ജനറല്‍ സെക്രട്ടറിയായി മത്സരിച്ച് തോറ്റ കുക്കുവിനെ എക്‌സിക്യൂട്ടിവില്‍ എടുക്കാന്‍ 2024ല്‍ യു ട്യൂബ് ലൈവുണ്ടായിട്ടും വാദിച്ച ഉഷയും പ്രിയങ്കയും; 2025ല്‍ അതേ സ്ഥാനത്ത് കുക്കു മത്സിക്കുമ്പോള്‍ 'അമ്മയുടെ പെണ്‍മക്കളില്‍' ചിലര്‍ ഉയര്‍ത്തുന്നത് 'മെമ്മറി കാര്‍ഡ്' ആയുധം; വൈകി വന്ന വിവേകത്തിന് പിന്നില്‍ എന്ത്? അമ്മയില്‍ വിവാദം പുകയുമ്പോള്‍

Update: 2025-08-05 11:56 GMT

കൊച്ചി: താര സംഘടനയിലെ 'കുക്കു പരമേശ്വരന്‍ മെമ്മറി കാര്‍ഡ്' വിവാദം പുതിയ തലത്തിലേക്ക്. 'അമ്മയുടെ പെണ്‍മക്കള്‍' എന്ന വാട്‌സാപ്പ് ഗ്രൂപ്പുമായി നടന്ന പലതും സംശയ നിഴലിലാകുകയാണ്. അതിനിടെ മെമ്മറി കാര്‍ഡില്‍ ഇതുവരെ ആരും താര സംഘടനയ്ക്ക് പരാതി നല്‍കിയില്ലെന്ന ചോദ്യവും പ്രസക്തമാകുന്നു. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിന് ശേഷം അമ്മയുടെ നിരവധി ജനറല്‍ ബോഡി യോഗങ്ങള്‍ നടന്നു. അന്നൊന്നും ആരും ഈ വിഷയം താര സംഘടനയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നില്ല. അമ്മയുടെ പ്രസിഡന്റായിരുന്ന മോഹന്‍ലാലിനേയും പരാതി അറിയിച്ചിട്ടില്ലെന്നാണ് സൂചന. അതിനിടെയാണ് അപ്രതീക്ഷിതമായി 'മെമ്മറി കാര്‍ഡ്' വിവാദം പൊന്തി വരുന്നത്. ഇതിന് പിന്നില്‍ കുക്കു പരമേശ്വരന് എതിരായ ഗൂഡാലോചനയെന്നാണ് ഉയരുന്ന വിലയിരുത്തല്‍. അവിടേയും ചിലര്‍ അത്ഭുതം കൂറുന്നുണ്ട്. കഴിഞ്ഞ അമ്മ തിരഞ്ഞെടുപ്പില്‍ കുക്കു പരമേശ്വരന്‍ മത്സരിച്ചിരുന്നു. അന്ന് പിന്തുണച്ചവരാണ് കുക്കുവിനെ ഇപ്പോള്‍ എതിര്‍ക്കുന്നത്. പറയുന്നത് വച്ചാണെങ്കില്‍ അതിന് മുമ്പ് തന്നെ ഈ 'മെമ്മറി കാര്‍ഡ്' കാണാതിയിരുന്നു. എന്നിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്തുകൊണ്ടാണ് ഇവര്‍ കുക്കുവിനെ പിന്തുണച്ചതെന്ന ചോദ്യം അമ്മയിലെ നിഷ്പക്ഷമതികളില്‍ ഉയരുന്നുണ്ട്.

