ആള്‍ക്കൂട്ടത്തിന് അടുത്ത് നിന്ന് പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും കേട്ടില്ല; പടക്ക ശേഖരത്തിന് അകലെ മതി മാലപടക്കം കത്തിക്കലെന്ന വാദങ്ങളും മുഖവിലയ്‌ക്കെടുത്തില്ല; ഒടുവില്‍ ഉഗ്രശബ്ദത്തോടെ ചുവന്ന ഗോളമായി മൂവാളംകുഴി ചാമുണ്ഡി ക്ഷേത്രം; 3000 രൂപയുടെ പടക്ക കഥയുമായി ഭാരവാഹികള്‍; കിട്ടിയത് 24000 രൂപയുടെ ബില്‍; വീരര്‍കാവില്‍ സമ്പൂര്‍ണ്ണ നിയമലംഘനം

Update: 2024-10-29 04:11 GMT

നീലേശ്വരം: തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 3000 രൂപയുടെ പടക്കങ്ങള്‍ മാത്രമാണ് ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്നതെന്നാണ് കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു. തോറ്റം ഇറങ്ങുമ്പോള്‍ പൊട്ടിക്കാന്‍ വാങ്ങിയതായിരുന്നു ഇവയെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഗുരുതര അനാസ്ഥ ഇക്കാര്യത്തിലുണ്ടായി എന്നതാണ് വസ്തുത. അവിടെ കണ്ട തീഗോളം കമ്മറ്റിക്കാരൂടെ വാദം പൊളിക്കുന്നതാണ്. വലിയ തോതില്‍ പടക്കം അവിടെ ഉണ്ടായിരുന്നുവെന്നതാണ് വസ്തുത. എന്നാല്‍ പടക്കം സൂക്ഷിക്കാനുള്ള ലൈസന്‍സൊന്നും എടുത്തതുമില്ല. ഇത് മറയ്ക്കാനാണ് 3000 രൂപയുടെ പടക്കക്കഥ അവതരിപ്പിക്കുന്നത്. അതിനിടെ 24000 രൂപയുടെ പടക്കം വാങ്ങിയ ബില്‍ പോലീസിന് കിട്ടിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് ദൃസാക്ഷികളും പ്രദേശവാസികളും പറയുന്നത് ഇങ്ങനെ.. രണ്ട് ദിവസങ്ങളിലായാണ് ക്ഷേത്രത്തില്‍ ഉത്സവം.തെയ്യക്കാലത്തിലെ ആദ്യത്തെ പ്രധാന ഉത്സവമായതിനാല്‍ തന്നെ കണ്ണൂര്‍-കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ തെയ്യം കാണാന്‍ നീലേശ്വരം തെരു അഞ്ഞുറ്റമ്പലം വീരര്‍കാവില്‍ എത്താറുണ്ട്. ക്ഷേത്രത്തില്‍ വെടിക്കെട്ട് പതിവില്ല. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തില്‍ തെയ്യം പുറപ്പാടിന്റെ സമയത്ത് പൊട്ടിക്കാനായി സൂക്ഷിച്ചതാണ് പടക്കങ്ങള്‍. ഇതിനൊപ്പം തെയ്യം മടങ്ങി വരുമ്പോഴും പൊട്ടിക്കും. ഇത്തവണ പതിവില്‍ കൂടുതല്‍ പടക്കം സ്റ്റോക്ക് ചെയ്തിരുന്നു. ഇതും അപകടത്തിന്റെ രൂക്ഷത കൂട്ടി.

രാത്രി പന്ത്രണ്ട് മണിയോടെ പ്രധാന ആരാധനമൂര്‍ത്തിയായ മൂവാളംകുഴി ചാമുണ്ഡിയുടെ തോറ്റം നടക്കുന്ന സമയത്ത് പടക്കങ്ങള്‍ സൂക്ഷിച്ച കെട്ടിടത്തിന് സമീപത്ത് നിന്ന് തന്നെ പടക്കം പൊട്ടിച്ചപ്പോള്‍ അതിലെ തീപ്പൊരി കെട്ടിടത്തിനകത്തേക്ക് വീഴുകയും സ്ഫോടനം നടക്കുകയുമായിരുന്നു. ഉഗ്രശബ്ദത്തോടെ ചുവന്ന ഗോളമാണ് കണ്ടതെന്നും കുറച്ചു സമയത്തേക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലായില്ലെന്നുമാണ് ദൃസാക്ഷികള്‍ പറയുന്നത്. എന്നാല്‍ കെട്ടിടത്തിന് സമീപത്ത് ആള്‍ക്കാര്‍ കൂടി നില്‍ക്കുന്നതിനാല്‍ തന്നെ ഇവിടെ നിന്നും പടക്കം പൊട്ടിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പടക്കം പൊട്ടിച്ചവര്‍ മുന്നറിയിപ്പ് അവഗണിച്ചതാണ് അപകടത്തിലേക്ക് വഴിവെച്ചതെന്നും സ്ഥലത്തുണ്ടായവര്‍ ചൂണ്ടിക്കാട്ടുന്നു.

