ഭസ്മകുളത്തിന് പിന്നിലെ അഴിമതി ലക്ഷ്യം തകര്‍ത്തു; എഡിജിപിയുടെ ട്രാക്ടര്‍ യാത്രയെ മാപ്പു പറയലാക്കിയതും ഈ ജ്യുഡീഷ്യല്‍ കണ്ണ്; ഇരു ചെവി അറിയാതെ ദ്വാരപാലക ശില്‍പ്പത്തെ വീണ്ടും 'ചെമ്പാക്കി' സ്വര്‍ണ്ണം പൂശിക്കാനുള്ള 'അതിമോഹം' തകര്‍ന്നതും തട്ടക്കാരന്റെ കരുതലില്‍; ശബരിമലയില്‍ 'അയ്യപ്പ വിജയം' സാധ്യമാക്കിയത് ആര്‍ ജയകൃഷ്ണന്‍ എന്ന ഒറ്റയാന്‍; സന്നിധാനത്തെ കാവലാള്‍ ന്യായാധിപന്റെ കഥ
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണ തട്ടിപ്പ് പുറത്തു വരുമ്പോള്‍ അത് കണ്ടു പിടിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്ന വാദമാണ് പ്രസിഡന്റ് പി എസ് പ്രശാന്ത് മുമ്പോട്ട് വയക്കുന്നത്. തന്റെ കാലത്ത് എല്ലാം കിറുകൃത്യമാണെന്നും പറയുന്നു. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണ്. ഒരു വ്യക്തിയുടെ കരുതലാണ് ഈ തട്ടിപ്പ് പുറത്തു കൊണ്ടു വന്നത്. ഭസ്മ കുളത്തിന്റെ നവ നിര്‍മ്മാണത്തിലൂടെ കോടികള്‍ കീശയിലാക്കാന്‍ ചിലര്‍ നടത്തിയ ശ്രമത്തെ പൊളിച്ച അതേ വ്യക്തി. 2024ല്‍ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറായി ആര്‍ ജയകൃഷ്ണന്‍ എത്തിയതാണ് നിര്‍ണ്ണായകമായത്. ഇതോടെ ശബരിമലയിലെ കള്ളക്കളികളുടെ 'ചെമ്പ്' തെളിയാന്‍ തുടങ്ങി. ഭസ്മകുളത്തിലെ കള്ളക്കളികള്‍ കണ്ടെത്തിയ അതേ ജയകൃഷ്ണന്റെ റിപ്പോര്‍ട്ടാണ് ശബരിമലയിലെ എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്രയും പൊളിച്ചത്. ഫോട്ടോകള്‍ സഹിതമാണ് അന്ന് അജിത് കുമാറിന്റെ യാത്ര ജയകൃഷ്ണന്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. സന്നിധാനത്ത് ഇല്ലെങ്കിലും അവിടെ നടക്കുന്നത് അറിയാനുള്ള അക കണ്ണ് ജയകൃഷ്ണന് കിട്ടി. അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്രയില്‍ നടത്തിയതിനേക്കാള്‍ വലിയ ചടുല നീക്കമാണ് ജഡ്ജ് ജയകൃഷ്ണന്‍ സ്വര്‍ണ്ണ പാളിയില്‍ നടത്തിയത്. അതീവ രഹസ്യമായി സ്വര്‍ണ്ണ പാളിയുമായി കടന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തന്ത്രങ്ങള്‍ പാളി. ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് വഴങ്ങാത്ത ഒരാളെ ഉണ്ടായിരുന്നുള്ളൂ... .അതായിരുന്നു തട്ടക്കാരന്‍ ജയകൃഷ്ണന്‍. സ്വര്‍ണ്ണ പാളികള്‍ തന്നെ അറിയിക്കാതെ ഇളക്കി കൊണ്ടു പോയി എന്ന് ഹൈക്കോടതിയെ ജയകൃഷ്ണന്‍ അറിയിച്ചിടത്തു നിന്നാണ് വിവാദങ്ങളുടെ തുടക്കം. ആദ്യമെല്ലാം ഇതില്‍ പ്രശ്‌നമൊന്നുമില്ലെന്ന് വീമ്പ് പറഞ്ഞു ദേവസ്വം ബോര്‍ഡ്. സ്വര്‍ണ്ണ പാളി പോലും നന്നാക്കാന്‍ കൊണ്ടു പോകാനുള്ള അവകാശം ദേവസ്വത്തിന് ഇല്ലേ എന്ന ചര്‍ച്ചയും ഉയര്‍ത്തി. പെട്ടെന്നാണ് കള്ളക്കളികള്‍ ഓരോന്നായി പുറത്തേക്ക് വന്നത്.
