'കുട്ടികള്‍ക്ക് തങ്ങാന്‍ ഒരിടം തന്നാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു; അപ്പനും അമ്മയും ഇല്ലാതെ പിള്ളാരെ നോക്കണ്ടെ, അങ്ങനെ ഇവിടെ പിള്ളാരെ എടുക്കുകയില്ലെന്ന് പറഞ്ഞു; ഞാന്‍ കരഞ്ഞു പറഞ്ഞു നോക്കി'; അവസാന നിമിഷം വരെ പിടിച്ചുനില്‍ക്കാന്‍ ഷൈനി ശ്രമിച്ചു; തെളിവായി ഇതാ, ഷൈനിയുടെ ഹൃദയം തകര്‍ക്കുന്ന അവസാന ശബ്ദ രേഖ

ഷൈനിയുടെ ഹൃദയം തകര്‍ക്കുന്ന അവസാന ശബ്ദ രേഖ

Update: 2025-03-07 10:08 GMT

കോട്ടയം: പാറോലിക്കലില്‍ യുവതിയും രണ്ടു പെണ്‍മക്കളും ട്രെയിനിനു മുന്നില്‍ച്ചാടി മരിച്ച വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടുനിന്നത്. ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശി ഷൈനി (42), മക്കളായ അലീന (11), ഇവാന (10) എന്നിവര്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജീവനൊടുക്കിയത്.

ജീവിതം അവസാനിപ്പിക്കുന്നതിന് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുമ്പ് അവസാനത്തെ വഴിയും തേടി മടുത്ത് തന്റെ സുഹൃത്ത് ജെസിയോട് സംസാരിച്ചത് ഹൃദയഭേദകമായാണ്. ഷൈനിക്ക് ജീവിതത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. സാമ്പത്തിക ബാധ്യതകള്‍ ഏറെയാണ്. ഭര്‍ത്താവ് വക്കില്‍ നോട്ടീസ് സ്വീകരിക്കാത്ത സാഹചര്യം പോലുമുണ്ടായി. ആ ശബ്ദരേഖ രണ്ട് മൂന്ന് ദിവസം മുമ്പ് മറുനാടന്‍ മലയാളി പുറത്തുവിട്ടിരുന്നു. ആ ശബ്ദരേഖയില്‍ ഷൈനി വ്യക്തമായി പറഞ്ഞിരുന്നു ഭര്‍ത്താവ് വക്കീല്‍ നോട്ടീസ് പോലും സ്വീകരിക്കന്നില്ല എന്നായിരുന്നു ആ ശബ്ദരേഖയില്‍ ഷൈനി വെളിപ്പെടുത്തിയത്.

അവസാന നിമിഷം വരെ ഷൈനി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. മക്കളെ എവിടെയെങ്കിലും സുരക്ഷിതമായി ഏല്‍പ്പിച്ച ശേഷം ജീവിത യുദ്ധം തുടരണമെന്നായിരുന്നു ഷൈനിയുടെ ആഗ്രഹം. മക്കളെ സംരക്ഷിക്കേണ്ടത് ഉള്ളതിനാലാണ് ഷൈനിക്ക് ജോലി തേടി ദൂരേക്ക് പോകാന്‍ കഴിയാതെയിരുന്നത്. അതുകൊണ്ടാണ് കാരിത്താസ് അടക്കം കോട്ടയത്തെ ഏതാണ് പന്ത്രണ്ടോളം ആശുപത്രികളില്‍ ജോലി തേടിപ്പോയത്.


