മന്ത്രിമന്ദിരങ്ങളുടെ വിളിപ്പാടകലെ അരോമ ബില്‍ഡേഴ്സിന്റെ വിളയാട്ടം! സുരക്ഷാ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി 'ബൈ ദ ക്ലിഫ്' ബഹുനില ഫ്‌ളാറ്റ് നിര്‍മ്മാണം; നിര്‍മ്മാണ അവശിഷ്ടങ്ങള്‍ വീണ് വോള്‍വോ കാര്‍ തകര്‍ന്നു; തൊഴിലാളികള്‍ കയറില്‍ തൂങ്ങി മരണത്തെ മുഖാമുഖം കാണുന്നു; തലസ്ഥാനത്തെ നന്തന്‍കോട് വിവിഐപി മേഖലയില്‍ ഭീതിയോടെ നാട്ടുകാര്‍

അരോമ ബില്‍ഡേഴ്സിന്റെ വിളയാട്ടം

Update: 2026-01-01 11:30 GMT

എം.എസ്.സനില്‍കുമാര്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍, അധികാര കേന്ദ്രങ്ങളുടെ വിളിപ്പാടകലെ, വിവിഐപി മേഖലയില്‍, നഗരസഭാ ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പരസ്യമായി ലംഘിച്ചുകൊണ്ട് ബഹുനില ഫ്‌ളാറ്റിന്റെ നിര്‍മ്മാണം. നിര്‍മാണത്തില്‍ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാതിരുന്നതോടെ സമീപത്തെ താമസക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും അപകടങ്ങളും നാശനഷ്ടങ്ങളും പതിവ് സംഭവമായിരിക്കുകയാണ്. ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അരോമ ബില്‍ഡേഴ്സ് നന്തന്‍കോട് പണികഴിപ്പിക്കുന്ന ബഹുനില ഫ്ളാറ്റ് സമുച്ചയത്തിലാണ് ചട്ടവും സുരക്ഷയും ലംഘിച്ചുകൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. അരോമ ബില്‍ഡേഴ്‌സിന് എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അജിത് കുമാര്‍ ഉള്ളൂര്‍ ചീഫ് ടൗണ്‍ പ്ലാനിങ് ഓഫീസര്‍ക്ക് പരാതി നല്‍കി.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വസതികള്‍ക്കും കോര്‍പറേഷന്‍ ഓഫീസ് മുതല്‍ തിരുവനന്തപുരം നഗരാസൂത്രണ വികസന അതോറിറ്റി ഓഫീസുകളുടെ വിളിപ്പാടകലെയുമാണ് ഇത്തരത്തില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി ഫ്ളാറ്റ് നിര്‍മാണവും പെയിന്റിംഗ് പണികളും പുരോഗമിക്കുന്നത്. പെയിന്റിംഗ് തൊഴിലാളികള്‍ ആവശ്യത്തിന് സുരക്ഷാ നടപടികള്‍ പാലിക്കാതെ വെറുമൊരു കയറില്‍ തൂങ്ങിയാണ് ജോലി ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ഫ്ളാറ്റ് സമുച്ചയത്തിലെ അശ്രദ്ധമായ നിര്‍മാണ പ്രവൃത്തി കാരണം അയല്‍വാസിയുടെ ലക്ഷ്വറി കാറിന് കേടുപാടുകള്‍ സംഭവിച്ചു. നന്തന്‍കോട് കോര്‍ഡിയല്‍ ഭാരതി അപ്പാര്‍ട്ട്മെന്റിലെ താമസക്കാരന്റെ വോള്‍വോ കാറിനാണ് കേടുപാടുകള്‍ സംഭവിച്ചത്. സംഭവത്തില്‍ ഫ്ലാറ്റ് നിര്‍മ്മാതാക്കളായ അരോമ ഡെവലപ്പേഴ്സിന് എതിരെ 25,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉടമ വക്കീല്‍ നോട്ടീസ് അയച്ചു. സമീപത്തെ വീടുകളിലേക്കും താമസക്കാരിലേക്കും വാഹനങ്ങളിലേക്കും നിര്‍മാണ അവശിഷ്ടങ്ങള്‍ പതിക്കുകയാണ്. ടൗണ്‍ പ്ലാന്‍ നിയമങ്ങള്‍ പാലിച്ചാണോ ഈ കെട്ടിടത്തിന് നിര്‍മാണ അനുമതി നല്‍കിയത് എന്ന കാര്യത്തില്‍ സംശയങ്ങള്‍ ഉയരുന്നുണ്ട്.




 

അരോമ ഡെവലപ്പേഴ്സിന്റെ 'ബൈ ദ ക്ലിഫ്' എന്ന പ്രോജക്റ്റില്‍ കഴിഞ്ഞ ഡിസംബര്‍ 10-ന് നടന്ന പെയിന്റിംഗ് ജോലികള്‍ക്കിടയിലാണ് സംഭവം. കോര്‍ഡിയല്‍ ഭാരതി അപ്പാര്‍ട്ട്മെന്റിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് പെയിന്റ് അടിച്ചു വീഴുകയായിരുന്നു. കാറിന്റെ ബോഡിയിലും ഗ്ലാസിലും പെയിന്റ് പറ്റിപ്പിടിച്ച് വലിയ രീതിയിലുള്ള കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് നോട്ടീസില്‍ പറയുന്നു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട യാതൊരു മുന്‍കരുതലുകളും ബില്‍ഡര്‍ സ്വീകരിച്ചിരുന്നില്ല. അയല്‍പക്കത്തെ വാഹനങ്ങള്‍ മാറ്റിയിടുകയോ താല്‍ക്കാലിക സുരക്ഷാ മറകള്‍ സ്ഥാപിക്കുകയോ ചെയ്തില്ല. ഇതേക്കുറിച്ച് പണി നടക്കുന്ന ഇടത്തെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും മതിയായ പ്രതികരണം ഉണ്ടായില്ല എന്നും വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മറ്റ് താമസക്കാരുടെ വാഹനങ്ങള്‍ക്കും സമാനമായ രീതിയില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.



 അഡ്വ. ലാല്‍ എസ്. മുഖേന അയച്ച നോട്ടീസില്‍, 15 ദിവസത്തിനകം നഷ്ടപരിഹാര തുകയായ 25,000 രൂപ നല്‍കണമെന്നും രേഖാമൂലം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച വരുത്തിയാല്‍ സിവില്‍, ക്രിമിനല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

പ്രധാന വീഴ്ചകള്‍ ഒറ്റനോട്ടത്തില്‍

സുരക്ഷാ മറകള്‍: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മറയ്ക്കാന്‍ ആവശ്യമായ സുരക്ഷാ നെറ്റുകളോ മറകളോ സ്ഥാപിച്ചിട്ടില്ല.

തൊഴിലാളി സുരക്ഷ: ഉയരത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളോ ബെല്‍റ്റുകളോ നല്‍കുന്നില്ല.

ടൗണ്‍ പ്ലാനിംഗ് : നഗരാസൂത്രണ നിയമങ്ങള്‍ പാലിച്ചാണോ ഈ കെട്ടിടത്തിന് അനുമതി ലഭിച്ചതെന്നതില്‍ സംശയമുയരുന്നു.

പൊതുജനാരോഗ്യം: നിര്‍മ്മാണ അവശിഷ്ടങ്ങള്‍ അയല്‍പക്കത്തെ വീടുകളിലേക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു.

Tags:    

Similar News