ഇടനിലക്കാരെ ഒഴിവാക്കി ബസുകളില്‍ പതിക്കാനുള്ള പരസ്യ ഇടപാട് നേരിട്ടാക്കിയത് ബിജു പ്രഭാകര്‍ തന്ത്രം; കമ്മീഷന്‍ അടിച്ചവര്‍ നിരാശരായങ്കിലും ഗട്ടറിലൂടെ ഓടുന്ന ആനവണ്ടിയ്ക്ക് അത് ആശ്വാസമായി; ശമ്പളം കൊടുക്കാന്‍ പെടാപാടു പെടുമ്പോഴും ഒരു വരുമാന വഴി അടയ്ക്കാന്‍ കുതന്ത്രവുമായി കമ്മീഷന്‍ മാഫിയ; കെ എസ് ആര്‍ ടി സിയിലെ പരസ്യം ഏജന്‍സികളുടേതാകുമോ?

Update: 2025-01-29 07:46 GMT

തിരുവനന്തപുരം: വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന്‌പോകുന്നതെന്ന് അവകാശപ്പെടുമ്പോഴും കെഎസ്ആര്‍ടിസി പരസ്യങ്ങളിലൂടെ മാത്രം കോടികളുടെ ലാഭമാണ് നേടുന്നത്. സ്വകാര്യ ഏജന്‍സികളെ മാറ്റി കെഎസ്ആര്‍ടിസി സ്വന്തമായി പരസ്യങ്ങള്‍ ചെയ്ത് തുടങ്ങിയതോടെയാണ് വന്‍ ലാഭം നേടാന്‍ ആരംഭിച്ചത് തന്നെ. അതും വേണ്ടെന്ന് വയ്ക്കുകാന്‍ കെ എസ് ആര്‍ ടി സി ഒരുങ്ങുകയാണെന്നാണ് സൂചന. ശമ്പളം കൊടുക്കാന്‍ പോലും കഴിയാതെ വലയുകയാണ് കെ എസ് ആര്‍ ടി സി. ഇതിനിടെയിലും ഒരു വരുമാന മാര്‍ഗ്ഗം അടയുന്നതിനെ ആശങ്കയോടെയാണ് ജീവനക്കാര്‍ കാണുന്നത്.

വലിയ ലാഭത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും കൊമേഷ്യല്‍ ഡിപ്പാര്‍ട്‌മെന്റില്‍ അഴിച്ചുപണി നടത്താന്‍ ഒരുങ്ങുന്നത് ഇതിന് വേണ്ടിയാണെന്നാണ് ആരോപണം. വലിയ അഴിമതി തന്നെയാകും ഉന്നത അധികാരികളുടെ ലക്ഷ്യം. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയെ കരകയറ്റാനാണ് അധികാരികളുടെ ലക്ഷ്യമെങ്കില്‍ വീണ്ടും പരസ്യങ്ങള്‍ ചെയ്യാന്‍ സ്വകാര്യ ഏജന്‍സികളെ നിയമിക്കാന്‍ ഉന്നതതലത്തില്‍ നീക്കം നടത്തുന്നത് എന്തിനാണ് എന്നതാണ് ഉയരുന്ന ചോദ്യം. കമ്മീഷന്‍ മാഫിയ വീണ്ടും കെ എസ് ആര്‍ ടി സിയെ വിഴുങ്ങുന്നുവെന്നാണ് ചില കേന്ദ്രങ്ങളുടെ സംശയം.

മുന്‍കാലങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ പുറമേ നിന്നുള്ള പരസ്യ ഏജന്‍സികളാണ് പരസ്യം പതിച്ചിരുന്നത്. എന്നാല്‍ ഈ കാലങ്ങളില്‍ കെഎസ്ആര്‍ടിസിയ്ക്ക് വലിയ വരുമാനം നേടാന്‍ സാധിച്ചിരുന്നില്ല. കിട്ടുന്നതില്‍ ഭൂരിഭാഗവും പരസ്യ കമ്പനി കൊണ്ടു പോകും. കെഎസ്ആര്‍ടിസിയിലെ ഉന്നത ഉദ്യോഗസ്ഥരും പരസ്യ ഏജന്‍സികളും ചേര്‍ന്ന് അനധികൃതമായി പണം തട്ടിയെടുത്തു. ഈ സമീപനത്തില്‍ മാറ്റമുണ്ടായത് ബിജുപ്രഭാകര്‍ കെഎസ്ആര്‍ടിസി എംഡിയായ സമയത്താണ്. ബിജുപ്രഭാകറിന്റെ നിര്‍ദ്ദേശത്തില്‍ കെഎസ്ആര്‍ടിസി സ്വന്തമായി പരസ്യം ഏറ്റെടുത്ത് ചെയ്യുന്ന പ്രവര്‍ത്തനം ആരംഭിച്ചു. ബിജുപ്രഭാകര്‍ നടത്തിയ ഇടപെടലുകളിലൂടെ വലിയ സാമ്പത്തിക ലാഭമാണ് പരസ്യങ്ങളിലൂടെ കെഎസ്ആര്‍ടിസി നേടിയത്.