Full View

അവിടെയൊന്നും ഷൈനിക്ക് ജോലി കിട്ടിയില്ല. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് കരിയറില്‍ വന്ന ഇടവേളയാണെങ്കില്‍ രണ്ടാമത്തേത് ഭര്‍ത്താവ് നോബിയുടെ സഹോദരനായ ഫാദര്‍ ബോബിയുടെ തെറ്റായ ഇടപെടലാണ്. ഈ പശ്ചാത്തലത്തില്‍ ഷൈനിക്ക് മറ്റൊരു വഴിയുമില്ലായിരുന്നു. അങ്ങനെ മക്കളെ ഹോസ്റ്റലിലാക്കാന്‍ ഷൈനി തീരുമാനിക്കുകയായിരുന്നു. ഹോസ്റ്റലിലായാല്‍ പിന്നെ അവരുടെ കാര്യം ശരിയാകുമല്ലോ എന്നായിരുന്നു പ്രതീക്ഷ. മക്കള്‍ പഠിച്ചിരുന്ന ഹോളി ക്രോസ് സ്‌കൂളിലെയും എസ് എഫ് എസിലെയും ഹോസ്റ്റലുകളില്‍ അവസരം തേടിയിരുന്നു.

ഒടുവില്‍ ഒരു ഹോസ്റ്റലില്‍ പോയി മക്കളെ ഏല്‍പ്പിക്കാന്‍ ഷൈനി അവര്‍ പറഞ്ഞ എല്ലാ നിബന്ധനകളും അംഗീകരിച്ചിട്ടും തീരുമാനം ഉണ്ടായില്ല. ആ ഹോസ്റ്റലില്‍ കൂടി അവസരം നിഷേധിച്ചതുകൊണ്ടാകാം ഷൈനി ഒടുവില്‍ മക്കള്‍ക്ക് ഒപ്പം ജീവനൊടുക്കാന്‍ തീരുമാനിച്ചത്.

മക്കളെ ഒറ്റയ്ക്കിട്ടിട്ട് ജോലിക്ക് പോകാന്‍ ഷൈനിക്ക് പേടിയായിരുന്നു. ബാന്ദ്രയിലെ ഒരു ആശുപത്രിയില്‍ ജോലി ശരിയായിരുന്നു. പക്ഷെ മക്കളെ ഹോസ്റ്റലില്‍ താമസിപ്പിക്കാനുള്ള സാഹചര്യം ഒരുങ്ങി വന്നില്ല. ഷൈനി മുമ്പ് ജോലി ചെയ്ത റോസമിസ്റ്റിക എന്ന കെയര്‍ ഹോമില്‍ ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്തായ ജെസിയോട് പറയുന്നതിന്റെ ശബ്ദരേഖയില്‍ അവസാന നാളുകളില്‍ ഷൈനി നേരിട്ട പ്രതിസന്ധി വ്യക്തമാണ്.

അവസാന ശബ്ദരേഖ

''സിസ്റ്ററെ നിങ്ങള്‍ക്ക് അറിയാവുന്ന ഏതെങ്കിലും ഒരു ഹോസ്റ്റല്‍ ഉണ്ടെങ്കില്‍ എനിക്ക് കണ്ടു പിടിച്ച് തരാന്‍ പറ്റുമോ, എസ് എഫ് എസിന്റെ കാര്യം ചോദിച്ചു അതിന്റെ ഹോസ്റ്റല്‍ അതിരമ്പുഴയില്‍ ആണെന്ന് പറഞ്ഞു. അവിടുത്തെ അച്ചനെ വിളിച്ചു ചോദിച്ചു. അച്ചന്‍ നമ്പര്‍ തന്നു. അവിടെ എസ് എഫ് എസിലെ പിള്ളേരും യൂണിവേഴ്‌സിറ്റിലെ കുട്ടികളും മാത്രമെയുള്ളു അവിടെ മറ്റ് കുട്ടികളെ എടുക്കില്ലായെന്ന് പറഞ്ഞു.

