തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ കെ മുരളീധരനെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കുമോ? ശബരിനാഥും വിഎസ് ശിവകുമാറും എംഎ വാഹിദും ശരത് ചന്ദ്രപ്രസാദും കോര്‍പ്പറേഷനിലേക്ക് മത്സരിക്കും; ഫ്‌ളാറ്റുകളെ കുറ്റപ്പെടുത്തിയ യുവനേതാവിനെ പരിഹസിച്ച് കെസി നല്‍കുന്നത് ഉഴപ്പ് അനുവദിക്കില്ലെന്ന സന്ദേശം; മുതിര്‍ന്ന നേതാക്കളും ശകാരത്തിന് ഇര; ഹൈക്കമാണ്ട് നീക്കത്തില്‍ ഞെട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തന്ത്രപരമായ നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാക്കളെ അഠക്കം മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന ജില്ലാ അവലോകന യോഗം നല്‍കുന്നത് ഇതിന്റെ സൂചനകളാണ്. എത്ര ഉന്നതനായാലും പാര്‍ട്ടി പറഞ്ഞാല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടി വരുമെന്ന് നേതാക്കളെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു. വിഎസ് ശിവകുമാര്‍, ശബരിനാഥ്, ശരത് ചന്ദ്രപ്രസാദ്, എംഎ വാഹിദ് തുടങ്ങിയ നേതാക്കളോട് കോര്‍പ്പറേഷനിലേക്ക് മത്സരിക്കേണ്ടി വരുമെന്ന് കെസി വ്യക്തമാക്കി. കെ മുരളീധരനെ പോലും കോര്‍പ്പറേഷനില്‍ മത്സരിപ്പിക്കാന്‍ ആലോചനകളുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎമ്മും ബിജെപിയുമാണ് പ്രധാന പാര്‍ട്ടികള്‍. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് കോണ്‍ഗ്രസ് നീക്കം. വലിയ വിമര്‍ശനവും തിരുവനന്തപുരത്തെ നേതാക്കള്‍ക്ക് കെസിയില്‍ നിന്നും നേരിടേണ്ടി വന്നു. കെ മുരളീധരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ കോര്‍പ്പറേഷന്‍ മേയറായി ഉയര്‍ത്തിക്കാട്ടാനും സാധ്യതയുണ്ട്.
തിരുവനന്തപുരത്ത് പല സ്ഥലത്തും പാര്‍ട്ടിക്ക് വോട്ടില്ലെന്ന അഭിപ്രായം ഒരു മുതിര്‍ന്ന നേതാവ് യോഗത്തില്‍ ഉന്നയിച്ചു. ക്ഷുഭിതനായാണ് കെസി ഇതിനോട് പ്രതികരിച്ചത്. കുറ്റവും കുറവുമല്ല പറയേണ്ടതെന്നും പരിഹാരമാണ് നേതാക്കള്‍ പറയേണ്ടതെന്നും കെസി തുറന്നടിച്ചു. പ്രവര്‍ത്തിക്കേണ്ടവര്‍ കുറ്റം പറയുന്നത് ശരിയല്ലെന്നും വിശദീകരിച്ചു. ഇതിന് പിന്നാലെ ഫ്ളാറ്റുകള്‍ കൂടുന്നതാണ് തിരുവനന്തപുരം നഗത്തിലെ സംഘടനാ പ്രവര്‍ത്തനം നേരിടുന്ന വെല്ലുവിളിയെന്ന് മറ്റൊരു യുവനേതാവ് പറഞ്ഞു. ഫ്ളാറ്റില്‍ കയറി വോട്ട് ചോദിക്കാന്‍ കഴിയാത്തതാണ് സംഘടനാ പ്രവര്‍ത്തനത്തിലെ പ്രധാന പ്രശ്നമെന്നും പറഞ്ഞു. ഇതിനേയും കെസി പരിഹസിച്ചു. ഡല്‍ഹിയിലും മുംബൈയിലും എല്ലാം ഫ്ളാറ്റുകളാണ്. അവിടെ വോട്ട് പിടിത്തം നടക്കുന്നില്ലേ എന്നും കെസി ചോദിച്ചു. ഇതിന് യുവനേതാവിന് മറുപടിയുണ്ടായിരുന്നില്ല. പിന്നാലെ നിര്‍ദ്ദേശവും എഐസിസി ജനറല്‍ സെക്രട്ടറി മുമ്പോട്ട് വച്ചു.
