ടിനുവിന്റെ കണ്ണിലുടക്കിയ ഇടതുകൈയ്യന്‍ ബൗളിംഗ് പ്രതിഭ; എംആര്‍എഫ് പേസ് ഫൗണ്ടേഷനിലെ രണ്ടാം അവസരം സൂപ്പറാക്കി സെന്തില്‍നാഥിന്റെ പയ്യനായി; മഗ്രാത്തിന്റെ ഉപദേശവും കുളത്തൂപ്പുഴക്കാരന്റെ ശിക്ഷണവും വേഗത കൂട്ടിയ ബൗളറാക്കി; ഷൈന്‍ സാറിന്റെ പിന്തുണയില്‍ സികെ നായിഡുവില്‍ തമിഴ്‌നാടിനെതിരെ 13 വിക്കറ്റെടുത്ത പുതു ചരിതം; കേരളത്തിനായി എറിഞ്ഞു നേടാന്‍ പവന്‍രാജ്
കൊച്ചി: ഇന്ത്യയ്ക്കായി പന്തെറിഞ്ഞ ആദ്യ മലയാളി ടിനു യോഹന്നാനാണ്. ആദ്യ ഓവറില്‍ ടെസ്റ്റ് വിക്കറ്റെടുത്ത പേസ് ബൗളര്‍. പിന്നീട് ശ്രീശാന്ത് എത്തി. വേഗതയും സ്വിങ്ങുമായി ഇന്ത്യന്‍ ക്രിക്കറ്റിനെ മോഹിപ്പിച്ചു. സന്ദീപ് വാര്യരും ഒരു ട്വന്റി ട്വന്റി കളിയില്‍ പന്തെറിഞ്ഞു. പിന്നീട് ആ പരമ്പരയിലേക്ക് മലയാളി പേസര്‍മാര്‍ക്കൊന്നും എത്താനായില്ലെന്നതാണ് വസ്തുത. ഇപ്പോള്‍ ഒരു ആലുവക്കാരന്‍ വീണ്ടും കേരളത്തിന്റെ പേസ് ബൗളിംഗ് പ്രതീക്ഷയാകുന്നു. എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ നിന്നും രാകി മിനുക്കിയെടുത്ത തീ പാറും ബൗളര്‍. പവന്‍രാജ്. ഈ ഇരുപത്തിരണ്ടുകാരനിലേക്കാണ് കേരളാ ക്രിക്കറ്റിന്റെ ഭാവി ബൗളിംഗ് പ്രതീക്ഷ. സമകാലിക പ്രതിഭകളെ എല്ലാം പോലെ 1983ലെ ലോകകപ്പ് വിജയത്തിന്റെ തുടര്‍ച്ച പവന്‍രാജിലും കാണാം. ക്രിക്കറ്റ് കളിയെ പ്രണയിച്ച അച്ഛന്‍ മകനെ ആ വഴിയേ കൊണ്ടു പോയി. അങ്ങനെ അവന്‍ പതിമൂന്നാം വയസ്സില്‍ ബോളെടുത്തു. ഗോഡ്ഫാദര്‍മാരില്ലാതെ കേരളത്തിന്റെ അണ്ടര്‍ 23 ടീമിന് ചരിത്ര വിജയം നല്‍കുന്നു. സികെ നായിഡു ട്രോഫിയില്‍ ആദ്യമായി തമിഴ്‌നാടിനെ കേരളം തകര്‍ത്തു. 13 വിക്കറ്റ് പിഴുത് പവന്‍രാജാണ് തമിഴ്‌നാടിനെ തകര്‍ത്തത്.
രഞ്ജി ട്രോഫിയിലും കേരളം ഈ സീസണിലും മികച്ച പ്രകടനമാണ് നടത്തുന്നത്. പക്ഷേ ബൗളിംഗില്‍ നിരാശയായിരുന്നു. കേരള താരങ്ങളുടെ ബാറ്റിംഗ് കരുത്തിനൊപ്പം മറുനാടന്‍ ബൗളര്‍മാരുടെ മികവിലാണ് മുന്നേറുന്നത്. സച്ചിന്‍ ബേബിയും മുഹമ്മദ് അസുറുദ്ദീനും സല്‍മാന്‍ നസീറും രോഹന്‍ കുന്നുമ്മലും ഉജ്ജ്വല ഫോമിലാണ്. പക്ഷേ മലയാളി ബൗളര്‍മാര്‍ പ്രതീക്ഷിച്ച മികവ് കാട്ടുന്നുമില്ല. ഇതിനിടെയാണ് പേസ് ബൗളിംഗിന് പുതിയ പ്രതീക്ഷയായി പവന്‍ രാജ് എത്തുന്നത്. രഞ്ജി ട്രോഫിയിലേക്ക് പോലും പരിഗണിക്കാവുന്ന വെറൈറ്റി ഈ ബൗളര്‍ക്കുണ്ട്. ഈ ബൗളറെ കണ്ടെത്തുന്നതും ടിനു യോഹന്നാനാണ്. ടിനു കണ്ടെടുത്ത ബൗളറെ പരിപോഷിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് കുളത്തൂപുഴക്കരാനായ സുനില്‍ സാമാണ്. എംആര്‍എഫ് പേസ് ഫൗണ്ടേഷനിലെ അസിസ്റ്റന്‍ കോച്ചായ സുനില്‍ സാം ഈ ഇടതു കൈയ്യന്‍ ഫാസ്റ്റ് ബൗളറെ കാണുന്നത് ഭാവി പ്രതീക്ഷയായാണ്. അണ്ടര്‍ 23 ടീമില്‍ ഈ സീസണില്‍ പരിശീലനകനായെത്തിയ ഷൈനും പവന് ആത്മവിശ്വാസം നല്‍കി. അങ്ങനെ കേരളാ രഞ്ജി ടീമിന്റെ വാതില്‍ ഈ പ്രതിഭയ്ക്ക് മുന്നില്‍ തുറക്കേണ്ട അവസ്ഥ വരികയാണ്.
