ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ഇന്നലെ നടന്നത് സര്‍ക്കാരില്‍ പിടിപാടുള്ള ഉന്നതന്റെ 'ടെന്നീസ് ടൂര്‍ണ്ണമെന്റ്' ആഘോഷം! ദുബായില്‍ കേന്ദ്രീകരിച്ച് ബിസിനസ് ചെയ്യുന്ന 'പിണറായി' പേരുകാരന്റെ പാര്‍ട്ടിയ്ക്ക് ശേഷം അറച്ചറച്ച് കാറില്‍ പുറത്തേക്ക് വന്ന മണിയന്‍ പിള്ള; ആ പരിപാടിയില്‍ മദ്യവും വിളമ്പി; മണിയന്‍ പിള്ളയെ കേസില്‍ നിന്നും രക്ഷിച്ച ഉന്നതന്‍ ആര്? മ്യൂസിയം പോലീസ് എല്ലാം ആവിയാക്കിയ 'അവതാര' ഇടപെടല്‍ കഥ

Update: 2026-02-06 06:14 GMT

തിരുവനന്തപുരം: ഒരു 'അവതാരങ്ങളേയും' വച്ചു പൊറിപ്പിക്കില്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി കസേരയില്‍ പത്ത് കൊല്ലം മുമ്പ് പിണറായി വിജയന്‍ ഇരുന്നത്. അതിന് ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിയിലേക്ക് വരെ എത്തിയ പല അവതാരങ്ങള്‍ എത്തി. അത്തരത്തില്‍ മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുണ്ടെന്ന് ഏവരും പറയുന്ന വ്യക്തിയുടെ ടെന്നീസ് ടൂര്‍ണ്ണമെന്റ് പാര്‍ട്ടിയാണ് കഴിഞ്ഞ ദിവസം ട്രിവാന്‍ഡ്രം ഹോട്ടലില്‍ നടന്നത്. ഒരു യുവാവിന്റെ ഓര്‍മ്മയ്ക്കായി നടത്തുന്ന ടൂര്‍ണ്ണമെന്റ്. ആ ടൂര്‍ണ്ണമെന്റിന്റെ ആഘോഷമായിരുന്നു കഴിഞ്ഞ ദിവസം ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നടന്നത്. ഇതില്‍ നിന്നും പുറത്തിറങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്.

മുഖ്യമന്ത്രിയുമായി അതീവ അടുപ്പമുണ്ടെന്ന് പറയപ്പെടുന്ന ഒരു ഉന്നതന്‍ തന്റെ മകന്റെ ഓര്‍മ്മയ്ക്കായി സംഘടിപ്പിച്ച 'ടെന്നീസ് ടൂര്‍ണ്ണമെന്റ്' ആഘോഷമാണ് കഴിഞ്ഞ ദിവസം ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നടന്നത്. ദുബായ് കേന്ദ്രമായി ബിസിനസ് ചെയ്യുന്ന ഈ 'പിണറായി' പേരുകാരന്‍ നടത്തിയ ആഡംബര പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷമായിരുന്നു നടന്‍ മണിയന്‍പിള്ള രാജുവിന്റെ വിവാദമായ മടക്കയാത്ര. ഇവിടെ നിന്ന് അറച്ചറച്ച് കാറില്‍ പുറത്തിറങ്ങിയ മണിയന്‍പിള്ള രാജു നിമിഷങ്ങള്‍ക്കകം ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. എന്നാല്‍, അപകടത്തിന് ശേഷം മ്യൂസിയം പോലീസ് കാണിച്ച അമിത 'മര്യാദ'യ്ക്ക് പിന്നില്‍ ഈ അവതാരത്തിന്റെ ഇടപെടലുണ്ടെന്നാണ് സൂചന.

പോലീസ് ആസ്ഥാനത്തിന് വിളിപ്പാടകലെ അപകടമുണ്ടാക്കി യുവാക്കളെ റോഡില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞ താരത്തെ രാത്രിയില്‍ തന്നെ പിടികൂടാന്‍ പോലീസ് തയ്യാറായില്ല. ഇതിന് പിന്നില്‍ ഉന്നതന്റെ ഫോണ്‍ വിളികളായിരുന്നുവെന്ന് ആരോപണമുണ്ട്. ശ്രീറാം വെങ്കിട്ടരാമന്‍ കേസില്‍ മ്യൂസിയം പോലീസ് നടത്തിയ അതേ കളി തന്നെയാണ് ഇവിടെയും ആവര്‍ത്തിച്ചത്. മദ്യപാനം തെളിയിക്കാനാകാത്ത വിധം കൃത്യം 11 മണിക്കൂര്‍ കഴിഞ്ഞ് താരം ഹാജരാകുന്നതുവരെ പോലീസ് കാത്തുനിന്നു. ചിക്കുന്‍ഗുനിയ ആണെന്ന് പറഞ്ഞ് പൊതുപരിപാടിയില്‍ പങ്കെടുത്ത രാജുവിന്റെ വാദങ്ങളിലെ പൊള്ളത്തരം പോലീസ് കണ്ടില്ലെന്ന് നടിച്ചു.

