2023ലെ ആദ്യ ഓണ വിരുന്നിന് ചെലവാക്കിയത് 25 ലക്ഷം; രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ഓണം പൊടി പൊടിക്കാന്‍ വീണ്ടും പൗരപ്രമുഖര്‍ക്ക് വിരുന്ന്; ശങ്കരനാരായണന്‍ തമ്പി ഹാളില്‍ സര്‍ക്കാര്‍ അനുകൂലികളെ എല്ലാം ക്ഷണിക്കും; കാണം വിറ്റും ഓണം ഉണ്ണും!
തിരുവനന്തപുരം: പൗരപ്രമുഖര്‍ക്ക് മുഖ്യമന്ത്രിയുടെ അത്യുഗ്രന്‍ ഓണവിരുന്ന്. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ സെപ്റ്റംബര്‍ 3ന് ആണ് മുഖ്യമന്ത്രി പൗരപ്രമുഖര്‍ക്ക് വിരുന്ന് ഒരുക്കുന്നത്. വിരുന്നിനുള്ള ചെലവ് പതിവ് പോലെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് തന്നെ. 25 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ഓണം എന്ന സവിശേഷതയും ഇത്തവണത്തെ ഓണത്തിനുണ്ട്. അവസാനത്തെ ഓണമായതിനാല്‍ പങ്കെടുക്കുന്ന പൗരപ്രമുഖരുടെ എണ്ണത്തിലും വര്‍ധന ഉണ്ടാകും .
വിരുന്നില്‍ പങ്കെടുക്കേണ്ടവരെ എല്ലാം ഒരാഴ്ച മുമ്പേ ക്ഷണിച്ചിരുന്നു. സര്‍ക്കാരിനെ അനുകൂലിക്കുന്ന യു ട്യൂബ് ചാനലിലുള്ളവരും പൗരപ്രമുഖരുടെ ലിസ്റ്റില്‍ ഇത്തവണ ഇടം പിടിച്ചിട്ടുണ്ട്. പ്രതീക്ഷിക്കുന്നതിനേക്കാള്‍ ചെലവ് ഉയരുമെന്നാണ് സൂചന. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പിന്തുണക്ക് വേണ്ടിയാണ് മുഖ്യമന്ത്രി ആദ്യം പൗരപ്രമുഖര്‍ക്ക് വിരുന്ന് ഒരുക്കിയത്. പൗരപ്രമുഖരുടെ അകമഴിഞ്ഞ പിന്തുണ കിട്ടിയെങ്കിലും ജനരോഷം കനത്തതോടെ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാരിന് പിന്‍വാങ്ങേണ്ടി വന്നു.
എന്നാലും പൗരപ്രമുഖരെ മുഖ്യമന്ത്രി കൈവിട്ടില്ല. വര്‍ഷത്തില്‍ 3 പ്രാവശ്യം എങ്കിലും പൗരപ്രമുഖര്‍ക്ക് എന്തെങ്കിലും കാരണം കണ്ടെത്തി മുഖ്യമന്ത്രി വിരുന്ന് ഒരുക്കും. തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ പരസ്യ പ്രതികരണം വഴിയും വോട്ട് തേടിയും പൗരപ്രമുഖരില്‍ പലരും സര്‍ക്കാരിന് വേണ്ടി ഇറങ്ങും. കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. അതുകൊണ്ട് തന്നെ ഓരോ പാഴ് ചെലവും ഖജനാവിന് താങ്ങാവുന്നതിലും അപ്പുറമാണ്. അതിനിടെയില്‍ ഓണ വിരുന്നിന്റെ ആവശ്യകതയാണ് ചോദ്യമായി ഉയരുന്നത്.
