യുക്രെയിനിലെ ഡോക്ടര്‍ പഠനത്തിനിടെ മലയാളി സഹപാഠിയെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടി; സീരിയല്‍ നടിയുടെ സഹോദരന്‍ ചതി തിരിച്ചറിഞ്ഞപ്പോള്‍ നിശ്ചയിച്ച കല്യാണത്തില്‍ നിന്നും പിന്മാറി; വിവാഹിതയായ ശേഷം 'ടേക്ക് ഓഫ്' തുടങ്ങി; കഥ കേട്ട് ഞെട്ടി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സും; കോഴിക്കോട്ടിട്ട് വളഞ്ഞിട്ട് പിടിച്ച് പോലീസ്; കാര്‍ത്തിക പ്രദീപിന്റെ വിരട്ടല്‍ വെറുതെയാകുമ്പോള്‍

Update: 2025-05-03 08:52 GMT

കൊച്ചി: 'ടേക്ക് ഓഫ് ഓവര്‍സീസ് എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി' യുടെ മറവില്‍ നിരവധി വിദ്യാര്‍ത്ഥികളേയും ഉദ്യോഗാര്‍ത്ഥികളേയും പറ്റിച്ച് കോടികള്‍ തട്ടിയ കാര്‍ത്തിക പ്രദീപിന്റെ അറസ്റ്റോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ കാര്‍ത്തിക പ്രദീപിന്റെ ഡോക്ടര്‍ ബിരുദവും സംശയത്തിന്റെ നിഴലിലാണ്. യുക്രെയിനില്‍ നിന്നും കാര്‍ത്തിക ഡോക്ടര്‍ ബിരുദം നേടിയെന്നാണ് വാദം. എന്നാല്‍ കാര്‍ത്തിക പഠിച്ചിരുന്ന യൂണിവേഴ്‌സിറ്റിയിലെ തന്നെ മറ്റൊരു മലയാളി വിദ്യാര്‍ത്ഥിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കുടുങ്ങിയതോടെ കാര്‍ത്തികയ്ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ മടങ്ങേണ്ടി വന്നുവെന്നാണ് സൂചന. യുക്രെയിനിലായിരുന്നു കേസ്. മലയാളി അസോസിയേഷന്‍ അടക്കം ഇതില്‍ ഇടപെട്ടിരുന്നു. ശേഷം നാട്ടില്‍ എത്തിയ കാര്‍ത്തിക തട്ടിപ്പുകള്‍ തുടരുകയായിരുന്നു.

കാര്‍ത്തികയുടെ തട്ടിപ്പ് ആദ്യം പുറത്തു കൊണ്ടു വന്നത് മറുനാടന്‍ മലയാളിയാണ്. ഈ വാര്‍ത്ത വന്നതോടെയാണ് അന്വേഷണം പുതിയ തലത്തിലെത്തി. കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും നടപടികളൊന്നും എടുത്തിരുന്നില്ല. മറുനാടന്‍ വാര്‍ത്തയെ തുടര്‍ന്ന് കാര്‍ത്തിക പ്രതിസന്ധിയിലായി. മറുനാടനില്‍ ഫോണ്‍ വിളിച്ച് ഭീഷണിയും ഉയര്‍ത്തി. മറുനാടനെതിരെ കേസ് കൊടുക്കുമെന്നായിരുന്നു വെല്ലുവിളി. ഇതിനിടെയാണ് പോലീസ് കാര്‍ത്തികയുടെ ഒളിയടം കണ്ടെത്തുന്നതും അറസ്റ്റ് ചെയ്യുന്നതും. ഡോക്ടര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പുകള്‍. എന്നാല്‍ ഇവര്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയിട്ടില്ല. വ്യാജ ഡോക്ടര്‍ എന്നാണ് ലഭിക്കുന്ന സൂചന. കൊച്ചിയിലെ പ്രധാന ആശുപത്രിയില്‍ ജോലി ചെയ്തിരുന്നുവെന്നും ഫെയ്‌സ് ബുക്ക് പ്രൊഫൈലില്‍ ഉണ്ട്.

ഒരു മാസത്തിലേറെയായി കാര്‍ത്തിക ഒളിവിലായിരുന്നു. 2022ലും കാര്‍ത്തികക്കെതിരെ സമാനമായ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അര്‍മേനിയയില്‍ പ്രവര്‍ത്തിച്ചു വരുന്ന ബിഗ് വിങ്സ് എന്ന എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയുടെ പാര്‍ട്ണര്‍ ആണെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലായിരുന്നു ഫറോഖ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. നിരവധി പേരാണ് അന്ന് തട്ടിയിപ്പിനിരയായത്. വെറും 7 ദിവസം കൊണ്ട് ജോലി തരപ്പെടുത്തി നല്‍കാമെന്നായിരുന്നു വാഗ്ദാനം. യുക്രെയിനില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയ ശേഷം മലയാള സീരിയലിലെ പ്രമുഖ നടിയുടെ സഹോദരനുമായി വിവാഹം വരെ നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇത് പിന്നീട് മുടങ്ങി. കാര്‍ത്തിക ഇയാളില്‍ നിന്നും പണം തട്ടിയതായാണ് സൂചന.

