ഒപ്പമുണ്ടെന്ന് കരുതിയവര്‍ തേച്ചു; ആവേശത്തോടെ തടിച്ചുകൂടിയ ജനക്കൂട്ടവും കൈവിട്ടു; കൂടെ കൂട്ടാതെ ഒളിച്ചു കളിച്ച് കോണ്‍ഗ്രസ്; നാട് നീളെ കേസെടുത്ത് പോലീസ്; സൈബര്‍ സഖാക്കളും മുങ്ങി; ചെറു സമ്മേളനങ്ങളെല്ലാം റദ്ദാക്കി മഞ്ചേരിയിലേക്ക് ശ്രദ്ധ കൊടുത്തിട്ടും ആശങ്ക ബാക്കി : ആകെ തകര്‍ന്ന് നെട്ടോട്ടമോടി അന്‍വര്‍

അന്‍വറിന്റെ പിണറായിയ്‌ക്കെതിരായ ആരോപണങ്ങളെല്ലാം പ്രതിപക്ഷം ഉയര്‍ത്തിയതായിരുന്നു

Update: 2024-10-04 08:26 GMT

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ വന്‍ പ്രതിസന്ധിയില്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നാണ് പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിന്റെ നിഗമനമെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ എസ് എസ് നേതാക്കളുടെ കൂടിക്കാഴച മാത്രമാണ് അജിത് കുമാറിന് വിനയായുള്ളത്. ഈ സാഹചര്യത്തില്‍ അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്ലാം തിരിഞ്ഞു കുത്തും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ മാനനഷ്ടക്കേസും പ്രതിസന്ധിയായി മാറും. ഇതിനൊപ്പമാണ് രാഷ്ട്രീയ ഒറ്റപ്പെടലും. പോലീസ് കേസുകളും പിന്നാലെ വരുന്നു. ഇതോടെ മുന്നിലുള്ള പ്രതിസന്ധി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോലും സമ്മതിക്കുന്ന അവസ്ഥയിലാണ് അന്‍വര്‍.യ

ഇടതു സ്വതന്ത്ര എംഎല്‍എയായിരുന്ന പിവി അന്‍വര്‍ മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനായിരുന്നു. മറുനാടന്‍ മലയാളിയേയും ഏഷ്യാനെറ്റ് ന്യൂസിനേയും കേസില്‍ തളയ്ക്കാന്‍ ചെസ്റ്റ് നമ്പറുമായി മുമ്പില്‍ നിന്ന അന്‍വറിന് പിന്നില്‍ സൈബര്‍ സഖാക്കള്‍ അണിനിരന്നു. കോടതിയുടെ പിന്തുണയില്‍ എല്ലാത്തിനേയും അതിജീവിക്കാന്‍ മറുനാടനായി. ഏഷ്യാനെറ്റ് ന്യൂസിനും ഒരു ചുക്കും സംഭവിച്ചില്ല. ഇതിനിടെയാണ് എഡിജിപി എം ആര്‍ അജിത് കുമാറിനേയും പോലീസിനേയും കടന്നാക്രമിച്ച് അന്‍വര്‍ എത്തിയത്. പോലീസിലെ പുഴിക്കുത്തുകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. പിന്നീട് അത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയായി. ഇതോടെ മുഖ്യമന്ത്രി തള്ളി പറഞ്ഞു. പ്രകോപിതനായ അന്‍വര്‍ എല്ലാ സീമകളും ലംഘിച്ച് വിമര്‍ശനവുമായി എത്തി. പിണറായി വിരുദ്ധ വികാരം മുതലെടുത്ത് പല വിധ കഥകളുമായി അന്‍വര്‍ കത്തിക്കയറി. ഇതോടെ പല പ്രതീക്ഷകളും വന്നു. അതെല്ലാം കാലക്രമത്തില്‍ തകരുകയാണ്.

ഒപ്പമുണ്ടെന്ന് കരുതിയവര്‍ എല്ലാം അന്‍വറിനെ കൈവിടുകയാണ്. തുടക്കത്തില്‍ സിപിഎമ്മിലെ ഒരു വിഭാഗം അന്‍വറിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ പൊതു ശത്രുവായി സിപിഎം അന്‍വറിനെ പ്രഖ്യാപിച്ചതോടെ അവരെല്ലാം കൈവിട്ടു. പുതിയ തെളിവുകളൊന്നും പുറത്തു വിടാന്‍ കഴിയാത്തതോടെ ആവേശത്തോടെ തടിച്ചുകൂടിയ ജനക്കൂട്ടവും കൈവിട്ടു. കൂടെ കൂട്ടാതെ ഒളിച്ചു കളിച്ച് കോണ്‍ഗ്രസും പ്രതിസന്ധിയിലാക്കി. നാട് നീളെ കേസെടുത്ത് പോലീസും അന്‍വറിനെ പൂട്ടാനെത്തുകയാണ്. സൈബര്‍ സഖാക്കളും പിന്തുണയ്ക്കുന്നില്ല. ചെറു സമ്മേളനങ്ങളെല്ലാം റദ്ദാക്കി മഞ്ചേരിയിലേക്ക് ശ്രദ്ധ കൊടുത്തിട്ടും അന്‍വര്‍ പ്രതിസന്ധിയിലാണ്. നിലമ്പൂരിന് അപ്പുറത്തേക്ക് ഒരു ശക്തിയും അന്‍വറിനില്ലെന്ന സന്ദേശമാണ് സിപിഎം അണികള്‍ക്ക് നല്‍കുന്നത്.

