തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നവംബര്‍ രണ്ടിന് ശേഷം; ഡിസംബര്‍ ആദ്യ ആഴ്ചയില്‍ വോട്ടെടുപ്പ് തുടങ്ങും; രണ്ടു ഘട്ട വോട്ടെടുപ്പും ഡിസംബര്‍ പത്തോടെ വോട്ടെണ്ണലും; എല്ലാ പ്രക്രിയയും 20ന് മുമ്പ് പൂര്‍ത്തിയാക്കും; ക്ഷേമ പെന്‍ഷന്‍ കൂട്ടാന്‍ സര്‍ക്കാര്‍ നീക്കം തകൃതി; സെമി ഫൈനലിന് കേരളാ രാഷ്ട്രീയം നീങ്ങുമ്പോള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് തീയതി രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിച്ചേക്കും. ഈ സാഹചര്യത്തില്‍ ക്ഷേമ പെന്‍ഷന്‍ കൂട്ടുന്നത് അടക്കമുള്ള ജനപ്രിയ പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടത്തിയേക്കും. 200 രൂപ കൂട്ടാനാണ് നീക്കം. നവംബര്‍ ഒന്നിന് ശേഷം പ്രഖ്യാപനം മതിയെന്ന നിലപാടാണ് സര്‍ക്കാരിന്. അതിദരിദ്രരില്ലാ കേരളം പ്രഖ്യാപനം നവംബര്‍ ഒന്നിന് നിയമസഭയില്‍ നടക്കും. അതിന് വിഖാതമുണ്ടാകുന്ന തരത്തിലെ പ്രഖ്യാപനത്തിനോട് സര്‍ക്കാരിന് താല്‍പ്പര്യമില്ല. നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു കഴിഞ്ഞു. അങ്ങനെ എങ്കില്‍ നവംബര്‍ രണ്ടിന് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ വോട്ടെടുപ്പ് നടക്കും. രണ്ടു ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുമെന്നാണ് സൂചനകള്‍. ഡിസംബര്‍ ആദ്യ ആഴ്ചയില്‍ വോട്ടെടുപ്പ് നടക്കാനാണ് കൂടുതല്‍ സാധ്യത. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം അതിനിര്‍ണ്ണായകമാണ് ഈ തിരഞ്ഞെടുപ്പ്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. അതിന് മുന്നോടിയായുള്ള സെമി ഫൈനലാണ് തദ്ദേശ വോട്ടെടുപ്പ്.
സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും തദ്ദേശം പിടിക്കാന്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ നേരത്തെ പറഞ്ഞിരുന്നു. വോട്ടര്‍ പട്ടിക ഒരുവട്ടംകൂടി പുതുക്കുമെന്നും ഡിസംബര്‍ 20-ന് മുമ്പ് പുതിയ ഭരണസമിതി ചുമതല ഏല്‍ക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ഡിസംബര്‍ 10ന് വോട്ടെണ്ണല്‍ നടക്കും വിധമാകും ക്രമീകരണങ്ങള്‍. തദ്ദേശ തെരഞ്ഞെടുപ്പ് സമ്പൂര്‍ണമായും ഹരിതചട്ടം പാലിച്ചും പരിസ്ഥിതിസൗഹൃദമായും നടത്താന്‍ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ഫലപ്രഖ്യാപനം വരെ ഹരിതചട്ടം പാലിക്കുന്നുവെന്ന് തദ്ദേശവകുപ്പ്, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ, ഹരിതകര്‍മസേന എന്നിവയുടെ പങ്കാളിത്തത്തോടെ ഉറപ്പാക്കും. ഇതിനായി തെരഞ്ഞെടുപ്പ് കമീഷന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തിലും കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലകളിലും നിരീക്ഷണസമിതികള്‍ രൂപീകരിക്കും.