പുലര്‍ച്ചെ മൂന്നരയോടെയാണ് തെയ്യം ഇറങ്ങേണ്ടിയിരുന്നത്. അതിനുമുന്‍പാണ് തോറ്റം നടക്കുക. ഇതിന്റെ ഭാഗമായ് പടക്കം പൊട്ടിക്കുന്നത് പതിവാണ്. നിലവില്‍ നടക്കുന്ന ആഘോഷത്തിന്റെ ഭാഗമായി ചൈനീസ് പടക്കങ്ങളാണ് വാങ്ങിവെച്ചിരുന്നത്. ഇതില്‍നിന്നുള്ള തീപ്പൊരിയാണ് വീരര്‍കാവിലെ അപകടത്തിന് കാരണമായത്. തിങ്കളാഴ്ച രാത്രി 12-ഓടെയാണ് അപകടം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ കാസര്‍കോട് ജില്ലാ ആസ്പത്രിയിലും മറ്റ് സ്വകാര്യ ആസ്പത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആസ്പത്രികളിലേക്കും മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്കും മാറ്റി. പരിക്കേറ്റവരില്‍ പ്രകാശന്‍, മകന്‍ അദ്വൈത്, ലതീഷ് എന്നിവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രയില്‍ പ്രവേശിപ്പിച്ചു.

മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോള്‍, തീപ്പൊരി പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്രമതിലിനോട് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതും നിയമവിരുദ്ധമാണ്. ഇതിനുസമീപം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ കൂടിനിന്നിരുന്നു. ഇവര്‍ക്കെല്ലാം പൊള്ളലേറ്റു. ഉത്തരമലബാറില്‍ കളിയാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന കാവുകളിലൊന്നാണ് ദുരന്തമുണ്ടാകുന്നത്.

പരിഭ്രാന്തരായി നാലുഭാഗത്തേക്കും ചിതറി ഓടുകയായിരുന്നു ജനം. ഇതിനിടെയാണ് തെയ്യം കലാകാരനായ നിധിന്‍ പണിക്കര്‍ അപകടസ്ഥലത്തെത്തുന്നത്. 'വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നത് കണ്ടു. പിന്നെ ഒന്നും നോക്കിയില്ല. വീട്ടുകാരെ ഓര്‍ക്കാനൊന്നും നേരം ഉണ്ടായിരുന്നില്ല. അങ്ങോട്ടേക്ക് ഓടുകയായിരുന്നു. മുമ്പില്‍ പൊള്ളലേറ്റു കിടക്കുന്ന കുട്ടികളും സ്ത്രീകളും. തീ കണ്ടു, കുട്ടി പെട്ടുകിടക്കുന്നത് കണ്ടപ്പോള്‍ ഒന്നും നോക്കിയില്ല. പടക്കം ഉണ്ടായോ എന്നൊന്നും നോക്കിയില്ല...'- നിധിന്‍ പണിക്കര്‍ പറയുന്നു.

തോറ്റത്തിന്റെ പുറപ്പാട് സമയത്ത് ചൈനീസ് പടക്കമാണ് പൊട്ടിച്ചത്. ഇതു പൊട്ടിച്ചപ്പോള്‍ ഒരു ഗുണ്ട് പൊട്ടുകയും അതു സ്ത്രീകള്‍നിന്ന ഷെഡിന്റെ മുകളില്‍പ്പോയി വീഴുകയും ചെയ്തു. അതിനകത്ത് തീപ്പൊരി വീഴുകയും മുഴുവന്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. സ്ത്രീകളും കുട്ടികളുമാണ് അകത്തുണ്ടായിരുന്നത്. വലിയ തീഗോളംപോലെ പടക്കശേഖരം പൊട്ടിത്തെറിക്കുകയായിരുന്നു. പലര്‍ക്കും മുഖത്തും കൈകള്‍ക്കുമാണ് പൊള്ളലേറ്റത്.

Tags:    

Similar News