പിണറായി പക്ഷത്ത് എന്‍ എസ് എസിനെ എത്തിക്കാന്‍ ആഗോള അയ്യപ്പ സംഗമം; സിപിഎം പ്രീതിയ്ക്ക് മുഷ്ടി ചുരുട്ടി അയ്യപ്പ മുദ്രാവാക്യം വിളി; ഹൈക്കോടതിയേയും പരോക്ഷമായി കുറ്റപ്പെടുത്തി; ഹൈക്കോടതിയുടെ നിരീക്ഷണങ്ങളെല്ലാം മുന്‍ കോണ്‍ഗ്രസ് നേതാവിന് എതിര്; ദേവസ്വത്തിന്റെ പടിയിറങ്ങിയ സഖാവിന്റെ ഭാവി എന്താകും? പിഎസ് പ്രശാന്തിനും കുരുക്ക് മുറുകും
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദമൊഴിഞ്ഞ പി.എസ്. പ്രശാന്തിന് ഇനി എന്തു സംഭവിക്കും? ശബരിമല സ്വര്‍ണപ്പാളി കേസില്‍ ദേവസ്വം ബോര്‍ഡിനെതിരേ ഹൈക്കോടതി ഗുരുതരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിന് മുമ്പ് പി.എസ്. പ്രശാന്തിന്റെ കാലാവധി നീട്ടിനല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. ഒരുവര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടിനല്‍കാനായിരുന്നു തീരുമാനം. എന്നാല്‍, സ്വര്‍ണപ്പാളി കേസില്‍ ഹൈക്കോടതിയുടെ ഗുരുതരമായ പരാമര്‍ശങ്ങളും കേസിലെ അന്വേഷണം നിലവിലെ ബോര്‍ഡിലേക്കും നീങ്ങുന്നതും കണ്ടതോടെയാണ് സിപിഎം തീരുമാനം മാറ്റിയത്. ഇതോടെ പ്രശാന്ത് ദേവസ്വം ബോര്‍ഡില്‍ നിന്നും പുറത്തായി. ആഗോള അയ്യപ്പ സംഗമം നടത്താന്‍ പോയതാണ് വിനയായതെന്നാണ് പ്രശാന്ത് അനുകൂലികള്‍ പറയുന്നത്. ഇതിനൊപ്പം മുഷ്ടി ചുരുട്ടി ശരണം വിളിക്കുകയും ചെയ്തു. ഇതിനൊപ്പം ഹൈക്കോടതിയെ മുന വച്ചു വിമര്‍ശിക്കുകയും ചെയ്തു. അങ്ങനെ എല്ലാം പ്രതികൂലമായി. ഹൈക്കോടതിയില്‍ നിന്നും പ്രശാന്തിന്റെ ഭരണസമിതിയ്ക്കും രൂക്ഷ വിമര്‍ശനം കേള്‍ക്കേണ്ടി വന്നു. ഈ സാഹചര്യത്തില്‍ പ്രശാന്തിനെതിരേയും എസ് എ ടി അന്വേഷണമുണ്ട്. പ്രശാന്തും അറസ്റ്റിലാകാനാണ് സാധ്യത.