2023ലെ ഓണത്തിന് മുഖ്യമന്ത്രി ഒരുക്കിയ ഓണവിരുന്നിനായി ചെലവഴിച്ചത് 19.15 ലക്ഷം രൂപയാണെന്ന് കണക്കുകള്‍ പുറത്തു വന്നിരുന്നു. ഇത് പിന്നീട് 25 ലക്ഷമായി. ആദ്യമായിട്ടായിരുന്നു അന്ന് മുഖ്യമന്ത്രി ഓണവിരുന്ന് ഒരുക്കിയത്. എത്രപേര്‍ ഓണവിരുന്നില്‍ പങ്കെടുത്തു എന്നതിന്റെ കണക്കില്ല. എന്നാല്‍, ക്ഷണപത്രിക അച്ചടിക്കാന്‍ 15,400 രൂപ ചെലവഴിച്ചിട്ടുണ്ട്. പ്രോപ്പര്‍ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസാണ് ഓണവിരുന്നിന്റെ ചെലവ് എത്രയെന്ന് അന്വേഷിച്ച് വിവരാവകാശപ്രകാരം അപേക്ഷ നല്‍കിയത്. ചോദ്യങ്ങള്‍ക്ക് ആദ്യം പൂര്‍ണമായി ഉത്തരം നല്‍കാന്‍ പൊതുഭരണവകുപ്പ് തയ്യാറായില്ല. അപ്പീല്‍ നല്‍കിയപ്പോഴാണ് ആര്‍ക്കായിരുന്നു കരാര്‍ എന്നതടക്കമുള്ള വിവരങ്ങള്‍ നല്‍കിയത്.
തിരുവനന്തപുരം തൈക്കാടുള്ള വൈറ്റ് ഡാമ്മര്‍ ഇവന്റസ് ആന്‍ഡ് കാറ്ററിങ് സര്‍വീസിനായിരുന്നു സദ്യയൊരുക്കാനുള്ള കരാര്‍. ഇവര്‍ക്കാണ് 19,00,130 രൂപ നല്‍കിയിരിക്കുന്നത്. നിയമസഭ അങ്കണത്തില്‍ 2024 ഓഗസ്റ്റ് 26-നായിരുന്നു ഓണവിരുന്ന്. മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുപുറമെ കല, രാഷ്ട്രീയ, സാംസ്‌കാരിക, ബിസിനസ് രംഗത്തെ പ്രമുഖര്‍, മതമേലധ്യക്ഷന്‍മാര്‍, ആത്മീയനേതാക്കള്‍ തുടങ്ങിയവരായിരുന്നു ഓണവിരുന്നില്‍ പങ്കെടുത്തത്.
ഓഗസ്റ്റ് 26ന് നിയമസഭ മന്ദിരത്തില്‍ നടത്തിയ സദ്യ വിരുന്നിനായി 19 ലക്ഷം രൂപ നവംബര്‍ എട്ടിന് അനുവദിച്ചിരുന്നു. അധിക തുക കൂടി അനുവദിച്ചതോടെ ഓണസദ്യയുടെ മൊത്തം ചെലവ് 26.86 ലക്ഷം രൂപയായിരിക്കുകയാണ്. വിരുന്നിന് 19,00,130 രൂപ ചെലവായെന്നും ഹോട്ടലിന് പണം നല്‍കിയെന്നും പൊതുഭരണ വകുപ്പിന്റെ വിവരാവകാശ മറുപടി അടുത്തിടെ പുറത്തുവന്നിരുന്നു. അതേസമയം, ഓണസദ്യയില്‍ എത്രപേര്‍ പങ്കെടുത്തുവെന്ന കൃത്യമായ കണക്കിലെന്നാണ് വിവരാവരകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് സര്‍ക്കാരിന്റെ മറുപടി.അഞ്ചുതരം പായസം ഉള്‍പ്പെടെ 65 വിഭവങ്ങള്‍ ഉള്‍പ്പെടുന്ന സദ്യയാണ് സ്വകാര്യ കേറ്ററിംഗ് സ്ഥാപനം വിളമ്പിയത്. സ്പീക്കര്‍ എ എന്‍ ഷംസീറും നിയമസഭയില്‍ ഓണവിരുന്ന് നല്‍കിയിരുന്നു. ഇതിന് പുറമേയായിരുന്നു പൗരപ്രമുഖര്‍ക്കായി മുഖ്യമന്ത്രി 2023ല്‍ സദ്യ ഒരുക്കിയത്.