അന്‍വറിനെതിരെ പരാതിപ്പെട്ടത് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ് എസ് പി; ചുമത്തിയിരിക്കുന്നത് അതീവ ഗുരുതര വകുപ്പുകള്‍; നക്‌സല്‍ വേട്ടക്ക് നിയോഗിക്കപ്പെട്ട പോലീസുകാരുടെ ജീവന് ഭീഷണി ഉണ്ടാക്കാന്‍ വേണ്ടി രഹസ്യം ചോര്‍ത്തിയെന്ന് ആരോപണം: നിലമ്പൂര്‍ എംഎല്‍യെ അടപടലം പൂട്ടി ജയിലിലടച്ചേക്കും

ജാമ്യമില്ലാ കേസായതു കൊണ്ടു തന്നെ അന്‍വറിനെ ഏത് സമയവും അറസ്റ്റ് ചെയ്യാന്‍ പോലീസിനാകും.

Update: 2024-10-05 05:42 GMT

മലപ്പുറം:  മാവോയിസ്റ്റ് വേട്ടക്കും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും രഹസ്യ സ്വഭാവത്തോടെ കേരള പോലീസ് രൂപീകരിച്ച അരീക്കോട്ടെ പോലീസ് സ്പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്.ഒ.ജി) നല്‍കിയ പരാതി പിവി അന്‍വര്‍ എംഎല്‍എയ്ക്ക് കരുക്കാകും. രഹസ്യരേഖകള്‍ കൈവശപ്പെടുത്തി സേനാംഗങ്ങളുടെ ജീവന് ഭീഷണിയായ തരത്തില്‍ പരസ്യപ്പെടുത്തിയെന്നാണ് ആരോപണം. ഔദ്യോഗിക സുരക്ഷാ നിയമം, ഐ.ടി ആക്ട്, ഭാരതീയ ന്യായ സംഹിത എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം മഞ്ചേരി പോലീസാണ് കേസെടുത്തത്. ജാമ്യമില്ലാ കേസായതു കൊണ്ടു തന്നെ അന്‍വറിനെ ഏത് സമയവും അറസ്റ്റ് ചെയ്യാന്‍ പോലീസിനാകും.

അരീത്തോട് എസ്.ഒ.ജി സൂപ്രണ്ട് ടി. ഫറാഷ് മലപ്പുറം ജില്ലാ പോലീസിന് നല്‍കിയ പരാതിയിലാണ് കേസ്. സെപ്തംബര്‍ ഒമ്പതിന് മഞ്ചേരി മാലാംകുളത്തുള്ള പി.വി അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള മെട്രോ വില്ലേജില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് രഹസ്യ രേഖകള്‍ പ്രദര്‍ശിപ്പിക്കുകയും പോലീസ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും ചുമതലകളും വരെ പുറത്തുവിട്ടത്. കേരള പോലീസിന്റ പ്രത്യേക സേനാ വിഭാഗമായ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിന്റെ (എസ്.ഒ.ജി) പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ളതും ഗൗരവമേറിയതുമായ ഡ്യൂട്ടികള്‍ ചെയ്തു വരുന്ന അഞ്ച് സേനാംഗങ്ങളുടെ പേര് വിവരങ്ങളും വ്യക്തിഗത വിവരങ്ങളുമാണ് പുറത്തു വിട്ടത്.

സേനാവിഭാഗത്തിന്റെ ഔദ്യോഗിക രേഖകള്‍ രാജ്യത്തിന്റെ പരമാധികാരത്തിനും ദേശ സുരക്ഷക്കും ഭീഷണിയാകുന്ന തരത്തില്‍, മറ്റാരുടേയൊക്കയോ സഹായത്തോടെ കുറ്റകരമായ ഗൂഢാലോചന നടത്തിയും, കുറ്റകരമായ ദുരുദ്ദേശ്യത്തോടെ നിയമ വിരുദ്ധമായ വഴികളിലൂടെ കേരളാ പോലീസിന്റെ ഔദ്യോഗിക കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ നിന്നും ശേഖരിച്ച് കൈവശപ്പെടുത്തി സേനാംഗങ്ങളുടെ ജീവന് ഭീഷണിയാവുന്ന തരത്തില്‍ ആയത് മനഃപൂര്‍വ്വം പരസ്യമായി വെളിപ്പെടുത്തി എന്നും മറ്റുമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

