എറണാകുളം സ്വദേശിനിയുടെ പേരിലെ ഇന്നോവ; എട്ടു പേര്‍ കൈമറിഞ്ഞ് മണിമലയില്‍ എത്തി; നീതു ആര്‍ നായരുടെ ജീവനെടുക്കാന്‍ അന്‍ഷാദ് കൊണ്ടു വന്ന കാര്‍ ചര്‍ച്ചയാക്കുന്നതും അനധികൃത റെന്റ് എ കാര്‍ സംവിധാനം സംസ്ഥാനത്ത് സജീവമെന്ന വസ്തുത; കൂത്രപ്പള്ളിയിലെ വില്ലന്‍ കാര്‍ സ്വന്തമാക്കിയത് ഇങ്ങനെ

Update: 2025-05-09 07:17 GMT

കോട്ടയം: അനധികൃതമായിട്ടും സംസ്ഥാനത്ത് റെന്റ് എ കാര്‍ സംവിധാനം സജീവം. ലൈസന്‍സ് പോലുമില്ലാതെ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നുണ്ട്. ഇത്തരം വാഹനങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്കായി ആസൂത്രമായി ഉപയോഗിക്കുന്നത് വര്‍ദ്ധിച്ച് വരുമ്പോഴും നടപടി സ്വീകരിക്കാതെ മോട്ടോര്‍ വാഹന വകുപ്പ്. സൗഹൃദം അവസാനിപ്പിച്ച പെണ്‍സുഹൃത്തിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കാര്‍ വാടയ്ക്കെടുത്തത് അനധികൃതമായാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എട്ടില്‍ പരം ആള്‍ക്കാരില്‍ നിന്നും കൈമറിഞ്ഞാണ് വാഹനം പ്രതികള്‍ക്ക് ലഭിച്ചത്. കൃത്യം നിര്‍വഹിക്കാനായി വാഹനത്തിന് നമ്പര്‍ പ്ലേറ്റ് പോലും ഇല്ലായിരുന്നു. കൂത്രപ്പള്ളി പുതുപ്പറമ്പില്‍ നീതു ആര്‍.നായരെ (35) കാറിടിച്ച് കൊന്ന സുഹൃത്ത് കാഞ്ഞിരപ്പള്ളിയിലെ ഓട്ടോ ഡ്രൈവര്‍ മേലേട്ടുതകിടി അമ്പഴത്തിനാല്‍വീട്ടില്‍ അന്‍ഷാദ് (37), ഇയാളുടെ ഒപ്പം കാറിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി ചാവിടിയില്‍ വീട്ടില്‍ ഇജാസ് (35) എന്നിവരാണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരിയിലെ ടെക്സ്റ്റല്‍ സ്ഥാപനത്തിലെ ജീവനക്കാരിയായാണ് നീതു. നീതുവിന്റെ മരണത്തിലും റെന്റ് എ കാര്‍ ചതിയാണ് തെളിയുന്നത്.

അന്വേഷണത്തില്‍ എറണാകുളം സ്വദേശിനിയുടെ പേരിലാണ് വാഹനം എന്ന് കണ്ടെത്തിയിരുന്നു. മണിമല മുക്കടയില്‍ നിന്നും വാടകയ്ക്ക് എടുത്ത വാഹനമാണ് അന്‍ഷാദ് കൊലപാതകത്തിന് ഉപയോഗിച്ചത്. അന്വേഷണവയുമായി ബന്ധപ്പെട്ട് എട്ടോളം പേരെ കറുകച്ചാല്‍ പോലീസ് ചോദ്യം ചെയ്തതായും സൂചനയുണ്ട്. നീതുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും റെന്റ് എ കാര്‍ സംവിധാനം ചര്‍ച്ചയാകുന്നത്. മുന്‍കാലങ്ങളിലും പല തവണ കുറ്റകൃത്യങ്ങള്‍ക്കായി ഇത്തരത്തില്‍ വാടകയ്ക്കെടുത്ത വാഹനങ്ങള്‍ ഉപയോഗിച്ചുട്ടുണ്ട്. റെന്റ് എ കാര്‍ സംവിധാനത്തില്‍ വാഹനങ്ങള്‍ക്കായി പരിശോധന നടത്താന്‍ പരിമിതികളുണ്ട്. പിടികൂടുമ്പോള്‍ ബന്ധുവിന്റെ വാഹനമാണെന്നുപറഞ്ഞ് പലരും രക്ഷപ്പെടും. ഇത്തരം പഴുതുകള്‍ മനസ്സിലാക്കിയാണ് കുറ്റകൃത്യങ്ങള്‍ക്കായി വാടകയ്ക്കെടുക്കുന്ന വാഹനങ്ങള്‍ കൂടുതലായും ഉപയോഗിക്കുന്നത്. ലൈസന്‍സ് പോലുമില്ലാതെ ഇത്തരം ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഞ്ച് മാസങ്ങള്‍ക്ക് മുന്‍പാണ് കളര്‍കോട് വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ 3 വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ കാര്‍ വാടകയ്ക്ക് നല്‍കിയത് അനധികൃതമായാണെന്ന് കണ്ടെത്തിയിരുന്നു. കാര്‍ നല്‍കിയ ആള്‍ക്ക് റെന്റ് എ കാര്‍ ലൈസന്‍സുമില്ലായിരുന്നു.

സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും വാഹനങ്ങള്‍ ദിവസ, മാസ വാടകയ്ക്ക് നല്‍കാന്‍ പറ്റില്ല. സ്വകാര്യ ആവശ്യത്തിനായി രജിസ്റ്റര്‍ചെയ്ത വാഹനം ടാക്സിയായി ഓടിക്കാനോ വാടകവാങ്ങി മറ്റൊരാള്‍ക്ക് നല്‍കാനോ പാടില്ല എന്നാണ് മോട്ടോര്‍ വാഹനനിയമത്തിലുള്ളത്. എന്നാല്‍ റെന്റ് എ കാര്‍ എന്ന സംവിധാനം ഇന്നും സംസ്ഥാനത്ത് സജീവമാണ്. എന്നാല്‍ ഇത് അനധികൃതമാണെന് മോട്ടോര്‍ വാഹന വകുപ്പ് തന്നെ വ്യക്തമാക്കുന്നുണ്ട്. സ്വകാര്യ ആവശ്യത്തിനായി രജിസ്റ്റര്‍ചെയ്ത വാഹനം ടാക്സിയായി ഓടിക്കാനോ വാടകവാങ്ങി മറ്റൊരാള്‍ക്ക് നല്‍കാനോ പാടില്ല എന്നാണ് മോട്ടോര്‍ വാഹനനിയമത്തിലുള്ളത്. വാഹനത്തില്‍ കയറ്റാന്‍ കഴിയുന്ന ആളുകളുടെ എണ്ണം ആര്‍.സി.ബുക്കില്‍ കൃത്യമായി ഉണ്ട്. അതില്‍ക്കൂടുതല്‍ ആളുകളെ കയറ്റി വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ ബുദ്ധിമുട്ടാകും. വാടകയ്ക്ക് നല്‍കുന്ന വാഹനങ്ങളുപയോഗിച്ച് കുറ്റകൃത്യങ്ങള്‍ നടത്തിയാല്‍ ആര്‍.സി. ഉടമയും പ്രതിയാകും.

ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെ വെട്ടിക്കാവുങ്കല്‍-പൂവന്‍പാറപ്പടിയില്‍വെച്ചാണ് നീതുവിനെ അന്‍ഷാദ് കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. ശേഷം കാറുമായി ഇവര്‍ മല്ലപ്പള്ളി റോഡിലൂടെ രക്ഷപ്പെട്ടു. റോഡരികില്‍ അബോധാവസ്ഥയില്‍കിടന്ന നീതുവിനെ ബൈക്ക് യാത്രക്കാരായ രണ്ടുപേരാണ് അതുവഴി എത്തിയ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിച്ചത്. തുടക്കത്തില്‍ അപകടമരണമാണെന്നാണ് പോലീസും നാട്ടുകാരും സംശയിച്ചത്. ഇടിച്ച വാഹനം കണ്ടെത്താനായി പോലീസ് നടത്തിയ തിരച്ചിലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവസ്ഥലത്തിന് സമീപം വെള്ളനിറത്തിലുള്ള ഇന്നോവ കാര്‍ തിരിക്കുന്നത് പ്രദേശവാസി കണ്ടിരുന്നു. ഇയാളുടെ മൊഴിയും സംശയത്തിന് ഇടയാക്കി. ഇതാണ് അന്വേഷണക്കില്‍ നിര്‍ണ്ണായകമായത്.

നീതുവിനെ ഇടിച്ച വാഹനം തേടിയുള്ള തിരച്ചിലാണ് പ്രതികള്‍ കുടുങ്ങിയത്. സംഭവശേഷം വെട്ടിക്കാവുങ്കലില്‍നിന്ന് മല്ലപ്പള്ളി റോഡിലൂടെ അതിവേഗം ഓടിച്ചുപോയ കാര്‍ മുക്കടയില്‍ ഉപേക്ഷിച്ച ശേഷം ഇരുവരും ഓട്ടോയിലാണ് കാഞ്ഞിരപ്പള്ളിയിലെത്തിയത്. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ വെള്ള നിറത്തിലുള്ള ഇന്നോവ കാര്‍ കണ്ടെത്താനായി നിരീക്ഷണ ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം തുടങ്ങിയത്. എന്നാല്‍ കാറിന്റെ നമ്പര്‍പ്ലേറ്റ് ഇളക്കിമാറ്റിയ നിലയിലായിരുന്നു. ഇതോടെ പോലീസ് സംഭവ സ്ഥലത്തിന് സമീപത്തെ നിരീക്ഷണക്യാമറകള്‍ പരിശോധിച്ചു. ഇതില്‍ നിന്ന് കെ.എല്‍.52 എസ് 3224 എന്ന നമ്പര്‍ കണ്ടെത്തി. നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ എറണാകുളം സ്വദേശിനിയുടെ പേരിലുള്ളതാണ് കാര്‍ എന്ന് തിരിച്ചറിഞ്ഞു. ഇയാളില്‍ നിന്ന് വാടകയ്‌ക്കെടുത്ത കാര്‍ പൊന്‍കുന്നം സ്വദേശിയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇവിടെനിന്നാണ് അന്‍ഷാദ് കഴിഞ്ഞദിവസം കാര്‍ വാടകയ്‌ക്കെടുത്തത്.

Tags:    

Similar News