ഞാന്‍ പിന്നെ വേറൊരു ഹോസ്റ്റല്‍ ഉള്ളത് വലിയവരുടേതാണെന്ന് പറഞ്ഞു. അവിടെ പിള്ളാരെ നിര്‍ത്താന്‍ പറ്റില്ലാന്ന് പറഞ്ഞു. ഒരു റൂമില്‍ നാല് പേരുണ്ടെന്ന് പറഞ്ഞു. എസ് എഫ് എസിലെ പിള്ളാര്‍ക്ക് ഇവിടുന്നാണ് ആഹാരം കൊടുക്കുന്നതെന്നും പറഞ്ഞു. അതും വഴിയടഞ്ഞു. സിസ്റ്ററോട് പറഞ്ഞു എങ്ങനെയെങ്കിലും ഒരു വഴി കാണിച്ചുതരണം എന്നു പറഞ്ഞു. സിസ്റ്റര്‍ ഒരു റൂമെയുള്ളു, പിള്ളേര് തന്നെ കിടക്കുമോയെന്ന് ചോദിച്ചു. വീട്ടിലാണെങ്കിലും പിള്ളാര് തന്നെയാണ് കിടക്കുന്നതെന്ന് പറഞ്ഞു. പാമ്പ് ഏതാണ്ട് കേറി എന്ന് പറഞ്ഞു. സിസ്റ്ററെ പാമ്പൊക്കെ പോയിക്കാണും എന്നു മറുപടി പറയുകയും ചെയ്തു.

പിള്ളാര് തന്നെ കിടക്കുമോ അല്ലെങ്കില്‍ ഞാന്‍ അവിടെ പോയി കിടക്കേണ്ടി വരും എന്ന് സിസ്റ്റര്‍ പറഞ്ഞു. ഞങ്ങള്‍ കഴിക്കുന്ന ഫുഡ് ഒക്കെയാകും ഇവിടെ, കഞ്ഞിയാണ് എന്നൊക്കെ പറഞ്ഞു, ഞാന്‍ അതൊന്നും കുഴപ്പമില്ല, പിള്ളാര്‍ക്ക് അങ്ങനെയൊന്നുമില്ലെന്ന് പറഞ്ഞു. എന്തെങ്കിലും ഒരു കഞ്ഞിയും ഇത്തിരി കറിയും മതി എന്നു പറഞ്ഞു, അതൊന്നും സാരമില്ല. കുട്ടികള്‍ക്ക് തങ്ങാന്‍ ഒരിടം തന്നാല്‍ മതിയെന്ന് പറഞ്ഞു. സിസ്റ്ററോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു.

ഞാന്‍ എസ് എച്ചില്‍ പോയി ചോദിച്ചു, അവിടെയൊന്നും ഒരു രക്ഷയുമില്ല. അവിടെ കുട്ടികളെ എടുക്കത്തില്ല, പിള്ളാരെ നോക്കണ്ടെ, അപ്പനും ഇല്ലാ, അമ്മയും ഇല്ലാതെ പിള്ളാരെ നോക്കണ്ടെ, അങ്ങനെ ഇവിടെ പിള്ളാരെ എടുക്കുകയില്ല. അവിടെ ഇരുന്നു കരഞ്ഞിട്ടും പറ്റാത്തതുകൊണ്ടാണ് മോളെ എന്ന് പറഞ്ഞു. വീണ്ടും ഹോളിക്രോസില്‍ പോയി സിസ്റ്ററിനോട് കുറെ വര്‍ത്തമാനം പറഞ്ഞു. എനിക്ക് വേറെ നിര്‍വാഹമില്ല, അല്ലെങ്കില്‍ സ്‌കൂള്‍ മാറ്റേണ്ടി വരും എന്നൊക്കെ പറഞ്ഞു'',

ജെസിയുമായിട്ടായിരുന്നു അവസാന ദിവസങ്ങളില്‍ ഷൈനി സംസാരിച്ചുകൊണ്ടിരുന്നത്. ജെസിയുടെ കൂടെ സഹായത്തോടെയാണ് ഷൈനി കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ സൗകര്യം ഒരുക്കാന്‍ പരിശ്രമിച്ചത്. ഈ ശബ്ദസന്ദേശത്തില്‍ അവസാനം വരെ പിടിച്ചുനില്‍ക്കാന്‍ ഷൈനി ശ്രമിച്ചിരുന്നുവെന്ന് വ്യക്തമാണ്.

