പാലായിലെ നഗര സഭ കൗണ്‍സിലര്‍ രാജി വയ്ക്കാതെ കെയറര്‍ ആയി ജോലി ചെയ്യാന്‍ യുകെയില്‍; കഴിഞ്ഞ ആഴ്ചത്തെ അവിശ്വാസം പാസാക്കാന്‍ നിന്ന നില്‍പില്‍ പാലായിലേക്ക്; തിരിച്ചുള്ള യാത്രയില്‍ ബ്രിട്ടീഷ് പോലീസ് ചോദ്യം ചെയ്‌തെന്ന് അഭ്യൂഹം; സന്ധ്യയുടെ യാത്രയില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്; തങ്ങളുടെ വാര്‍ഡ് കൗണ്‍സിലര്‍ യുകെയില്‍ എത്തിയതറിഞ്ഞ് അന്തം വിട്ടു യുകെയിലെ പാലാക്കാര്‍

പാലാ നഗര സഭ കൗണ്‍സിലര്‍ കെയറര്‍ ആയി ജോലി ചെയ്യാന്‍ യുകെയില്‍

Update: 2025-02-20 05:42 GMT

ലണ്ടന്‍: കേരള കോണ്‍ഗ്രസിന്റെ കേന്ദ്ര ആസ്ഥാനം എന്ന നിലയില്‍ പാലാ രാഷ്ട്രീയം എന്നും കൗതുകം നിറഞ്ഞതാണ് മലയാളികള്‍ക്ക്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായി കേരള കോണ്‍ഗ്രസ് മാണി വിഭാഗം വലതു പക്ഷം വിട്ട് ഇടതിലേക്ക് എത്തിയതിന്റെ അനുരണനങ്ങള്‍ ഇരു പക്ഷത്തും കഴിഞ്ഞ അഞ്ചു വര്‍ഷക്കാലവും നിലനിന്നിരുന്നു. തലമുതിര്‍ന്ന നേതാക്കളുടെ എണ്ണക്കൂടുതല്‍ കാരണം ഓരോ വര്‍ഷവും ഓരോ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്ന നിലയില്‍ സ്ഥാനമാറ്റം നടത്തിക്കൊണ്ടിരുന്ന പാലായില്‍ ഏറ്റവും ഒടുവില്‍ ചെയര്‍മാന്‍ ആയ ഷാജു തുരത്തേല്‍ മുന്‍ ധാരണ പ്രകാരം സ്ഥാനം ഒഴിയാന്‍ വിമുഖത കാണിച്ചതോടെ അസാധാരണ രാഷ്ട്രീയ നാടകങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്.

എന്നാല്‍ ഇതിനിടയില്‍ പൊന്നുരുക്കുന്നിടത്തു പൂച്ചക്ക് എന്ത് കാര്യം എന്ന മട്ടില്‍ ഉള്ള ചോദ്യം അസ്ഥാനത്താക്കി പാലായില്‍ എത്തിയ അവിശ്വാസ പ്രമേയം തോല്‍ക്കണമെങ്കില്‍ ഒരു യുകെ മലയാളി നാട്ടില്‍ എത്തണം എന്ന അവസ്ഥയായി. കാരണം 13-ാം വാര്‍ഡായ മുരിക്കുംപുഴയിലെ കൗണ്‍സിലര്‍ ആര്‍ സന്ധ്യ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി യുകെയില്‍ കെയര്‍ ഹോമില്‍ ജീവനക്കാരി ആയി കഴിയുകയാണ് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

സന്ധ്യ യുകെയില്‍, ജനപ്രതിനിധി മുങ്ങിയത് നാട്ടുകാര്‍ അറിഞ്ഞില്ലത്രേ

സന്ധ്യയുടെ ഭര്‍ത്താവ് വിനുകുമാര്‍ കെയര്‍ ഹോമില്‍ ജോലി തേടി വന്നതോടെയാണ് സന്ധ്യയും പുറകെ യുകെയില്‍ എത്തിയത്. എന്നാല്‍ ആ വരവില്‍ ജനപ്രതിനിധി സ്ഥാനം രാജി വയ്ക്കുക എന്ന മര്യാദ സിപിഐക്കാരി എന്നറിയപ്പെടുന്ന സന്ധ്യ ചെയ്തിരുന്നില്ല. ഇലക്ഷന്‍ കമ്മീഷന്‍ രേഖകളില്‍ സന്ധ്യയെ സ്വതന്ത്ര അംഗമായാണ് അടയാളപ്പെടുത്തുന്നത് എങ്കിലും സിപിഐക്ക് വേണ്ടിയാണു സന്ധ്യ പ്രവര്‍ത്തിക്കുന്നത് എന്നാണ് പാലായില്‍ നിന്നും ലഭിക്കുന്ന വിവരം.

