''എന്ത് ക്രൂരതയാണ് ആ തള്ളയും മകളും കാട്ടിയത്...?'' ഏറ്റുമാനൂരില്‍ മക്കളുമായി ആത്മഹത്യ ചെയ്ത അഡ്വ. ജിസ്മോളുടെ സഹോദരന്‍ ജിട്ടു സ്റ്റോക് ഓണ്‍ ട്രെന്റില്‍ നിന്നും ചോദിക്കുമ്പോള്‍ നോര്‍വ്വിച്ചിലെ ഡെറത്തില്‍ കെയററായി ജോലി ചെയ്യുന്ന കേസിലെ നാലാം പ്രതി ദീപ ജോസഫിനെ നാട്ടിലെത്തിക്കാന്‍ തുനിഞ്ഞിറങ്ങി ഏറ്റുമാനൂര്‍ പോലീസ്; തലയുയര്‍ത്താനാകാതെ യുകെയിലെ ദീപയുടെ ബന്ധുക്കള്‍
നാലാം പ്രതി ദീപ ജോസഫിനെ നാട്ടിലെത്തിക്കാന്‍ തുനിഞ്ഞിറങ്ങി ഏറ്റുമാനൂര്‍ പോലീസ്
ലണ്ടന്‍: ''എന്ത് ക്രൂരതയാണ് ആ തള്ളയും മകളും എന്റെ ചേച്ചിയോട് കാട്ടിയത്... കല്യാണം കഴിഞ്ഞു ചെന്ന നാള്‍ മുതല്‍ അനുഭവിക്കുന്ന വേദനയാണ്. ഏക സഹോദരന്‍ എന്ന നിലയില്‍ ചേച്ചി അനുഭവിച്ച ക്രൂരതകള്‍ ഓരോന്നും അക്കമിട്ട് പറയാന്‍ എനിക്കാകും. എന്റെ ചേച്ചി മരിച്ചതല്ല കൊന്നതാണ്. അത് എങ്ങനെ എന്ന് പറയാന്‍ ഇപ്പോള്‍ അറസ്റ്റിലായ അപ്പനും മകനും മാത്രമല്ല അമ്മയും മകളും കൂടി അറസ്റ്റില്‍ ആകേണ്ടതുണ്ട്. കെട്ടിച്ചെന്ന കുടുംബത്തില്‍ നടന്ന ഗൂഢാലോചനയാണ് എന്റെ ചേച്ചിയുടെയും മക്കളുടെയും ജീവനെടുത്തത്...'' ഈ വാക്കുകള്‍ ബ്രിട്ടീഷ് മലയാളിയുമായി പങ്കുവയ്ക്കുമ്പോള്‍ മീനച്ചില്‍ ആറ്റില്‍ ജീവനറ്റ നിലയില്‍ കണ്ടെത്തിയ ജിസ് മോളുടെ ഏക സഹോദരന്‍ സ്റ്റോക് ഓണ്‍ ട്രെന്റിലെ ജിട്ടുവിന്റെ വാക്കുകള്‍ ഇടറിയിരുന്നു. ഏതാനും വര്‍ഷം മുന്‍പ് 'അമ്മ മരിച്ചതിനു ശേഷം ജിസ്മോള്‍ ആയിരുന്നു ജിട്ടുവിന് അമ്മയും സഹോദരിയുമെല്ലാം.
ജിട്ടു തന്റെ വേദന ബ്രിട്ടീഷ് മലയാളിയോട് പങ്കുവയ്ക്കുമ്പോള്‍ കേസില്‍ നാലാം പ്രതിയായ സ്റ്റോക് ഓണ്‍ ട്രെന്റില്‍ നിന്നും 191 മൈല്‍ അകലെ നോര്‍വിച്ചിലെ ഡിറത്തില്‍ താമസിക്കുന്ന ദീപ ജോസഫിനെ ഏറ്റവും വേഗത്തില്‍ നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഏറ്റുമാനൂര്‍ പോലീസ്. ഇക്കാര്യം ഇന്നലെ വൈകിട്ട് ബ്രിട്ടീഷ് മലയാളിയോട് ഏറ്റുമാനൂര്‍ പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ ഒന്നും രണ്ടും പ്രതികളായ മരിച്ച ജിസ്‌മോളുടെ ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃ പിതാവ് ജോസഫും ഇപ്പോഴും റിമാന്‍ഡില്‍ ജയിലില്‍ കഴിയുകയാണ്.
