പിപി ദിവ്യ പാര്‍ട്ടി കോട്ടയിലെ സി.പി.എം നിയന്ത്രിത സഹകരണ ആശുപത്രിയില്‍ ചികിത്സയിലെന്ന് പൊലിസിന് അജ്ഞാത ഫോണ്‍ സന്ദേശം; രഹസ്യാന്വേഷണം ശക്തമാക്കി അന്വേഷണ സംഘം; സിഡിആര്‍ അടക്കമുള്ള ശാസ്ത്രീയ തെളിവ് രക്തസമ്മര്‍ദ്ദമായോ? അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂട്ടി ആശുപത്രി ചികില്‍സ
കണ്ണൂര്‍:എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യ പ്രേരണാ കേസില്‍ പ്രതിയായ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി.പി ദിവ്യ കണ്ണൂര്‍ ജില്ലയിലെ ഒരു പ്രമുഖ സി.പി.എം നിയന്ത്രിത സഹകരണാശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെന്ന അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് പൊലിസ് അന്വേഷണമാരംഭിച്ചു. രക്തസമ്മര്‍ദ്ദം കൂടുതലായതിനെ തുടര്‍ന്നാണ് ദിവ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന വിവരമാണ് പൊലിസിന് ലഭിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഈ കാര്യം പൊലിസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അസുഖമാണെന്ന കോടതിയെ ധരിപ്പിച്ച് മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമമാണ് ദിവ്യയുടേതെന്ന സൂചനയും ഉണ്ട്. അറസ്റ്റിലായാലും റിമാന്‍ഡ് കാലം ആശുപത്രിയില്‍ കഴിയാനുള്ള തന്ത്രമായി പല പ്രതികളും രോഗത്തെ ഉപയോഗിക്കാറുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
ഈ മാസം 29ന് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ശനിയാഴ്ച്ച ഉച്ചയ്ക്ക് പ്രത്യേക അന്വേഷണ സംഘംയോഗം ചേര്‍ന്നു. ജാമ്യ ഹരജി കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തില്‍ ധൃതി പിടിച്ച് ദിവ്യയുടെ അറസ്റ്റിലേക്ക് കടക്കേണ്ടെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. ദിവ്യ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നുണ്ടെങ്കിലും ഇതുവരെ ഈക്കാര്യത്തില്‍ നീക്കമൊന്നും നടന്നില്ല. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ പ്രതിയായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ കീഴടങ്ങുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ദിവ്യയോട് അടുത്ത വൃത്തങ്ങള്‍. മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ ഉത്തരവിന് ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് ദിവ്യയെന്നാണ് അടുത്ത വ്യത്തങ്ങളില്‍ നിന്നും ലഭിച്ച വിവരം.
ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തത്. വിവാദങ്ങള്‍ തെരഞ്ഞെടുപ്പ് വേളയില്‍ പ്രതിപക്ഷം ആയുധമാക്കുന്ന സാഹചര്യത്തില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ദിവ്യക്ക് സിപിഎം നിര്‍ദ്ദേശമുണ്ടെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഉത്തരവ് വരും. വിധിയെന്തെന്ന് അറിഞ്ഞ ശേഷം കീഴടങ്ങുന്നതില്‍ തീരുമാനമെടുക്കാമെന്നാണ് ദിവ്യയുടെ നിലപാട്. അഴിമതിക്കെതിരെ നല്ല ഉദ്ദേശത്തോടുകൂടിയാണ് യാത്രയയപ്പ് യോഗത്തിലെ പ്രസംഗമെന്നും ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ഒരു വാക്കുപോലുമില്ലെന്നുമാണ് ദിവ്യയുടെ ജാമ്യഹര്‍ജിയിലെ വാദം. തലശേരിയിലെ പ്രമുഖ സി.പി.എം അഭിഭാഷകനായ കെ.വിശ്വനാണ് ദിവ്യയ്ക്കായി ഹാജരായത്. ഇതിനിടെ കണ്ണൂര്‍ മുന്‍ എ.ഡി.എം കെ നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗവും സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവുമായ പി.പി.ദിവ്യ യ്‌ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ നിരവധി യെന്ന് പൊലിസ് റിപ്പോര്‍ട്ട് പുറത്തു വന്നു.
