ആന്‍ഡ് ടു ഷാല്‍ ബികം വണ്‍! എട്ടു വര്‍ഷം നീണ്ട പ്രണയ സാഫല്യം; രണ്ടും കുടുംബവും സന്തോഷത്തോടെ നടത്തിയ വിവാഹം; ദാമ്പത്യം നീണ്ടത് വെറും 15 ദിവസം; കാനഡയിലേക്ക് മടങ്ങും മുമ്പേ പ്രിയതമയ്‌ക്കൊപ്പം മധുവിധു മലേഷ്യയിലേക്കായി; അനുവും നിഖിലും മരണത്തിലും ഒരുമിച്ചു; ഞെട്ടിത്തെരിച്ച് മല്ലശേരിയും തെങ്ങുക്കാവും
പത്തനംതിട്ട: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കൂടല്‍ മുറിഞ്ഞകല്‍ ഗുരുമന്ദിരത്തിന് സമീപം കാറും ശബരിമല തീര്‍ഥാടകരുടെ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചതിന്റെ ഞെട്ടലിലാണ് കോന്നി മല്ലശേരിയിലെയും തെങ്ങുക്കാവിലെയും നാട്ടുകാര്‍. കോന്നി മല്ലശേരി പുത്തന്‍ തുണ്ടിയില്‍ വീട്ടില്‍ മത്തായി ഈപ്പന്‍ (65), മകന്‍ നിഖില്‍ ഈപ്പന്‍ മത്തായി(29), തെങ്ങുംകാവ് പുത്തന്‍വിള കിഴക്കേതില്‍ ബിജു പി. ജോര്‍ജ് (51), മകള്‍ അനു ബിജു (26) എന്നിവരാണ് മരിച്ചത്. എട്ടുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ കഴിഞ്ഞ മാസം 30 നാണ് അനുവും നിഖിലും വിവാഹിതരായത്. ഇരുവരും ഒരേ ഇടവകയില്‍പ്പെട്ടവരാണ്. പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാപള്ളിയില്‍ വച്ചായിരുന്നു വിവാഹം. അനുവിന്റെയും നിഖിലിന്റെയും സ്വപ്ന ദാമ്പത്യം നീണ്ടത് വെറും പതിനഞ്ചുദിവസം മാത്രമായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായവര്‍ക്ക് കൊതി തീരെ ജീവിക്കാന്‍ കഴിഞ്ഞില്ല. വിവാഹം കഴിഞ്ഞ് കാനഡയിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനു മുമ്പാണ് മധുവിധുവിനായി ഇരുവരും മലേഷ്യയിലേക്ക് പോയത്. വീടിന് കഷ്ടിച്ച് ഏഴുകിലോമീറ്റര്‍ അകലെവച്ചായിരുന്നു അപകടം. ആന്‍ഡ് ടു ഷാല്‍ ബികം വണ്‍ എന്നായിരുന്നു ഇവരുടെ വിവാഹ ക്ഷണക്കത്തിന്റെ ആമുഖം.
നവംബര്‍ 30 ഒരു ശനിയാഴ്ചയായിരുന്നു. അന്ന് പതിനൊന്ന് പമണിക്ക് സ്റ്റെന്റ് മേരീസ് പള്ളിയിലായിരുന്നു താലികെട്ട്. അതിന് ശേഷം വിവാഹ സത്കാരം നടന്നത് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ഓഡിറ്റോറിയത്തിലും. നാട്ടുകാരടക്കം നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. നാട്ടുകാര്‍ക്ക് ആഘോഷമായിരുന്നു ഈ വിവാഹം. രണ്ടു പേരും ഒരു പള്ളിക്കാരും. അങ്ങനെ നാട്ടുകാരുടെ പ്രയിപ്പെട്ട നവദമ്പതികളാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ക്കൊപ്പം അച്ഛന്മാരും യാത്രയായി. ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാര്‍ ആന്ധ്രക്കാരായ ശബരിമല തീര്‍ത്ഥാടകരുടെ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. ഏറെ പണിപ്പെട്ട് കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ബിജുവാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് കരുതുന്നത്. സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലത്താണ് ഇന്നത്തെ അപകടവും ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മാണം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷമായി.പുതിയ റോഡ് നിര്‍മ്മിച്ചശേഷം നിരവധിപേരാണ് അപകടത്തില്‍ മരിച്ചത്. സ്പീഡ് ബ്രേക്കറില്ലാത്തതും അലൈന്‍മെന്റ് ശരിയല്ലാത്തതുമാണ് ഇതിന് കാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്. മുറിഞ്ഞകല്ലില്‍ ചെറിയ വളവും റോഡിന്റെ മിനുസവും കാരണം വാഹനങ്ങള്‍ തെന്നിമാറിയാണ് കൂടുതല്‍ അപകടങ്ങളും ഉണ്ടാവുന്നത്. രണ്ടു മാസം മുന്‍പ് അപകടത്തില്‍ രണ്ട് തമിഴ്നാട് സ്വദേശികള്‍ മരിച്ചിരുന്നു സ്ഥിരം അപകടങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ ഇക്കാര്യം കാര്യമായി പരിഗണിക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
മലേഷ്യയില്‍നിന്ന് എത്തുന്ന മക്കളെ സ്വീകരിക്കാന്‍ ഒരുമിച്ച് പോകാമെന്ന് മത്തായി ഈപ്പനും ബിജുവും തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം മക്കളെ അറിയിച്ചിരുന്നു. രാത്രിയാണ് ഇരുവരും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്. വീട്ടിലെത്തിയശേഷം ബന്ധുക്കളുടെ വീടുകള്‍ സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു നിഖിലും അനുവും. വീട് എത്തുന്നതിന് 7 കിലോമീറ്റര്‍ മുന്‍പ് അപകടം സംഭവിച്ചു. അപകടവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കള്‍ പൊട്ടിക്കരഞ്ഞു. റോഡിന് വീതിക്കുറവുണ്ടെന്നും ആവശ്യമായ സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. പുനലൂര്‍മൂവാറ്റുപുഴ റോഡ് നിര്‍മാണം പൂര്‍ത്തിയായശേഷം നിരന്തരം അപകടം ഉണ്ടാകുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നിരുന്നു. റോഡിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ മാര്‍ഗങ്ങള്‍ േതടി യോഗം വിളിക്കാനിരിക്കുകയായിരുന്നെന്നും പ്രസിഡന്റ് പറഞ്ഞു. തെലങ്കാനയില്‍നിന്നുള്ള 19 ശബരിമല തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്. അനുവും നിഖിലും കാറിനു പുറകിലായിരുന്നു.
ബസിന്റെ വലതു വശത്തേക്കാണ് കാര്‍ ഇടിച്ചു കയറിയത്. ശബ്ദം കേട്ട് അടുത്തുള്ള വീട്ടുകാരാണ് ഓടിയെത്തിയത്. ഉടന്‍ തന്നെ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചു. കാറിന്റെ നാല് ഡോറുകളും തുറക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. അനുവിന് മാത്രമാണ് ശ്വാസം ഉണ്ടായിരുന്നത്. മറ്റ് മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അനുവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.