ഗ്രൂപ്പു കണ്ട് പരിഭ്രമിച്ച താന്‍ ഫോണ്‍ ഓഫ് ചെയ്തു; പിന്നാലെ ഫോര്‍മാറ്റ് ചെയ്തുവെന്ന് മൊഴി; സ്പര്‍ജന്‍കുമാറിന്റെ അന്വേഷണം കണ്ടെത്തിയത് ഫോണ്‍ ഫോര്‍മാറ്റ് നടന്നത് നാലാം തീയതിയെന്നും; ഗോപാലകൃഷ്ണന്‍ പറഞ്ഞത് പച്ചക്കളളമെന്നതിന് വേറെന്ത് തെളിവ് വേണം? എന്നിട്ടും 'യൂ ക്രിയേറ്റഡ് ദിസ് ഡൂഡ്' എന്ന് പറയാത്ത പിണറായി; ആ സസ്‌പെന്‍ഷന്‍ പിന്‍വലിക്കല്‍ അട്ടിമറി തന്നെ

Update: 2025-01-11 05:37 GMT

തിരുവനന്തപുരം: കെ. ഗോപാലകൃഷ്ണന്‍ ഐഎഎസ് മുസ്ലിം ഗ്രൂപ്പ് ഉണ്ടാക്കിയതിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്ത്. ഗോപാലകൃഷ്ണനെ സര്‍വീസില്‍ തിരിച്ചെടുത്തതിന് പിന്നാലെയാണ് സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവന്നത്. ഗ്രൂപ്പ് ഉണ്ടാക്കിയതിന് പിന്നാലെ 'ഇത് എന്ത് ഗ്രൂപ്പാണ് ഗോപാല്‍' എന്ന് ഒരു ഐഎഎസ് ഉദ്യോഗസ്ഥ ചോദിച്ചെങ്കിലും തനിക്കറിയില്ലെന്നും ചിലര്‍ തന്നോട് ചോദിച്ചിട്ടുണ്ടെന്നുമാണ് ഗോപാലകൃഷ്ണന്‍ മറുപടി നല്‍കിയത്. അദിലാ അബ്ദുള്ളയായിരുന്നു ചോദ്യം ഉന്നയിച്ചത്. ആദ്യം ഉണ്ടാക്കിയത് മല്ലു ഹിന്ദു ഗ്രൂപ്പായിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലീം ഗ്രൂപ്പുണ്ടായത്.

31/10/2024 ന് ഗോപാലകൃഷ്ണന്‍ മുസ്ലീം ഗ്രൂപ്പ് ഉണ്ടാക്കിയപ്പോള്‍ അതില്‍ ചേര്‍ക്കപ്പെട്ട ഐ.എ.എസ് ഉദ്യോഗ്സ്ഥ അദീല അബ്ദുള്ള 'വാട്ട് ഈസ് ദിസ് ഗ്രൂപ്പ് ഗോപാല്‍' എന്ന് ചോദിക്കുന്നു. അതിന് മറുപടിയായി ഗോപാലകൃഷ്ണന്‍ മെസേജ് ഇട്ടത്, 'ഐ ഡോണ്ട് നൊ. സംവണ്‍ ആസ്‌ക്ഡ് മീ' എന്നാണ്. ആരാണീ സംവണ്‍? മറ്റൊരാളുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് വ്യക്തമായി പറയുന്ന ഗോപാലകൃഷ്ണനെ ഒഴിഞ്ഞ് മാറാന്‍ അനുവദിക്കാതെ അദീല അബ്ദുള്ള, 'യൂ ക്രിയേറ്റഡ് ദിസ് ഡൂഡ്' എന്ന് പറയുന്നുമുണ്ട്. ഈ സ്‌ക്രീന്‍ ഷോട്ട് സഹിതം പോലീസ് ഇന്റലിജന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തതാണെങ്കിലും ഈ വിവരം സര്‍ക്കാര്‍ രേഖകളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള ദുരൂഹ ശ്രമമാണ് പിന്നീട് നടന്നത്. വര്‍ഗ്ഗീയ വാട്‌സാപ് ഗ്രൂപ്പുകള്‍ സൃഷ്ടിച്ചതിനു പിന്നില്‍ കൂടുതല്‍ പേരുണ്ടെന്നും, അവര്‍ വ്യക്തമായ അജണ്ടയോടെ ചെയ്ത പ്രവൃത്തിയാണെന്നും വ്യക്തമാവുകയാണ്. ഫോണ്‍ നിരന്തരം ഫോര്‍മ്മാറ്റ് ചെയ്ത് തെളിവ് നശിപ്പിച്ചത് ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്ത് വരാതിരിക്കാനാണെന്നും ഗോപാലകൃഷ്ണനെ വഴിവിട്ട് സംരക്ഷിക്കുന്നതും ഇതില്‍ ഉള്‍പ്പെട്ട ഉന്നതന്റെ വിവരങ്ങള്‍ സംരക്ഷിക്കാനാണെന്നും വ്യക്തമാവുകയാണ്. ഗോപാലകൃഷ്ണന്‍ ഐഎഎസ് പറയുന്നത് അടിമുടി കള്ളമാണെന്ന് പോലീസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐ.ജി സ്പര്‍ജന്‍ കുമാര്‍ അന്വേഷിച്ച് കണ്ടെത്തിയത് ഞെട്ടിക്കുന്ന വസ്തുതകളും പുറത്തുവരുന്നുണ്ട്.

