മുഖ്യമന്ത്രി നെതര്‍ലന്‍ഡ്സ് കണ്ടുവന്നിട്ട് 'റൂം ഫോര്‍ റിവര്‍ പദ്ധതി' കയ്യാലപ്പുറത്ത് തന്നെ! പിണറായിക്കും സംഘത്തിനും പ്രൈവറ്റ് സെക്യൂരിറ്റിക്ക് ഉള്‍പ്പെടെ ചെലവായ അരക്കോടിയോളം രൂപ വെള്ളത്തിലായത് മിച്ചം; മുഖ്യമന്ത്രി നടത്തിയത് 26 വിദേശ യാത്രകള്‍; വ്യവസായ നിക്ഷേപത്തിന് ഒരു രാജ്യവുമായും ധാരണാപത്രവും ഒപ്പിട്ടില്ലെന്ന് തുറന്നു സമ്മതിച്ച് സര്‍ക്കാര്‍
മുഖ്യമന്ത്രി നെതര്‍ലന്‍ഡ്സ് കണ്ടുവന്നിട്ട് 'റൂം ഫോര്‍ റിവര്‍ പദ്ധതി' കയ്യാലപ്പുറത്ത് തന്നെ!
തിരുവനന്തപുരം: ആറുവര്‍ഷത്തിനു മുന്‍പ് മുഖ്യമന്തി പിണറായി വിജയനും സംഘവും നടത്തിയ നെതര്‍ലന്‍ഡ്സ് സന്ദര്‍ശനം കൊണ്ട് കേരളത്തിന് ഇതുവരെ യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്ന് ഒടുവില്‍ തുറന്നു സമ്മതിച്ച് സംസ്ഥാന സര്‍ക്കാര്‍. പതിനൊന്ന് ദിവസം നീണ്ട സന്ദര്‍ശനത്തിനും നെതര്‍ലന്‍ഡ്സില്‍ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ സെക്യൂരിറ്റി ടീമിനെ നിയോഗിക്കാനുമായി സര്‍ക്കാര്‍ ചെലവിട്ടത് അരക്കോടിയോളം രൂപയാണ്. കഴിഞ്ഞ ഭരണ കാലയളവില്‍ പിണറായി വിജയന്‍ നടത്തിയ 26 വിദേശ യാത്രകളുടെ ഫലമായി, കേരളവുമായി ഒരു വിദേശ രാജ്യവും വ്യവസായ നിക്ഷേപത്തിന് ധാരണാപത്രം ഒപ്പിട്ടിട്ടില്ലെന്ന് കേരള വ്യവസായ വികസന കോര്‍പ്പറേഷനും.
2019 മേയ് എട്ടുമുതല്‍ 19 വരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നെതര്‍ലന്‍ഡ്സ് സന്ദര്‍ശിച്ചു പഠിച്ചു കേരളത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന റൂം ഫോര്‍ റിവര്‍ പദ്ധതി ആസൂത്രണം സംബന്ധിച്ച് ഇതുവരെ സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി റോഷി അഗസ്റ്റിനാണ് നിയമസഭയില്‍ വ്യക്തമാക്കിയത്. കേരളത്തിലെ പ്രളയത്തിനു ശേഷം 2019 ല്‍ പ്രഖ്യാപിച്ച പദ്ധതിയുടെ നടത്തിപ്പുരീതി പോലും തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിന്റെ ഭാഗമായി റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി റും ഫോര്‍ റിവര്‍ നടപ്പാക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നു. ഡി.പി.ആര്‍ തയ്യാറാക്കാന്‍ 4.5 കോടി രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്‍കി. ഈ തുകയില്‍ നിന്നും 1.38 കോടിരൂപ ഹൈഡ്രോ ഡൈനാമിക് പഠനത്തിനു ചെലവിടാന്‍ 2020 ല്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
പഠനത്തിന്‍െ്റ കണ്‍സള്‍ട്ടന്‍സി സേവനത്തിന് ചെന്നൈ ഐ.ഐ.ടിയെ നിയോഗിക്കാന്‍ ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് ചീഫ് എന്‍ജിനീയറെ 2021 ല്‍ ചുമതലപ്പെടുത്തി. എന്നാല്‍, പദ്ധതി നടപ്പാക്കാന്‍ ഒരു സമിതിയും രൂപീകരിച്ചില്ല. പദ്ധതിക്കായി എങ്ങനെയാണ് തുക സ്വരൂപിക്കുന്നത് എങ്ങനെയെന്നതിലും ഇതുവരെ തീരുമാനമായിട്ടില്ലെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ വെള്ളപ്പാക്കം ശാസ്ത്രീയമായി നേരിട്ട് നദികള്‍ കരകവിഞ്ഞ് ഒഴുകുന്നതിലൂടെ ഉണ്ടാകുന്ന പ്രളയം ഒഴിവാക്കുക എന്നതായിരുന്നു റൂം ഫോര്‍ റിവര്‍ പദ്ധതി കൊണ്ട് ഉദ്ദേശിച്ചിരുന്നത്. വെള്ളം ഒഴുകിപ്പോകാന്‍ ആവശ്യത്തിന് ഇടം നല്‍കുക എന്നതായിരുന്നു പദ്ധതി. ആദ്യഘട്ടത്തില്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്കം കുറയ്ക്കാന്‍ പമ്പാനദിയിലാണ് ഇത് നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍െ്റ സംഘത്തിനു പുറമേ ചീഫ് സെക്രട്ടറി ടോം ജോസ്, ഇന്ത്യന്‍ അംബാസഡറായിരുന്ന വേണു രാജാമണി, അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരാണ് നെതര്‍ലന്‍ഡ്സ് സന്ദര്‍ശിച്ചത്. 2019 മേയ് എട്ടുമുതല്‍ 19 വരെയായിരുന്നു സംഘത്തിന്‍െ്റ സന്ദര്‍ശനം. നെതര്‍ലന്‍ഡ്സില്‍ സുരക്ഷയൊരുക്കാന്‍ ചെലവായ തുക പ്രത്യേകമായി നല്‍കാനും മന്തിസഭ തീരുമാനിച്ചിരുന്നു. നെതര്‍ലന്‍ഡ്സിലെ ഇന്ത്യന്‍ എംബസിയാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയത്. ഡി.ജി.പി ആഭ്യന്തര മന്ത്രാലയത്തോടും എംബസിയോടും ആവശ്യപ്പെട്ടതു പ്രകാരമായിരുന്നു സ്വകാര്യ സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നത്. എത്രയാണ് ചെലവായ തുകയെന്ന് എംബസി വെളിപ്പെടുത്തിയിരുന്നില്ല. സന്ദര്‍ശനത്തിനും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുമായി ഏതാണ്ട് അരക്കോടിയോളം രൂപയാണ് ചെലവായത്.