നവ്യയും പൊന്നമ്മ ബാബുവും ഉഷയുമായിരുന്നു അമ്മയുടെ പെണ്‍മക്കള്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍. ഇപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേതാ മേനോനന്‍ അടക്കം ഈ ഗ്രൂപ്പിലുണ്ട്. നിബന്ധനകളും മറ്റും വച്ചത് പൊന്നമ്മ ബാബുവായിരുന്നു. ഇത് ഭാവിയില്‍ താര സംഘടനയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പായി മാറുമെന്നും പറഞ്ഞു. ഇതിനിടെ ഊര്‍മിളാ ഉണ്ണ ഇട്ട പോസ്റ്റ് അഡ്മിന്‍ ഡിലീറ്റ് ചെയ്തു. ആ പോസ്റ്റിന്റെ വിശദാംശങ്ങള്‍ കുക്കു പരമേശ്വരന്‍ ഗ്രൂപ്പില്‍ ചോദിക്കുകയും ചെയ്തു. ഇതിനിടെ സീമാ ജി നായര്‍ അടക്കമുള്ളവര്‍ ലെഫ്റ്റായി. അങ്ങനെ ലെഫ്റ്റാകുന്നവരെ ഈ ഗ്രൂപ്പ് അമ്മയ്ക്ക് കൈമാറുമ്പോള്‍ അംഗങ്ങളാക്കില്ലെന്ന് പോലും പറഞ്ഞവരുണ്ട്. ബാബുരാജിന് വേണ്ടി പരസ്യമായി വാദിക്കുന്നവരുടേതായിരുന്നു ഈ ഗ്രൂപ്പ്. ഇവര്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ വ്യക്തമായ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ബാബുരാജ് പിന്മാറിയതോടെ അതെല്ലാം അട്ടിമറിക്കപ്പെട്ടു. ബാബുരാജിനെതിരെ കുക്കു പരമേശ്വരന്‍ മത്സരിക്കാന്‍ എത്തിയത് ഈ വിഭാഗത്തിന് ഇഷ്ടപ്പെട്ടില്ല. ബാബുരാജ് പിന്മാറിയതോടെ കുക്കു ജയിക്കുന്ന സ്ഥിതി വന്നു. ഈ സാഹചര്യത്തിലാണ് 'മെമ്മറി കാര്‍ഡ്' പൊട്ടിത്തെറി തുടങ്ങിയതെന്നാണ് വ്യക്തം. അല്ലാത്ത പക്ഷം എന്തിനാണ് ഉഷയും പ്രിയങ്കയുമെല്ലാം 2024ലെ ജനറല്‍ ബോഡിയില്‍ ഇലക്ഷനില്‍ തോറ്റ കുക്കുവിന് വേണ്ടി ശബ്ദമുയര്‍ത്തിയെന്ന ചോദ്യമാണ് ഉയരുന്നത്. മെമ്മറി കാര്‍ഡ് വിഷയം അന്നുയര്‍ന്നിരുന്നുവെങ്കില്‍ ഹേമാ കമ്മറ്റി പ്രശ്‌നം പോലും പുതിയ തലത്തില്‍ എത്തുമായിരുന്നു. എന്നാല്‍ ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ പരാതികള്‍ എല്ലാം അപ്രസക്തമാക്കുന്ന ഇടപെടലുകള്‍ പലകോണില്‍ നിന്നും ഉയര്‍ന്നിട്ടും ആരും ശബ്ദമുണ്ടായില്ല.

കേസുള്ളതു കൊണ്ടാണ് ബാബുരാജ് മത്സരിക്കരുതെന്ന് പൊതുവില്‍ അഭിപ്രായം ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ മെമ്മറി കാര്‍ഡില്‍ പോലീസിനെ സമീപിക്കാനാണ് നീക്കം. അനൂപ് ചന്ദ്രനെതിരെ പരാതിയുമായി അന്‍സിബ നേരത്തെ എത്തിയിരുന്നു. അതിന് ശേഷമാണ് കുക്കുവിനെതിരായ നീ്ക്കം. കുക്കുവിനെതിരെ സമ്മര്‍ദ്ദത്തില്‍ എഫ് ഐ ആര്‍ ഇടുപ്പിച്ച ശേഷം കുക്കു എങ്ങനെ മത്സരിക്കുമെന്ന ചോദ്യം ഉയര്‍ത്താനാണ് നീക്കം. അതായത് ബാബുരാജിനെ പോലെ കുക്കുവും മത്സരത്തില്‍ നിന്നും മാറി നില്‍ക്കണമെന്ന ആവശ്യം ഉയര്‍ത്തും. ജോയിന്റ് സെക്രട്ടറിയായി അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാബുരാജ് അടക്കം പിന്മാറിയതോടെ അന്‍സിബ എതിരില്ലാതെ ഭാരവാഹിത്തത്തിലെത്തി. 13 പേരാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തുടക്കത്തില്‍ പത്രിക നല്‍കിയിരുന്നത്. ബാബുരാജടക്കം 12 പേരും മത്സരത്തില്‍നിന്ന് പിന്‍വാങ്ങി. ഏറ്റവും കൂടുതല്‍ ആളുകള്‍ മത്സര രംഗത്ത് എത്തുകയും പിന്‍വലിക്കയും ചെയ്ത തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.