കെ എസ് ആര്‍ ടി സിയില്‍ പരിഷ്‌കാരം ഏറെ കൊണ്ടു വന്ന ബിജു പ്രഭാകറിനെ ചില മാഫിയകള്‍ കെ എസ് ആര്‍ ടി സിയില്‍ നിന്നും പുകച്ചു പുറത്തു ചാടിച്ചു. ഇപ്പോള്‍ കമ്മീഷനടിക്ക് ബിജു പ്രഭാകര്‍ അടച്ച പഴയ പരസ്യ വഴി തുറക്കാനാണ് നീക്കം. പരസ്യങ്ങളിലൂടെ ഒരോവര്‍ഷവും കെഎസ്ആര്‍ടിസിയ്ക്ക് 10 കോടിയില്‍പരം രൂപയാണ് വരുമാനമായി ലഭിക്കുന്നത്. നേരിട്ട് പരസ്യം സ്വീകരിച്ച് തുടങ്ങിയതോടെയായിരുന്നു ഇത്. എന്നാല്‍ വീണ്ടും ഇടനിലക്കാരെ കൊണ്ടു വന്ന് കമ്മീഷന്‍ അടിച്ചെടുക്കാനാണ് ചിലരുടെ ശ്രമം. കെഎസ്ആര്‍ടിസിയിലെ കൊമേഷ്യല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ മാറ്റാനാണ് നീക്കം. ഇത്രയും ലാഭമുണ്ടാക്കുന്ന പരസ്യ ഡിപ്പാര്‍ട്ട്‌മെന്റിനെ മാറ്റുന്നതിലൂടെ എന്ത് നേട്ടമാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്നതെന്ന് ആര്‍ക്കും പിടികിട്ടിയിട്ടില്ല. വീണ്ടും സ്വകാര്യ പരസ്യ ഏജന്‍സിയെ കൊണ്ട് വരുന്നതിലൂടെ കോടികളുടെ അഴിമതിയാകും ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്നത് വ്യക്തമാണ്്. മന്ത്രിതല ഇടപെടലുണ്ടായാല്‍ മാത്രമേ ഇത് തകര്‍ക്കപ്പെടൂവെന്നാണ് വിലയിരുത്തല്‍. സ്വകാര്യ പരസ്യ ഏജന്‍സിയെ നിയമിക്കുന്നതിനായി ഉന്നതതലം മുതലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ നടക്കുന്നതായാണ് സൂചന. കെഎസ്ആര്‍ടിസിയിലെ കൊമേഷ്യല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ 23 ഉദ്യോഗസ്ഥരാണുള്ളത്.

ഹോര്‍ഡിങ്ങുകളിലും ചുമരുകളിലും പരസ്യം നല്‍കുമ്പോള്‍ അതിന്റെ കാഴ്ചക്കാര്‍ അതുവഴി കടന്നുപോകുന്നവരാണ്. പലപ്പോഴും യാത്രക്കാര്‍ അത് ശ്രദ്ധിച്ചെന്നും വരില്ല. എന്നാല്‍ ഒരു പരസ്യം നമ്മളുടെ ഇടയിലൂടെ കടന്നു പോകുമ്പോള്‍ അതൊന്ന് നോക്കാത്തവര്‍ വിരളമാകും. മാത്രമുള്ള ഓരോ ദിനവും വ്യത്യസ്തരായ ഉപഭോക്താക്കളിലേക്ക് പരസ്യം എത്തുകയും ചെയ്യും. കെ.എസ്.ആര്‍.ടി.സി ബസുകളിലെ പരസ്യം ഏറെ പ്രിയമേറുന്നത് ഇക്കാര്യങ്ങള്‍ കൊണ്ടാണ്. അതുകൊണ്ട് തന്നെ സംരംഭകരുടെ പ്രിയപ്പെട്ട പരസ്യ ചോയ്‌സ് കൂടിയാണ് ഇത്. ഇത് മനസ്സിലാക്കി പരസ്യം നല്‍കല്‍ കൂടുതല്‍ എളുപ്പമാക്കുകയായിരുന്നു ബിജു പ്രഭാകാറിന്റെ നേതൃത്വം ചെയ്തത്. കെ.എസ്.ആര്‍.ടി.സി. സംരംഭകര്‍ക്ക് ബ്രാന്‍ഡുകളുടെ പരസ്യം നല്‍കാന്‍ കെ.എസ്.ആര്‍.ടി.സിയെ നേരിട്ട് സമീപിക്കാമെന്ന അവസ്ഥ വന്നു. മുമ്പ് ഇത് സ്വകാര്യ ഏജന്‍സികളാണ് കൈകാര്യം ചെയ്തിരുന്നത്. കാര്യക്ഷമത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കൊമേഴ്‌സ്യല്‍ വിഭാഗം നേരിട്ട് കൈകാര്യം ചെയ്യാന്‍ തുടങ്ങിയത്.

ഒരുമാസം മുതല്‍ മൂന്നു മാസം വരെ കരാറില്‍ ബസില്‍ പരസ്യം നല്‍കാം. ഒരു മാസത്തേക്ക് 10,500 രൂപയാണ് ചാര്‍ജ് തുടക്കത്തില്‍ ഈടാക്കിയത്. കൂടുതല്‍ ബസുകളിലും കൂടുതല്‍ കാലയളവിലേക്കും പരസ്യം ചെയ്യുന്നവര്‍ക്ക് നിരക്കില്‍ ഡിസ്‌കൗണ്ടും ലഭിക്കുന്ന അവസ്ഥ വന്നു. ബസിനകത്തും പരസ്യം നല്‍കാന്‍ കഴിയുമായിരുന്നു. ഇതിലൂടെ പരസ്യ വരുമാനം ഇടനിലക്കാര്‍ക്ക് പോകാതെ മുഴുവനായി കെ എസ് ആര്‍ ടി സിയില്‍ എത്തി. ഇതാണ് വീണ്ടും ഇടനിലക്കാര്‍ക്ക് കൂടി പകുത്ത് നല്‍കുന്ന തരത്തിലേക്കാക്കാനുള്ള നീക്കം നടക്കുന്നത്.

Tags:    

Similar News