പി.പി ദിവ്യയെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പ്രതിയാക്കി പൊലിസ് മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്ന തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. പി.പി ദിവ്യ യ്‌ക്കെതിരെയുള്ള ആത്മഹത്യാ പ്രേരണാ കുറ്റം നിലനില്‍ക്കുമെന്നാണ് പൊലിസിന്റെ വാദം. ഇതിന് ചുവട് പിടിച്ചു കൊണ്ടാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കരുതെന്ന് പ്രൊസിക്യുഷന്‍ കോടതിയില്‍ വാദിച്ചത്. പൊലിസ് ശേഖരിച്ച ദിവ്യയുടെ മൊബൈല്‍ ഫോണിലെ കോള്‍ ഡീറ്റെയ്ല്‍ സ് റെക്കാര്‍ഡാണ് പൊലിസ് ശേഖരിച്ചിട്ടുള്ളത്. യാത്രയയപ്പ് നടക്കുന്നതിന് മുന്‍പ് ദിവ്യ തന്റെ ഫോണില്‍ നിന്നും കണ്ണൂര്‍ ജില്ലാ കലക്ടറെയും കണ്ണൂര്‍ വിഷന്‍ ബ്യുറോ ചീഫ് മനോജ് മയ്യിലിനെയും വിളിച്ചതായി തെളിവുകള്‍ കിട്ടിയിട്ടുണ്ട്. കണ്ണൂര്‍ വിഷന്‍ ചിത്രീകരിച്ച യാത്രയയപ്പ് സമ്മേളനത്തില്‍ താന്‍ എ.ഡി. എമ്മിനെതിരെ നടത്തിയ അപകീര്‍ത്തികരമായ പ്രസംഗവും അഴിമതി ആരോപണവും അടങ്ങുന്ന ദൃശ്യങ്ങള്‍ ദിവ്യ തന്നെ മറ്റു പ്രമുഖ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് അയച്ചു കൊടുത്തതായും തെളിഞ്ഞിട്ടുണ്ട്.
ചോദിച്ചു വാങ്ങിയാണ് നവീന്‍ ബാബുവിനെതിരെയുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ കലക്ടര്‍ അരുണ്‍ കെ .വിജയന്‍ കണ്ണൂര്‍ വിഷന്‍ ബ്യൂറോ ചീഫ് മനോജ് മയ്യില്‍ എന്നിവരുടെ മൊഴി പൊലിസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴികളും ദിവ്യയ് ക്കെതിരെയുള്ള തെളിവുകളായി മാറും. മാത്രമല്ല കണ്ണൂര്‍ വിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്ത വാര്‍ത്ത ദിവ്യ തന്നെ മറ്റു വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ 29ന് കോടതി വിധി പറയുന്നതുവരെ ദിവ്യയുടെ അറസ്റ്റ് നടക്കില്ല. ഹരജി കോടതി തള്ളുകയാണെങ്കില്‍ അറസ്റ്റു നടക്കുകയോ ദിവ്യക്ക് ഹൈക്കോടതിയെ സമീപിക്കാനുള്ള സാഹചര്യം ഒരുങ്ങുകയോ ചെയ്യാം. പത്തുവര്‍ഷം തടവ് ലഭിക്കുന്ന കുറ്റമായതിനാല്‍ മൊഴി നല്‍കാന്‍ ദിവ്യയെത്തിയാല്‍ അറസ്റ്റ് ചെയ്യാന്‍ പൊലിസ് നിര്‍ബന്ധിതമാകും. ഈ നിയമോപദേശം ലഭിച്ചതുകൊണ്ടാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയിട്ടും ദിവ്യ അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാകാത്തതെന്നാണ് സൂചന.
ഏഴുവര്‍ഷം വരെ ലഭിക്കുന്ന കുറ്റമാണെങ്കില്‍ ചോദ്യം ചെയ്തതിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കാം. എന്നാല്‍ അതിന് മുകളിലുള്ള കുറ്റമാണെങ്കില്‍ ജാമ്യമില്ലാത്ത കേസായി മാറി ഇന്ത്യന്‍ നീതിന്യായ സംഹിത പ്രകാരം അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യണം. അരിയില്‍ ഷുക്കൂര്‍ വധകേസില്‍ പി.ജയരാജന്‍ സമര്‍പ്പിച്ച ഹരജിക്ക് ശേഷം തലശേരി കോടതി കണ്ട ഏറ്റവും വലിയ വാദമാണ് കഴിഞ്ഞ ദിവസം കണ്ടത്. മൂന്ന് മണിക്കൂര്‍ പത്തുമിനുട്ട് വാദപ്രതിവാദങ്ങള്‍ നീണ്ടുനിന്നത്. പി.ജയരാജന് വേണ്ടി ഹാജരായ അഡ്വ. കെ. വിശ്വന്‍ തന്നെയാണ് ദിവ്യക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. എന്നാല്‍ രാഷ്ട്രീയ നിയമനമായിട്ടു കൂടി പ്രൊസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ. കെ. അജികുമാര്‍ സി.പി.എം നേതാവായ ദിവ്യയുടെ ജാമ്യ ഹരജി ശക്തിയുക്തം കോടതിയില്‍ എതിര്‍ത്തത് ശ്രദ്ധേയമായി.
സി.പി.എം അഭിഭാഷകനായ കെ.വിശ്വന്‍ രണ്ടു മണിക്കൂര്‍ പത്തുമിനുട്ട് പി.പി ദിവ്യ നിരപരാധിയാണെന്ന് വാദിച്ച് സമര്‍ത്ഥിച്ചപ്പോള്‍ പബ്‌ളിക്ക് പ്രൊസിക്യൂട്ടര്‍ കെ.അജി കുമാറും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കു വേണ്ടി ഹാജരായ ജോണ്‍ എസ് റാല്‍ഫും ചേര്‍ന്ന് ഒന്നര മണിക്കൂറാണ് വാദിച്ചത്.