുത്തലാണ് സീറ്റ് നിഷേധത്തിന് പ്രധാന കാരണമായത്. മണ്ഡലത്തില്‍ എല്‍ദോസിന് ഇത്തവണ വിജയസാധ്യത കുറവാണെന്ന സര്‍വ്വേ റിപ്പോര്‍ട്ടുകളും ഹൈക്കമാന്‍ഡിന് മുന്നിലെത്തിയിരുന്നു.
ആന്റണിയെയും തള്ളി സതീശന്‍ പക്ഷം
മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി എല്‍ദോസിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയിട്ടും നേതൃത്വം അത് പരിഗണിച്ചില്ലെന്ന് എല്‍ദോസ് തന്നെ തുറന്നടിച്ചു. 'ഒരു പന്തിയില്‍ രണ്ട് രീതിയിലുള്ള വിളമ്പല്‍ വേണ്ട' എന്നായിരുന്നു ആന്റണിയുടെ നിലപാടെന്നും, സമാനമായ പ്രശ്‌നങ്ങളുള്ള മറ്റുള്ളവര്‍ക്ക് സീറ്റ് നല്‍കിയപ്പോള്‍ തന്നെ മാത്രം തഴഞ്ഞത് ചിലരുടെ വ്യക്തിതാല്‍പര്യമാണെന്നും അദ്ദേഹം ആരോപിച്ചു.
വേദനയുണ്ട്, പക്ഷെ പാര്‍ട്ടി വിടില്ല
തീരുമാനത്തില്‍ കടുത്ത നിരാശയും വേദനയുമുണ്ടെന്ന് എല്‍ദോസ് പ്രതികരിച്ചു. പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും താന്‍ മത്സരിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും നേതൃത്വം വിരുദ്ധമായ നിലപാടാണ് എടുത്തത്. എങ്കിലും കോണ്‍ഗ്രസ് പ്രസ്ഥാനത്തെ തള്ളിപ്പറയാന്‍ അദ്ദേഹം തയ്യാറായില്ല.
പാര്‍ട്ടി തന്നെയാണ് വലുതെന്നും ഭാവി കാര്യങ്ങള്‍ പ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.