പിണറായിയുടെ അതിവിശ്വസ്തനായി അഭിനയിച്ച് 2016ലെ 14.38 കോടിയുടെ ആസ്തി 2021ല്‍ 64.14 കോടിയാക്കി; ആഫ്രിക്കയിലെ സ്വര്‍ണ്ണ ഖനനം അടക്കം പിരിവിനുള്ള കുതന്ത്രം; 15 ബിനാമി അക്കൗണ്ടുകളും തെളിഞ്ഞു; ഇത് ആദായ നികുതി റിട്ടേണുകളില്‍ 'വരുമാനം' ഇല്ലാ കാലവും; ഇനി 'നിലമ്പൂരിസം' അനുവദിക്കില്ലെന്ന് ഐറ്റി വകുപ്പും; 11 കോടി പിഴയടക്കണം; ഇഡിയുടെ നീക്കം അറസ്റ്റിനും; എല്ലാവരും കൈവിട്ടു; ശിഷ്ടകാലം അന്‍വറിന് ജയില്‍ വാസമോ?
കൊച്ചി: നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി.അന്‍വറിന് ദുരൂഹ ബിനാമി ഇടപാടുകളെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി). കള്ളപ്പണ ഇടപാടുകള്‍ നടന്നുവെന്ന് സ്ഥിരീകരിക്കുമ്പോള്‍ ആദായ നികുതി വകുപ്പും നടപടികളിലേക്ക്. 2016ല്‍ 14.38 കോടി രൂപയുടെ സ്വത്താണ് പി.വി.അന്‍വറിന് ഉണ്ടായിരുന്നത്. 2021ല്‍ അതു 64.14 കോടിയായി. എന്നാല്‍ ആദായ നികുതി റിട്ടേണുകളില്‍ 'വരുമാനം' ഇല്ലാ കാലമായിരുന്നു അന്‍വറിന് ഈ കാലയളവ് എന്നാണ് സൂചന. ഈ സാഹചര്യത്തില്‍ അന്‍വറിന് വന്‍തുക പിഴയായി ഒടുക്കേണ്ടി വരും. ഇതിനുള്ള നടപടികള്‍ ആദായ നികുതി വകുപ്പ് തുടങ്ങി കഴിഞ്ഞു. 11 കോടി അധികം പിഴ ഒടുക്കേണ്ടി വരും. ഇഡി കണ്ടെത്തുലുകളെ ആദായ നികുതി വകുപ്പ് ഗൗരവത്തില്‍ എടുത്തിട്ടുണ്ട്.
ഈ വാര്‍ത്തയുടെ വിശദ വീഡിയോ സ്‌റ്റോറി ചുവടെ
ഇഡി അന്‍വറിനെ ചോദ്യം ചെയ്യും. കൊച്ചി ഓഫിസില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കും. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനുമായി (കെഎഫ്‌സി) ബന്ധപ്പെട്ട വായ്പ തട്ടിപ്പില്‍ അന്‍വറിന്റെ മലപ്പുറത്തെ വീട്ടില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു. കെഎഫ്‌സിക്ക് 22.30 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധനയ്ക്കുശേഷം കണ്ടെത്തി. ഒരേ വസ്തു ഈടു നല്‍കി രണ്ടു വായ്പകള്‍ രണ്ടു പേരുകളില്‍ എടുത്തതു തനിക്കു വേണ്ടിയാണെന്ന് അന്‍വര്‍ സമ്മതിച്ചതായി ഇ.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് ബിനാമി ഇടപാടിന്റെ സ്ഥിരീകരണമാണ്. ഈ സാഹചര്യത്തില്‍ ഇഡിക്കൊപ്പം ആദായ നികുതി വകുപ്പും പരിശോധനകള്‍ നടത്തും. ആദായ നികുതി വകുപ്പും അന്‍വറിന്റെ വീട്ടില്‍ റെയ്ഡ് നടത്താന്‍ സാധ്യതയുണ്ട്. അന്‍വറിന് നിലവില്‍ വരുമാന മാര്‍ഗ്ഗമൊന്നുമില്ല. അന്‍വറിന്റെ മകന്‍ ദുബായിലാണുളളതെന്നും ഇഡി മനസ്സിലാക്കിയിട്ടുണ്ട്. ഒരു പ്രവാസി വ്യവസായിയുടെ സഹായത്തോടെയാണ് അവിടെ നില്‍ക്കുന്നതെന്നാണ് സൂചന.
