മാര്‍ക്കറ്റിലെ വില കിലോയ്ക്ക് 20000 രൂപ; രണ്ടായിരത്തിന് ഒന്നുമറിയാത്തവരില്‍ നിന്നും മരം വാങ്ങി മലപ്പുറത്ത് എത്തിച്ച് ചന്ദന തൈല ഫാക്ടറികള്‍ക്ക് മറിച്ചു വില്‍ക്കും; വര്‍ക്കലയില്‍ ഫോറസ്റ്റ് ഇന്റലിജന്‍സ് പൂട്ടിയത് ചെറുപ്പുളശ്ശേരിക്കാരന്‍ മുഹമ്മദലിയെ; വെങ്കുളം ഓപ്പറേഷനില്‍ ടവറും നിര്‍ണ്ണായകമായി; ഓപ്പറേഷന്‍ സാന്‍ഡല്‍വുഡ് വീണ്ടും സജീവമാകും
തിരുവനന്തപുരം: നാട്ടിലെ ചന്ദനമരങ്ങള്‍ കടത്തി കോടികളുണ്ടാക്കുന്ന ചന്ദന മാഫിയയെ തകര്‍ക്കാന്‍ വനം വകുപ്പ്. തിരുവനന്തപുരത്ത് നടത്തിയ ഓപ്പറേഷനില്‍ രണ്ടു പേര്‍ പിടിയിലായി. ഇതോടെ നിര്‍ണ്ണായക വിവരങ്ങളാണ് വനം വകുപ്പിന് ലഭിച്ചത്. തിരുവനന്തപുരം ഫോറസ്റ്റ് ഡിവിഷനില്‍ പാലോട് ഫോറസ്റ്റ് റേഞ്ചില്‍ ഭരതന്നൂര്‍ ഫോറസ്റ്റ് സെക്ഷന്‍ പരിധിയില്‍ ഇടവയില്‍ നിന്നും 250 കിലോയോളം ചന്ദനവും ഒരു പ്രതിയെയും തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സ് സെല്ലിന്റെ നേതൃത്വത്തില്‍ ചുള്ളിമാനൂര്‍ ഫോറസ്റ്റ് സ്‌ക്വാഡും പാലോട് റേഞ്ച് വനപാലകരും ചേര്‍ന്ന് പിടികൂടിയതോടെയാണ് മാഫിയയിലേക്ക് തെളിവുകള്‍ കിട്ടുന്നത്. മലപ്പുറത്താണ് മാഫിയയുടെ കേന്ദ്രം. സംസ്ഥാനത്തുടനീളം ഇവര്‍ക്ക് വേരുകളുണ്ട്.
കാട്ടിലെ ചന്ദന തടിയല്ല ഇവര് ലക്ഷ്യമിടുന്നത്. നാട്ടില്‍ വളരുന്ന ചന്ദന തടി ചുളുവിലയ്ക്ക് കൈക്കലാക്കും. അതിന് ശേഷം പത്തിരട്ടി ലാഭത്തില്‍ വില്‍ക്കും. ഒരു കിലോ ചന്ദനത്തിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 20000 രൂപയോളം വിലയുണ്ട്. എന്നാല്‍ വീട്ടിലും മറ്റും വളരുന്ന ചന്ദന ചെടികളെ രണ്ടായിരം രൂപ കിലോയ്ക്ക് നല്‍കി വാങ്ങും. അതിന് ശേഷം ഇത് മലപ്പുറത്ത് എത്തിക്കും. ഇത് ചന്ദന തൈല നിര്‍മ്മാണ കേന്ദ്രങ്ങളിലേക്കും പോകും. ഇത്തരം കച്ചവടം നിയമവിരുദ്ധമാണ്. ഈ സാഹചര്യത്തിലാണ് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വനംവകുപ്പിലെ ഇന്റലിജന്‍സ് നിരീക്ഷണം ശക്തമാക്കിയത്. ഓപ്പറേഷന്‍ സാന്‍ഡല്‍ വുഡ് കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്.
ചെറുപ്പുളശ്ശേരി നെല്ലായയിലെ മക്കടയില്‍ വീട്ടിലെ മുഹമ്മദലി എന്ന 37കാരനാണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം സഹായിയായി കൂടിയ വേലെ വെട്ടൂരിലെ വിഷ്ണുവും അകത്തായി. മുഹമ്മദലിയെ കുറിച്ചുള്ള വിവരങ്ങളാണ് വനംവകുപ്പ് ഇന്റലിജന്‍സിന് കിട്ടിയത്. ഇതേ തുടര്‍ന്ന് രണ്ടാഴ്ചയോളം ഇയാളെ നിരീക്ഷണത്തിലാക്കി. മൊബൈല്‍ ടവര്‍ അടക്കം പരിശോധിച്ചു. ഇതില്‍ നിന്നാണ് ഇയാള്‍ വര്‍ക്കലയില്‍ ഉണ്ടെന്ന് മനസ്സിലാക്കിയത്. വര്‍ക്കലയ്ക്ക് അടുത്ത് ഇടവയിലെ വെങ്കുളം ഭാഗത്തുണ്ടെന്നും മനസ്സിലാക്കി. അങ്ങനെയാണ് ഇയാളെ പിടികൂടിയത്. സാഹസിക ഇടപെടലുകളും വേണ്ടി വന്നു. കോടികള്‍ വില വരുന്ന മുതലാണ് ചാക്കു കെട്ടില്‍ നിന്നും കണ്ടെടുത്തത്.
