ഐഎഎസ് ഐക്യം തകര്‍ക്കാനും ഭിന്നിപ്പുണ്ടാക്കാനും ഗോപാലകൃഷ്ണന്‍ ശ്രമിച്ചെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവ്; ചാര്‍ജ്ജ് മെമ്മോയില്‍ ആരോപണത്തിന്റെ വീര്യം കുറച്ചു; അങ്ങനെ മറുപടിയെ തൃപ്തികരമാക്കി; നാമക്കല്ലുകാരന്‍ താമസിയാതെ ഐഎഎസ് ഉദ്യോഗത്തില്‍ വീണ്ടുമെത്തും; ഫലം കണ്ടത് തമിഴ്‌നാട്ടിലെ രാഷ്ട്രീയ ഉന്നതന്റെ സമ്മര്‍ദ്ദമോ?

Update: 2025-01-05 09:18 GMT

തിരുവനന്തപുരം: സസ്‌പെന്‍ഷനിലായ ഐ.എ.എസ്. ഓഫീസര്‍മാരില്‍ വ്യവസായ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനെതിരായ നടപടി അവസാനിപ്പിക്കാന്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷയായ റിവ്യു കമ്മിറ്റി ശുപാര്‍ശ എത്തുമ്പോള്‍ അതിന് പിന്നിലെ സമ്മര്‍ദ്ദമെത്തിയത് തമിഴ് നാട്ടില്‍ നിന്നെന്ന് സൂചന. തമിഴ്‌നാട്ടിലെ ഉന്നത രാഷ്ട്രീയ നേതാവ് കെ ഗോപാലകൃഷ്ണനായി സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് സൂചന. ഈ സാഹചര്യം രണ്ട് മുതിര്‍ന്ന ഐഎഎസുകാര്‍ മുതലെടുത്തു. അങ്ങനെയാണ് റിവ്യൂ കമ്മറ്റി അതിവഗേ തീരുമാനം എടുത്തത്. അതിവിചിത്ര നടപടിയാണ് റിവ്യൂ കമ്മറ്റിയുടേതെന്ന് വ്യക്തം.

ഒക്ടോബര്‍ 31ന് ഗോപാലകൃഷ്ണന്‍ അഡ്മിന്‍ ആയി ആദ്യം 'മല്ലു ഹിന്ദു ഓഫീസേഴ്‌സ്' ഗ്രൂപ്പും പിന്നീട് മുസ്ലിം ഗ്രൂപ്പും രൂപീകരിച്ചതു പുറത്തുവന്നതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് സസ്പെന്‍ഷനില്‍ കലാശിച്ചത്. ഐ.എ.എസുകാര്‍ക്കിടയിലെ ഐക്യം തകര്‍ക്കാനും ഭിന്നിപ്പുണ്ടാക്കാനും ഗോപാലകൃഷ്ണന്‍ ശ്രമിച്ചെന്നു ചീഫ് സെക്രട്ടറി സസ്പെന്‍ഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്ന ഗോപാലകൃഷ്ണന്റെ വാദത്തിനു തെളിവില്ലെന്നു പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നിട്ടും വകുപ്പു തല അന്വേഷണത്തിലേക്ക് പോലും കാര്യങ്ങളെത്തിയില്ല. ഗോപാലകൃഷ്ണന്റെ വിശദീകരണം അപ്പാടെ അംഗീകരിക്കുകയായിരുന്നു റിവ്യൂ സമിതി. ജേക്കബ് തോമസിനെ പോലുള്ള ഐപിഎസുകാരെ ന്യായമല്ലാത്ത കാര്യങ്ങള്‍ക്ക് മാസങ്ങള്‍ പുറത്തു നിര്‍ത്തി പീഡിപ്പിച്ച ചരിത്രം പിണറായിയുടെ ആദ്യ സര്‍ക്കാരിനുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ ഗോപാലകൃഷ്ണനോട് കരുണ കാട്ടുകയും ചെയ്യുന്നു. മതേതരത്വമാണ് ഇടതുപക്ഷത്തിന്റെ മുഖമുദ്ര. മതാടിസ്ഥാനത്തിലെ വാട്‌സാപ്പ് ഗ്രൂപ്പ് ഈ പ്രഖ്യാപിത നയത്തിന് എതിരും. എന്നിട്ടും അതിവേഗം ഗോപാലകൃഷ്ണന് അനുകൂല തീരുമാനം വന്നു.