സിപിഎമ്മിനൊപ്പമുള്ള ഇടതു സ്വതന്ത്രര്‍ എല്ലാം തനിക്കൊപ്പം വരുമെന്ന് അന്‍വര്‍ രാഷ്ട്രീയ സ്വപ്‌നം കണ്ടു. കെടി ജലീലും കാരാട്ട് റസാഖും പിടിഎ റഹിമും കൈവിടില്ലെന്ന് അന്‍വര്‍ പ്രതീക്ഷിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് രാഷട്രീയത്തില്‍ നിന്ന് അവധി പ്രഖ്യാപിച്ച ജലീല്‍ പോലും അന്‍വറിനെ തുണച്ചില്ല. പിണറായിയ്‌ക്കൊപ്പമാണ് താനെന്ന് ജലീല്‍ തുറന്നടിച്ചു. സിപിഎം പറഞ്ഞാല്‍ അന്‍വറിനെതിരെ പ്രതികരിക്കുമെന്നും വ്യക്തമാക്കി. ഇതോടെ ഇടതു സ്വതന്ത്രരില്‍ അന്‍വര്‍ തനിച്ചായി. കരാട്ട് റസാഖും പിടിഎ റഹിമും അന്‍വറിന് വേണ്ടി ശബ്ദം പോലും ഉയര്‍ത്തിയില്ല. നിലമ്പൂരിലെ സമ്മേളനത്തില്‍ ഇവരില്‍ ഒരാളെങ്കിലും വരുമെന്ന് അന്‍വര്‍ പ്രതീക്ഷിച്ചു. നിലമ്പൂരില്‍ സാമാന്യം നല്ല ജനക്കൂട്ടമെത്തി. സര്‍ക്കാരിനെതിരെ പുതിയ വെളിപ്പെടുത്തലുണ്ടാകുമെന്ന് പ്രതീക്ഷയിലായിരുന്നു നിലമ്പൂരിലെ ആള്‍ക്കൂട്ടം. എന്നാല്‍ മുമ്പ് പറഞ്ഞ രാഷ്ട്രീയ അധിക്ഷേപം മാത്രമായി നിലമ്പൂരിലെ പ്രസംഗം. കോഴിക്കോടും ഒരു യോഗം നടന്നു. ഇതിലും കാമ്പില്ലാ പ്രസംഗമായിരുന്നു അന്‍വറിന്റേത്.

അന്‍വറിന്റെ പിണറായിയ്‌ക്കെതിരായ ആരോപണങ്ങളെല്ലാം പ്രതിപക്ഷം ഉയര്‍ത്തിയതായിരുന്നു. സ്വര്‍ണ്ണ കടത്തിലെ പോലീസിനെതിരായ പ്രഖ്യാപനങ്ങള്‍ കടത്തു കാര്‍ക്ക് വേണ്ടിയാണെന്നും തെളിഞ്ഞു. ചില കടത്തുകാര്‍ അന്‍വറിന് വേണ്ടി അഭിമുഖം നല്‍കി. എന്നാല്‍ കടത്തുകാരെ വെറുതെ വിടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ അവരും അന്‍വറിനെ കൈവിട്ടു. സിപിഎമ്മും സര്‍ക്കാരും ശത്രുവായി പ്രഖ്യാപിച്ച അന്‍വറിന് വേണ്ടി ശബ്ദമുയര്‍ത്തിയാല്‍ പണി കിട്ടുമെന്ന സന്ദേശം അവരിലുമെത്തി. ഇതോടെ ആ പുകമറ സൃഷ്ടിക്കലും വെറുതെയായി. വ്യാജ ആരോപണങ്ങളുമായി കോടതിയില്‍ പോയാല്‍ അടികിട്ടുമെന്ന ഭയം കാരണം നിയമ പോരാട്ടവും അന്‍വറിന് കഴിയാത്ത അവസ്ഥയിലാണ്. ഇതിനിടെയാണ് ഫോണ്‍ ചോര്‍ത്തലില്‍ അടക്കം കേസു വരുന്നത്. ഒരു പോലീസുകാരന്റെ ഫോണ്‍ സംഭാഷണം അന്‍വര്‍ പുറത്തു വിട്ടിരുന്നു. ഇത് വ്യാജമാണെന്നാണ് സൂചന. ഇതിലെ അന്വേഷണവും കുരുക്കാകും.