പരിക്കേറ്റ നിവേദിതിനെയും സൂരജിനെയും അവഗണിച്ച് കടന്നുകളഞ്ഞത് കൊലപാതക ശ്രമമായി കാണുന്നതിന് പകരം, കേവലം കൈയ്യബദ്ധമാക്കി മാറ്റാന്‍ ഈ 'അവതാര' ഇടപെടല്‍ സഹായിച്ചു. ട്രിവാന്‍ഡ്രം ക്ലബ്ബിലെ ആ രാത്രി നടന്ന പാര്‍ട്ടിയും അതില്‍ പങ്കെടുത്ത പ്രമുഖരും ആരൊക്കെയെന്നത് രഹസ്യമാക്കി വെക്കാന്‍ ഉന്നത തലത്തില്‍ നീക്കം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ളവരുടെ സാന്നിധ്യമാണ് ഈ കേസില്‍ പോലീസിനെ കെട്ടിവരിഞ്ഞത്. ശ്രീറാം വെങ്കിട്ടരാമനെപ്പോലും നാണിപ്പിക്കുന്ന വിധം ക്രിത്യമായ പ്ലാനിംഗോടെയാണ് രാജുവും സംഘവും മ്യൂസിയം പോലീസിനെ വെട്ടിലാക്കിയത്. ഇന്നലെ രാത്രി അപകടം നടന്ന ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ ഭാഗമായ സുബ്രഹ്‌മണ്യം ഹാളിന് മുന്നില്‍ നിന്നാണ് രാജുവിന്റെ ആഡംബര കാര്‍ പാഞ്ഞുവന്നത്. തിരുവനന്തപുരത്തെ സമ്പന്നരുടെ മദ്യപാന കേന്ദ്രമെന്നറിയപ്പെടുന്ന ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് മദ്യപിച്ചിറങ്ങിയതാണോ എന്ന സംശയം ബലപ്പെടുത്തുന്നതാണ് അപകടത്തിന് ശേഷമുള്ള ഒളിച്ചോട്ടം.

രാത്രി താരത്തിന്റെ വീട്ടിലെത്തിയ പോലീസിനോട് രാജു അവിടെയില്ലെന്ന പച്ചക്കള്ളമാണ് വീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ താരം അവിടെത്തന്നെയുണ്ടായിരുന്നുവെന്നും, മദ്യത്തിന്റെ അംശം രക്തത്തില്‍ നിന്ന് അപ്രത്യക്ഷമാകാനുള്ള 'വിന്‍ഡോ പിരീഡ്' വരെ പോലീസിനെ ഉന്നത സ്വാധീനമുപയോഗിച്ച് തടഞ്ഞുനിര്‍ത്തുകയായിരുന്നു എന്നുമാണ് സൂചന. മണിയന്‍ പിള്ള രാജുവിനെ പോലീസ് അറസ്റ്റു ചെയ്തു. അതിന് ശേഷമായിരുന്നു വൈദ്യ പരിശോധന. ജാമ്യമുള്ള വകുപ്പുകളായതു കൊണ്ട് ജാമ്യം കിട്ടുകയും ചെയ്തു.

തിരുവനന്തപുരത്തെ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ ചില ഉന്നതര്‍ക്കൊപ്പം സ്റ്റേഷനിലെത്തിയ രാജുവിനെതിരെ ഏറെ വൈകി പോലീസ് നടപടികളിലേക്ക് കടന്നു. മദ്യപാനമുണ്ടോ എന്നറിയാനുള്ള എട്ടു മണിക്കൂര്‍ സമയം ബോധപൂര്‍വ്വം പാഴാക്കിയ ശേഷം, ജനറല്‍ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധന വെറും പ്രഹസനമായി മാറി. കാന്‍സര്‍ അതിജീവിതന്‍ എന്ന വൈകാരിക കാര്‍ഡ് ഉപയോഗിച്ച് കേസിനെ 'കൈയ്യബദ്ധം' എന്ന് വരുത്തിത്തീര്‍ക്കാനാണ് ഇപ്പോഴത്തെ നീക്കം. പരിക്കേറ്റ യുവാക്കളുടെ നില ഗുരുതരമായി തുടരുമ്പോഴും, മദ്യപാനം തെളിയിക്കാനാവാത്ത വിധം ശാസ്ത്രീയമായി കേസ് അട്ടിമറിക്കപ്പെട്ടത് പോലീസിനും ആഭ്യന്തര വകുപ്പിനും വന്‍ നാണക്കേടായി മാറിയിരിക്കുകയാണ്.

Similar News