ശേഷം മറ്റൊരു വിവാഹം കഴിച്ച കാര്‍ത്തിക 'ടേക്ക് ഓഫ് ഓവര്‍സീസ് എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി' എന്ന സ്ഥാപനത്തിലൂടെ തട്ടിപ്പ് തുടരുകയായിരുന്നു. പല ജില്ലകളില്‍ നിന്നും നിരവധി ഉദ്യോഗാര്‍ത്ഥികളാണ് കാര്‍ത്തികയുടെ മോഹ വാഗ്ദാനത്തില്‍ വീണത്. കോഴിക്കോട് നിന്നാണ് കാര്‍ത്തിക പിടിയിലായത്. പത്തനംതിട്ട സ്വദേശിയാണ് കാര്‍ത്തിക. പല സ്റ്റേഷനുകളില്‍ കാര്‍ത്തികക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ തങ്ങളെ പ്രതി ഭീഷണിപ്പെടുത്തിയതായും തട്ടിപ്പിനിരയായവര്‍ പരാതിപ്പെട്ടിരുന്നു. സംസ്ഥാനത്തെ 10 ജില്ലകളില്‍ ടേക്ക് ഓഫിനെതിരെ പരാതിയുണ്ട്. ലക്ഷങ്ങളാണ് ഓരോ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഈടാക്കിയത്.

എന്നാല്‍ പറഞ്ഞ സമയത്ത് വിസയോ, ജോലിയോ തരപ്പെടുത്തി നല്‍കാതെയാണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ചത്. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പ്രതി ഭീഷണിപ്പെടുത്തിയതായും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ തന്റെ കയ്യിലാണെന്നും, ഈ രേഖകള്‍ പാസ്പോര്‍ട്ട് ഓഫീസില്‍ കൊണ്ട് പോയി ഹാജരാക്കി ഉദ്യോഗാര്‍ഥികളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുമെന്നും കാര്‍ത്തിക ഭീഷണിപ്പെടുത്തി. അങ്ങനെ വന്നാല്‍ ഇനി ഒരിക്കലും വിദേശത്തേക്ക് പോകാന്‍ കഴിയില്ലെന്നും പ്രതി പറഞ്ഞിരുന്നതായി തട്ടിപ്പിനിരയായവര്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ആയ സമ്മര്‍ദ്ദത്തില്‍ പലരുടെയും രേഖകള്‍ കാര്‍ത്തിക തിരികെ നല്‍കി. എന്നാല്‍ വിദേശത്ത് ജോലിയെന്ന സ്വപ്നവുമായി പണം നല്‍കിയവര്‍ വലിയ തട്ടിപ്പിലാണ് ചെന്ന് പെട്ടത്.

യുകെയില്‍ ജോലി വാഗ്ദാനംചെയ്ത് 5.23 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ ടേക്ക് ഓഫ് ഓവര്‍സീസ് എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ഉടമ പത്തനംതിട്ട സ്വദേശിനി കാര്‍ത്തിക പ്രദീപിനെ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. പുല്ലേപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ തൃശൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി. യുകെയില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി നല്‍കാമെന്നു പറഞ്ഞ് 2024 ആഗസ്ത് 26 മുതല്‍ ഡിസംബര്‍ 14 വരെയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. സൗത്ത് ഇന്ത്യന്‍ ബാങ്ക് കലൂര്‍ ശാഖയിലെ കാര്‍ത്തികയുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്.

എറണാകുളത്തിനുപുറമെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയ 'ടേക്ക് ഓഫ് ഓവര്‍സീസ് എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി'ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകാന്‍ ആവശ്യമായ ലൈസന്‍സ് കാര്‍ത്തിക പ്രദീപിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനില്ലെന്ന് വിദേശമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് (പിഒഇ) അറിയിച്ചു.

ജര്‍മനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇവരുടെ തട്ടിപ്പ്. ഉദ്യോഗാര്‍ഥികളില്‍നിന്ന് 3 മുതല്‍ 8 ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് പരാതി. പണവും രേഖകളും നല്‍കിയതിനു ശേഷവും ജോലി ലഭിക്കാതെ വന്നതോടെയാണ് ഉദ്യോഗാര്‍ഥികള്‍ പൊലീസിനെ സമീപിച്ചത്. പത്തനംതിട്ട സ്വദേശിനിയായ കാര്‍ത്തിക തൃശൂരിലാണ് താമസിക്കുന്നത്. യുക്രെയ്‌നില്‍ ഡോക്ടറാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് ശരിയല്ലെന്നാണ് സൂചന.

കേസായതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി ഇവര്‍ മുങ്ങുകയായിരുന്നു. സ്ഥാപനത്തിന് ലൈസന്‍സില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ മാത്രം മുപ്പതു ലക്ഷത്തോളം രൂപയാണ് ഇവര്‍ പലരില്‍നിന്നായി വാങ്ങിയത്.

Tags:    

Similar News