മുന്നറിയിപ്പ് അവഗണിച്ച് ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറാനെത്തി; ഇറാന്റെ 16 പടക്കപ്പലുകളെ കടലില്‍ മുക്കി അമേരിക്കന്‍ മിസൈലുകള്‍; ആകാശ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്; മൊജ്തബ ഖമനേയിയെ പേരെടുത്തു പറഞ്ഞ് വെല്ലുവിളിച്ച് ട്രംപ്

Update: 2026-03-11 05:37 GMT

വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കുന്ന ഇറാന്റെ 16 പടക്കപ്പലുകള്‍ യുഎസ് ആക്രമിച്ച് തകര്‍ത്തതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കടലിനടിയില്‍ മൈനുകള്‍ സ്ഥാപിക്കാനായി എത്തിയ കപ്പലുകളെയാണ് ആക്രമിച്ചതെന്നാണ് യുഎസിന്റെ അവകാശവാദം. നശിപ്പിച്ചവയില്‍ ഒന്നിലധികം ഇറാന്‍ നാവിക കപ്പലുകളും ഉണ്ടെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇറാന്റെ കപ്പലുകള്‍ തകര്‍ക്കുന്ന വീഡിയോയും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തങ്ങളുടെ എക്‌സ് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ മൈനുകള്‍ ഉടനടി നീക്കം ചെയ്യണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.മൈനുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ഗുരുതരമായ സൈനിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പിന്നാലെയാണ് ഇറാന്റെ കപ്പലുകള്‍ തകര്‍ത്തത്.

മാര്‍ച്ച് 10ന് ഹോര്‍മുസ് കടലിടുക്കിന് സമീപം മൈന്‍ നിക്ഷേപിക്കുന്ന 16 കപ്പലുകളും നിരവധി ഇറാനിയന്‍ നാവിക കപ്പലുകളും നശിപ്പിച്ചെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചത്. രാജ്യാന്തര കപ്പല്‍ ഗതാഗതത്തിന് ഭീഷണിയാകുന്ന രീതിയില്‍ ഇറാന്റെ സൈനിക നീക്കങ്ങളെ പ്രതിരോധിക്കാനാണ് ഈ ആക്രമണം നടത്തിയതെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ വിശദീകരണം. കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കുന്നതിനെതിരെയും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ട്രംപ് ഇറാനെതിരെ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇറാന്റെ നാവികശേഷിയെ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ അമേരിക്ക തുടരുകയാണ്. മയക്കുമരുന്ന് കടത്തുകാര്‍ക്കെതിരെ ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യയും മിസൈല്‍ ശേഷിയും ഉപയോഗിച്ച് ഹോര്‍മുസ് കടലിടുക്കില്‍ മൈന്‍ നിക്ഷേപിക്കാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും തകര്‍ക്കുമെന്നും ട്രംപ് വ്യക്തമാക്കി. യുദ്ധം തുടങ്ങിയതിനുശേഷം ഇറാനെതിരേ ഏറ്റവും വലിയ ആക്രമണമുണ്ടാകുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സിത്ത് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ കപ്പലുകള്‍ക്കു നേരേ ആക്രമണമുണ്ടായത്.

എത്രയും വേഗം മൈനുകള്‍ എടുത്തുമാറ്റണമെന്നും ഇല്ലെങ്കില്‍ സമാനതകളില്ലാത്ത സൈനിക നീക്കം നേരിടേണ്ടിവരുമെന്നുമാണ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പ്രതികരിച്ചിരുന്നു. 'ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ട് തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഹോര്‍മുസില്‍ ഇറാന്‍ മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അവ അടിയന്തരമായി നീക്കം ചെയ്യണം. അവ സ്ഥാപിക്കുകയോ നീക്കം ചെയ്യാതിരിക്കുകയോ ചെയ്താല്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധം കടുത്ത സൈനിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. മൈനുകള്‍ അവര്‍ നീക്കം ചെയ്യുകയാണെങ്കില്‍ അത് ശരിയായ ചുവടുവെപ്പായിരിക്കും', ട്രംപ് പറഞ്ഞു. ഇറാന്‍ ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ട്രംപ് ഭീഷണി മുഴക്കിയത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിങുമായി ബന്ധപ്പെട്ട രണ്ട് പേരെ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോര്‍ട്ട്.

അതേസമയം, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടഞ്ഞാല്‍ മുന്‍ ആക്രമണങ്ങളെ അപേക്ഷിച്ച് ഇരുപത് മടങ്ങ് ആക്രമിക്കുമെന്നും ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബാ ഖമനേയി സമാധാനത്തോടെ ജീവിക്കില്ലെന്നും ട്രംപ് ഭീഷണിപ്പെടുത്തി. മിയാമിയിലെ ഗോള്‍ഫ് ക്ലബ്ബില്‍ റിപ്പബ്ലിക്കന്‍ നിയമസഭാംഗങ്ങളെ അഭിസംബോധന ചെയ്യവേ യുദ്ധം വളരെ പെട്ടെന്ന് അവസാനിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ യുദ്ധത്തിന്റെ ദൈര്‍ഘ്യം നിശ്ചയിക്കുന്നത് യുഎസ് അല്ലെന്നും ഇറാനാണെന്നും മേഖലയുടെ ഭാവി ഇപ്പോള്‍ ഇറാന്‍ സേനയുടെ കൈകളിലാണെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) അറിയിച്ചു. മേഖലയിലെ സമാധാനശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുന്ന ഈ സംഭവവികാസങ്ങളെ ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയെയും ആഗോള സാമ്പത്തിക വ്യവസ്ഥയെയും ഈ സംഘര്‍ഷം എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.

Tags:    

Similar News