മക്കളെ എവിടെയെങ്കിലും സുരക്ഷിതമായി ഏല്‍പ്പിച്ചിട്ട് ജോലി തേടി പോകാനൊക്കെ ഷൈനി ശ്രമിച്ചതാണ്. അവിടെയാണ് ഈ സമൂഹവും സഭയുമൊക്കെ ഷൈനിയോട് ചെയ്ത ക്രൂരത മനസിലാകുന്നത്. ഷൈനിക്ക് ജോലി കൊടുത്തില്ല, അതിന് സാങ്കേതിക കാരണമുണ്ട്, പക്ഷെ ഷൈനിയുടെ മക്കളെ ഒരു ഹോസ്റ്റലില്‍ നിര്‍ത്താന്‍ പോലും ഈ ഹോസ്റ്റല്‍ മാനേജ്‌മെന്റ് സമ്മതിച്ചില്ല. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുപോയി. ഷൈനിക്ക് സാമ്പത്തിക സുരക്ഷിതത്വം ഇല്ലാത്തതുകൊണ്ടാകാം. അല്ലെങ്കില്‍ മുമ്പ് സൂചിപ്പിച്ചതുപോലെ നോബിയുടെ സഹോദരന്‍ ബോബി എന്ന വൈദികന്റെ ഇടപെടല്‍ കൊണ്ടാകാം

ഷൈനിക്ക് മക്കളെ സുരക്ഷിതമായി ഒരു ഹോസ്റ്റലില്‍ ഏല്‍പ്പിച്ചിട്ട് ഒരു ജോലിക്ക് പോകാന്‍ സാധിച്ചില്ല. മക്കള്‍ക്ക് സുരക്ഷാ താവളം ഇല്ലായെങ്കില്‍ താന്‍ ഇല്ലാതായാല്‍ മക്കളുടെ കാര്യം എന്താകും എന്ന ചിന്തയാകാം ഷൈനിയെ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത്. നഴ്‌സിംഗ് ജോലി ചെയ്യുന്നതിലൂടെ, മക്കളെ നോക്കുന്നതിലൂടെ, കഷ്ടപ്പെടുന്നതിലൂടെ, കെയര്‍ ഹോമിലെ ജോലി ചെയ്യുന്നതിലൂടെ ദൈവവേലയാണ് താന്‍ ചെയ്യുന്നത് എന്നും താന്‍ പിടിച്ചുനില്‍ക്കുമെന്നും ഷൈനി വിശ്വസിച്ചിരുന്നതായി ജെസി പറയുന്നുണ്ട്. ജെസിയുമായി അവസാനം വരെ ഷൈനി സംസാരിക്കുമായിരുന്നു. താന്‍ ജീവിതത്തില്‍ പരാജയപ്പെടില്ല. പിടിച്ചുനില്‍ക്കുമെന്നായിരുന്നു. ഷൈനി പള്ളിയില്‍ കൃത്യമായി പോകുമായിരുന്നു. മക്കളെ എളിമയില്‍ വളര്‍ത്തിയിരുന്നു

ഷൈനിയുടെ പിതാവിന്റെ ഒരു അഭിമുഖം മറുനാടന്‍ ലേഖകന്‍ എടുത്തത് വിവാദമായിരുന്നു. പിതാവിന്റെ സമീപനം എന്തെക്കെയോ നെഗറ്റീവായി ഒട്ടേറെ പേര്‍ക്ക് തോന്നിയിരുന്നു. പിതാവിന് എന്തെക്കെയൊ മറച്ചുവയ്ക്കാനുണ്ട്. ഷൈനിയുടെ സ്വന്തം വീട്ടിലെ സാഹചര്യവും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത വിധമാക്കിയെന്ന് ആരോപണമുണ്ടായി. ഭര്‍തൃവീട്ടില്‍ വലിയ പീഡനം നേരിട്ടശേഷമായിരുന്നു സ്വന്തം വീട്ടിലേക്ക് വന്നത് അവിടെയും ഷൈനിക്ക് പിടിച്ചുനില്‍ക്കാനായില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അഭിമുഖം. ഇത് ശരിവയ്ക്കുകയാണ് ഷൈനിയുടെ കൂട്ടുകാരി ജെസി പറഞ്ഞതും.

