അയ്യപ്പ സംഗമത്തിലൂടെ എന്‍എസ്എസിനെ അടുപ്പിച്ചു; അടുത്തത് 'ഓപ്പറേഷന്‍ കത്തോലിക്ക സഭ'! തെരഞ്ഞെടുപ്പിനു മുന്‍പ് സഭാ നേതൃത്വത്തെ അനുനയിപ്പിക്കാന്‍ അടിയന്തര നീക്കവുമായി സിപിഎം; എം.വി ഗോവിന്ദനെ ചുമതലപ്പെടുത്തി പിണറായി വിജയന്‍; ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരസ്യപ്പെടുത്തുന്നതും പരിഗണനയില്‍

അയ്യപ്പ സംഗമത്തിലൂടെ എന്‍എസ്എസിനെ അടുപ്പിച്ചു; അടുത്തത് 'ഓപ്പറേഷന്‍ കത്തോലിക്ക സഭ'!

Update: 2025-09-24 05:03 GMT

തിരുവനന്തപുരം: സി.പി.എമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന സഭാ നേതൃത്വത്തെ അനുനയിപ്പിക്കാന്‍ അടിയന്തര നീക്കങ്ങളുമായി പാര്‍ട്ടി നേതൃത്വം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍െ്റ 'അവസരവാദി' പ്രയോഗത്തിലാണ് സഭാ നേതൃത്വം സി.പി.എമ്മുമായി ഇടഞ്ഞത്. സീറോ മലബാര്‍ സഭാ നേതൃത്വത്തെ നേരിട്ടു കണ്ട് ചര്‍ച്ചകളിലൂടെ അനുനയ നീക്കം നടത്താന്‍ എം.വി ഗോവിന്ദനെ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പുറത്തുവിടണമെന്ന സഭകളുടെ ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചേക്കും.

25 വര്‍ഷം മുന്‍പ് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ നടത്തിയ 'നികൃഷ്ടജീവി' പ്രയോഗത്തിലൂടെ കത്തോലിക്കാ സഭയുമായുണ്ടായ പിണക്കം നിലനില്‍ക്കുന്നതിനിടെയാണ് എം.വി ഗോവിന്ദന്റെ 'അവസരവാദി' പ്രയോഗമെത്തിയത്. മൂന്നാം പിണറായി സര്‍ക്കാര്‍ വരണമോയെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്ന സഭാ നേതൃത്വത്തിന്റെ ഭീഷണി നിലനില്‍ക്കെ, രണ്ടുമാസത്തിനുള്ളില്‍ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ വിഷയം വീണ്ടും പ്രശ്നമാകുമോയെന്ന ആശങ്കയിലാണ് പാര്‍ട്ടി. ഇതേത്തുടര്‍ന്നാണ് ഇടയാന്‍ കാരണമായ പരാമര്‍ശം നടത്തിയ എം.വി ഗോവിന്ദനോടു തന്നെ പ്രശ്നം പരിഹരിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നത്. സിറോ മലബാര്‍ സഭയുടെ തലശ്ശേരി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ 'അവസരവാദി' എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി വിളിച്ചതായിരുന്നു പുതിയ വിവാദത്തിന് കാരണമായത്.

'ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ പാംപ്ലാനി ബിജെപിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോള്‍ അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്തുതിയും. അച്ചന്മാര്‍ കേക്കും കൊണ്ട് സോപ്പിടാന്‍ പോയതിന് പിന്നാലെ ഒഡീഷയില്‍ മര്‍ദനമേറ്റു. ഇതോടെ വീണ്ടും നിലപാട് മാറ്റി, ഇതെല്ലാം അവസരവാദ നിലപാടുകളാണ്'. ഇതായിരുന്നു എം.വി ഗോവിന്ദന്റെ വിവാദ പ്രസ്താവന. എം.വി ഗോവിന്ദന്റെ ആരോപണങ്ങള്‍ക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് സഭാനേതൃത്വം പ്രതികരിച്ചത്.

