സ്വന്തം ബാച്ചിലെ ഐബി ഉദ്യോഗസ്ഥനുമായി ഉണ്ടായിരുന്ന പ്രണയബന്ധം തകര്‍ന്നതിന്റെ മനോവിഷമത്തിലെ ആത്മഹത്യയെന്ന് വിലയിരുത്തല്‍; കൊച്ചിയില്‍ ജോലി ചെയ്യുന്ന മലപ്പുറത്തുകാരന്‍ അവധിയില്‍ പ്രവേശിച്ചു; പ്രാഥമിക തെളിവ് ശേഖരണത്തിന് ശേഷം യുവാവിനെ പുറത്താക്കാന്‍ സാധ്യത ഏറെ; ആ അവസാന വിളി ആരുടേതെന്ന് തിരിച്ചറിഞ്ഞു; മേഘയെ ചതിച്ചയാളെ ഐബി വെറുതെ വിടില്ല

Update: 2025-03-26 04:50 GMT

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥ മേഘ മധുസൂദനന്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തിലെ ദുരൂഹതയില്‍ വിശദ അന്വേഷണം നടത്താന്‍ ഐബി. മേഘയുടെ മരണവുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള ഉദ്യോഗസ്ഥന്‍ അവധിയില്‍ പ്രവേശിപ്പിച്ചു. മേഘയും ഈ യുവാവും സര്‍വ്വീസില്‍ കയറിയിട്ട് ഒരു വര്‍ഷമേ ആകുന്നുള്ളൂ. പ്രൊബേഷന്‍ കാലം കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഐബിയ്ക്ക് അവമതിപ്പുണ്ടാക്കിയതിന് യുവാവിനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കാനും സാധ്യതയുണ്ട്. എല്ലാ വശങ്ങളും ഐബി പരിശോധിക്കുകയാണ്. ഡല്‍ഹിയില്‍ ഇക്കാര്യത്തില്‍ ഉടന്‍ വ്യക്തതയുള്ള തീരുമാനം ഉണ്ടായേക്കും. മേഘയെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കിയത് മലപ്പുറത്തുകാരനായ ഈ ഐബിക്കാരനാണെന്ന് വ്യക്തമായിട്ടുണ്ട്. മേഘയുടെ സഹപ്രവര്‍ത്തകരും ഇത്തരത്തില്‍ നിലപാട് എടുത്തു കഴിഞ്ഞു. സംഭവം അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. കേരള പോലീസിലും ഇന്റലിജന്‍സ് ബ്യൂറോയ്ക്കും ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്. പോലീസ് ആരോപണ വിധേയനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാന്‍ സാധ്യതയുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.

തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരം പേട്ട റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ മേഘയെ കണ്ടത്. വിമാനത്താവളത്തിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയശേഷമാണ് ഇവിടെ മരിച്ചനിലയില്‍ കണ്ടത്.തിങ്കളാഴ്ച രാവിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയശേഷം രാവിലെ ആറുമണിക്ക് മേഘ വിളിച്ചിരുന്നെന്ന് അച്ഛന്‍ മധുസൂദനന്‍ പറഞ്ഞു. ഭക്ഷണപാഴ്സല്‍ വാങ്ങിയശേഷം റൂമിലേക്ക് പോകുകയാണെന്ന് പറഞ്ഞിരുന്നു. പിന്നീട് ട്രെയിന്‍ തട്ടി അപകടത്തില്‍ മരിച്ചുവെന്ന വിവരമാണ് കേട്ടത്. ജോലിസംബന്ധമായി ഒരു പ്രശ്നവും ഇല്ലായിരുന്നു. താമസിക്കുന്ന സ്ഥലത്ത് റെയില്‍വേ ട്രാക്കുമില്ല. അതുകൊണ്ടുതന്നെ പേട്ടയിലെ റെയില്‍വേ ട്രാക്കിലേക്ക് എത്താനിടയായ സാഹചര്യം അന്വേഷിക്കണം. ട്രാക്കിലൂടെ മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് പോകുകയായിരുന്നുവെന്നാണ് അറിഞ്ഞത്. ആരാണ് മൊബൈല്‍ ഫോണില്‍ വിളിച്ചത്, ആരുമായാണ് സംസാരിച്ചത് എന്നീ കാര്യങ്ങളും അന്വേഷിക്കണമെന്നും അച്ഛന്‍ മധുസൂദനന്‍ പറഞ്ഞു. സംഭവത്തില്‍ പ്രത്യേക അന്വേഷണം നടത്തുമെന്ന് ഐബി അറിയിച്ചതായും മേഘയുടെ ബന്ധുക്കള്‍ പറഞ്ഞു. മേഘയുടെ ഫോണ്‍ രേഖകളില്‍ നിന്നും വിളിച്ചത് ആരെയെന്ന് ഐബി തിരിച്ചറിഞ്ഞിട്ടുണ്ട്. മേഘയുടെ ഫോണ്‍ ഛിന്നഭിന്നമായി. അതുകൊണ്ട് തന്നെ അതില്‍ നിന്നും വിവരങ്ങള്‍ കിട്ടുക അസാധ്യമാണ്.