ഷൈനി തൊട്ടടുത്തുള്ള റോസമിസ്റ്റിക എന്ന കെയര്‍ ഹോമില്‍ ജോലി ചെയ്തിരുന്നു. ആ കെയര്‍ഹോമിനെതിരെ ഷൈനിയുടെ പിതാവ് കേസ് കൊടുത്തു. മാലിന്യം ഇടുന്നതുമായി ബന്ധപ്പെട്ട്. അത് പരിഹരിക്കാമെന്ന് അവര്‍ പറഞ്ഞിരുന്നു. പക്ഷെ പരിഹരിക്കാന്‍ കുര്യാക്കോസിന് താല്‍പര്യമുണ്ടായിരുന്നില്ല. അവരുമായി പ്രശ്‌നമായി കേസായി ഷൈനിക്ക് ആ ജോലി ഉപേക്ഷിക്കേണ്ടി വന്നത്. ആ കെയര്‍ ഹോമുകാരാണ് ഷൈനിയെ ഒരുപാട് സഹായിച്ചിരുന്നത്.

കെയര്‍ഹോമുമായി ബന്ധമുണ്ടാക്കാനോ, അവരുടെ വാഹനത്തില്‍ കയറ്റുവാനോ പിതാവ് സമ്മതിച്ചിരുന്നില്ല. മാത്രമല്ല, അവര്‍ കൊടുത്ത കേക്ക് മക്കളെക്കൊണ്ട് തിരിച്ചുകൊടുപ്പിച്ചു. ഭര്‍തൃവീട്ടിലേത് പോലെ സ്വന്തം വീട്ടിലും ഷൈനിക്ക് കഴിയാന്‍ പറ്റാത്ത സാഹചര്യമുണ്ടായിരുന്നു

ജെസി പറയുന്നത്

ഷൈനി നല്ലൊരു ആക്ടീവായിട്ടുള്ള ഒരു കുട്ടിയാണ്. എല്ലാവരുമായിട്ടും മിങ്കിള് ചെയ്ത് പോകുകയും അതുപോലെ എല്ലാ രോഗികളോടും നല്ല കെയര്‍ ചെയ്യുകയും ചെയ്യുന്ന നല്ലൊരു കുട്ടിയായിരുന്നു. അതുപോലെ നന്നായിട്ട് പ്രാര്‍ത്ഥിക്കുകയും പള്ളിയില്‍ പോകുകയും പിള്ളാരെ ആ വഴിയെ നടത്തുകയും ചെയ്തിരുന്നു. റോസന്‍സ്റ്റിക കെയര്‍ ഹോമില്‍ നിന്നും അവള്‍ക്ക് പിന്നീട് പിരിഞ്ഞു പോകേണ്ടി വന്നു. അവിടെയൊരു ഡ്രെയിനേജ് പ്രശ്‌നം ഉണ്ടായപ്പോള്‍ അവളുടെ അച്ഛന്‍ അതിനെതിരെ പരാതി നല്‍കുകയും അതിന് പിന്നാലെ ഷൈനിക്ക് അവിടെനിന്നും പിരിഞ്ഞ് പോകേണ്ടി വന്നു.