2016 മുതല്‍ കഴിഞ്ഞവര്‍ഷം വരെ മുഖ്യമന്ത്രി പിണറായി വിജയന്‍ 26 വിദേശ യാത്രകളാണ് നടത്തിയത്. വിദേശയാത്രകളിലൂടെ കോടികളുടെ വ്യാവസായ നിക്ഷേപത്തിന് വഴിയൊരുങ്ങിയെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നത്. യുഎഇ, അമേരിക്ക, ഇംഗ്ലണ്ട്, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫിന്‍ലന്‍ഡ്, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, ബഹ്റൈന്‍, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. അമേരിക്കയിലേക്കുള്ള യാത്ര ചികിത്സാ ആവശ്യമായിരുന്നു. മറ്റുള്ളവയെല്ലാം നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു.
ചില രാജ്യങ്ങളില്‍ റോഡ് ഷോ, വ്യവസായസംഗമം എന്നിവയും സംഘടിപ്പിച്ചിരുന്നു. ഈ യാത്രകളുടെ അടിസ്ഥാനത്തില്‍ ഒരു ധാരണാപത്രവും ഒപ്പിട്ടിട്ടില്ലെന്ന് കേരള വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി നല്‍കിയിരുന്നു. വിദേശ രാജ്യങ്ങളുമായി വ്യവസായ വികസന കേന്ദ്രം പങ്കാളിയായാണ് ഇത്തരം ധാരണാപത്രങ്ങള്‍ ഒപ്പിടുക. ഇതുസംബന്ധിച്ച് താത്പര്യപത്രവും ഒപ്പിട്ടിട്ടില്ല. നോര്‍വേയിലെ ഒരു കമ്പനി 150 കോടി നിക്ഷേപിക്കും, ഹിന്ദുജ ഗ്രൂപ്പ് കോടികള്‍ നിക്ഷേപിക്കാന്‍ ധാരണയായി, ജപ്പാനില്‍ നിന്നും കൊറിയയില്‍ നിന്നുമായി 300 കോടിയുടെ നിക്ഷേപം വരും, യുഎഇ സര്‍ക്കാര്‍ 500 കോടി നിക്ഷേപിക്കുമെന്നൊക്കെയായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രാ ചെലവുകള്‍ ഏകീകരിക്കാനും നിരീക്ഷിക്കാനുമായി നാലംഗ ഉദ്യോഗസ്ഥ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. വിദേശയാത്രാ ചെലവുകള്‍ പല ശീര്‍ഷകങ്ങളില്‍ കാണിച്ചതോടെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രാ ചെലവിന്റെ കണക്കുകളില്‍ വ്യക്തതയും ഏകീകരണവും വരുത്തണമെന്ന് അക്കൗണ്ടന്റ് ജനറല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു സര്‍ക്കാര്‍ നടപടി. മുഖ്യമന്ത്രിയുടെ വിദേശ യാത്രകളെല്ലാം പലവിധ വിവാദങ്ങള്‍ക്ക് ഇടനല്‍കിയിരുന്നു.
ഇതിനിടെയാണ് ചെലവ് കണക്കാക്കാന്‍ പ്രത്യേക സംവിധാനം വന്നത്. വിദേശയാത്രയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കു കൃത്യമായ കണക്കില്ലെന്ന ആരോപണത്തെത്തുടര്‍ന്നാണ് മന്ത്രിമാരുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട ചെലവുകള്‍ നിരീക്ഷിക്കാനും ഏകീകരിക്കാനുമായി പൊതുഭരണ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി രൂപീകരിച്ചത്. സമിതിയില്‍ ഡല്‍ഹി കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍, സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍, ന്യൂഡല്‍ഹി കേരള ഹൗസ് ലെയ്‌സണ്‍ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളാണ്. വിദേശയാത്രയുമായി ബന്ധപ്പെട്ട ചെലവുകള്‍ വിദേശകാര്യ മന്ത്രാലയവുമായി ചര്‍ച്ച ചെയ്തു പരിഹരിക്കും. ഓരോ ആറു മാസവും സമിതി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.