ജാമ്യം തേടി മൂന്നാം വട്ടം നല്‍കിയ അപേക്ഷയും കോടതി തള്ളിയതോടെ കേസില്‍ മൂന്നാം പ്രതിയായ ഭര്‍തൃ മാതാവ് ബീന, ഭര്‍തൃ സഹോദരി യുകെയിലെ നോര്‍വിച്ചില്‍ ഉള്ള ഡെറത്തില്‍ കഴിയുന്ന ദീപ എന്നിവരെ ഏറ്റവും വേഗത്തില്‍ അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നില്‍ എത്തിക്കണം എന്നാണ് ജിസ്‌മോളുടെ കുടുംബത്തിന്റെയും മരണത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകരായ അഭിഭാഷകരും സുഹൃത്തുക്കളും ഒക്കെ ചേര്‍ന്ന് രൂപം നല്‍കിയ ജസ്റ്റിസ് ഫോര്‍ ജിസ്മോള്‍ ആക്ഷന്‍ ഗ്രൂപ്പിന്റെയും ഒക്കെ ആവശ്യം. കേസില്‍ പൊതുജന വികാരം ശക്തമാകുന്നതോടെ ഊര്‍ജിത നടപടികളാണ് പോലീസ് സ്വീകരിക്കുന്നത് എന്ന് കേസ് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നു.
ദീപയുടെ കൈവശം ഇന്ത്യന്‍ പാസ്പോര്‍ട്ട്, കേരള പൊലീസിന് വെല്ലുവിളിയാകില്ല
നാലുവര്‍ഷം മുന്‍പ് യുകെയില്‍ കെയര്‍ വിസയില്‍ എത്തിയ ദീപയെ ഇന്ത്യന്‍ പാസ്പോര്‍ട് ഉടമ എന്ന നിലയില്‍ നാട്ടില്‍ വേഗത്തില്‍ എത്തിക്കാനാകും എന്ന പ്രതീക്ഷയാണ് പോലീസ് പങ്കുവയ്ക്കുന്നത്. ദീപ ജോലി ചെയുന്ന സ്ഥാപനത്തിന്റെ സഹായവും ഇക്കാര്യത്തില്‍ പോലീസ് തേടും. ക്രിമിനല്‍ കേസില്‍ പങ്കാളികള്‍ ആകുന്നവരെ ഏറ്റവും വേഗത്തില്‍ നാടുകടത്താനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനവും ഇത്തരം കാര്യങ്ങളില്‍ ദീപയെ പോലുള്ളവര്‍ക്ക് തിരിച്ചടിയായി മാറും എന്ന് നിയമ വിദഗ്ധരും കണക്കാക്കുന്നു. ദീപയ്ക്കെതിരെയുള്ള ലുക്ക് ഔട്ട് നോട്ടീസ് ഏറ്റവും വേഗത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ് എന്ന കാര്യത്തിലും സ്ഥിരീകരണം ആയിട്ടുണ്ട്.
കുടുംബത്തില്‍ സ്ഥിരം ഇടപെടല്‍ നടത്തികൊണ്ടിരുന്ന ദീപയ്ക്ക് ജിസ്‌മോളുടെ മരണത്തില്‍ നിര്‍ണായ പങ്കു ഉണ്ടെന്നാണ് ജിട്ടുവും പിതാവ് തോമസും ഒക്കെ വിശ്വസിക്കുന്നത്. നിറത്തിന്റെ പേരില്‍ കളിയാക്കലും പീഡനവും തുടങ്ങിയ ബീനയും ദീപയും ഇപ്പോള്‍ മരണ ശേഷം ജിസ് മോളുടെ സ്വഭാവ ഹത്യക്ക് വരെ ശ്രമിക്കുകയാണെന്ന് ഒന്നിലേറെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വിഡിയോ റിപ്പോര്‍ട്ടില്‍ പറയുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് സഹോദരന്‍ ജിട്ടു എന്ത് ക്രൂരതയാണ് ഇവര്‍ കാട്ടുന്നതെന്നു പ്രതികരിച്ചത്. സംഭവ ശേഷം ജിമ്മിയുടെ കുടുംബത്തില്‍ നിന്നും ആരും തങ്ങളെ ബന്ധപ്പെട്ടിട്ടില്ല എന്നും ജിട്ടു പറയുന്നു. ദീപയുടെ ഉറ്റ ബന്ധുക്കളായ പലരും വര്‍ഷങ്ങളായി യുകെ മലയാളികളാണ്.