ക്രിക്കറ്റ് കളിയില്‍ മാത്രം ആനന്ദം കണ്ടെത്തിയ അച്ഛന്‍ എംവി ജയരാജ്. പക്ഷേ കുടുംബത്തില്‍ നിന്നും വേണ്ടത്ര പ്രോത്സാഹനം കിട്ടാത്തതു കൊണ്ട് തന്നെ ഉയര്‍ന്ന തലത്തിലേക്ക് പോകാന്‍ ജയരാജിന് ആയില്ല. മകനെ ക്രിക്കറ്റിന്റെ പ്രണയം അടുത്തറിയിച്ചത് ഈ അച്ഛനാണ്. എല്ലാ പ്രോത്സാഹനവും കൊടുത്തു. അമ്മ മിനിയും കൂടെ കൂടി. പിന്നെ കൊച്ചിയിലെ മുത്തൂറ്റ് അക്കാദമിയില്‍ തുടക്കം. പിന്നീട് ഗ്ലോബ്‌സ്റ്റാറിലെത്തി. ഗ്ലോബ് സ്റ്റാറിലെ ബൗളിംഗ് ടിനു യോഹന്നാന്‍ കാണാനിടയായതാണ് നിര്‍ണ്ണായകമായത്. ഇടതു കൈയ്യന്‍ ബൗളറെ ടിനുവിന് നന്നായി പിടിച്ചു. അന്ന് കേരളാ രഞ്ജി ട്രോഫി ടീമിന്റെ പരിശീലകനായിരുന്നു ടിനു. പവന്‍രാജിനെ പ്രോത്സാഹിപ്പിക്കാനുള്ള ടിനുവിന്റെ തീരുമാനം നിര്‍ണ്ണായകമായി. അതിവേഗതയില്‍ പന്തെറിയുന്ന കൊച്ചു മിടുക്കന്‍ അങ്ങനെ കേരളാ ക്രിക്കറ്റിന്റെ കണ്ണിലേക്ക് എത്തി. മികച്ച ടെക്‌നിക്ക് അനിവാര്യമായതു കൊണ്ട് തന്നെ എംആര്‍എഫിലേക്ക് എത്തിക്കാനായിരുന്നു ശ്രമം. എംആര്‍എഫില്‍ ആദ്യ മികവ് കാട്ടാനെത്തിയ പവന്‍ സുനില്‍ സാം എന്ന പരിശീലകനേയും പരിചയപ്പെട്ടു. ആദ്യ വട്ട സെലക്ഷന്‍ ട്രയല്‍സില്‍ പവന് നിരാശയായിരുന്നു ഫലം. പക്ഷേ ആ പയ്യനിലെ ടാലന്റ് എംആര്‍എഫിലെ കോച്ച് സെന്തില്‍ നാഥിന്റെ ശ്രദ്ധയില്‍ പെട്ടു. അത് തുണയായി. അടുത്ത തവണ പവന്‍ എംആര്‍എഫിലെ ട്രെയിനിയായി.
സെന്തില്‍ രാജില്‍ നിന്നും കിട്ടിയ ഉപദേശം പവന്‍രാജിനെ മാറ്റി മറിച്ചു. എംആര്‍എഫിലെ പ്രധാനിയായ ബൗളിംഗ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തുമായുള്ള ആശയ വിനിമയം പവന്‍ രാജിന്റെ മൂര്‍ച്ച കൂട്ടി. സുനില്‍ രാജിന്റെ നിരീക്ഷണവും ഉപദേശവും തുണയായി. അങ്ങനെ കേരളാ ക്രി്ക്കറ്റ് ലീഗില്‍ പവന്‍ രാജ് കൊല്ലം ഏരീസിനായി കളിച്ചു. അവര്‍ കപ്പും നേടി. ഇടതു കൈയ്യന്‍ പേസ് ബൗളര്‍ക്ക് വേണ്ടതെല്ലാം പവന്‍രാജിലുണ്ടെന്നത് ഇതോടെ കേരളവും അംഗീകരിച്ചു. കഴിഞ്ഞ സീസണിലും അണ്ടര്‍ 23 ടീമില്‍ പവന്‍ ഉണ്ടായിരുന്നു. എന്നാല്‍ ആദ്യ കളികളില്‍ പുറത്തിരുന്നു. അവസാന നാലു കളിയില്‍ തീയായി മാറി. പതിനാല് വിക്കറ്റാണ് ഈ ആലുവക്കാരന്‍ സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ ഇത്തവണ തുടക്കത്തില്‍ തന്നെ ടീമിന്റെ ഭാഗമായി. ഈ സീസണില്‍ ഉത്തരാഖണ്ഡിനെതിരെ അഞ്ചു വിക്കറ്റ് പ്രകടനവുമായി പവന്‍ വിസ്മയിപ്പിച്ചു.