എസ്.ഒ.ജി ആസ്ഥാനത്തെ രഹസ്യരേഖകളടക്കം കൈവശപ്പെടുത്തി പി.വി അന്‍വര്‍ എം.എല്‍.എക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് മുന്‍ എസ്.പി പി.ക്കെതിരേയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2023 ഡിസംബര്‍ മുതല്‍ 2024 ജനുവരി വരെ ഒരു മാസക്കാലമാണ് ഈ എസ് പിക്ക് സ്പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിന്റെ ചുമതലയുണ്ടായിരുന്നത്. പോലീസ് സേന അതീവരഹസ്യമായി സൂക്ഷിച്ചിരുന്ന ഇവിടെ ജോലി ചെയ്തിരുന്ന അസിസ്റ്റന്റ് കമാണ്ടന്റ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും പെന്‍ നമ്പറുമടക്കം എം.എല്‍.എ സെപ്തംബര്‍ 9ന് നടത്തിയ പത്രസമ്മേളനത്തില്‍ പുത്തുവിട്ടിരുന്നു. ഇത് സംബന്ധിച്ച പോലീസ് രേഖകളും കാണിച്ചിരുന്നു.

ഉദ്യോഗസ്ഥരുടെ റാങ്ക്, ഡ്യൂട്ടി, ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കുന്നതടക്കമുള്ള അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങളും എം.എല്‍.എ പുറത്ത് വിട്ടിരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രമാണിതെന്നും എം.എല്‍.എ വിവരിച്ചിരുന്നു. ആഭ്യന്തര സുരക്ഷയെ അതീവഗുരുതരമായി ബാധിക്കുന്നതായി വിലയിരുത്തിയാണ് ഇന്റലിജന്‍സും ആഭ്യന്തര സുരക്ഷാ വിഭാഗവും നേരത്തെ അന്വേഷണം നടത്തി ശക്തമായ നടപടിക്കായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്.ഒ.ജി സൂപ്രണ്ടന്റ് തന്നെ പോലീസില്‍ പരാതി നല്‍കിയത്.

പോലീസിലെ ഉന്നതര്‍ക്കെതിരെ പി.വി അന്‍വര്‍ എം.എല്‍.എക്ക് വിവരങ്ങള്‍ കൈമാറിയവരെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഇന്റലിജന്‍സ് നേരത്തെ ശേഖരിച്ചിരുന്നു. രണ്ട് എസ്.പിമാരും ഡി.വൈ.എസ്പിയും പോലീസ് ഡാന്‍സാഫ് സ്‌ക്വാഡിലുള്ളവരും വിരമിച്ചവരും പോലീസില്‍ നിന്നും പിരിച്ചുവിട്ടവരടക്കം 20തോളം പേരുടെ പങ്കാണ് വ്യക്തമായിട്ടുള്ളത്. കൊണ്ടോട്ടിയിലടക്കം ഇവര്‍ യോഗം ചേര്‍ന്നതിന്റെയും ഇവര്‍ രൂപീകരിച്ച വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അടക്കമുള്ള വിവരങ്ങള്‍ ഇന്റലിജന്‍സിന് ലഭിച്ചിട്ടുണ്ട്. ഗോള്‍ഡ് കാരിയര്‍മാരും പോലീസിന് വിവരങ്ങള്‍ നല്‍കുന്ന ഇന്‍ഫോര്‍മര്‍മാരടക്കം ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

മമ്പാട് എം.ഇ.എസ് കോളേജില്‍ പി.വി അന്‍വറിന്റെ സഹപാഠിയായിരുന്നു ആരോപണ വിധേയനായ എസ്പി. സി.പി.എം സഹയാത്രികനായ പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീമില്‍ നിന്നും ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം തട്ടിയ കേസ് സിവില്‍ സ്വഭാവമുള്ളതാണെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി പി.വി അന്‍വര്‍ എം.എല്‍.എയെ അറസ്റ്റില്‍ നിന്നും രക്ഷിച്ചയാളാണ് ഈ സഹപാഠിയെന്നും ആരോപണമുണ്ട്.

Tags:    

Similar News