എന്‍ എസ് എസിനെ സര്‍ക്കാരുമായി അടുപ്പിക്കുന്ന പാലമായി മാറാനായിരുന്നു പ്രശാന്ത് ആഗ്രഹിച്ചത്. പെരുന്ന കരയോഗം വൈസ് പ്രസിഡന്റായ മുരാരി ബാബുവിനെ ശബരിമലയില്‍ എക്സിക്യൂട്ടീവ് ഓഫീസറാക്കിയത് ഇതിന് വേണ്ടിയാണ്. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി നേരിട്ട് ബന്ധമുള്ള മുരാരി ബാബുവിലൂടെ ഓപ്പറേഷന്‍ വിജയിക്കുകയും ചെയ്തു. ആഗോള അയ്യപ്പ സംഗമത്തിന് എന്‍ എസ് എസ് പിന്തുണയും നല്‍കി. ഇതിനിടെ ഉണ്ടായ വിവാദവും കേസും എല്ലാമാണ് സ്വര്‍ണ്ണ പാളി കേസിനെ ശ്രദ്ധേയമാക്കിയത്. അതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചതെന്ന് പ്രശാന്തിന്റെ അനുയായികളും തിരിച്ചറിയുന്നുണ്ട്. കെ. ജയകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി വരുന്നതില്‍ അഭിമാനമേയുള്ളൂവെന്ന് പി എസ് പ്രശാന്ത് പറയുന്നു. പുതിയ ദേവസ്വം പ്രസിഡന്റ് നിയമനം തനിക്ക് അഭിമാനം പകരുന്നതെന്ന് പറഞ്ഞ അദ്ദേഹം ഈ ഭരണ സമിതി പ്രവര്‍ത്തിച്ചത് സുതാര്യമായാണെന്നും ചൂണ്ടിക്കാട്ടി. ദ്ദേഹത്തെ പോലെ പരിണിതപ്രജ്ഞനായ അനുഭവ പാരമ്പര്യമുള്ള പാണ്ഡിത്യമുള്ള ഒരാള്‍ ഈ പദവിയിലേക്ക് വരുന്നത് ശബരിമലയുമായി ബന്ധപ്പെട്ടായാലും ദേവസ്വം ബോര്‍ഡിന്റെ മറ്റു ക്ഷേത്രങ്ങളെ സംബന്ധിച്ചായാലും കൂടുതല്‍ ഊര്‍ജ്ജമായി മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മാത്രമല്ല, ശബരിമലയിലെ വികസനത്തില്‍ സര്‍ക്കാര്‍ വലിയ മുന്നൊരുക്കം നടത്തി മുന്നോട്ട് പോവുകയാണ്. ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചു. ആഗോള അയ്യപ്പ സംഗമത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയവരില്‍ ഒരാളാണ് ജയകുമാര്‍ സര്‍. സ്വാഭാവികമായും അദ്ദേഹത്തെപ്പോലൊരാള്‍ ശബരിമലയുടെ തലപ്പത്തേക്ക് വരുമ്പോള്‍, അതിലൂടെ വലിയൊരു കാഴ്ചപ്പാടാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. മാസ്റ്റര്‍ പ്ലാനിന് കൂടുതല്‍ ഊര്‍ജ്ജം പകരുവാനും മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ നടക്കാനും കൂടുതല്‍ വികസനം നടത്താനും ഇത് സഹായകമാകുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്ന് പ്രശാന്ത് പറയുന്നുണ്ട്.
പദവിയില്‍ നിന്ന് നീക്കിയതിന് വിഷമമില്ലെന്നാണ് പ്രശാന്ത് പറയുന്നത്. വിഷമം എന്തിനാണ്? രണ്ടുവര്‍ഷം കാലാവധി പൂര്‍ത്തിയായിട്ടല്ലേ ഇറങ്ങുന്നത്. എന്തിനാണ് വിഷമം അദ്ദേഹം ചോദിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ കാലാവധി രണ്ടു വര്‍ഷമാണ്. അത് നീട്ടി നല്‍കാന്‍ തീരുമാനിച്ചിരുന്നില്ല. നീട്ടി നല്‍കാന്‍ തീരുമാനിച്ചു എന്ന വാര്‍ത്തകള്‍ തെറ്റാണ്. തന്റെ മാറ്റം സ്വാഭാവികം എന്നും പി എസ് പ്രശാന്ത്. സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും പ്രശാന്ത് പറഞ്ഞു. കാലാവധി നീട്ടും എന്ന് പ്രചരിപ്പിച്ചത് മാധ്യമങ്ങളാണെന്നും അത്തരം വാര്‍ത്തകള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇനി പ്രശാന്തിന് എന്ത് എന്നതാണ് ഉയരുന്ന ചോദ്യം. ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി ദേവസ്വം മാന്വലിന്റെയും ഹൈക്കോടതി ഉത്തരവിന്റെയും നഗ്നമായ ലംഘനം ശബരിമലയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടന്നുവെന്ന് നിരീക്ഷിച്ചിരുന്നു. ഇത് പ്രശാന്തിന് തിരിച്ചടിയാണെന്നതാണ് വസ്തുത.