എംവി ഗോവിന്ദന്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവനയാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാദര്‍ ഫിലിപ്പ് കവിയില്‍ കുറ്റപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്‍ ഒക്കെ ഇരുന്ന പദവിയിലാണ് ഇരിക്കുന്നതെന്ന് മറക്കരുത്. പ്രസ്താവന തിരുത്തണോയെന്ന് അദ്ദേഹം തീരുമാനിക്കട്ടെ. മൂന്നാം പിണറായി സര്‍ക്കാര്‍ വരണോ എന്ന് അവര്‍ ആലോചിക്കണം. എം.വി ഗോവിന്ദന്‍ ഗോവിന്ദചാമിയെ പോലെ സംസാരിക്കരുതെന്നും ഫാദര്‍ കവിയില്‍ രൂക്ഷമായ ഭാഷയില്‍ തിരിച്ചടിച്ചിരുന്നു.

2021ലെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജെ.ബി കോശി കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചത്. ഇത് വോട്ട് നേടാനുള്ള തന്ത്രം മാത്രമായിരുന്നെന്ന് പിന്നീട് സഭകള്‍ പരാതി ഉന്നയിച്ചിരുന്നു. 2023 മെയ് 17 ന് കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും അതിലെ ശുപാര്‍ശകള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (സിബിസിഐ) ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. ക്രൈസ്തവരിലെ പിന്നാക്കക്കാര്‍ക്ക് കൂടുതല്‍ തൊഴില്‍ സംവരണം നല്‍കുകയെന്നതുള്‍പ്പെടെയുള്ള പ്രധാന നിര്‍ദേശങ്ങള്‍ ഫയലില്‍ ഉറങ്ങുകയാണ്. കഴിഞ്ഞ ഒക്ടോബറില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ന്യൂനപക്ഷ വകുപ്പ് ശ്രമം തുടങ്ങിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല.

റിപ്പോര്‍ട്ടിന്മേല്‍ അഭിപ്രായം അറിയിക്കാന്‍ 33 സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, രണ്ടുതവണ ഓര്‍മ്മിപ്പിച്ചിട്ടും വകുപ്പുകള്‍ മറുപടി നല്‍കിയിരുന്നില്ല. ശുപാര്‍ശകള്‍ പുറത്തുവിട്ടാല്‍ ഒരുപരിധി വരെ സഭാ വിശ്വാസികളെ കൂടെ നിര്‍ത്താമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം നേതൃത്വം. സഭകളുടെ നേതൃത്വത്തിലുള്ള ആയിരക്കണക്കിന് എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ നിയമനങ്ങള്‍ ക്രമീകരിക്കുന്നതിലെ കാലതാമസവും സഭകളെ സര്‍ക്കാരിനെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്നുണ്ട്. യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ലെന്ന നിലപാടിലാണ് ഓര്‍ത്തഡോക്സ് സഭ.

ഈ പ്രശ്നങ്ങളും ക്രൈസ്തവ സമൂഹത്തെ സര്‍ക്കാരില്‍ നിന്ന് അകറ്റുന്നതായി പാര്‍ട്ടി വിലയിരുത്തുന്നുണ്ട്. മലയോര മേഖലകളിലെ വോട്ടര്‍മാരെ, പ്രത്യേകിച്ച് ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ തട്ടിക്കൂട്ട് രൂപം നല്‍കിയതാണ് വന്യജീവി സംരക്ഷണ ഭേദഗതി ബില്ലെന്നും ആരോപണമുണ്ട്. ജനവാസ മേഖലകളില്‍ മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാന്‍ അധികാരം നല്‍കുന്ന ഈ ബില്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടുവന്നതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഗവര്‍ണറും രാഷ്ട്രപതിയും അംഗീകാരം നല്‍കാന്‍ സാധ്യതയില്ലാത്ത ഈ നിയമമാണെന്ന ആരോപണവും പാര്‍ട്ടിക്ക് തിരുത്തേണ്ടിവരും.

Tags:    

Similar News