അതിനിടെ സന്ധ്യ യുകെയില്‍ എത്തിയെന്ന വിവരം നാട്ടുകാര്‍ പോലും കാര്യമായി അറിഞ്ഞിട്ടില്ല എന്നതാണ് രസകരം. യുകെയില്‍ പോകുന്ന കാര്യം പാര്‍ട്ടി അനുമതിയോടെയാണ് സന്ധ്യ നടത്തിയത് എന്നും പറയപ്പെടുന്നു. എന്താവശ്യം ഉണ്ടെങ്കിലും തിരിച്ചെത്താം എന്ന കരാറില്‍ ആണത്രേ സന്ധ്യയുടെ യുകെ യാത്ര. തദ്ദേശ സമിതിയുടെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയും സന്ധ്യയുടെ സാന്നിധ്യം പാലായില്‍ അത്ര ഗൗരവത്തില്‍ എടുത്തില്ലെങ്കിലും തീര്‍ത്തും അവിശ്വസനീയം ആയി എത്തിയ അവിശ്വാസ പ്രമേയമാണ് ഇപ്പോള്‍ കാര്യങ്ങള്‍ നാട്ടുകാര്‍ അറിയും വിധം നാട്ടിലെങ്ങും പാട്ടാകാന്‍ കാരണമായത്.

അവിശ്വാസം സന്ധ്യയുടെ അസാന്നിധ്യത്തില്‍ പ്രതിപക്ഷത്തിന് അപ്രതീക്ഷിത വിജയം സമ്മാനിച്ചേക്കും എന്ന സാഹചര്യത്തിലാണ് നിന്ന നില്‍പില്‍ കഴിഞ്ഞ ദിവസം സന്ധ്യയെ ഭരണപക്ഷത്തിന് വേണ്ടി നാട്ടില്‍ എത്തിച്ചത്. അതീവ രഹസ്യമായി എത്തിയ സന്ധ്യയെ എയര്‍പോര്‍ട്ടില്‍ നിന്നും കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയതും ഒരു വനിതാ കൗണ്‍സിലര്‍ തന്നെയാണ്. ഉത്തരേന്ത്യയിലെ റിസോര്‍ട് രാഷ്ട്രീയത്തെ ഓര്‍മ്മിപ്പിക്കും വിധം സന്ധ്യ പാലായില്‍ കഴിഞ്ഞ ദിവസമൊക്കെയും ഒളിവു കേന്ദ്രത്തില്‍ എന്ന നിലയിലാണ് കഴിഞ്ഞതെന്നും പാലായില്‍ നിന്നും എത്തുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സന്ധ്യയുടെ സാന്നിധ്യം ഉറപ്പായതോടെ അവിശ്വാസം കരകയറും എന്ന ആശ്വാസം കൈവന്ന ഭരണപക്ഷത്തെ അമ്പരപ്പിച്ചു പ്രതിപക്ഷം തങ്ങളുടെ നീക്കത്തില്‍ നിന്നും പിന്‍വാങ്ങുകയും ചെയ്തു.