സൈബര്‍ സഖാക്കളെല്ലാം അന്‍വറിനെ കൈവിട്ടു. കോണ്‍ഗ്രസിലേക്ക് ചേക്കാറാമെന്ന പ്രതീക്ഷ അന്‍വറിന് ഇപ്പോഴുമുണ്ട്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇതിന് അനുകൂലമാണ്. രമേശ് ചെന്നിത്തലയ്ക്കും കുഴപ്പമില്ല. എന്നാല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അന്‍വറിനെ എതിര്‍ക്കുന്നു. മുസ്ലീം ലീഗും അംഗീകരിക്കില്ല. ഇതോടെ യുഡിഎഫ് മോഹം അസ്ഥാനത്തായി. എന്നാല്‍ ഇപ്പോഴും അത്ഭുതം പ്രതീക്ഷിക്കുന്നു. ഇതിന് വേണ്ടി മുസ്ലീലീഗിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് അന്‍വര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. വോട്ടു പിളര്‍ത്തി ലീഗിനെ തോല്‍പ്പിക്കുമെന്ന സന്ദേശം നല്‍കാനായിരുന്നു പുതിയ പാര്‍ട്ടി പ്രഖ്യാപനം. എന്നാല്‍ കെടി ജലീലിന്റെ നിലപാട് പ്രഖ്യാപനം ഈ മോഹത്തേയും തളര്‍ത്തുകയാണ്. ഇതോടെ കേരളം മുഴുവന്‍ നടന്നുള്ള പൊതു യോഗം നടത്തലുമെല്ലാം അന്‍വറിന്റെ പ്രഖ്യാപനം മാത്രമായി.

ഇന്നത്തെ അന്‍വറിന്റെ പത്ര സമ്മേളനത്തിലും പ്രതിസന്ധി തുറന്നു സമ്മതിക്കുന്നുണ്ട് അന്‍വര്‍. കണ്ണൂരിലെ പ്രഗത്ഭനായ സിപിഐഎം നേതാവ് തനിക്ക് പിന്തുണയറിയിക്കാന്‍ രംഗത്തെുണ്ടെന്ന് അന്‍വര്‍ പറയുന്നു. സിപിഐമ്മിന്റെ പല നേതാക്കളും തന്റെ പുതിയ പാര്‍ട്ടിക്ക് പിന്തുണയറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരും പരസ്യമായി ഇതു പറയുന്നുമില്ല. യുഡിഎഫിന്റെ എതിര്‍പ്പും വാക്കുകളില്‍ വ്യക്തം. നിമസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളോട് ഒപ്പമിരിക്കാന്‍ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തേക്ക് മാറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം അവര്‍ക്കാണ്, ഇതിന് രണ്ടിനുമിടയില്‍ സ്വതന്ത്രനായി നില്‍ക്കാനാണ് താത്പര്യം. എന്നെ പ്രതിപക്ഷമാക്കാനുള്ള വ്യഗ്രതയാണ് സിപിഐഎമ്മിന്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെങ്കില്‍ സ്വതന്ത്രമായി ഇരിക്കാന്‍ സാധിക്കും വിധം മറ്റൊരു ബ്ലോക്ക് ആക്കട്ടെ. നിയമസഭയില്‍ പിന്നെ താഴെയും ഇരിക്കാം. നല്ല കാര്‍പെറ്റാണ്. ഒരു തോര്‍ത്തുമുണ്ടും കൊണ്ടുപോയാല്‍ സുഖമായി ഇരിക്കാം-ഇതാണ് പ്രതികരണം.

പി ശശി അയച്ച വക്കീല്‍ നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ല. വന്നിട്ട് മറുപടി പറയാം. കുറഞ്ഞത് നൂറ് കേസെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്. എല്‍എല്‍ബി ചെയ്യാന്‍ പറ്റുമോ എന്നാണ് ആലോചിക്കുന്നത്. അതാകുമ്പോള്‍ സ്വയം വാദിക്കാമല്ലോ എന്നും അന്‍വര്‍ പരിഹസിച്ചു. നിയമസഭാ സമ്മേളനം ഇന്ന് ആരംഭിച്ചെങ്കിലും പി വി അന്‍വര്‍ നിയമസഭയിലേക്ക് എത്തിയില്ല. മുഖ്യമന്ത്രിയോടും സിപിഎമ്മിനോടും പരസ്യ പോരിനിറങ്ങിയ പി വി അന്‍വര്‍ എംഎല്‍എയുടെ നിയമസഭയിലെ ഇരിപ്പിടം പ്രതിപക്ഷ നിരയിലേക്ക് മാറ്റിയിരുന്നു. സിപിഎം പാര്‍ലമെന്ററികാര്യ സെക്രട്ടറി ടി രാമകൃഷ്ണന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇരിപ്പിടം മാറ്റിയത്.

Tags:    

Similar News