ദളവാപുരത്ത് 'കള്ളന്‍ രാജു'.... ചെല്ലാനത്ത് 'സൈക്കോ ഔസേപ്പ്'! ആ റീല്‍സ് ഗ്രൂപ്പിലുണ്ടായിരുന്നത് ആതിരയും കൂട്ടുകാരിയും പിന്നെ കൊലപാതകിയും; കള്ളനെ തിരിച്ചറിഞ്ഞ് സുഹൃത്ത് ലെഫ്റ്റായിട്ടും പിന്‍മാറാത്ത ആതിര; ഇന്‍സ്റ്റാ അഡിക്ഷനില്‍ നിന്നും രക്ഷിക്കാന്‍ ഫോണ്‍ പിടിച്ചു വാങ്ങിയ ഭര്‍ത്താവും പാവം കരുതി തിരികെ നല്‍കി; കഠിനംകുളത്തേത് ഇന്‍സ്റ്റാ ചതി!
തിരുവനന്തപുരം: കഠിനംകുളത്തെ ആതിരയുടെ കൊലയില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇന്‍സ്റ്റാഗ്രാം റീലിലൂടെയാണ് കൊലപാതകിയായ ജോണ്‍സണ്‍ ഔസേപ്പിനെ ആതിര പരിചയപ്പെട്ടത്. മൂന്നു പേരടങ്ങുന്ന ഒരു ഗ്രൂപ്പുമുണ്ടാക്കി. ഇതില്‍ ആതിരയുടെ പെണ്‍സുഹൃത്തും അംഗമായിരുന്നു. ഇവര്‍ക്കൊപ്പം ജോണ്‍സണും റീല്‍ ചെയ്തു. പിന്നീട് ഈ ഗ്രൂപ്പില്‍ നിന്നും മറ്റേ യുവതി ലെഫ്റ്റായി. ഇതോട ആതിരയും ജോണ്‍സണും മാത്രമായി ഗ്രൂപ്പില്‍. ഈ റീല്‍ ഗ്രൂപ്പിനെ കുറിച്ച് ഭര്‍ത്താവായ രാജീവിനോടും ആതിര പറഞ്ഞിരുന്നു. അന്ന് ഗ്രൂപ്പില്‍ ചേരരുതെന്ന് മുന്നറിയിപ്പും നല്‍കി. ഫോണ്‍ പോലും പിടിച്ചു വാങ്ങി. പിന്നീട് ഭാര്യയോടുള്ള പാവം തോന്നി രാജീവ് ഫോണ്‍ തിരിച്ചു നില്‍കി. അങ്ങനെ റീലും ഗ്രൂപ്പും ചേര്‍ന്ന് ജോണ്‍സണും ആതിരയും കൂടുതല്‍ അടുത്തു. ജോണ്‍സണിന് തന്റെ കുടുംബം തകര്‍ക്കണമെന്ന താല്‍പ്പര്യമുണ്ടെന്ന് മനസ്സിലാക്കിയതോടെ ആതിര പതിയെ പിന്മാറി. ഇതാണ് കഠിനംകുളത്തെ കൊലയ്ക്ക് കാരണമായത്.
ജോണ്‍സണ്‍ ഔസേപ്പ് ആതിരയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി വിവരമുണ്ട്. ഫിസിയോ തെറാപ്പിസ്റ്റായ ജോണ്‍സണ്‍ ആതിരയുടെ ഇന്‍സ്റ്റാഗ്രാം സുഹൃത്താണ്. ഒരുവര്‍ഷമായി ആതിരയുമായി അടുപ്പത്തിലായിരുന്നു ജോണ്‍സണ്‍. യുവതിയുമായി സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. ആതിര ഒരു ലക്ഷത്തോളം രൂപ ജോണ്‍സണ് നല്‍കിയിരുന്നു. കൊല നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പും ആതിരയില്‍ നിന്ന് ഇയാള്‍ 2500 രൂപ വാങ്ങി. യുവതിയുടെ ചിത്രങ്ങള്‍ കാട്ടി ബ്‌ളാക്ക് മെയില്‍ ചെയ്താണ് പണം വാങ്ങിയിരുന്നതെന്ന് പൊലീസ് പറയുന്നു. തന്റെ ഒപ്പം വരണമെന്ന ജോണ്‍സണിന്റെ ആവശ്യം ആതിര നിഷേധിച്ചതാണ് കൊലയ്ക്ക് കാരണം. രാവിലെ ഒന്‍പത് മണിയോടെ യുവതിയുടെ വീട്ടിലെത്തിയ ജോണ്‍സണ്‍ ബോധംകെടുത്തിയതിനുശേഷമാണ് കഴുത്തില്‍ കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയത്. പ്രതി കത്തിയുമായി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതോടെ ജോണ്‍സണ്‍ മാത്രമാണ് കൊലപതാകത്തിന് പിന്നിലെന്ന നിഗമനത്തില്‍ എത്തുകയാണ് പോലീസ്. കൊല്ലം ദളവാപുരം സ്വദേശിയാണ് ജോണ്‍സണ്‍ ഔസേപ്പ്. ഇവിടെ ഇയാളെ 'കള്ളന്‍ രാജു' എന്നാണ് നാട്ടുകാര്‍ വിളിക്കാറുള്ളത്. നിരവധി ക്രിമിനല്‍ കേസുകളും ഇയാളുടെ പേരിലുണ്ടെന്നാണ് സൂചന. ഇത് പോലീസ് പരിശോധിക്കുന്നുണ്ട്.