കടല്‍പ്പുറം മണ്ണിലും മറ്റും ചന്ദനം വളരാറുണ്ട്. ഇങ്ങനെ വളരുന്ന ചന്ദനത്തെ കണ്ടെത്തി ഉടമസ്ഥരുമായി വലിപേശി ചെറിയ വിലയ്ക്ക് വാങ്ങുന്ന ആളാണ് മുഹമ്മദലി. അതിന് ശേഷം വിപിണി വിലയില്‍ ചന്ദന എണ്ണ കമ്പനികള്‍ക്കും കൈമാറും. മാഫിയാ സംഘത്തിന്റെ കൂടുതല്‍ വിവരങ്ങളും ഇയാളില്‍ നിന്നും വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. ചന്ദന കാടുകള്‍ കേന്ദ്രീകരിച്ച് കള്ളക്കടത്തുകാരെ കണ്ടെത്താന്‍ വനംവകുപ്പ് നിരീക്ഷണം ശക്തമാണ്. എന്നാല്‍ നാട്ടില്‍ വളരുന്ന ചന്ദനത്തെ കുറിച്ചുള്ള ഒരറിവും വനംവകുപ്പിനില്ല. ഈ പോരായ്മയാണ് ഈ സംഘം ചൂഷണം ചെയ്യുന്നത്. ചന്ദനത്തിന്റെ യഥാര്‍ത്ഥ വിലയെ കുറിച്ച് അറിയാത്ത സാധാരണക്കാരാണ് ഇവരുടെ ചതിയില്‍ വീഴുന്നത്.
ചന്ദനം വളര്‍ത്താംചന്ദനം വീട്ടില്‍ വളര്‍ത്തുന്നതിനു നിയമ തടസ്സമില്ല. മരം നടാമെങ്കിലും മുറിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണം. സ്വകാര്യവ്യക്തികളുടെ പുരയിടത്തില്‍ ചന്ദനമരങ്ങള്‍ ഉണ്ടെങ്കില്‍ ഉടമയ്ക്ക് സര്‍ക്കാര്‍ പണം നല്‍കും. ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നല്‍കിയ ഭൂമിയിലാണ് മരമെങ്കില്‍ ഉടമയ്ക്ക് മരത്തിന്റെ വില ലഭിക്കില്ല. സര്‍ക്കാര്‍ ഭൂമി അല്ല എന്നും ബാദ്ധ്യതയില്ല എന്നും തഹസില്‍ദാര്‍ സാക്ഷ്യപത്രം നല്‍കിയാല്‍ പണം ലഭിക്കും. മരത്തിന്റെ മൊത്ത വിലയുടെ 95 ശതമാനം വരെ ഉടമസ്ഥന് ലഭിക്കും. സാധാരണ ഒരു വലിയ മരത്തില്‍നിന്ന് 510 ലക്ഷം രൂപ വരെ ലഭിക്കും. വനംവകുപ്പിന്റെ അനുമതിയില്ലാതെ ചന്ദന മരം മുറിച്ചു കടത്തിയാല്‍ 5 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.
ചന്ദന തൈലത്തിനായി തടികള്‍ കിട്ടാത്ത സാഹചര്യത്തില്‍ പറമ്പുകളില്‍ നിന്ന് ചന്ദന മരങ്ങള്‍ അപ്പാടെ കടത്തുന്ന റാക്കറ്റുകള്‍ സജീവമാണ്. കേരളത്തില്‍ ഫാക്ടറികള്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യം മുതലെടുത്ത് ആന്ധ്ര, ബീഹാര്‍ സംസ്ഥാനങ്ങളിലേക്ക് പറിച്ചുനടപ്പെട്ട ഫാക്ടറികളെ ലക്ഷ്യമിട്ടാണ് ചെറിയ വില കൊടുത്തും വില്പനയ്ക്ക് തയ്യാറാകാത്ത അവസ്ഥയില്‍ മോഷ്ടിച്ചും പറമ്പുകളില്‍ നിന്ന് മാഫിയ ചന്ദനമരങ്ങള്‍ കടത്തുന്നത്. വന്‍ റാക്കറ്റുകള്‍ക്ക് കീഴില്‍ നിരവധി ഏജന്‍സികളും ബിനാമികളുമാണ് ചന്ദന മുട്ടികള്‍ കടത്തുന്നത്.
ചില മേഖലകളില്‍ വീടുകള്‍ കേന്ദ്രീകരിച്ച് സ്വകാര്യ വ്യക്തികള്‍ ചന്ദന മരം നട്ടുവളര്‍ത്തി ചന്ദനലോബികളുടെ ഏജന്റുമാര്‍ക്ക് വില്പന നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. ഏജന്റുമാര്‍ രഹസ്യമായി ചന്ദനമരങ്ങള്‍ ഉള്ള വീടുകള്‍ കേന്ദ്രീകരിച്ച് ഇറങ്ങുകയാണ് ചെയ്യുന്നത്. മരങ്ങള്‍ കണ്ടുവച്ച് വില ഉറപ്പിച്ച ശേഷം വാഹനങ്ങളുമായി എത്തി രഹസ്യമായി മുറിച്ചെടുത്ത് ചെത്തി ചെറിയ മുട്ടികളാക്കി കടത്തുന്നതാണ് ഒരു രീതി .ഇങ്ങനെ ശേഖരിക്കുന്ന ചന്ദന മുട്ടികള്‍ ഒരു സ്ഥലത്ത് രഹസ്യമായി സൂക്ഷിച്ച് ഒന്നിച്ച് കടത്തും. ഈ സംഘത്തിലുള്ളവരാണ് വര്‍ക്കലയില്‍ കുടുങ്ങിയത്.