അതേസമയം ഇദ്ദേഹത്തിനൊപ്പം സസ്‌പെന്‍ഷനിലായ കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെതിരായ നടപടിയില്‍ തീരുമാനമായില്ല.ഗോപാലകൃഷ്ണന്റെ സസ്‌പെന്‍ഷന്‍ അവസാനിപ്പിക്കാമെന്നും ചാര്‍ജ് മെമ്മോയ്ക്ക് പ്രശാന്തിന്റെ മറുപടി കിട്ടിയിട്ടില്ലെന്നുമാണ് ശുപാര്‍ശ റിപ്പോര്‍ട്ട്. രണ്ടുപേരുടെ കാര്യത്തിലും ഇനി തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. ചാര്‍ജ് മെമ്മോയിലെ സംശയ ദൂരീകരണത്തിന് പ്രശാന്ത് കത്ത് നല്‍കിയിരുന്നു. ഏഴ് കാര്യങ്ങളാണ് ചോദിച്ചത്. ഇതിന് സര്‍ക്കാര്‍ മറുപടി നല്‍കിയതായി സൂചനയില്ല. സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഗോപാലകൃഷ്ണനെതിരെയുണ്ടായിരുന്ന ഗുരുതര ആരോപണങ്ങള്‍ ഒഴിവാക്കിയാണു ചാര്‍ജ് മെമ്മോ നല്‍കിയത്. കേസെടുക്കാനാവില്ലെന്നു പൊലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ രണ്ടു നീക്കവും ഗോപാലകൃഷ്ണനെ തുണച്ചു. ചാര്‍ജ് മെമ്മോയില്‍ വിശദീകരണം നല്‍കാവുന്ന ആരോപണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ അവസരം മുതലാക്കുകയും ചെയ്തു ഗോപാലകൃഷ്ണന്‍. ഇതിനെല്ലാം കാരണമായത് തമിഴ്‌നാട്ടില്‍ നിന്നുള്ള രാഷ്ട്രീയ സമ്മര്‍ദ്ദമാെന്നാണ് സൂചന. തമിഴ്‌നാട് സ്വദേശിയാണ് ഗോപാലകൃഷ്ണന്‍. ഇതാണ് നിര്‍ണ്ണായകമായത്.

നേരത്തെ മതാടിസ്ഥാനത്തിലെ ഗ്രൂപ്പുണ്ടാക്കലില്‍ വിദ്വേഷ പരാമര്‍ശങ്ങളടങ്ങിയ സന്ദേശങ്ങള്‍ ഗ്രൂപ്പില്‍ ഇല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണു പ്രാഥമികന്വേഷണം നടത്തിയ നര്‍കോട്ടിക്‌സ് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ അജിത്ചന്ദ്രന്‍ നായരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. സ്വന്തം ഫോണ്‍ റീസെറ്റ് ചെയ്തു വിവരങ്ങളെല്ലാം ഗോപാലകൃഷ്ണന്‍ നീക്കിയതിനാല്‍ ഗ്രൂപ്പുണ്ടാക്കിയത് അദ്ദേഹം തന്നെയാണെന്നു തെളിയിക്കാനാകാത്തതും വെല്ലുവിളിയായി.'ഉന്നതി' സി.ഇ.ഒ ആയിരിക്കെ താന്‍ ഫയല്‍ മുക്കിയെന്ന ആരോപണത്തിനു പിന്നില്‍ എ. ജയതിലകാണെന്നാരോപിച്ച് പ്രശാന്ത് സമൂഹമാദ്ധ്യമത്തില്‍ നടത്തിയ രൂക്ഷ വിമര്‍ശനമാണ് സസ്പെന്‍ഷന്‍ വിളിച്ചുവരുത്തിയത്. ഫയല്‍ മുക്കിയെന്ന ആരോപണം വ്യാജമെന്നായിരുന്നു പ്രശാന്തിന്റെ മറുപടി.ഇത് ശരിയാണെന്ന മട്ടില്‍ കൂടുതല്‍ തെളിവുകളും പിന്നീട് പുറത്തുവന്നിരുന്നു. കൂടുതല്‍ പ്രകോപിതനായി പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് വക്കീല്‍നോട്ടീസും പിന്നാലെ ഏഴ് ചോദ്യങ്ങള്‍ ഉന്നയിച്ച് കത്തും നല്‍കിയത് വിവാദമായിരുന്നു.