പ്രചാരണത്തിനായി ഉപയോഗിക്കുന്ന അച്ചടിസാമഗ്രികളില്‍ നിരോധിത വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്ന് രാഷ്ട്രീയപാര്‍ടികളും സ്ഥാനാര്‍ഥികളും ഉറപ്പാക്കണം. നിരോധിതവസ്തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ പിഴ ഈടാക്കും. തെരഞ്ഞെടുപ്പുപ്രചാരണ വേളയിലെ പരിസ്ഥിതിമലിനീകരണം, ശബ്ദമലിനീകരണം എന്നിവ തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും സ്വീകരിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച പഞ്ചായത്തുകളിലെ സംവരണ വാര്‍ഡ് നറുക്കെടുപ്പും നാളെയോടെ പൂര്‍ത്തിയാകും.
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറക്കുന്നതിന് മുന്നോടിയായി, സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലം മാറ്റങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിറക്കിയിരുന്നു.സര്‍ക്കാര്‍ വകുപ്പുകള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, സര്‍വ്വകലാശാലകള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരുടെ സ്ഥലംമാറ്റത്തിനാണ് നിയന്ത്രണം. ഭരണപരമായ അടിയന്തര സാഹചര്യത്തില്‍ സ്ഥലംമാറ്റം ആവശ്യമായി വരുകയാണെങ്കില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ ബോദ്ധ്യപ്പെടുത്തി മുന്‍കൂര്‍ അനുമതി വാങ്ങണം.
വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റ ഉത്തരവുകള്‍ ബാധകമല്ല. തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകളില്‍ ഉടന്‍ നിയമനങ്ങള്‍ നടത്തണം.ഒക്ടോബര്‍ 3 നും അതിന് മുന്‍പും ഇറക്കിയിട്ടുള്ള ഉത്തരവുകളിലെ സ്ഥലംമാറ്റങ്ങള്‍ അടിയന്തരമായി നടപ്പില്‍ വരുത്തണം. ഒക്ടോബര്‍ മൂന്നിന് മുമ്പ് വിവിധ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവുകള്‍ നടപ്പാക്കാമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കുന്നതിന് പ്രശ്‌നബാധിത പോളിങ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍പ്രകാരം കണ്ടെത്തുന്ന ബൂത്തുകളിലാണ് ക്രമീകരിക്കുക. പോളിങ് സ്റ്റേഷനുകളുടെ പട്ടിക സമര്‍പ്പിക്കാന്‍ എല്ലാ ആര്‍ഒമാര്‍ക്കും എആര്‍ഒമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍തിരഞ്ഞെടുപ്പിലെ വോട്ടിങ് പ്രവണത/പാറ്റേണുകള്‍ പരിശോധിച്ച് വളരെ കൂടുതല്‍ വോട്ടിങ് ശതമാനം അല്ലെങ്കില്‍ ഒരു സ്ഥാനാര്‍ഥിക്കുമാത്രം വളരെ ഉയര്‍ന്ന വോട്ടുശതമാനം ഉണ്ടായത്, 10 ശതമാനത്തില്‍ കുറവ് വോട്ടിങ് ശതമാനം രേഖപ്പെടുത്തിയ സ്റ്റേഷനുകള്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍, ക്രമക്കേടുകള്‍ തുടങ്ങിയവ കണ്ടെത്തണം.
ന്യൂനപക്ഷങ്ങള്‍, പട്ടികജാതി/പട്ടികവര്‍ഗം, മതപരം/ഭാഷാപരമായ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങള്‍, സാമൂഹിക-സാമ്പത്തിക പിന്നാക്കമായ മേഖലകള്‍ എന്നിവയില്‍ പ്രത്യേകശ്രദ്ധചെലുത്തണം. വോട്ടെടുപ്പിനു മുന്‍പോ ശേഷമോ ഉണ്ടായ കുറ്റകരമായ പെരുമാറ്റം, ഭീഷണി, വോട്ടിനായി പണംനല്‍കല്‍ തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ച പ്രദേശങ്ങള്‍ സംബന്ധിച്ചും കൃത്യമായ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.