മുടപുരം പോസ്റ്റ് ഓഫിസില്‍ നിന്നും മടക്കി അയച്ചു എന്ന് പറയുന്ന കത്ത് ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസിലും ലഭിച്ചിട്ടില്ല; അന്വേഷണത്തില്‍ ആ കത്ത് കണ്ടെത്താനായില്ല; ഈ അനാസ്ഥയില്‍ ചിറയിന്‍കീഴിലെ ബിന്ദുവിന് നഷ്ടമായത് ആശിച്ച് മോഹിച്ച് കാത്തിരുന്ന സര്‍ക്കാര്‍ ജോലി; ഈ നഷ്ടത്തിന് ആര് ഉത്തരവാദിത്തം പറയും; പിണറായി സര്‍ക്കാര്‍ മാനുഷിക പരിഗണന കാട്ടണം

Update: 2025-05-03 08:28 GMT

തിരുവനന്തപുരം: പോസ്റ്റ് ഓഫീസ് അധികൃതരുടെ അനാസ്ഥ കാരണം എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും അയച്ച കത്ത് ലഭിക്കാതായതോടെ മധ്യവയസ്‌കയ്ക്ക് നഷ്ടമായത് ജീവിതമാര്‍ഗ്ഗം. പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്കുള്ള അവസരമാണ് ചിറയിന്‍കീഴ് മുടപുരം സ്വദേശി ബിന്ദുവിന് നഷ്ടമായത്. എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും ഇന്റര്‍വ്യൂ മെമ്മോ സഹിതമുള്ള കത്ത് അയച്ചിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ജോലി സ്ഥിരപ്പെടേണ്ടതുമാണ്. എന്നാല്‍ കത്ത് ലഭിക്കാതായതോടെയാണ് അര്‍ഹതയുള്ള ജോലി നഷ്ടമായതാണ് പരാതിക്കാരി പറയുന്നത്. ഒഴിവിലേക്ക് തന്നെ ഒന്ന് കൂടി പരിഗണിക്കണമെന്നും ബിന്ദു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രായ പരിധി കഴിഞ്ഞതിനാല്‍ വീണ്ടും പരിഗണിക്കാവില്ലെന്ന് ആയിരുന്നു അധികാരികള്‍ മറുപടി നല്‍കിയത്.

എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും അയച്ച കത്ത് മുടപുരം തപാല്‍ ഓഫിസില്‍ എത്തിയതായാണ് വിവരാവകാശ നിയമ രേഖ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് പരാതിക്കാരിക്ക് ലഭിച്ചിട്ടില്ല. പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്കുള്ള ഒഴിവിലേക്കാണ് ബിന്ദുവിനെ പരിഗണിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്റര്‍വ്യൂ മെമ്മോ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ നിന്നും അയച്ചിരുന്നു. എന്നാല്‍ ഈ കത്ത് പരാതിക്കാരിക് ലഭിച്ചിരുന്നില്ല. 32വര്‍ഷത്തോളമായി ഒരേ വിലാസത്തിലാണ് പരാതിക്കാരി താമസിക്കുന്നത്. തന്റെ പേരില്‍ കത്ത് എന്തെങ്കിലും ഉണ്ടോയെന്ന് പോസ്റ്റ്മാനോട് അന്വേഷിച്ചപ്പോഴും ഇല്ലെന്നായിരുന്നു മറുപടി. തുടര്‍ന്നാണ് ബിന്ദു ആറ്റിങ്ങല്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തി കാര്യം അന്വേഷിക്കുന്നത്. പാര്‍ടൈം സ്വീപ്പര്‍ക്ക് പിന്നീട് ഫുള്‍ ടൈം സ്വീപ്പറായി പ്രമോഷന്‍ കിട്ടും. ഇതോടെ ജോലി സ്ഥിരമാകുകയും ചെയ്യും. ഇത്തരമൊരു ജോലിയാണ് ബിന്ദുവിന് നഷ്ടമാകുന്നത്.