ആരെല്ലാം സ്വര്‍ണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. 2018 മുതലുള്ള ഇടപാടുകള്‍ അന്വേഷിക്കണം. ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന് പരിശോധിക്കണമെന്നും എസ്ഐടിയോട് ഹൈക്കോടതി പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ രേഖകള്‍ കൃത്യമല്ലാത്തത് ഗുരുതരമെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ദേവസ്വം മിനുട്സില്‍ ക്രമക്കേടുണ്ടെന്നും വ്യക്തമാക്കി. 2025 ല്‍ സ്വര്‍ണപാളി കൈമാറിയത് മിനുട്സില്‍ ഇല്ല. പോറ്റിക്ക് ഉദ്യോഗസ്ഥര്‍ അമിത സ്വാതന്ത്ര്യം നല്‍കിഎന്നും കോടതി ചൂണ്ടിക്കാട്ടി. അഴിമതിയുണ്ടോയെന്ന് എസ്‌ഐടി പരിശോധിക്കണം. എന്തുമാത്രം സ്വര്‍ണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ഇതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സ്വര്‍ണ്ണ സാമ്പിള്‍ ശേഖരിക്കാമെന്നാണ് ഹൈക്കോടതി പരാമര്‍ശം. ഇത് പ്രശാന്തിന്റെ പ്രതീക്ഷകള്‍ക്ക് ഏറ്റ തിരിച്ചടിയാണ്.
ശ്രീകോവിലില്‍ പുതിയ വാതില്‍ വച്ചതിലും അന്വേഷണം നടത്താന്‍ എസ്ഐടിക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു ശ്രീകോവിലില്‍ പുതിയ വാതില്‍ വച്ചതിലും പോറ്റിയെ മുന്‍ നിര്‍ത്തി വന്‍ തട്ടിപ്പ് നടന്നതായി സംശയിക്കുന്നു. ചെന്നൈയില്‍ എന്താണ് നടന്നത് എന്ന് കൃത്യമായി അറിയണം. പോറ്റിക്ക് ഉദ്യോഗസ്ഥര്‍ അമിത സ്വാതന്ത്ര്യം നല്‍കി. പോറ്റി നടത്തിയ പല ഇടപാടുകളിലും ദേവസ്വം ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുവെന്നും പറഞ്ഞ കോടതി ദേവസം ബോര്‍ഡിനെതിരെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ദ്വാരപാലക ശില്‍പ്പങ്ങളുടെയും വാതിലിന്റെയും പകര്‍പ്പ് സൃഷ്ടിക്കാന്‍ അധികൃതര്‍ പോറ്റിക്ക് അനുമതി നല്‍കി. ഇത് നിയമ വിരുദ്ധമായ അനുമതിയെന്നും കോടതി പറഞ്ഞിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ മിനുട്ട്സ് ബുക്ക് പിടിച്ചെടുക്കനും ഹൈക്കോടതി നിര്‍ദേശം നല്‍കിയ ഘട്ടമുണ്ട്. അതിന് ശേഷവും പ്രശാന്തിന്റെ ദേവസ്വം ബോര്‍ഡ് മിനിട്സ് നല്‍കിയില്ല. പിന്നീട് എസ് എ ടി പിടിച്ചെടുക്കുകയായിരുന്നു.