സികെ നായിഡു ട്രോഫിയില്‍ ഉത്തരാഖണ്ഡിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവച്ച് കേരളം ദേശീയ തലത്തില്‍ ചര്‍ച്ചകളിലെത്തി. 200 റണ്‍സിന്റെ ലീഡ് നേടി ഉത്തരാഖണ്ഡിനെ ഫോളോ ഓണ്‍ ചെയ്യിച്ച കേരളം, രണ്ടാം ഇന്നിങ്‌സില്‍ അവരുടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. നാല് വിക്കറ്റിന് 105 റണ്‍സെന്ന നിലയില്‍ അവസാന ദിവസം കളി തുടങ്ങിയ ഉത്തരാഖണ്ഡ് 321 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. പവന്‍ രാജിന്റെ 5 വിക്കറ്റ് പ്രകടനമായിരുന്നു ഉത്തരാഖണ്ഡ് ബാറ്റിങ് നിരയെ തകര്‍ത്തത്. മൂന്ന്മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ വിക്കറ്റുകള്‍ വീഴ്ത്തി ഉത്തരാഖണ്ഡ് ബാറ്റിങ്ങിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ട പവന്‍രാജ് വാലറ്റത്തെയും എറിഞ്ഞൊതുക്കി കേരളത്തിന് വിലപ്പെട്ട ലീഡ് സമ്മാനിക്കുകയായിരുന്നു. വയനാട് കരുത്തരായ തമിഴ്‌നാട്. ഈ ടീമിനെ സികെ നായിഡുവില്‍ തോല്‍പ്പിച്ച ചരിത്രം കേരളത്തിനില്ല. അതുകൊണ്ട് തന്നെ ചരിത്രം തിരുത്തുകയായിരുന്നു പവന്‍. 13 വിക്കറ്റാണ് തമിഴ്‌നാടുമായുള്ള കളിയില്‍ രണ്ടിന്നിംഗ്‌സില്‍ പവന്‍ നേടിയത്.
സികെ നായിഡു ട്രോഫി ക്രിക്ക?റ്റില്‍ തമിഴ്‌നാടിനെതിരെ ചരിത്രത്തിലെ ആദ്യജയം നേടി കേരളം ഭാവിയും സുശക്തമാണെന്ന് തെളിയിക്കുകയാണ്. വയനാട്ടിലെ കൃഷ്ണഗിരി സറ്റേഡിയം വേദിയായ മത്സരത്തില്‍ ബാ?റ്റിംഗിലും ബൗളിംഗിലും നിറഞ്ഞാടിയ കേരളം 199 റണ്‍സിനാണ് തമിഴ്‌നാടിനെ കീഴടക്കിയത്.അവസാന ദിനമായിരുന്ന ഇന്നലെ വരുണ്‍ നയനാരിന്റെ വെടിക്കെട്ട് ബാറ്റിംഗും പവന്‍രാജിന്റെ വിക്കറ്റ് വേട്ടയുമാണ് കേരളത്തിന്റെ ജയത്തിന് വഴിയൊരുക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ 109 റണ്‍സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംഗ്‌സ് 248/8ന് ഡിക്ലയര്‍ ചെയ്ത് തമിഴ്‌നാടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍, 358 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ തമിഴ്‌നാടിന്റെ ബാറ്റിംഗ് നിരയ്ക്ക് പവന്‍ രാജിന്റെ കരുത്തുറ്റ ബൗളിംഗിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ 158 ന് ഓള്‍ഔട്ടായി. ആദ്യ ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ പവന്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റുകളാണ് വീഴ്ത്തിയത്. ആകെ 13 വിക്കറ്റുകളാണ് കളിയില്‍ സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ രണ്ടിന്നിംഗ്‌സിലും അഞ്ചു വിക്കറ്റില്‍ അധികം നേടി പവന്‍ പുതിയ പ്രതീക്ഷയാകുകയാണ്.
നിലവിലെ കേരളാ ബൗളര്‍മാരില്‍ അതിവേഗതയില്‍ പന്തെറിയുന്ന താരമായാണ് പവനെ വിലയിരുത്തുന്നത്. 140 കിലോമീറ്ററില്‍ അധികം സ്ഥിരമായി എറിയാന്‍ കഴിയുന്ന ഇടതു കൈയ്യന്‍ ബൗളര്‍ ഇനിയും കേരളാ ക്രിക്കറ്റിന് വലിയ വിജയങ്ങള്‍ നല്‍കുമെന്നാണ് പ്രതീക്ഷ.