ജയില്‍ വാസം ത്രില്ലായി കാണുന്ന അചഞ്ചല മനസ്സ്; ബെഡും പുതപ്പും തലയിണയും അടക്കം സുഖ സൗകര്യങ്ങള്‍; പ്രത്യേക ഭക്ഷണം ആഗ്രഹിച്ചാല്‍ അതും കിട്ടും; ജയില്‍ ഉദ്യോഗസ്ഥരുടെ മൊബൈലും ഉപയോഗിക്കാം; അകത്തായിട്ടും പാര്‍ട്ടിയുടെ മണിമുത്ത്; സന്ദര്‍ശകരായി സിപിഎം നേതാക്കളും; പള്ളിക്കുന്നിലെ ജയിലിനുള്ളില്‍ ദിവ്യ അടിച്ചു പൊളി മൂഡിലോ?
കണ്ണൂര്‍ :പള്ളിക്കുന്നിലെ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ജില്ലാ കമ്മിറ്റിയംഗം പി.പി ദിവ്യ യ്ക്ക് പിന്‍തുണയുമായി സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. ദിവ്യ റിമാന്‍ഡില്‍ കഴിയുന്ന പള്ളിക്കുന്നിലെ വനിതാ ജയിലിലാണ് കണ്ണൂര്‍ ജില്ലയിലെ ചില പ്രമുഖ നേതാക്കള്‍ രഹസ്യമായി സന്ദര്‍ശനം നടത്തിയത്. പാര്‍ട്ടി ഔദ്യോഗികമായി പിന്‍തുണയ്ക്കാതിരിക്കുമ്പോള്‍ നേതാക്കള്‍ ജയിലില്‍ എത്തിയത്. ഇവരില്‍ പലരും ജയിലില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനെന്ന വ്യാജേനെയാണ് എത്തിയത്.
സി.പി.എം നേതാക്കളായ ജില്ലാ പഞ്ചായത്തംഗങ്ങളും ജയിലില്‍ എത്തി. ഇതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഭാഗമായ പള്ളിക്കുന്ന് വനിതാ ജയിലില്‍ ദിവ്യയ്ക്ക് വി.ഐ.പി പരിഗണനയാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശത്താല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. പ്രത്യേക സെല്‍ ഇതിനായി സജ്ജീകരിച്ചു. ജയിലില്‍ ലഭ്യമാവുന്നതില്‍ ഏറ്റവും മികച്ച സെല്ലാണ് ഒരുക്കിയത്. ദിവ്യ റിമാന്‍ഡിലാവുമെന്ന് സൂചന ലഭിച്ചപ്പോള്‍ തന്നെ ജയിലിലും ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. റിമാന്‍ഡ് തടവുകാരിയായതിനാല്‍ പുറത്ത് വരാന്തയിലുടെ നടക്കാനും പുന്തോട്ടത്തിലും കൃഷിയിടത്തിലും പോകാന്‍ അനുമതിയുണ്ട്.
ബെഡ്, പുതപ്പ്, തലയിണയും നല്‍കിയിട്ടുണ്ട്. ഭക്ഷണം ജയില്‍ മെനു അനുസരിച്ചിട്ടുള്ളതാണെങ്കിലും പ്രത്യേക ഭക്ഷണം എന്തെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ എത്തിച്ചു കൊടുക്കാനും സംവിധാനങ്ങളുണ്ട്. നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യ പ്രേരണാ കുറ്റത്തിന് റിമാന്‍ഡിലായ പി.പി ദിവ്യ അചഞ്ചലമായ മനസോടെയാണ് ജയിലില്‍ കഴിയുന്നതെന്നാണ് വിവരം. താനിതൊക്കെ ഒരു ത്രില്ലായിയാണ് കാണുന്നതെന്നാണ് ദിവ്യ തന്റെ സന്ദര്‍ശകരില്‍ ചിലരോട് പറഞ്ഞതത്രെ.. നവീന്‍ ബാബു ജീവനൊടുക്കിയത് അപ്രതീക്ഷിതമാണെങ്കില്‍ ഇതിന് പിന്നില്‍ താനാണെന്ന് വരുത്തി തീര്‍ക്കാനുള്ള മാധ്യമ വേട്ടയാണ് നടക്കുന്നതെന്നാണ് ദിവ്യയുടെ പക്ഷം.
അഴിമതിക്കെതിരെ ശബ്ദിച്ചതിന് ആദ്യം പുകഴ്ത്തിയവര്‍ പിന്നീട് തന്നെ രാക്ഷസിയായി ചിത്രീകരിച്ചു സോഷ്യല്‍ മീഡിയയിലുടെ രംഗത്തുവന്നുവെന്നും ദിവ്യ ആരോപിക്കുന്നു. സി.പി.എം അനുകൂല ജയില്‍ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ ദിവ്യ ഉപയോഗിക്കുന്നതായും രഹസ്യവിവരമുണ്ട്. ഇതുപയോഗിച്ചാണ് ഇവര്‍ അഭിഭാഷകനായും കുടുംബവുമായി ബന്ധപ്പെടുന്നത്. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണെങ്കിലും ദിവ്യയ ക്കായി പ്രത്യേക ഇളവ് അനുവദിച്ചിരിക്കുകയാണ് സി.പി.എം അനുകൂല ഉദ്യോഗസ്ഥര്‍.
കല്യാശേരി മണ്ഡലത്തിലെ ഒരു ജനപ്രതിനിധിയും ഡി.വൈ.എഫ്.ഐ നേതാവുമാണ് ദിവ്യയ്ക്കായി പാര്‍ട്ടിക്കുള്ളിലും പുറത്തും രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നത്. ജില്ലാ നേതൃത്വത്തിലെ ചില നേതാക്കളുടെ പിന്‍തുണയും ഇവര്‍ക്കുണ്ട്. എ.ഡി.എം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ക്യാംപയിനാണ് ഇവര്‍ പാര്‍ട്ടി വൃത്തങ്ങളില്‍ നടത്തുന്നത്. മാത്രമല്ല കണ്ണൂരില്‍ ജോലി ചെയ്യുന്ന കാലയളവില്‍ ഇദ്ദേഹം സി.പി.ഐയുടെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിച്ചിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
സി.പി.എം എതിര്‍ത്തിട്ടും സി.പി.ഐ ജില്ലാ നേതുത്വമാണ് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റ് നേടിക്കൊടുത്തതെന്ന് നവീന്‍ ബാബു അടുപ്പമുള്ളവരോട് പറഞ്ഞിട്ടുണ്ടെന്നാണ് ഇവരുടെ വാദം.