ജഗദീഷ് പിന്മാറിയതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും അവശേഷിക്കുന്നു. ശ്വേതാ മേനോന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ജഗദീഷ് പിന്‍വാങ്ങിയത്. നാസര്‍ ലത്തീഫ്, ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രംഗത്തുള്ളത്. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിലാണ് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനും വിധി തേടുന്നു. വിവാദങ്ങളോടെ എല്ലാ കണ്ണുകളും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുകയാണ്. ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കാണ് ബാബുരാജ് പത്രിക സമര്‍പ്പിച്ചിരുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നവ്യാ നായര്‍, ആശാ അരവിന്ദ് തുടങ്ങിയവര്‍ പത്രിക നല്‍കിയിരുന്നെങ്കിലും പിന്‍വലിച്ചു. അങ്ങിനെ ഏറ്റുമുട്ടുന്നവരും പിന്‍വാങ്ങിയവരും റെക്കോഡിട്ട തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. ഇതിനിടെയാണ് 'അമ്മയുടെ പെണ്‍മക്കള്‍' എന്ന ഗ്രൂപ്പിലെ ചര്‍ച്ചകളും വിവാദങ്ങളും ലെഫ്റ്റടിക്കലും.

2024ലെ 'അമ്മ'യുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ നടന്‍ സിദ്ദീഖിനെ (വോട്ട് - 157) ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. പിന്നീട് സിദ്ദിഖ് രാജിവച്ചു. അന്ന് കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണു സിദ്ദിഖിനെതിരെ മത്സരിച്ചത്. 'അമ്മ'യുടെ ഭരണഘടന അനുസരിച്ച് ആകെയുള്ള 17 ഭാരവാഹികളില്‍ 4 പേര്‍ സ്ത്രീകളായിരിക്കണം. ഇതിനിടെ വനിത അംഗങ്ങളെച്ചൊല്ലി തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ തര്‍ക്കം സമവായത്തിലെത്തുകയും ചെയ്തിരുന്നു. എട്ടു പേരെ തിരഞ്ഞെടുത്ത ശേഷം എക്‌സിക്യൂട്ടീവിലേക്ക് മത്സരിച്ച 2 സ്ത്രീകളെ മാറ്റി നിര്‍ത്താനായിരുന്നു അമ്മ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനം. അന്‍സിബയും സരയുവും വോട്ടു ലഭിച്ചതില്‍ താഴെ ആയതുകൊണ്ടാണ് അവരെ തിരഞ്ഞെടുക്കാത്തത് എന്നായിരുന്നു കമ്മിറ്റി പറഞ്ഞത്. 4 വനിതാ അംഗങ്ങളാണ് സമിതിയില്‍ വേണ്ടത്. ഇവരെ പിന്നീട് അമ്മ എക്‌സിക്യൂട്ടീവ് യോഗം തിരഞ്ഞെടുക്കുമെന്നും കമ്മിറ്റി പറഞ്ഞു. എന്നാല്‍ ഇതിനെ എതിര്‍ത്ത് ബാബുരാജ്, ജയന്‍ ചേര്‍ത്തല, പി.പി.കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ രംഗത്തെത്തി. 3 സ്ത്രീകള്‍ എക്‌സിക്യൂട്ടീവിലേക്ക് മത്സരിച്ച സാഹചര്യത്തില്‍ അവരെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വനിതാ അംഗങ്ങളും രംഗത്തെത്തി.