ശബരിമലയില്‍ 2024ല്‍ സ്വര്‍ണപ്പാളികള്‍ കേടുവന്നതിലും ഹൈക്കോടതിക്ക് സംശയം പ്രകടിപ്പിച്ചു. 2019ലെ തട്ടിപ്പിന്റെ ബാക്കിയാണോ 2025ലെ ശ്രമമെന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശില്പപാളികളും താങ്ങുപീഠവും കൈമാറാന്‍ തിരുവാഭരണ കമ്മീഷണര്‍ നിലപാടെടുത്തു. നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇതിനായി നിര്‍ദേശം നല്‍കിയാതായി തിരുവാഭരണ കമ്മീഷണറുടെ പരാമര്‍ശം ഉണ്ട്. സ്വര്‍ണക്കൊള്ളയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ബോര്‍ഡ് നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും ദേവസ്വം കമ്മീഷണറുടെയും നടപടികള്‍ സംശയകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അനുകൂലമായി 2019ലെ ബോര്‍ഡ് പ്രസിഡന്റ് നിലപാടെടുത്തത് നിസാരമായി കാണാനാവില്ല എന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കിയത്. ഈ നിരീക്ഷണങ്ങള്‍ പ്രശാന്തിനും എതിരാണ്.
40 കൊല്ലം വാറന്റിയുണ്ടെന്ന് പറഞ്ഞിട്ടും 2024ല്‍ ഗോള്‍ഡ് പ്ലേറ്റിങ്ങില്‍ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ 2019ലെ ക്രമക്കേട് മറച്ചു വയ്ക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കാം 2025ല്‍ ഇതേ ശില്‍പ്പങ്ങള്‍ രഹസ്യമായി ഉണ്ണികൃഷ്ണന്‍ പോറ്റിയെ തന്നെ ഏല്‍പ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ തീരുമാനിച്ചതിനു പിന്നില്‍. നടപടിക്രമങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇതിനുള്ള ചെറിയ സാധ്യതകള്‍ കാണാമെന്നാണ് കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്. 2025ല്‍ ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പൂശുന്നതില്‍ സ്മാര്‍ട് ക്രിയേഷന്‍സിന് വൈദഗ്ധ്യമില്ലെന്നും അതിനാല്‍ പരമ്പരാഗത രീതിയില്‍ ചെയ്യാമെന്നും നിലപാടെടുത്ത ദേവസ്വം കമ്മീഷണര്‍ എട്ടു ദിവസത്തിനു ശേഷം നിലപാട് മാറ്റിയ കാര്യവും കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണം പൂശുന്ന ജോലികള്‍ വേഗത്തിലാക്കണമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിര്‍ദേശം ചൂണ്ടിക്കാട്ടി പിന്നീട് ദേവസ്വം കമ്മീഷണര്‍ കത്തു നല്‍കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ദ്വാരപാലക ശില്‍പ്പങ്ങളും താങ്ങുപീഠവും പോറ്റിയെ ഏല്‍പ്പിക്കുകയും ചെയ്തു.
സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന മറ്റൊരു കൂട്ടം ദ്വാരപാലക ശില്‍പ്പങ്ങള്‍ വിട്ടു നല്‍കിയാല്‍ അതിലെ സ്വര്‍ണം ഉപയോഗിക്കുന്നതു വഴി ചെലവ് കുറയ്ക്കാമെന്ന് 2024 സെപ്റ്റംബറില്‍ ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ സംശയലേശമന്യേ വെളിപ്പെടുത്തുന്നത് 2019ലെ സ്വര്‍ണത്തട്ടിപ്പ് മറച്ചു വയ്ക്കാനായി സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ രഹസ്യമായി ഏല്‍പ്പിക്കാന്‍ ദേവസ്വം അധികൃതര്‍ ശ്രമിച്ചു എന്നു തന്നെയാണ്. കോടതി ഉത്തരവുണ്ടായിട്ടും സ്പെഷല്‍ കമ്മീഷണറില്‍ നിന്ന് ഉത്തരവ് തേടാത്തത് എന്തുകൊണ്ടാണ് എന്ന് ഇത് വിശദീകരിക്കുന്നുണ്ട്. ഇതും പ്രശാന്തിന് വെല്ലുവിളിയാണ്.