പോയതിനേക്കാള്‍ വേഗത്തില്‍ തിരികെ യുകെയിലേക്ക്

ഇനി ഒരു അവിശ്വാസം ഉടനെ സാധിക്കില്ല എന്ന സാഹചര്യത്തില്‍ സന്ധ്യ പാലായിലേക്ക് പോയതിനേക്കാള്‍ വേഗത്തില്‍ വീണ്ടും യുകെയില്‍ മടങ്ങി എത്തിയിരിക്കുകയാണ്. ഇതിനിടയില്‍ സന്ധ്യയെ ബന്ധപ്പെടാന്‍ ശ്രമിച്ച മാധ്യമങ്ങളില്‍ നിന്നും സന്ധ്യ ഒഴിഞ്ഞു മാറുക ആയിരുന്നു. ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ വിവരം നല്‍കാന്‍ സാധിക്കാത്ത സാഹചര്യം എന്നതിനാലാണ് ഈ ഒഴിഞ്ഞു മാറ്റം. ഇതിനിടയില്‍ കഴിഞ്ഞ ദിവസം രാത്രി മടങ്ങി എത്തിയ സന്ധ്യയെ എയര്‍പോര്‍ട്ടില്‍ ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പോലീസ് സാന്നിധ്യത്തില്‍ വിസ സംബന്ധമായ കാര്യങ്ങളിലെ അവ്യക്തത നീക്കാന്‍ തടഞ്ഞു വച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ഇക്കാര്യം സ്ഥിരീകരിക്കാന്‍ ബ്രിട്ടീഷ് മലയാളി ഇന്നലെ സന്ധ്യയെ ബന്ധപ്പെട്ടെങ്കിലും അവര്‍ വിവരങ്ങള്‍ കൈമാറാന്‍ വിസമ്മതിച്ചു ഫോണ്‍ ഡിസ്‌കണക്റ്റ് ചെയ്യുക ആയിരുന്നു. വിനുകുമാറിന്റെ വിസ കാലാവധി തീരാന്‍ സമയമായി എന്നും ഇതിനിടയില്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. യുകെയില്‍ എത്തിയ ഭര്‍ത്താവ് കൃത്യമായി ജോലിക്ക് പോകാത്ത സാഹചര്യത്തില്‍ ഉണ്ടായ സാമ്പത്തിക ഇടര്‍ച്ച മറികടക്കാന്‍ തനിക്ക് യുകെയിലേക്ക് പോകുക അല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലായിരുന്നുവെന്ന് സന്ധ്യ നാട്ടില്‍ അടുപ്പമുള്ളവരോട് വെളിപ്പെടുത്തിയതായും പറയപ്പെടുന്നു.

ജനപ്രതിനിധിക്ക് പോലും നാട്ടില്‍ ജീവിക്കാനാകാത്ത സാഹചര്യമോ?

സന്ധ്യ ജോലി ചെയ്യാന്‍ യുകെയില്‍ എത്തിയത് സാമൂഹ്യമായ ചില ചോദ്യങ്ങള്‍ കൂടി ഉയര്‍ത്തുകയാണ്. ഒരു ജനപ്രതിനിധിക്ക് പോലും കേരളത്തിലെ സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാനാകുന്നില്ലെങ്കില്‍ പിന്നെങ്ങനെ സാധാരണക്കാരെ യുകെ മോഹം പിടികൂടിയതില്‍ എങ്ങനെ കുറ്റപ്പെടുത്താനാകും എന്ന ചോദ്യവും പ്രസക്തമാകുകയാണ്. പക്ഷെ തങ്ങളുടെ ഗ്രാമ സഭ പോലും മുടങ്ങിക്കിടക്കുകയാണ് എന്ന് പതിമൂന്നാം വാര്‍ഡിലെ ജനങ്ങള്‍ പരാതി ഉയര്‍ത്തുമ്പോള്‍ സന്ധ്യ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയും മുന്നണിയും കൂടി വെട്ടിലാകുകയാണ്.

സന്ധ്യയുടെ യുകെ യാത്ര ഇപ്പോള്‍ പ്രതിപക്ഷവും ആയുധമാക്കാനുള്ള തയ്യാറെടുപ്പിലാണ്. സാധാരണ വിദേശത്തു ജോലി തേടി പോകുന്ന ജനപ്രതിനിധികള്‍ നിയമ പരമായ ബാധ്യത കൂടി കണക്കിലെടുത്തു രാജി വയ്ക്കാന്‍ തയ്യാറാകുകയാണ് പതിവ്. എന്നാല്‍ പാലായില്‍ സംഭവിച്ചത് നേരെ തിരിച്ചും. ജനങ്ങളോടുള്ള ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോട്ടം നടത്തിയിരിക്കുകയാണ് സന്ധ്യയും അവരുടെ രാഷ്ട്രീയ പ്രസ്ഥാനവും എന്ന ആക്ഷേപവും പ്രതിപക്ഷം ഉയര്‍ത്തുന്നു.

Similar News