ഫ്ളാറ്റുകളില്‍ വോട്ട് ചോദിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫ്ലാറ്റ് നിര്‍മ്മതാക്കളെ ബന്ധപ്പെട്ടാല്‍ അവര്‍ എല്ലാ സൗകര്യം ചെയ്തു തരും. അതൊന്നും പ്രശ്നമല്ല. പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നായിരുന്നു കെസിയുടെ വിശദീകരണം. കുറ്റം പറയുകയല്ല പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു വച്ചു. തിരുവനന്തപുരത്തെ നേതാക്കള്‍ ഇതിന് ഇടപെടല്‍ നടത്തിയേ തീരൂ. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ അടക്കം എല്ലാവരും മത്സരിക്കേണ്ടി വരും. ആരേയും ഒഴിവാക്കില്ല. വിഎസ് ശിവകുമാറും ശബരിനാഥും ശരത് ചന്ദ്രപ്രസാദവും എംഎ വാഹിദും മത്സരിക്കേണ്ടി വരുമെന്ന സൂചനയും നല്‍കി. നേതാക്കള്‍ ഇതു കേട്ട് അസംതൃപ്തരുമായി. 2026ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ തദ്ദേശത്തില്‍ പിന്നോട്ട് പോകാന്‍ പാടില്ല. ഇതിന് വേണ്ടിയാണ് തിരുവനന്തപുരം കോര്‍പ്പേഷനില്‍ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് ബിജെപി വിജയങ്ങള്‍ കുറച്ച് പരമാവധി നേട്ടമുണ്ടാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. തൃശൂരിലും പാലക്കാടുമെല്ലാം ബിജെപി വെല്ലുവിളിയെ നേരിടാന്‍ മുതിര്‍ന്ന നേതാക്കളെ തന്നെ കോര്‍പ്പറേഷന്‍-മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കും. എംഎല്‍എയും എംപിയും മാത്രമായാല്‍ പോരെന്നും തദ്ദേശങ്ങളിലും മുതിര്‍ന്ന നേതാക്കളും മത്സരിക്കണമെന്നും എഐസിസി നിലപാട് എടുക്കും. ഇത് എല്ലാവരും അംഗീകരിക്കേണ്ടി വരും. നിയമസഭ-പാര്‍ലമെന്റ് അംഗമല്ലാത്ത എല്ലാ നേതാക്കളും മത്സരിക്കുന്ന തരത്തിലേക്ക് നയം എടുത്തേക്കും. ഇതിന്റെ സൂചനകളാണ് കെസിയുടെ തിരുവനന്തപുരത്തെ ഇടപെടലില്‍ നിറയുന്നത്. തിരുവനന്തപുരം ഡിസിസി ഓഫീസിലായിരുന്നു യോഗം. ഡിസിസി പ്രസിഡന്റെ പാലോട് രവിയും പങ്കെടുത്തു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കുന്നതിനായി വാര്‍ റൂമും കോണ്‍ഗ്രസ് തുറന്നിട്ടുണ്ട്. കോര്‍പ്പറേഷനില്‍ മത്സരിക്കുന്നത് ഒഴിവാക്കാന്‍ പല നേതാക്കളും കരുനീക്കം തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്തെ ഏറ്റവും വലിയ കോര്‍പ്പറേഷനായ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കുക എന്ന ലക്ഷ്യവുമായി ഡിസിസി ആസ്ഥാനത്ത് വാര്‍റൂം തുടങ്ങി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇത്തവണ പിടിക്കാന്‍ വമ്പന്‍ പദ്ധതികളാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നത്. നിലവില്‍ 100 വാര്‍ഡുള്ള കോര്‍പ്പറേഷനില്‍ വെറും 10 വാര്‍ഡ് മാത്രമാണ് യുഡിഎഫിന്റെ കൈയ്യിലുള്ളത്. പ്രതിപക്ഷ സ്ഥാനം പോലുമില്ലാത്ത അവസ്ഥ. അതിനാലാണ് കെപിസിസി ഭാരവാഹികളെയും മുന്‍ എംഎല്‍എമാരെയും സ്ഥാനാര്‍ത്ഥികളായി നിര്‍ത്തുന്നത് സജീവ ചര്‍ച്ചയിലുള്‍പ്പെടുത്തിയത്. തിരുവനന്തപുരത്ത് ശക്തമായ പോരാട്ടം കാഴ്ചവെക്കാനായി പ്രധാന നേതാക്കള്‍ക്ക് കെപിസിസി ചുമതല നല്‍കിയിട്ടുണ്ട്. ദക്ഷിണ മേഖലയുടെ ചുമതല കൊടിക്കുന്നില്‍ സുരേഷ് എംപിക്കാണ്. ജില്ലാ ചുമതല തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, ജില്ലയിലെ സംഘടനാകാര്യ ചുമതല കെ.പി ശ്രീകുമാറിനും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ മേല്‍നോട്ടം പി.സി വിഷ്ണുനാഥ് എംഎല്‍എക്കാണ്. വാര്‍ റൂം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വിശദ പദ്ധതികള്‍ കൊണ്ടുവരാനാണ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ഇതോടെ മേയര്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചാകും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനിറങ്ങുകയെന്നത് ഉറപ്പായി. അറിയപ്പെടുന്ന 10 നേതാക്കളെയെങ്കിലും സ്ഥാനാര്‍ഥികളാകാന്‍ കണ്ടെത്തണമെന്നു തീരുമാനിച്ചിട്ടുണ്ട്. വാര്‍ഡുകളിലെ സാമുദായിക സന്തുലനം മനസ്സിലാക്കാനുള്ള വിവരശേഖരണവും ആരംഭിച്ചു. ഈ കണക്കുകളും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുഖ്യഘടകമാകും. ഫെബ്രുവരി 28 വരെ നടക്കുന്ന മഹാത്മാഗാന്ധി കുടുംബ സംഗമങ്ങളോടെ വാര്‍ഡ് കമ്മിറ്റികള്‍ സജീവമാക്കാനാണ് തീരുമാനം. തിരഞ്ഞെടുപ്പിനു മുന്നോടിയായി കോര്‍പറേഷന്‍ ഭരണത്തിനെതിരെ കുറ്റപത്രവുമായി നേതാക്കള്‍ ഭവന സന്ദര്‍ശനം നടത്തും. മുന്‍ എംഎല്‍എ കെ.മോഹന്‍ കുമാര്‍ ചെയര്‍മാനും പി.കെ.വേണുഗോപാല്‍ കണ്‍വീനറുമായ സമിതിയാണ് കുറ്റപത്രം തയാറാക്കുക. പ്രാദേശിക പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ജനകീയ സമരങ്ങള്‍ക്കു നേതൃത്വം നല്‍കും.