വടകരയില്‍ നിന്നും പാലക്കാട് വീണ്ടുമെത്തി മത്സരിച്ച് കേരള രാഷ്ട്രീയത്തില്‍ തിളങ്ങാനുള്ള ഷാഫിയുടെ മോഹത്തിന് വെല്ലുവിളികള്‍ ഏറെ; മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന കളങ്കങ്ങളില്‍ പ്രതിക്കൂട്ടിലായത് വെല്ലുവിളി; പാലക്കാട് ജയിച്ചു കയറാന്‍ വികെ ശ്രീകണ്ഠന്‍ മതിയെന്ന ചര്‍ച്ചയും സജീവം; പാലക്കാടന്‍ കാറ്റ് കോണ്‍ഗ്രസിനെ കൈവിടുമോ?
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങള്‍ അതിശക്തമായതോടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിക്കാന്‍ പുതിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെത്തും. വടകര എംപിയായ ഷാഫി പറമ്പില്‍ വീണ്ടും പാലക്കാട് നിയമസഭയില്‍ മത്സരിക്കാന്‍ സാധ്യത ഏറെയാണ്. ഇതിനുള്ള കരുനീക്കങ്ങള്‍ ഷാഫി നടത്തുന്നുണ്ട്. തനിക്ക് മാത്രമാണ് വിജയ സാധ്യതയുള്ളതെന്ന പ്രചരണം കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ ഷാഫി ചര്‍ച്ചയാക്കും. ബിജെപിയുടെ അതിശക്തമായ സ്വാധീനം പാലക്കാടുണ്ട്. ഈ സാഹചര്യത്തെ അതിജീവിച്ചത് ഷാഫിയാണ്. അതിനിടെ പാലക്കാട്ടെ എംപിയായ വികെ ശ്രീകണ്ഠനും നിയമസഭാ സീറ്റില്‍ കണ്ണുവയ്ക്കുന്നുണ്ട്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കേണ്ടത് കോണ്‍ഗ്രസിന്റെ അനിവാര്യതയാണ്. തുടര്‍ച്ചയായ മൂന്നാം വട്ടവും ഭരണം പോയാല്‍ കോണ്‍ഗ്രസിന് കേരള രാഷ്ട്രീയത്തിലെ പ്രസക്തി തന്നെ ഇല്ലാതാകും. അതുകൊണ്ട് തന്നെ ജയസാധ്യതയുള്ളവര്‍ തന്നെ മത്സരിക്കണമെന്ന നിലപാടാണ് കോണ്‍ഗ്രസില്‍ പൊതുവേയുള്ളത്. അതുകൊണ്ട് തന്നെ പല എംപിമാരും നിയമസഭയിലേക്ക് മത്സരിച്ചേക്കും. ഈ ചര്‍ച്ചകള്‍ക്കിടെയാണ് ഷാഫിയും ശ്രീകണ്ഠനും പാലക്കാട് നിയമസഭാ സീറ്റ് ഉന്നമിടുന്നത്. പാലക്കാടന്‍ കാറ്റ് അനുകൂലമാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. എന്നാല്‍ മാങ്കൂട്ടത്തിലുണ്ടാക്കിയ പ്രശ്‌നങ്ങള്‍ ഇതിന് വെല്ലുവിളിയാണെന്ന തിരിച്ചറിവും ചില കേന്ദ്രങ്ങള്‍ക്കുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ പ്രതികരിക്കാതെ ഷാഫി പറമ്പില്‍ കരുതല്‍ എടുക്കുന്നുണ്ട്. വിവാദങ്ങള്‍ക്കു പിന്നാലെ ഡല്‍ഹിയിലെ ഫ്ളാറ്റിനു മുന്നില്‍ കാത്തുനിന്ന മാധ്യമങ്ങളെ കാണാതെ ഷാഫി ബിഹാറിലേക്ക് പോകുകയായിരുന്നു. ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുക്കാനാണ് തിരക്കിട്ട യാത്ര എന്നാണ് വിശദീകരണം. വിവാദ വിഷയങ്ങളില്‍ രാഹുലിനെ ഷാഫി സംരക്ഷിച്ചു എന്ന തരത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ മുറുമുറുപ്പുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാലക്കാട്ടെ ഒരു വിഭാഗം കോണ്‍ഗ്രസ്, യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ അസ്വസ്ഥരാണെന്നും പറയപ്പെടുന്നു. പാലക്കാട് നിന്ന് രാജിവെച്ച് വടകരയില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഷാഫിയാണ് രാഹുലിനെ സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ദേശിച്ചത്. രാഹുലിനെതിരേ കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ച എഴുത്തുകാരി ഹണി ഭാസ്‌കരന്‍ രാഹുലിന്റെ സ്വഭാവ ദൂഷ്യങ്ങളെ കുറിച്ച് ഷാഫി പറമ്പിലിന് അറിയാമെന്നും, എന്നാല്‍, അയാളില്‍ എത്തുന്ന പരാതികളൊന്നും എവിടെയും എത്താതെ പോകുകയാണെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ പാലക്കാടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാഫി മത്സരിച്ചാല്‍ തിരിച്ചടിയാകുമെന്നും വാദമുണ്ട്. ഇ ശ്രീധരനോട് കഷ്ടിച്ചാണ് ഷാഫി കഴിഞ്ഞ നിയമസഭാ പൊതു തിരഞ്ഞെടുപ്പില്‍ ജയിച്ചു കയറിയത്. അതുകൊണ്ട് തന്നെ രാഹുലുണ്ടാക്കിയ വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ ഷാഫിയെ പാലക്കാട്ട് മത്സരിപ്പിക്കരുതെന്നാണ് വാദം.
