പാട്ടനയം പുതുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ഇനി 99 വര്‍ഷത്തെ പാട്ടമില്ല; സര്‍ക്കാര്‍ ഭൂമിയുടെ പാട്ടക്കാലാവധി 12 വര്‍ഷം; പരമാവധി 30 വര്‍ഷം മുന്‍കാല പ്രാബല്യമുണ്ടായേക്കും: വന്‍കിട തോട്ടങ്ങള്‍ക്ക് ഒഴിവ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഭൂമിയുടെ പാട്ട നയം പുതുക്കുന്നു. 99 വര്‍ഷമെന്ന കാലാവധി വെട്ടിച്ചുരുക്കി 12 വര്‍ഷമാക്കും. മുന്‍പ് പാട്ടത്തിന് കൊടുത്തിട്ടുള്ള ഭൂമിക്കും ഇത് ബാധകമാകും. നിലവില്‍ 99 വര്‍ഷം വരെ സര്‍ക്കാര്‍ ഭൂമി പാട്ടത്തിനു കൊടുക്കുന്ന രീതി അവസാനിപ്പിച്ച് 12 വര്‍ഷമായി കാലാവധി ചുരുക്കും.
ചില വ്യവസായ ആവശ്യങ്ങള്‍ക്കും മറ്റും 30 വര്‍ഷം വരെ പാട്ടം അനുവദിക്കും. ഇതിനായി ചട്ടഭേദഗതി കൊണ്ടുവരും. പാട്ടം കൊടുത്തു കഴിഞ്ഞ ഭൂമിക്കും ഇതു ബാധകമാകും. എന്നാല്‍, രാജഭരണകാലം മുതല്‍ പാട്ട ത്തിനു കൊടുത്ത വന്‍കിട തോട്ടങ്ങളെ പുതുക്കിയ നയം ബാധിക്കില്ല. ചട്ടഭേദഗതിയുടെ കരട് ലാന്‍ഡ് റവന്യു കമ്മിഷണറേറ്റ് തയാറാക്കി റവന്യു വകുപ്പിന് അടുത്തയാഴ്ച സമര്‍പ്പിക്കും.
ഗ്രാമപ്രദേശങ്ങളില്‍ 1964 ലെ ഭൂപതിവ് ചട്ടപ്രകാരവും നഗരമേഖലയില്‍ 1995 ലെ ചട്ടപ്രകാരവും പാട്ടത്തിനു നല്‍കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിക്കാണ് പുതിയ നയം ബാധകമാകുക. നിലവില്‍ 1000 കോടിയിലേറെ രൂപയാണു പാട്ടക്കുടിശിക. വിപണിവില അടിസ്ഥാനമാക്കിയുള്ള പാട്ട നിര്‍ണയമാണ് കുടിശിക ഉയരാന്‍ കാരണം.
കുടിശിക പിരിച്ചെടുക്കുന്നതിലെ പ്രയാസം കണക്കിലെടുത്ത് പുതിയ നിര്‍ണയരീതി നടപ്പാക്കിയേക്കും. സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ എന്നും വരുമാനമുള്ളവ, വരുമാനമില്ലാത്തവ എന്നും പാട്ടകക്ഷിയെ രണ്ടായി തിരിക്കും. പാട്ടത്തുക നിശ്ചയിക്കുന്നതില്‍ ഇതും മാനദണ്ഡമാകുമെന്നാണു സൂചന.
മിനിമം പാട്ടക്കാലാവധി ഒരു ദിവസമാണ്. സാധാരണ കേസുകളില്‍ 12 വര്‍ഷവും. സ്വകാര്യ വ്യവസായ സംരംഭങ്ങള്‍ക്കും മറ്റും പരമാവധി 5 വര്‍ഷത്തെ പാട്ടം അനുവദിച്ച ശേഷം അഞ്ചുത വണ വരെ നീട്ടിക്കൊടുക്കും. 3 മാസമാണു കാലാവധിയെങ്കില്‍ വാര്‍ഷിക പാട്ടത്തുകയുടെ നാലിലൊന്ന് തുക ആദ്യം ഒടുക്കണം.
ഒരു വര്‍ഷം വരെയുള്ള കേസുകളില്‍ ഒരു വര്‍ഷത്തെ മുഴുവന്‍ തുകയും അടയ്ക്കണം. സര്‍ക്കാര്‍ വകുപ്പുകള്‍, അര്‍ധസര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്കാണു പാട്ടത്തിനു നല്‍കുക.