ഗോപാലകൃഷ്ണന്‍ പോലീസിന് കൊടുത്ത മൊഴി ഇങ്ങനെ: ഒക്ടോബര്‍ 31 ന് തന്റെ ഫോണില്‍ നിന്ന് താനറിയാതെ ആരോ ഹാക്ക് ചെയ്ത് നിരവധി വാട്‌സാപ്പ് ഗ്രൂപ്പുകള്‍ സൃഷ്ടിക്കപ്പെടുന്നുവെന്നാണ്. അത് കണ്ട് ഗോപാലകൃഷ്ണന്‍ പരിഭ്രമിച്ച് ഗ്രൂപ്പുകള്‍ ഡിലീറ്റ് ആക്കുന്നു. 5-6 മിനുട്ട് ഫോണ്‍ ഓഫാക്കിയ ശേഷം ഫോണ്‍ അപ്പോള്‍ തന്നെ ഫോര്‍മ്മാറ്റ് ചെയ്യുന്നുവെന്നാണ് മൊഴി. എന്നാല്‍ പോലീസ് ഫോറന്‍സിക് വിഭാഗം കണ്ടെത്തിയത് മറ്റൊന്നാണ്. ഗോപാലകൃഷ്ണന്റെ ഒരു ഫോണും ആരും ഹാക്ക് ചെയ്തിട്ടില്ല. ഗോപാലകൃഷ്ണന്‍ അവകാശപ്പെട്ട പോലെ ഒക്ടോബര്‍ 31 ന് അല്ല ഫോണ്‍ ഫോര്‍മ്മാറ്റ് ചെയ്തത്. ഗോപാലകൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കുന്നത് 4/11/24 ന്. ഫോണ്‍ ആദ്യമായി ഫോര്‍മ്മാറ്റ് ചെയ്തത് അതിന്റെ തലേന്ന് 3/11/24 നാണെന്നും തെളിഞ്ഞു. പോലീസില്‍ പരാതി നല്‍കിയപ്പോള്‍ ഗോപാലകൃഷ്ണന്‍ ഫോണ്‍ കൈമാറാന്‍ തയ്യാറായില്ല. പോലീസ് ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ ഗോപാലകൃഷ്ണന്‍ മറ്റൊരു ഫോണ് ഹാജരാക്കി. പിറ്റേന്ന് 5/11/24 ന് രാത്രി ഒരു ഐഫോണ്‍ 12 പ്രൊ ആണ് ഫോര്‍മ്മാറ്റ് ചെയ്ത ശേഷം ഗോപാലകൃഷ്ണന്‍ ഹാജരാക്കിയത്. ഗോപാലകൃഷ്ണന്‍ കൈമാറിയ ഐഫോണ്‍ പരിശോധിച്ചപ്പോള്‍ ആ ഫോണിലല്ല വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതെന്ന് പോലീസ് മനസ്സിലാക്കി. ഹാക്ക് ചെയ്യപ്പെട്ടു എന്ന് അവകാശപ്പെടുന്ന ഫോണ്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. ഗത്യന്തരമില്ലാതെ വാട്‌സാപ്പ് ഉപയോഗിച്ചിരുന്ന SM-S711B/DS സാംസങ്ങ് ഫോണ്‍ ഒരു ദിവസം കൂടി കഴിഞ്ഞ് 6/11/24 ന് ഉച്ചയ്ക്കാണ് ഗോപാലകൃഷ്ണന്‍ പോലീസിന് കൈമാറുന്നത്. അന്ന് രാവിലെയും രണ്ട് തവണ ഫോണ്‍ ഫോര്‍മ്മാറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ച ശേഷമാണ് ഫോണ്‍ ഹാജരാക്കിയത് എന്ന് പോലീസ് കണ്ടെത്തി. ഇതെല്ലാം സര്‍ക്കാരിനും അറിയാം. എന്നിട്ടും തെളിവില്ലെന്ന് പറഞ്ഞ് ഗോപാലകൃഷ്ണനെ വെറുതെ വിട്ടു.

