വീണയെ എസ് എഫ് ഐ ഒ ചോദ്യം ചെയ്തത് ബുധനാഴ്ച; വ്യാഴാഴ്ച കേന്ദ്രമന്ത്രി നിര്‍മ്മലയെ കണ്ട് മുഖ്യമന്ത്രിയുടെ സ്വന്തം ഡല്‍ഹി പ്രതിനിധി; കെവി തോമസിന്റെ ആ 'ഔദ്യോഗിക കൂടിക്കാഴ്ച' ഇനി സംശയത്തിലാകും; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വീണ്ടും പുതുമാനം; കേന്ദ്ര ഏജന്‍സി റിപ്പോര്‍ട്ടില്‍ അട്ടിമറിയുണ്ടാകുമോ?

കെവി തോമസ് നേരിട്ടെത്തി നിര്‍മ്മലാ സീതാരാമനെ കണ്ടത് രാഷ്ട്രീയ യാദൃശ്ചികതയായി മാറാനിടയില്ല. ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിലേക്കുള്ള ചര്‍ച്ചയില്‍ ഇതും എത്തും.

Update: 2024-10-13 08:27 GMT

ചെന്നൈ: സി.എം.ആര്‍.എല്‍ മാസപ്പടിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ ചോദ്യം ചെയ്ത് എസ്.എഫ്.ഐ.ഒ നടത്തിയത് നിര്‍ണ്ണായക നീക്കം. കഴിഞ്ഞ ബുധനാഴ്ച വീണാ വിജയനെ ചൈന്നെയിലെ എസ്.എഫ്.ഐ.ഒ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ചെന്നൈയിലെ ഉദ്യോഗസ്ഥന്‍ അരുണ്‍ പ്രസാദ് ആണ് വീണാ വിജയനോട് ചോദ്യങ്ങള്‍ ചോദിച്ചത്. ഇത് സംഭവിച്ചത് ബുധനാഴ്ചയാണ്. തൊട്ടടുത്ത ദിവസം മറ്റൊരു നീക്കം ഡല്‍ഹിയില്‍ നടന്നു. കേരളത്തിന്റെ പ്രത്യേക ഡല്‍ഹി പ്രതിനിധി കെവി തോമസിന്റേതായിരുന്നു ഈ നീക്കം. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമനെ തോമസ് കണ്ടു. ഔദ്യോഗികമായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് കെവി തോമസ് അറിയിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച വീണാ വിജയനെ കേന്ദ്ര ധനകാര്യമന്ത്രിയുടെ കീഴിലെ ഏജന്‍സി ചോദ്യം ചെയ്യുകയും അടുത്ത ദിവസം കേരള മുഖ്യമന്ത്രിയുടെ അതിവിശ്വസ്ത പട്ടികയിലുള്ള കെവി തോമസ് നേരിട്ടെത്തി നിര്‍മ്മലാ സീതാരാമനെ കണ്ടത് രാഷ്ട്രീയ യാദൃശ്ചികതയായി മാറാനിടയില്ല. ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിലേക്കുള്ള ചര്‍ച്ചയില്‍ ഇതും എത്തും.

വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം വേഗം ലഭ്യമാക്കുന്നതിലും ജിഎസ്ടിയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യങ്ങളിലും ഉടന്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെടാനാണ് കേന്ദ്ര ധനമന്ത്രിയെ കണ്ടതെന്നാണ് കെവി തോമസ് വ്യാഴാഴ്ച വിശദീകരിച്ചത്. വയനാടിനുള്ള കേന്ദ്ര സഹായം പ്രധാനമന്ത്രിയുമായി സംസാരിച്ചശേഷം തീരുമാനമെടുക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചുവെന്നും വെളിപ്പെടുത്തുകയും ചെയ്തു. കേന്ദ്ര ധനമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. കേരളത്തിന് ശേഷം പ്രകൃതി ദുരന്തം ഉണ്ടായ പല സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സഹായം ലഭ്യമായിട്ടും കേരളത്തിന് ഇപ്പോഴും സഹായം ലഭിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും കെവി തോമസ് വിശദീകരിച്ചു. കേന്ദ്ര- കേരള മാനദണ്ഡങ്ങളില്‍ ചില വ്യത്യാസങ്ങള്‍ ഉള്ളതുകൊണ്ടാണ് ഈ കാലതാമസം എന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയെന്നും പറഞ്ഞു. അന്ന് ആ കൂടിക്കാഴ്ച വലിയ രാഷ്ട്രീയ ചര്‍ച്ചയായിരുന്നില്ല. എന്നാല്‍ ധനമന്ത്രിയെ കണ്ടതിന്റെ തലേ ദിവസം മുഖ്യമന്ത്രിയുടെ മകളെ എസ് എഫ് ഐ ഒ ചോദ്യം ചെയ്തുവെന്നത് ഇനി നിര്‍ണ്ണായക ചര്‍ച്ചയായി മാറും.

മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിയാണ് കെവി തോമസ്. മുഖ്യമന്ത്രി അറിയാതെ ഡല്‍ഹിയില്‍ ഒന്നും തോമസ് ചെയ്യില്ല. അതുകൊണ്ട് തന്നെ വ്യാഴാഴ്ച കേന്ദ്ര ധനമന്ത്രിയെ കെവി തോമസ് കണ്ടതും മുഖ്യമന്ത്രിയോട് ആലോചിച്ചിട്ടാകാനാണ് സാധ്യത. മകളെ ബുധനാഴ്ച കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് ഒപ്പമുള്ള ഏജന്‍സി ചോദ്യം ചെയ്തത് മുഖ്യമന്ത്രി അറിഞ്ഞിരിക്കണം. അങ്ങനെ എങ്കില്‍ അടുത്ത ദിവസം കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്റെ അടുത്തേക്ക് കേരളാ സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധിയെ പറഞ്ഞു വിടുമോ എന്ന സംശയമാണ് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇനി അടിസ്ഥാനമാകുക. ബിജെപിയും സിപിഎമ്മും തമ്മില്‍ ഒത്തു തീര്‍പ്പൊന്നുമില്ലെന്നതിന് തെളിവായി എസ് എഫ് ഐ ഒ അന്വേഷണം ചൂണ്ടിക്കാട്ടാനാണ് സിപിഎം ആഗ്രഹിക്കുന്നത്. ഇതിനിടെയാണ് കെവി തോമസിന്റെ വ്യാഴാഴ്ച കൂടിക്കാഴ്ച ചര്‍ച്ചകളിലേക്ക് എത്തുന്നത്.

സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തത് നിര്‍ണ്ണായക നീക്കമാണ്. ചെന്നൈയിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ (എസ്.എഫ്.ഐ.ഒ.) ഹാജരായാണ് വീണ മൊഴി നല്‍കിയത്. ചെന്നൈയിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ അരുണ്‍ പ്രസാദാണ് മൊഴിയെടുത്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് വീണ ഹാജരായത്. എട്ടുമാസമാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ആ സമയപരിധി അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് വീണാ വിജയനിലേക്ക് നേരിട്ട് അന്വേഷണമെത്തുന്നത്. മാസപ്പടി വിവാദമുണ്ടായി മാസങ്ങള്‍ക്കു ശേഷമാണ് എസ്.എഫ്.ഐ.ഒ നീക്കം. നേരത്തേ സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ എസ്.എഫ്.ഐ.ഒയുടെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. നവംബറില്‍ അന്തിമ റിപ്പോര്‍ട്ട് ഈ വിഷയത്തില്‍ എസ് എഫ് ഐ ഒ നല്‍കുമെന്നാണഅ സൂചന.

മാസപ്പടിക്കേസില്‍ തനിക്ക് ബന്ധമില്ലെന്നായിരുന്നു വീണയുടെ നിലപാട്. താന്‍ ഐടി പ്രൊഫഷണല്‍ മാത്രമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് ബന്ധമില്ലെന്നും അവര്‍ പറഞ്ഞിരുന്നു. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്ക് കമ്പനിയും സംസ്ഥാന വ്യവസായവികസന കോര്‍പ്പറേഷനുകീഴിലെ സി.എം.ആര്‍.എലും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് ഈ ജനുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. എസ്.എഫ്.ഐ.ഒയ്ക്കായിരുന്നു അന്വേഷണച്ചുമതല. അഡീഷണല്‍ ഡയറക്ടര്‍ പ്രസാദ് അഡെല്ലിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘത്തെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിനെ ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസറായും നിശ്ചയിച്ചിരുന്നു. അരുണ്‍ പ്രസാദാണ് വീണയുടെ മൊഴി എടുത്തത്.

കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് കമ്പനി (സി.എം.ആര്‍.എല്‍.) എന്ന സ്വകാര്യ കമ്പനി, വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനിക്ക് നല്‍കാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് മാസപ്പടിവിവാദത്തിന് തിരികൊളുത്തത്. സി.എം.ആര്‍.എല്ലില്‍നിന്ന് എക്‌സാലോജിക് സൊല്യൂഷന്‍സ് 1.72 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍. ഇത് വീണാ വിജയനെയും പിണറായി വിജയനെയും പാര്‍ട്ടിയെയും ഒരുപോലെ വെട്ടിലാക്കി. 2017 മുതല്‍ 2020 കാലയളവിലാണ് സി.എം.ആര്‍.എല്‍. വീണയുടെ കമ്പനിക്ക് പണം നല്‍കിയതെന്നും ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിലുണ്ടായിരുന്നു.

1.72 കോടി രൂപയാണ് കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്നും വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിലേക്ക് അയച്ചത്. സിഎംആര്‍എല്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനിക്ക് നല്‍കാത്ത സേവനത്തിന് 2017- 20 കാലയളവില്‍ വലിയ തുക പ്രതിഫലം നല്‍കി എന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് മാസപ്പടി വിവാദത്തിന് തിരികൊളുത്തിയത്. കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിന്റെ ആദ്യ ഉത്തരവ് പ്രകാരം ആര്‍ഒസി സംഘം തുടങ്ങിവച്ച വിശദ അന്വേഷണമാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ഏറ്റെടുത്തത്. വീണയ്ക്കെതിരായ മാസപ്പടി കേസില്‍, സിഎംആര്‍എല്ലില്‍ നിന്നും കെഎസ്‌ഐഡിസിയില്‍ നിന്നും നേരത്തെ എസ്എഫ്‌ഐഒ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

വീണയുടെ കമ്പനിയായ എക്‌സാലോജിക്കും കെഎസ്‌ഐഡിസിയുമടക്കം അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. സിഎംആര്‍എല്‍ ആര്‍ക്കൊക്കെ പണം, എന്തിനൊക്കെ പണം നല്‍കിയെന്നത് അന്വേഷിക്കണം എന്നാണ് പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്ജിന്റെ പ്രധാന ആവശ്യം.

Tags:    

Similar News