അവിടുന്നു പിരിഞ്ഞു പോയ ശേഷം ഷൈനി മറ്റ് സ്ഥലങ്ങളില്‍ ജോലി അന്വേഷിക്കുകയും ചെയ്തിരുന്നു. നിര്‍ഭാഗ്യവശാല്‍ എവിടെയും ജോലി കിട്ടിയില്ല. അമേരിക്കയില്‍ പോകുന്നതിനായി പഠിക്കുന്നതിന് പ്രിപ്പയര്‍ ചെയ്യുന്നുണ്ടായിരുന്നു. ചുങ്കത്തും ഇവിടെ വീട്ടിലും ചില പ്രശ്‌നങ്ങള്‍ ഒക്കെയുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. കുട്ടികളോട് സ്വന്തം വീട്ടിലുള്ള അച്ഛനും അമ്മയും കുറച്ച് സ്ട്രിക്ട് ആയിട്ടാണ് പെരുമാറുന്നത് , അത് വിഷമമുണ്ടാക്കുന്നുണ്ട്, കുട്ടികളെ ഇവിടുന്ന് മാറ്റി നിര്‍ത്തണം, ജോലിക്ക് പോകണം എന്നായിരുന്നു എന്നോട് പറഞ്ഞത്. ഹോസ്റ്റലിലേക്ക് മാറ്റണം എന്ന് പറഞ്ഞ് സഹായം തേടിയിരുന്നു.

ഹോളി ക്രോസ് സ്‌കൂളിലാണ് കുട്ടികള്‍ പഠിക്കുന്നത്. അവിടെ ഹോസ്റ്റല്‍ അടച്ചിരിക്കുകയാണ്. പ്രിന്‍സിപ്പലുമായി സംസാരിച്ചു. ഷൈനിയുടെ ബുദ്ധിമുട്ട് മനസിലാക്കി ഹോസ്റ്റല്‍ അനുവദിക്കാമെന്ന് അറിയിച്ചിരുന്നു. വീട്ടില്‍ ചെന്നതിന് ശേഷം എന്താണ് സംഭവച്ചതെന്ന് അറിയില്ല

പിറ്റേദിവസം ജോലിക്ക് പോയി മടങ്ങി എത്തിയ ശേഷം വീട്ടിലെത്തിയപ്പോഴാണ് റോസമിസ്റ്റികയില്‍ നിന്നും എന്നെ വിളിച്ച് ഷൈനിക്ക് ഇങ്ങനെ സംഭവിച്ചുവെന്ന് പറഞ്ഞത്. ചുരുക്കം പറഞ്ഞാല്‍ പിടിച്ചുനില്‍ക്കാന്‍ ഷൈനി പരമാവധി പരിശ്രമിച്ചിരുന്നു. നോബി വീട്ടില്‍ നിന്നും ഇറക്കിവിട്ടതിന് പിന്നാലെ സ്വന്തം വീട്ടിലും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് ജീവനൊടുക്കിയത്.

ഷൈനിയെയും മക്കളെയും ആത്മഹത്യയിലേക്കു തള്ളിവിട്ടത് ഭര്‍ത്താവ് നോബിയുടെ പ്രകോപനങ്ങള്‍ തന്നെയാണെന്ന നിഗമനത്തിലാണു പൊലീസ്. ഷൈനിയും മക്കളും ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പുള്ള ദിവസം നോബി മദ്യലഹരിയില്‍ ഷൈനിയെ ഫോണ്‍ ചെയ്തിരുന്നെന്ന് കണ്ടെത്തി. വിവാഹമോചന കേസില്‍ സഹകരിക്കില്ല, കുട്ടികളുടെ ചെലവിനു പണം നല്‍കില്ല, സ്ത്രീധനമായി നല്‍കിയ പണവും സ്വര്‍ണവും തിരികെ നല്‍കില്ല തുടങ്ങിയ കാര്യങ്ങള്‍ നോബി പറഞ്ഞതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. നോബിക്കെതിരെ ഗാര്‍ഹിക പീഡന കേസ് കൂടി ചുമത്താനാണ് തീരുമാനം.

Tags:    

Similar News