ദീപയുടെ താമസ സ്ഥലവും ജോലി സ്ഥലവും കണ്ടെത്താനായത് നിര്‍ണായകം
ക്നാനായ സംഘടനാ രംഗത്തും ഒക്കെ ഏറെ സജീവമായി പ്രവര്‍ത്തിക്കുന്ന ഇവരൊക്കെ ഏറെ വൈകാരികത നിറഞ്ഞ ഈ കേസ് പുറത്തു വന്നതോടെ നിശബ്ദതയിലും നിരാശയിലുമാണ്. പൊതു സമൂഹത്തില്‍ തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതികേടിലാണ് ഇവരൊക്കെയും. നോര്‍വിച്ച് ഉള്‍പ്പെടുന്ന ഈസ്റ്റ് ആംഗ്ലിയ ക്നാനായ യൂണിറ്റില്‍ ദീപയും കുടുംബവും വളരെ സജീവം ആണെങ്കിലും നോര്‍വിച്ചിലെ പൊതു സമൂഹത്തില്‍ ഇവര്‍ അത്ര പരിചിതരല്ലന്നും പറയപ്പെടുന്നു.
ഇന്നലെ നോര്‍വിച്ചില്‍ ഏറെ മലയാളികളോട് നടത്തിയ അന്വേഷണത്തിനു ഒടുവിലാണ് ദീപയുടെ താമസസ്ഥലവും ജോലി സ്ഥലവും കണ്ടെത്താനായത്. യുകെയില്‍ എവിടെയോ ഉണ്ടെന്ന പോലീസ് നിഗമനത്തിനാണ് ഇന്നലെ ബ്രിട്ടീഷ് മലയാളി നടത്തിയ അന്വേഷണം സഹായകമാകുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ മരിച്ച ജിസ്‌മോളുടെ സഹോദരന്‍ തയ്യാറായതോടെ കേരള പോലീസിന്റെ ജോലിയും എളുപ്പമാകുകയാണ്.
കേസില്‍ നീതി തേടി മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്കൊക്കെ കുടുംബം പരാതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ കേസില്‍ യുകെയില്‍ വരെ പ്രതികള്‍ ഉള്ളതിനാല്‍ സിബിഐ അന്വേഷണം തന്നെ വേണ്ടി വരും എന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. നിരവധി വര്‍ഷമായി അഭിഭാഷകയായി ജോലി ചെയ്തിരുന്ന ജിസ്മോള്‍ക്ക് മരണത്തില്‍ എങ്കിലും നീതി ലഭിക്കണം എന്നാണ് അഭിഭാഷക സുഹൃത്തുക്കള്‍ ആവശ്യപ്പെടുന്നത്.
മരണം നടക്കുന്നതിനു തൊട്ടു മുന്‍പ് ഭര്‍തൃ പിതാവ് ജോസഫും ഭര്‍തൃ സഹോദരി ദീപയും തമ്മിലുള്ള സംഭാഷണത്തിലെ ശബ്ദ വ്യക്തത ലഭിക്കുന്നതിന് പോലീസ് ജോസഫിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ഇപ്പോള്‍. ജിസ് മോളുടെ മൊബൈലില്‍ നിന്നും യുകെയില്‍ ഉള്ള ദീപയുമായി നടന്ന സംസാരത്തിന്റെ ഡീകോഡിങ്ങും പോലീസ് കണ്ടെത്തും എന്നാണ് പ്രതീക്ഷ. ജിസ് മോളുടെ ഫോണും പോലീസ് പരിശോധനയിലാണിപ്പോള്‍. തിരുവന്തപുരത്തെ ഫോറന്‍സിക് ലാബില്‍ ഫോണുകളുടെ പരിശോധന അന്തിമ ഘട്ടത്തില്‍ ആണെന്നും ഏറ്റുമാനൂര്‍ പോലീസ് സ്ഥിരീകരിക്കുന്നു.