2019ല്‍ തിരുവനന്തപുരം ജില്ലാ കലക്ടറായിരുന്ന കെ.ഗോപാലകൃഷ്ണന്‍ 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. തമിഴ്‌നാട് നാമക്കല്‍ സ്വദേശിയാണ്. അമേരിക്കയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായിരിക്കെ ജോലി രാജിവച്ചു തിരിച്ചെത്തിയാണ് സിവില്‍ സര്‍വീസ് തിരഞ്ഞെടുത്തത്. പൊതുഭരണ വകുപ്പില്‍ ഡപ്യൂട്ടി സെക്രട്ടറിയായിരിക്കെയാണു തിരുവനന്തപുരം കലക്ടറായി നിയമിതനായത്. മലപ്പുറം കലക്ടര്‍, അസിസ്റ്റന്റ് കലക്ടര്‍, കോഴിക്കോട് സബ് കലക്ടര്‍, ജലനിധി സിഇഒ, ലാന്‍ഡ് റവന്യൂ റെക്കോര്‍ഡ്‌സ് ഡയറക്ടര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പില്‍ അസിസ്റ്റന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബി.ടെക് ബിരുദവും ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. നാമക്കലിലെ കര്‍ഷകരായ കാളിയണ്ണനും ശെല്‍വമണിയുമാണു മാതാപിതാക്കള്‍.

കോവിഡ് കാലയളവില്‍ 2020ല്‍ ഗോപലകൃഷ്ണന്‍ മലപ്പുറത്ത് കലക്ടറായി എത്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. 2013ല്‍ അസിസ്റ്റന്റ് കലക്ടറായി ഗോപാലകൃഷ്ണന്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത് മലപ്പുറത്താണ്. പിന്നീട് കര്‍മമണ്ഡലം തിരുവനന്തപുരത്തേക്കു മാറ്റിയ ഗോപാലകൃഷ്ണന്‍ ഉന്നതിയുടെ സിഇഒ ആയി നിയമിതനായി. ആ സമയത്താണ് എന്‍.പ്രശാന്തുമായി ബന്ധപ്പെട്ട ഫയല്‍ വിവാദം ഉടലെടുത്തത്. വ്യവസായ ഡയറക്ടര്‍ ആയിരിക്കെ കഴിഞ്ഞ ദീപാവലിയുമായി ബന്ധപ്പെട്ടാണു മതാടിസ്ഥാനത്തിലുള്ള വാട്സാപ് ഗ്രൂപ്പ് ഉണ്ടായതു സംബന്ധിച്ചുള്ള പരാതി ഉയരുന്നതും ഒടുവില്‍ സസ്പെന്‍ഷനില്‍ എത്തിയതും. പക്ഷേ നാമക്കല്‍ സ്വദേശിയ്ക്ക് വേണ്ടിയുള്ള തമിഴ്‌നാട് സമ്മര്‍ദ്ദം സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതിന് കാരണമാകുമെന്നാണ് സൂചന.

Tags:    

Similar News