മുഖ്യനെ ജനറല്‍ സെക്രട്ടറിയും സെക്രട്ടറിയും തള്ളി പറഞ്ഞു; ഇടതു താല്‍പര്യത്തില്‍ പിഎം ശ്രീയില്‍ നേതൃത്വം പ്രശ്ന പരിഹാരത്തിന് മുതിര്‍ന്നാല്‍ 'തിരുത്താന്‍' പോകുന്നത് പിണറായിസം; തെറ്റ് സമ്മതിച്ച് ചോദ്യം ചെയ്യുന്നത് പിണറായിയുടെ ഏകാധിപത്യ പ്രവണത; ഗോവിന്ദനെതിരെ കടുത്ത നിലപാടില്‍ പിണറായി; സിപിഎമ്മില്‍ സംഭവിക്കുന്നത്
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വീഴ്ചയുണ്ടായെന്ന സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബിയുടെ അഭിപ്രായത്തിനു പിന്നാലെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും തെറ്റ് സമ്മതിച്ചതോടെ ചോദ്യം ചെയ്യപ്പെടുന്നത് പിണറായിയുടെ ഏകാധിപത്യ പ്രവണത.
ഇടതു മുന്നണിയുടെ താല്‍പര്യം അനുസരിച്ച് കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ പ്രശ്ന പരിഹാരത്തിന് മുതിര്‍ന്നാല്‍ 'തിരുത്താന്‍' പോകുന്നത് പിണറായി വിജയന്റെ തീരുമാനത്തെ. മുഖ്യമന്ത്രി പദവിയിലിരുന്ന് പിണറായി കൈക്കൊണ്ട തീരുമാനം തെറ്റായിപ്പോയെന്ന് സി.പി.എം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ ഒരുമിച്ചു പറയുന്നത് ഇതാദ്യമായാണ്. വീഴ്ച സമ്മതിച്ച സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍െ്റ നിലപാടില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി.
പി.എം ശ്രീ പദ്ധതിയില്‍ സി.പി.ഐ തുടങ്ങിവച്ച പോരാട്ടം സി.പി.എമ്മിനുള്ളില്‍ ഉള്‍പ്പാര്‍ട്ടി വിപ്ലവത്തിന് തുടക്കം കുറിച്ചെന്നതിനു തെളിവാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍െ്റ ഏറ്റുപറച്ചില്‍. വീഴ്ച സംഭവിച്ചെന്ന ഏറ്റുപറച്ചിലിലൂടെ സര്‍ക്കാരിനു തെറ്റു പറ്റിയെന്നാണ് എം.വി ഗോവിന്ദന്‍ വ്യക്തമാക്കിയത്. പി.എം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒറ്റയ്ക്കാണ് തീരുമാനം കൈക്കൊണ്ടത്. അത് ഇടതു മുന്നണിയിലും സര്‍ക്കാരിലും വ്യക്തമായ കാര്യമാണ്.
മന്ത്രിസഭയിലും മുന്നണിയിലും ചര്‍ച്ച ചെയ്യാതെ തീരുമാനം എടുത്തതില്‍ വീഴ്ചയുണ്ടായെന്ന് എം.വി ഗോവിന്ദന്‍ പറയുമ്പോള്‍ തെറ്റു പറ്റിയത് പിണറായി വിജയനാണെന്ന് ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹം ചെയ്തത്. സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായം ശരിവച്ച് മുതിര്‍ന്ന മറ്റു നേതാക്കള്‍ കൂടി രംഗത്തു വന്നാല്‍ മുഖ്യമന്ത്രി കുടുതല്‍ പ്രതിരോധത്തിലാകും.
വേണ്ടത്ര ചര്‍ച്ച നടത്താതെ പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതില്‍ കേന്ദ്ര നേതൃത്വത്തിന് നേരത്തെതന്നെ നീരസമുണ്ടായിരുന്നു. അതുണ്ടാക്കിയ സമ്മര്‍ദ്ദത്തിലാണ് ജനറല്‍ സെക്രട്ടറി എം.എ ബേബി തന്നെ പ്രശ്ന പരിഹാരത്തിന് നേരിട്ടിറങ്ങിയത്. കഴിഞ്ഞ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇതുസംബന്ധിച്ച് വിമര്‍ശനം ഉയര്‍ന്നെങ്കിലും അതു പരസ്യമാകാതിരിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രദ്ധിച്ചു. ആ യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല.
ഇതുസംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുന്നതിനിടയിലാണ്, പദ്ധതിയില്‍ ഒപ്പിടുന്നത് ഒഴിവാക്കേണ്ടിയിരുന്നതാണെന്ന് എം.എ ബേബി തുറന്നടിച്ചത്. ബി.ജെ.പിക്കു കീഴടങ്ങിയെന്ന തരത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം വര്‍ധിച്ചപ്പോഴാണ് സമ്മര്‍ദ്ദം താങ്ങാനാവാതെ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് സമ്മതിക്കാന്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഒരുങ്ങിയത്.
തനിക്ക് സംരക്ഷണ കവചം തീര്‍ക്കുമെന്നു കരുതിയിരുന്ന സംസ്ഥാന സെക്രട്ടറി തന്നെ പഴി ചാരുന്നതില്‍ കടുത്ത അതൃപ്തിയിലാണ് പിണറായി വിജയന്‍. ഇടതു മുന്നണിയില്‍ വര്‍ഷങ്ങളായി അനുഭവിച്ചുവന്ന അവഗണനയ്‌ക്കൊടുവില്‍ പൊട്ടിത്തെറിച്ച് കനലായി മാറിയ സി.പി.ഐ സര്‍ക്കാര്‍ തീരുമാനം തിരുത്താന്‍ ഒരുങ്ങുമ്പോള്‍ മങ്ങുന്നത് പിണറായി വിജയന്റെ പ്രതാപമാണ്. മന്ത്രിസഭയെയും മറ്റു മന്ത്രിമാരെയും അറിയിക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ഒറ്റയ്ക്ക് കൈക്കൊണ്ട തീരുമാനം തിരുത്തണമെന്ന ആവശ്യം സൂചിപ്പിക്കുന്നത്, പിണറായി വിജയന്‍ തിരുത്തണമെന്ന വ്യക്തമായ സന്ദേശമാണ്.
മന്ത്രിസഭയില്‍ പോലും വിശദമായി ചര്‍ച്ച ചെയ്യാതെ പി.എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് കൈക്കൊണ്ടത്. പി.എം ശ്രീ കരാറില്‍ നിന്നും പിന്‍മാറണമെന്ന ആവശ്യത്തെത്തുടര്‍ന്ന് കരാരില്‍ ഒപ്പിട്ട ധാരണാ പത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ഈ കത്തിന്റെ പകര്‍പ്പ് സിപിഐക്ക് കൈമാറാനും തീരുമാനിച്ചു. എന്നാല്‍, ഇതുവരെ ചീഫ് സെക്രട്ടറി കത്തു തയ്യാറാക്കിയതായി സര്‍ക്കാര്‍ അറിയിച്ചിട്ടില്ല.