ഈ ജോലിക്കായി പല തവണ ഓഫിസ് കയറിയിറങ്ങിയതിന് ശേഷമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും ബിന്ദുവിന്റെ പേര് തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് ശുപാര്‍ശ ചെയ്തതായും മറുപടി ലഭിച്ചു. ജോലിയുടെ കാര്യവുമായി ബന്ധപ്പെട്ട് നിരവധി തവണയാണ് പല സര്‍ക്കാര്‍ ഓഫിസുകളില്‍ പരാതിക്കാരി കയറിയിറങ്ങിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടരുടെ കാര്യാലയത്തില്‍ അന്വേഷിച്ചപ്പോള്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ മെമ്മോ അയച്ച രസീത് അടക്കമുള്ള രേഖകള്‍ അധികൃതര്‍ ബിന്ദുവിന് നല്‍കി.

പ്രിന്‍സിപ്പല്‍ ഡയറക്ടരുടെ കാര്യാലയത്തില്‍ നിന്നും അയച്ച കത്ത് ഓഗസ്റ്റ് 17ന് ചിറയിന്‍കീഴിലെ പ്രധാന പോസ്റ്റ് ഓഫിസില്‍ ലഭിച്ചതായും അന്നേ ദിവസം തന്നെ മുടപുരം പോസ്റ്റ് ഓഫിസിലേക്ക് അയച്ചതായും തപാല്‍ വകുപ്പ് സീനിയര്‍ സൂപ്രണ്ട് പരാതിക്കാരിക്ക് നല്‍കിയ മറുപടി കത്തില്‍ പറയുന്നു. എന്നാല്‍ വിലാസം തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ രണ്ട് ദിവസം പോസ്റ്റ് ഓഫിസില്‍ വെച്ചിരുന്ന ശേഷം മടക്കി അയക്കുകയായിരുന്നു എന്നാണ് മുടപുരം തപാല്‍ വകുപ്പില്‍ നിന്നും ലഭിച്ച മറുപടി. മടക്കി അയച്ച കത്ത് നെയ്യാറ്റിന്‍ക്കര പോസ്റ്റ് ഓഫിസിലോ, പ്രിന്‍സിപ്പല്‍ ഡയറക്ടരുടെ കാര്യാലയത്തിലോ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ ബിന്ദു തിരുവനന്തപുരം ജി.പി.ഒ യ്ക്ക് പരാതി നല്‍കുകയായിരുന്നു.

വിവരാവകാശ പ്രകാരം ഇന്റര്‍വ്യൂ മെമ്മോ സഹിതമുള്ള കത്ത് അയച്ചതായും, ബന്ധപ്പെട്ട പോസ്റ്റ് ഓഫിസില്‍ ലഭിച്ചതായും വ്യക്തമാണ്. മുടപുരം പോസ്റ്റ് ഓഫിസില്‍ നിന്നും മടക്കി അയച്ചു എന്ന് പറയുന്ന കത്ത് ബന്ധപ്പെട്ട സര്‍ക്കാര്‍ കാര്യാലയത്തിലും ലഭിച്ചിട്ടില്ല. ബിന്ദു ജി.പി.ഒ യ്ക്ക് നല്‍കിയ പരാതിയ്ക്ക് കഴിഞ്ഞ ഏപ്രിലില്‍ പോസ്റ്റല്‍ വകുപ്പില്‍ മറുപടി നല്‍കിയിരുന്നു. കത്ത് കണ്ടെത്താനായില്ല നഷ്ടമായി എന്നായിരുന്നു പോസ്റ്റല്‍ സൂപ്രണ്ടിന്റെ വിശദീകരണം. തപാല്‍ വകുപ്പിന്റെ അനാസ്ഥ കാരണമാണ് തനിക്ക് ജോലി നഷ്ടമായതെന്നാണ് പരാതിക്കാരി പറയുന്നത്.

തസ്തികയിലേക്ക് തന്നെ ഒരു തവണ കൂടി പരിഗണിക്കണമെന്നും ബിന്ദു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രായ പരിധി കഴിഞ്ഞതിനാല്‍ ഇത് കഴിയില്ലെന്നാണ് അധികാരികളില്‍ നിന്നും ലഭിക്കുന്ന മറുപടി.

Tags:    

Similar News