മേഘ ഫൊറന്‍സിക് സയന്‍സ് പഠനപരിശീലനത്തിന്റെ ഭാഗമായി പഞ്ചാബില്‍ പോയപ്പോള്‍ മലപ്പുറം സ്വദേശിയായ യുവാവുമായി അടുപ്പത്തിലായിരുന്നു. ആദ്യം വീട്ടുകാര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. പിന്നീട് മേഘയുടെ ഇഷ്ടത്തിന് വഴങ്ങി അത് അംഗീകരിച്ചിരുന്നു. ഈ പ്രണയത്തില്‍നിന്ന്, യുവാവ് പിന്മാറിയതാകാം മേഘയുടെ മരണത്തിന് കാരണമെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ഫൊറന്‍സിക് സയന്‍സില്‍ മികച്ചവിജയം നേടിയാണ് ഇരുപത്തിനാലാം വയസ്സില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി വിഭാഗത്തില്‍ മേഘ ജോലിയില്‍ പ്രവേശിച്ചത്. ജോലിയില്‍നിന്ന് അവധി എടുത്ത് ഐഎഎസിന് പോകുന്നതിനുള്ള ആലോചനകള്‍ നടക്കുന്നതിനിടെയാണ് മേഘയുടെ മരണം. കൂടല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകന്‍ മധുസൂദനന്റെയും പാലക്കാട് കളക്ടറേറ്റ് ജീവനക്കാരി നിഷാ ചന്ദ്രന്റെയും ഏക മകളാണ് മേഘാ മധു. മേഘയുടെ മരണം കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. തങ്ങളോട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നുവെന്നു പറഞ്ഞ മേഘ പെട്ടെന്ന് റൂട്ട് മാറ്റാന്‍ കാരണമെന്തെന്നറിയണമെന്ന് കുടുംബവും ആവര്‍ത്തിക്കുന്നു. മരണത്തിലും ദുരൂഹതയുണ്ടെന്ന് കുടുംബം പറയുന്നു. പത്തനംതിട്ട കലഞ്ഞൂരിലെ വീട്ടുവളപ്പിലാണ് മേഘയെ സംസ്‌കരിച്ചത്.

തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്കു വരികയായിരുന്ന ട്രെയിനിടിച്ചാണ് മേഘ മരിച്ചത്. ലോക്കോപൈലറ്റ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. ട്രെയിന്‍ വരുമ്പോള്‍ ട്രാക്കിന്റെ സമീപത്തുകൂടി ഫോണില്‍ സംസാരിച്ചു നടക്കുകയായിരുന്ന മേഘ പെട്ടെന്നാണ് അതിവേഗത്തില്‍ ട്രാക്കിലേക്ക് ഓടിക്കയറിയത്. ഫോണ്‍വിളി നിര്‍ത്താതെ തന്നെ ട്രാക്കില്‍ തലവച്ചുകിടന്നു, ട്രെയിന്‍ ശരീരത്തിലൂടെ കയറിയിറങ്ങി. മൊബൈല്‍ഫോണ്‍ തകര്‍ന്നു തരിപ്പണമായി. ഒരു വര്‍ഷം മുന്‍പാണ് മേഘ കേന്ദ്ര ഇന്റലിജന്‍സ്ബ്യൂറോയില്‍ ജോലിക്കു കയറിയത്. മരണപ്പെടുന്നതിനു തലേദിവസം ഞായറാഴ്ച നൈറ്റ് ഡ്യൂട്ടിയായിരുന്നു. വിമാനത്താവളത്തിനു ഒന്നര കിലോമീറ്റര്‍ അപ്പുറത്താണ് വാടകവീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മേഘ താമസിച്ചിരുന്നത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മേഘ സാധാരണ പോകുന്ന വഴിമാറ്റി ഇടവഴിയിലൂടെ അടക്കം സഞ്ചരിച്ചാണ് റെയില്‍വേ ട്രാക്കിലെത്തിയത്.

ഐഡി കാര്‍ഡ് കണ്ടാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ഫോണ്‍ തകര്‍ന്ന അവസ്ഥയിലായതിനാല്‍ ഏറ്റവും ഒടുവില്‍ വിളിച്ചയാളെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ജീവനൊടുക്കാന്‍ മാത്രം പോന്ന പ്രശ്‌നമെന്തായിരുന്നുവെന്ന് കണ്ടെത്തണമെങ്കില്‍ മേഘ അവസാനമായി സംസാരിച്ചതാരെയെന്ന് കണ്ടെത്തണം, ഫോണ്‍വിളി വിവരങ്ങള്‍ ഐബി കണ്ടെത്തിയെന്നാണ് സൂചന.

Tags:    

Similar News