ചെല്ലാനത്ത് നിന്നും വിവാഹം കഴിച്ച് അവിടെ താമസിക്കുകയായിരുന്നു ജോണ്‍സണ്‍. ഏതാനും വര്‍ഷമായി ഭാര്യയുമായി പിരിഞ്ഞ് കൊല്ലത്തും കൊച്ചിയിലുമായി താമസിക്കുകയാണെന്നും പൊലീസ് കണ്ടെത്തി. നേരത്തെ ചെല്ലാനം സ്വദേശിയെന്നാണ് പുറത്ത് വന്നിരുന്ന വിവരം. കൊല്ലത്തെ ഒരു സുഹൃത്തിന്റെ പേരിലുള്ള തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് ഇയാള്‍ സിം കാര്‍ഡ് എടുത്തിരിക്കുന്നത്. ജോണ്‍സണിന്റെ ആദ്യ ഭാര്യയുമായും ആതിര സംസാരിച്ചിരുന്നതായി സൂചനയുണ്ട്. ജോണ്‍സണിന്റെ ശല്യം കൂടിയപ്പോഴായിരുന്നു ഇത്. തന്റെ മുന്‍ ഭര്‍ത്താവ് ഒരു സൈക്കോയാണെന്ന് ആതിരയോട് മുന്‍ ഭാര്യ പറഞ്ഞിരുന്നത്രേ. ചെല്ലാനത്ത് ഇയാളെ സൈക്കോ ഔസേപ്പ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇയാളുമായുള്ള ബന്ധത്തെ കുറിച്ചും കൊല്ലുമെന്ന് ഭീഷണിയുണ്ടെന്നുമെല്ലാം ആതിര ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. എന്നാല്‍ പേരു പോലും ഇയാള്‍ ഭാര്യയോട് ചോദിച്ചില്ല. കൂടുതല്‍ അന്വേഷണത്തിനും മുതിര്‍ന്നില്ല. ഇതെല്ലാം പ്രശ്‌നങ്ങള്‍ വഷളാക്കി. അങ്ങനെയാണ് കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിയത് എന്നാണ് വിലയിരുത്തല്‍.
കൊലപാതകത്തിന് ശേഷം പ്രതികൊണ്ടുപോയ വീട്ടമ്മയുടെ സ്‌കൂട്ടര്‍ നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ സ്‌കൂട്ടര്‍ വച്ചതിനുശേഷം ട്രെയിന്‍ കയറി തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോവുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയായ വെഞ്ഞാറമൂട് ആലിയാട് പ്‌ളാവിള വീട്ടില്‍ ആതിര (30)യാണ് ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെ ക്ഷേത്രത്തിലേക്ക് പോയ രാജീവ് രാവിലെ 11.30ന് മടങ്ങി എത്തിയപ്പോഴാണ് ആതിര മരിച്ച് കിടക്കുന്നത് കണ്ടത്.
ആതിരയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് എല്ലാ മാസവും ആതിരയെ കാണാന്‍ കഠിനംകുളത്ത് എത്താറുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഈ സമയങ്ങളില്‍ യുവാവ് പെരുമാതുറയിലെ മുറിയിലാണ് താമസിച്ചിരുന്നത്. ഇയാള്‍ മൂന്ന് ദിവസം മുന്‍പ് തനിക്കൊപ്പം വരണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നും ആതിരയെ ഭീഷണിപ്പെടുത്തിയതായും ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഫിസിയോ തെറാപ്പിസ്റ്റായ പ്രതിക്ക് എറണാകുളത്തും കൊല്ലത്തും സുഹൃത്തുക്കളുണ്ട്. പ്രതി തന്നെ കൊണ്ടുവന്ന കത്തികൊണ്ടാണ് ആതിരയെ കുത്തിയിരിക്കുന്നത്. സുഹൃത്തുമായുള്ള ബന്ധം ഭര്‍ത്താവും വീട്ടുകാരും അറിഞ്ഞ ശേഷം ആതിര ഈ ബന്ധത്തില്‍ നിന്നും പിന്നോട്ടുപോയിരുന്നു. കൊലപ്പെടുത്താനുളള അവസരം നോക്കി ഒരാഴ്ചയോളം ഇയാള്‍ പെരുമാതുറയിലെ ലോഡ്ജില്‍ താമസിച്ചിരുന്നതായും പൊലീസ് തിരിച്ചറിഞ്ഞു.
ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോണ്‍സണ്‍. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. കുടുംബത്തെ ഉപേക്ഷിച്ച് കൂടെ വരണമെന്ന ജോണ്‍സന്റെ ആവശ്യം ആതിര നിരസിച്ചത് കൊലപാതകത്തിന് വഴിതെളിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കൂടെ വരണമെന്ന് സുഹൃത്ത് ഭീഷണിപ്പെടുത്തുന്നതായി ആതിര ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. എന്നാല്‍, ഇത്, പുറത്ത് പറഞ്ഞാല്‍ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞതായി ഭര്‍ത്താവ് പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്.