2016 മുതല്‍ 2021 കാലയളവില്‍ കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്. അന്ന് പിണറായിയുടെ വലം കൈയ്യായിരുന്നു അന്‍വര്‍. ഈ സാഹചര്യത്തില്‍ ഭരണ സ്വാധീനമുപയോഗിച്ചാണ് അന്‍വര്‍ പടര്‍ന്ന് പന്തലിച്ചതെന്നും വ്യക്തം. അന്‍വറിന് ആഫ്രിക്കയില്‍ സ്വര്‍ണ്ണ ഖനനം ഉണ്ടായിരുന്നുവെന്നതിന് തെളിവൊന്നും ഇഡിയ്ക്ക് കിട്ടിയിട്ടില്ല. ഇത് കള്ളക്കഥയാണെന്നും കേരളത്തില്‍ ഇതിന്റെ പേരില്‍ പിരിവ് നടത്താനായിരുന്നു അന്‍വറിന്റെ ശ്രമമെന്നുമാണ് ഇഡിയുടെ നിഗമനം. എല്ലാ അര്‍ത്ഥത്തിലും വരുമാനമില്ലാ കാലത്തെ ആസ്തി വളര്‍ച്ച ഇഡിയേയും അമ്പരപ്പിച്ചിട്ടുണ്ട്. ചോദ്യം ചെയ്ത ശേഷം അന്‍വറിനെ അറസ്റ്റു ചെയ്യാനാണ് സാധ്യത. കൂടെയുണ്ടായിരുന്നവരെല്ലാം അന്‍വറിനെ കൈവിട്ടിട്ടുണ്ട്. ഇതും അന്‍വറിനെ അസ്വസ്ഥനാക്കുന്നുണ്ട്.
ഇഡി നടത്തിയ പരിശോധനയില്‍ പി വി അന്‍വറിന്റെ ബിനാമികളെന്ന് കരുതുന്ന 15 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തി. പി വി അന്‍വറിന്റെ ഒതായിയിലെ വീട്ടിലും തട്ടിപ്പുമായി ബന്ധപ്പട്ട മറ്റുള്ളവരുടെ വീട്ടിലും വിവിധ സ്ഥാപനങ്ങളിലും വെള്ളിയാഴ്ച ഇഡി നടത്തിയ പരിശോധനയിലാണ് രേഖകള്‍ പിടികൂടിയത്. ബിനാമി അക്കൗണ്ടുകള്‍ ഉപയോഗിച്ച് സംശയാസ്പദ ഇടപാട് നടന്നുവെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. ഡിജിറ്റല്‍ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. 2015ല്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെഎഫ്‌സി) മുഖേനെ അനുവദിച്ച അനധികൃത വായ്പകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. അന്‍വറിന്റെ ഡ്രൈവര്‍ സിയാദ് അമ്പായത്തിങ്ങല്‍, മാലാംകുളം കണ്‍സ്ട്രക്ഷന്‍സ് കമ്പനി ഡയറക്ടറും സഹോദരപുത്രനുമായ അഫ്താബ് ഷൗക്കത്ത് എന്നിവരുടെ വീട്ടിലും മഞ്ചേരിയിലെ പിവിആര്‍ മെട്രോ വില്ലേജ്, കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ മലപ്പുറം ബ്രാഞ്ച് ഓഫീസ്, ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ വീടുകള്‍, അന്‍വറിന്റെ വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലുമാണ് പരിശോധന നടത്തിയത്.