മത്സരിച്ച 3 പേരും എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുമെന്നാണു മനസിലാക്കിയതെന്നും അതനുസരിച്ച് അവരെ മാറ്റി നിര്‍ത്താന്‍ പറ്റില്ലെന്നും ജനറല്‍ സെക്രട്ടറി പദവിയിലേക്ക് വിജയിച്ച സിദ്ദീഖും വ്യക്തമാക്കി. ഇതിനിടെ, കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ജഗദീഷ് രംഗത്തെത്തി. എക്‌സിക്യൂട്ടീവ് സമിതിയായിരിക്കും ഒരാളെ കൂടി തിരഞ്ഞെടുക്കുക എന്ന് ജഗദീഷ് പറഞ്ഞതോടെ തര്‍ക്കം രൂക്ഷമായി. ഒടുവില്‍ ഒരു പേരു മാത്രം എക്‌സിക്യൂട്ടീവ് യോഗത്തിനു തീരുമാനിക്കാമെന്നു യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. തര്‍ക്കത്തിനൊടുവില്‍ സമവായമായതോടെ പ്രസിഡന്റ് മോഹന്‍ലാല്‍ പുതിയ അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഞ്ജു പിള്ള, കുക്കു പരമേശ്വരന്‍ എന്നിവരുടെ പേരുകള്‍ പരിഗണിക്കണമെന്ന് നടി ഉഷയും പ്രിയങ്കയും ഉള്‍പ്പെടെയുള്ളവര്‍ നിലപാടെടുത്തു. ഷീലു എബ്രഹാമിന്റെ പേരു കൂടി ഉള്‍പ്പെടുത്തണമെന്ന് കുക്കു പരമേശ്വരന്‍ വ്യക്തമാക്കി. എന്നാല്‍ ജനറല്‍ ബോഡിയില്‍ ഇക്കാര്യം തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ട് ജോയ് മാത്യുവും രംഗത്തെത്തിയിരുന്നു.

പിന്നീട് മറ്റൊരാളെ അമ്മ എക്‌സിക്യൂട്ടീവ് നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്തു. അന്ന് ജനറല്‍ സെക്രട്ടറി പദവിയിലേക്ക് മത്സരിച്ച കുക്കു പരമേശ്വരന്‍ 123 വോട്ടാണ് നേടിയത്. കുക്കുവിനെ എക്‌സിക്യൂട്ടീവില്‍ എത്തിക്കണമെന്ന് 2024ല്‍ പരസ്യമായി ആവശ്യപ്പെട്ടവരാണ് ഇപ്പോള്‍ കുക്കുവിനെ തള്ളി പറയുന്നത്. അന്നും ഹേമാ കമ്മറ്റി പരിശോധനയും മെമ്മറി കാര്‍ഡ് കാണാതാകലും ഇല്ലേ എന്ന ചോദ്യമാണ് അമ്മയിലെ ഗ്രൂപ്പിന് അതീതര്‍ ഉയര്‍ത്തുന്ന ചോദ്യം. 2024ലെ വോട്ടെണ്ണലും അതിന് ശേഷമുള്ള ബഹളവുമെല്ലാം അമ്മയുടെ യൂട്യൂബ് ചാനലിലൂടെ തല്‍സമയം കാട്ടിയിരുന്നു. അതുകൊണ്ട് കുക്കുവിന് വേണ്ടി ബഹമുണ്ടാക്കിയത് ആരെല്ലാമെന്ന് ആ യോഗത്തിന് പുറത്തുള്ളവരും കണ്ടിരുന്നു.

Tags:    

Similar News