ഗോപാലകൃഷ്ണന്‍ എന്തിനാണ് കള്ളം പറയുന്നത്? എന്ന ചോദ്യത്തിലേക്ക് സര്‍ക്കാര്‍ അന്വേഷണം പോയില്ല. വ്യാജ പരാതിയും, വ്യാജമൊഴിയും, തെളിവ് നശിപ്പിക്കലും, മറ്റൊരു ഫോണ്‍ ഹാജരാക്കലും സൂചിപ്പിക്കുന്നത് ഫോണില്‍ ഒളിക്കാനുള്ളത് ഗുരുതരമായ മറ്റ് കാര്യങ്ങളാണെന്നാണ്. നിയമവിരുദ്ധമായ എന്താണ് ഗോപാലകൃഷ്ണന്‍ ഒളിക്കാന്‍ ഇത്രയും പാടുപെടുന്നത് എന്ന ചോദ്യവും പ്രസക്തം. 9/11/2024 ന് ഈ റിപ്പോര്‍ട്ട് കിട്ടിയിട്ടും ഗോപാലകൃഷ്ണനെതിരെ നിയമനടപടികള്‍ ഒന്നും എടുക്കാത്തത് എന്ത് കൊണ്ടെന്ന ചോദ്യവും പ്രസക്തം. ഗോപാലകൃഷ്ണനെയും അദ്ദേഹത്തിന്റെ ഫോണിനെയും ഉന്നതര്‍ എന്ത് കൊണ്ട് ഭയക്കുന്നുവെന്ന ചര്‍ച്ചയാണ് ഐഎഎസുകാര്‍ക്കിടയില്‍ പോലും ഉണ്ടാകുന്നത്. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ഗോപാലകൃഷ്ണന്‍ വര്‍ഗ്ഗീയ വാട്‌സാപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയത്? ആരാണീ 'സംവണ്‍'? എന്നതും ദുരൂഹമായി തുടരുന്നു. വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കുന്ന ഗുരുതരമായ കുറ്റകൃത്യം ചെയ്ത ഗോപാലകൃഷ്ണനെയും മറ്റുള്ളവരെയും സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്തിനെന്ന ചോദ്യം ചര്‍ച്ചയാക്കാനാണ് ഒരു കൂട്ടം ഐഎഎസുകാരുടെ പദ്ധതി.

ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ ഗോപാലകൃഷ്ണനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഉദ്യോഗസ്ഥര്‍ക്കിടയില്‍ മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നു കാണിച്ചായിരുന്നു നടപടി. എന്നാല്‍, ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താനല്ല ഗ്രൂപ്പ് ഉണ്ടാക്കിയതെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ വാദം. ഐഎഎസ് ഉദ്യോഗസ്ഥയാണ് ഇന്റലിജന്‍സിന് പരാതി നല്‍കിയത്. ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചായിരുന്നു പരാതി. സംഭവത്തില്‍ മെറ്റയില്‍ ഉള്‍പ്പെടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉദ്യോഗസ്ഥന്‍ തന്നെയാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് സ്ഥിരീകരിച്ചത്. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന വാദം പൊലീസ് തള്ളുകയും ചെയ്തിരുന്നു.

അതേസമയം, സസ്പെന്‍ഷനു കാരണമായ കുറ്റപത്രത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അതേപ്പടി നിലനില്‍ക്കുമ്പോഴാണ് ഗോപാലകൃഷ്ണനെതിരായ നടപടി കഴിഞ്ഞ ദിവസം പിന്‍വലിച്ചത്. ആരുടെ നിര്‍ദേശപ്രാകരമാണ് ഗോപാലകൃഷ്ണന്‍ ഗ്രൂപ്പ് ഉണ്ടാക്കിയതെന്നതുള്‍പ്പെടെയുള്ള അന്വേഷണത്തിലേക്ക് പൊലീസ് കടന്നിട്ടില്ലെന്നാണു വിവരം.




 


Tags:    

Similar News