കെഎഫ്‌സിയില്‍നിന്ന് രണ്ടുതവണയായി എടുത്ത വായ്പകളില്‍ ഈടുവച്ചത് ഒരേവസ്തുവാണെന്നും വായ്പാത്തുക വകമാറ്റി ചെലവഴിച്ചുവെന്നും ഇഡി സ്ഥിരീകരിച്ചു. വായ്പ അനുവദിക്കുന്നതില്‍ ജാഗ്രതക്കുറവുണ്ടായെന്നാണ് കെഎഫ്‌സി ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയത്. മലങ്കുളം കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ യഥാര്‍ഥ ഉടമ താനാണെന്ന് പി വി അന്‍വര്‍ ഇഡിക്ക് മൊഴി നല്‍കി. പ്രസ്തുത കമ്പനിയുടെ പേരിലെടുത്ത വായ്പ പിവീആര്‍ മെട്രോ വില്ലേജ് ടൗണ്‍ഷിപ്പ് പദ്ധതിക്കായി വകമാറ്റി ഉപയോഗിച്ചെന്നും സമ്മതിച്ചു. തദ്ദേശസ്ഥാപനത്തിന്റെ അനുമതിയില്ലാതെയാണ് ഇവിടെ നിര്‍മാണം നടത്തിയതെന്നും കണ്ടെത്തി. കെഎഫ്‌സി മലപ്പുറം ബ്രാഞ്ചില്‍നിന്ന് മതിയായ ഈടില്ലാതെ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയതിന് പി വി അന്‍വര്‍, ഡ്രൈവര്‍ സിയാദ് അമ്പായത്തിങ്ങല്‍, കെഎഫ്‌സി മലപ്പുറം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രതിയാക്കി വിജിലന്‍സ് ജൂലൈയില്‍ കേസെടുത്തിരുന്നു. കൊല്ലത്തെ വ്യവസായിയും പ്ലാന്ററുമായ മുരുഗേഷ് നരേന്ദ്രന്റെ പരാതിയിലായിരുന്നു അന്വേഷണം. തുടര്‍ന്നാണ് കള്ളപ്പണ ഇടപാടില്‍ ഇഡി അന്വേഷണം ആരംഭിച്ചത്.
മലങ്കുളം കണ്‍സ്ട്രക്ഷന്‍സിന്റെ പേരില്‍ 7.50 കോടി രൂപയും പിവിആര്‍ ഡെവലപ്പേഴ്‌സിന്റെ പേരില്‍ രണ്ടു തവണയായി 3.05 കോടി, 1.56 കോടി രൂപ വീതവും വായ്പയെടുത്തു. ഇവ തിരിച്ചടയ്ക്കാതെ 22.30 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടാക്കിയത്. 2016ല്‍ 14.38 കോടി രൂപയുടെ സ്വത്താണ് പി.വി.അന്‍വറിന് ഉണ്ടായിരുന്നത്. 2021ല്‍ അതു 64.14 കോടിയായി. ഇതിന്റെ കാരണം വ്യക്തമാക്കാന്‍ അന്‍വറിനു കഴിഞ്ഞില്ലെന്നും അന്വേഷണ സംഘം പറഞ്ഞു. 20152020 കാലഘട്ടത്തില്‍ നഷ്ടക്കണക്കാണ് അന്‍വര്‍ ബോധിപ്പിച്ചിട്ടുള്ളത്. പരിശോധനയില്‍ വരുമാനത്തില്‍ ഇത്രയും വലിയ വര്‍ധനയാണ് ഇ.ഡി കണ്ടെത്തിയത്.
കെഎഫ്‌സിയിലെ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് ഒറ്റത്തവണ തീര്‍പ്പാക്കലിന് അപേക്ഷ നല്‍കിയിരുന്നെന്നും അതു നിരാകരിച്ചതിനു പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുണ്ടായെന്നും പി.വി.അന്‍വര്‍ പറഞ്ഞു. കെഎഫ്‌സിയില്‍ നിന്ന് 9.5 കോടി രൂപ വായ്പയെടുത്തിട്ടുണ്ട്. അതില്‍ 6 കോടിയിലേറെ തിരിച്ചടച്ചു. ബാക്കി തുകയ്ക്ക് ഒറ്റത്തവണ തീര്‍പ്പാക്കലിന് അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ കള്ളപ്പണ ഇടപാടുണ്ടെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും അന്‍വര്‍ പറഞ്ഞു.