സിപിഎമ്മില്‍ നിന്നും പാലക്കാട്ട് ലോക്‌സഭാ സീറ്റ് പിടിച്ചെടുത്തത് വികെ ശ്രീകണ്ഠനാണ്. ഒരു സാധ്യതയും ആരും കല്‍പ്പിക്കാത്ത സമയത്തായിരുന്നു ശ്രീകണ്ഠന്റെ വിജയം. കഴിഞ്ഞ തവണ കൂടുതല്‍ മെച്ചപ്പെട്ട ഭൂരിപക്ഷവും കിട്ടി. ഈ സാഹചര്യത്തില്‍ സിറ്റിംഗ് എംപിയെ നിയമസഭയിലേക്ക് പലാക്കാട് മത്സരിപ്പിച്ചാല്‍ അത് ശ്രീകണ്ഠനെയാക്കണമെന്നതാണ് കോണ്‍ഗ്രസില്‍ ഉയരുന്ന മറ്റൊരു വാദം. കേരള രാഷ്ട്രീയത്തില്‍ നിറയാന്‍ ശ്രീകണ്ഠനും താല്‍പ്പര്യമുണ്ട്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം മാങ്കൂട്ടത്തില്‍ രാജിവച്ചതിനു പിന്നാലെ ഷാഫി പറമ്പിലിനെതിരേയും ഹൈക്കമാന്‍ഡിന് പരാതി പോയിട്ടുണ്ട്. പാലക്കാട്ടെ ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. രാഹുലിനെ സംരക്ഷിച്ചത് ഷാഫിയാണെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതികള്‍ ഷാഫിയെ അറിയിച്ചിട്ടും പ്രതികരിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. ഈ സാഹചര്യവും പാലക്കാട് വീണ്ടും ഷാഫി മത്സരിക്കുന്നത് ഒഴിവാക്കാനാണ്. രാഹുലിന് പിന്നാലെ ഷാഫി പറമ്പിലിനെതിരെയും കോണ്‍ഗ്രസിനുള്ളില്‍ പടയൊരുക്കം തുടങ്ങിയതിന് തെളിവാണ് ഇത്. പാലക്കാട് നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനായി ഷാഫി സമ്മര്‍ദ്ദം ചെലുത്തിയെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിയെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെ രാഹുലിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയവരില്‍ കോണ്‍ഗ്രസിന്റെ മുന്‍ എംപിയുടെ മകളും ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കിയെങ്കിലും പിന്നീട് ജാതീയത പറഞ്ഞ് പിന്മാറിയെന്നാണ് യുവതി പറയുന്നത്. മുന്‍ എംപിയുടെ മകളുടേതടക്കം ഒമ്പതു പരാതികളാണ് എഐസിസിക്ക് മുമ്പില്‍ രാഹുലിനെതിരെ ലഭിച്ചിട്ടുള്ളതെന്നാണ് സൂചന. രാഹുലിനെതിരെ സംസ്ഥാനത്തൊട്ടാകെ വ്യാപക പ്രതിഷേധങ്ങളാണ് നടക്കുന്നത്. രാഹുലിനെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രതിപക്ഷനേതാവ് വിഡി സതീശന്റെ പറവൂരിലെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംഘര്‍ഷത്തില്‍ ബാരിക്കേഡ് ഭേദിച്ച് ഓഫീസിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ ഓഫീസ് കോമ്പൗണ്ടിലേക്ക് കല്ലും വടികളും വലിച്ചെറിഞ്ഞു. ഓഫീസ് ജീവനക്കാരെ മര്‍ദ്ദിച്ചെന്നും ആരോപണമുണ്ട്.
ഓഫീസ് ബോര്‍ഡ് മറിച്ചിട്ട പ്രതിഷേധക്കാര്‍ ബോര്‍ഡില്‍ കരിയോയില്‍ ഒഴിക്കുകയും കോലം കത്തിക്കുകയും ചെയ്തു. എന്നാല്‍ ഓഫീസ് ആക്രമിക്കാന്‍ പൊലീസ് കൂട്ടുനിന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചക്കുകയും ചെയ്തിരുന്നു.