മത്സരിക്കാനില്ലെന്ന് തോമസ് മാഷ്; അനുനയത്തിന് പിണറായി; എറണാകുളത്ത് ഇടത് സ്ഥാനാര്‍ത്ഥിയാകാന്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് എത്തുമോ? തോമസ് മാഷിന്റെ നോ പറച്ചില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന തിരിച്ചറിവില്‍; മകളെ മത്സരിപ്പിക്കാനുള്ള നീക്കവും നടക്കില്ല; എറണാകുളത്ത് സിപിഎം പ്ലാന്‍ ബി തേടുന്നു

Update: 2026-02-04 10:22 GMT

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലം പിടിച്ചെടുക്കാന്‍ കെ.വി. തോമസിനെ രംഗത്തിറക്കാനുള്ള സിപിഎം നീക്കത്തിന് പ്രതിസന്ധി. മത്സരിക്കാനില്ലെന്ന നിലപാടില്‍ തോമസ് ഉറച്ചുനില്‍ക്കുന്നതായാണ് സൂചന. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുനയത്തിന് ശ്രമം തുടരുകയാണ്. ക്രൈസ്തവ സഭകള്‍ പിന്തുണ പ്രഖ്യാപിച്ചാല്‍ തോമസ് മത്സരിച്ചേക്കും എന്നാണ് സിപിഎം പ്രതീക്ഷ.

സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന തോമസിനെ ജനകീയ മുഖമായി അവതരിപ്പിച്ചു മണ്ഡലം പിടിക്കാനായിരുന്നു ഇടതുക്യാമ്പിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ നിലവിലെ ശക്തമായ ഭരണവിരുദ്ധ വികാരം തിരിച്ചറിഞ്ഞ് മത്സരത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് അദ്ദേഹം താല്‍പ്പര്യപ്പെടുന്നത്. മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും തോമസിനെ മത്സരിപ്പിക്കാന്‍ സിപിഎം സമാനമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല.

ഇത്തവണയും ആ നിലപാട് തുടരുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തോമസിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എറണാകുളത്തോ വൈപ്പിനിലോ മത്സരിപ്പിക്കാനായിരുന്നു സിപിഎം ആലോചന. എറണാകുളത്തെ സാമൂഹിക സമവാക്യങ്ങളും തോമസിനുള്ള വ്യക്തിപരമായ സ്വാധീനവും ഗുണകരമാകുമെന്ന് പാര്‍ട്ടി കണക്കുകൂട്ടിയിരുന്നു. തോമസ് പിന്മാറുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മകളെ പരിഗണിക്കാമെന്ന ആലോചന പാര്‍ട്ടിക്കുണ്ടായിരുന്നെങ്കിലും മകളും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇപ്പോഴില്ലെന്ന നിലപാടിലാണെന്നറിയുന്നു.

ഇതിനെല്ലാം കാരണം ഭരണവിരുദ്ധ വികാരമാണ്. 2022-ല്‍ കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന കെ.വി. തോമസിനെ എറണാകുളം പോലുള്ള ഒരു എ ക്ലാസ് മണ്ഡലത്തില്‍ പരീക്ഷണത്തിന് ഇറക്കുന്നത് പാര്‍ട്ടിക്കും നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ സര്‍ക്കാരിനെതിരെയുള്ള ജനവികാരം ശക്തമായ സാഹചര്യത്തില്‍ റിസ്‌ക് എടുക്കാന്‍ അദ്ദേഹം തയ്യാറല്ല. വൈപ്പിനില്‍ കെ.എം. ഉണ്ണികൃഷ്ണനെയാണ് പാര്‍ട്ടി ആദ്യം പരിഗണിക്കുന്നത്.

അവിടെ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ തോമസിനെ നിര്‍ദ്ദേശിക്കാമെന്നും ചര്‍ച്ചകളുണ്ടായിരുന്നു. കെ.വി. തോമസ് തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നാല്‍ എറണാകുളത്ത് മറ്റൊരു പുതുമുഖത്തെ തേടേണ്ടി വരും സിപിഎമ്മിന്. തന്റെ തട്ടകമായ എറണാകുളത്ത് ഇത്തവണ ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്ന് വ്യക്തമായതോടെയാണ് മകളെ മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും തോമസ് പിന്മാറുന്നതെന്നും വിലയിരുത്തലുണ്ട്.

തോമസ് മാഷിനെ രംഗത്തിറക്കി ലത്തീന്‍ വോട്ടുകള്‍ തൂത്തുവാരാമെന്നായിരുന്നു എകെജി സെന്ററിലെ കണക്കുകൂട്ടല്‍. എന്നാല്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം വോട്ടായി മാറിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് തോമസ് കരുതുന്നു.

തോമസ് മാഷും മകളും പിന്മാറിയതോടെ സിപിഎം ഇപ്പോള്‍ 'പ്ലാന്‍ ബി'യുടെ തിരക്കിലാണ്. ലത്തീന്‍ സഭയ്ക്ക് താല്‍പ്പര്യമുള്ള സ്ഥാനാര്‍ത്ഥിയെ തന്നെ എറണാകുളത്ത് സിപിഎം മത്സരിപ്പിക്കും.

Similar News