2018ലെ സ്വര്‍ണ്ണ പാളിയിലേക്ക് കാര്യങ്ങളെത്തി. സമാന രീതിയില്‍ സ്വര്‍ണ്ണം മോഷ്ടിക്കാനായിരുന്നു 2025ലും ലക്ഷ്യം. പക്ഷേ ജയകൃഷ്ണന്‍ എന്ന ജ്യുഡീഷ്യല്‍ ഓഫീസര്‍ അത് തടഞ്ഞുവെന്നതാണ് വസ്തുത. ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്‍പങ്ങളില്‍ 2019 ല്‍ സ്വര്‍ണംപൂശി സ്ഥാപിച്ച പാളികള്‍ വീണ്ടും അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതുമായി ബന്ധപ്പെട്ടും തട്ടിപ്പിനു ശ്രമം. 2019 ല്‍ സ്ഥാപിച്ചത് 50 പവനോളം സ്വര്‍ണം പൂശിയ പാളികളായിരുന്നെങ്കിലും ചെന്നൈയില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാന്‍ കഴിഞ്ഞ വര്‍ഷം ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസറായിരുന്ന മുരാരി ബാബു നടത്തിയ കത്തിടപാടിലും ഫയലിലും അതു വീണ്ടും 'ചെമ്പ്' പാളികളായി. 1999 ല്‍ ഒന്നര കിലോഗ്രാം സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലക ശില്‍പത്തിന്റെ പാളികള്‍ 2019 ല്‍ ചെമ്പ് പാളിയെന്നു മഹസറില്‍ രേഖപ്പെടുത്തി തട്ടിപ്പിനു കളമൊരുക്കിയതും മുരാരി ബാബുവായിരുന്നുവെന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് മുരാരിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇടനിലക്കാരനായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം പാളികള്‍ ഇളക്കി കൊടുത്തുവിടാനായിരുന്നു ശ്രമം. സ്വര്‍ണം പൂശിയതിന്റെ 40 വര്‍ഷത്തെ വാറന്റി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ പേരിലാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിനായി മുരാരി ബാബു ദേവസ്വം ബോര്‍ഡിനോട് അനുമതി തേടിയെങ്കിലും ലഭിച്ചില്ല. എന്നാല്‍, ആ നടപടിയുടെ തുടര്‍ച്ചയായാണ് കഴിഞ്ഞ മാസം പാളികള്‍ ഇളക്കിയെടുത്ത് ഉദ്യോഗസ്ഥര്‍ മുഖേന ചെന്നൈയില്‍ എത്തിച്ചത്. ഹൈക്കോടതി നിയോഗിച്ച സ്‌പെഷല്‍ കമ്മിഷണറെ അറിയിക്കാതെയായിരുന്നു ഇത്. സ്‌പെഷ്യല്‍ കമ്മീഷണറായ ന്യായാധിപന്‍ ജയകൃഷ്ണന്‍ ഇത് അറഞ്ഞിടത്ത് തുടങ്ങിയതാണ് സര്‍ക്കാരിന്റേയും ദേവസ്വം ബോര്‍ഡിന്റേയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടേയും നെട്ടോട്ടം.
ശബരിമലയിലേത് അയ്യപ്പന്റെ ഇടപെടലാണെന്ന് സിപിഎം നേതാവ് എകെ ബാലനും സമ്മതിക്കുന്നു. അയ്യപ്പനാണ് വിജയിക്കുന്നത്. ഈ വിജയം സാധ്യമാക്കിയത് ആര്‍ ജയകൃഷ്ണന്‍ എന്ന ജഡ്ജിയുടെ ഇടപെടലാണെന്നതാണ് വസ്തുത. ഇടനിലക്കാരനായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം പാളികള്‍ ഇളക്കി കൊടുത്തുവിടാനായിരുന്നു ശ്രമം. സ്വര്‍ണം പൂശിയതിന്റെ 40 വര്‍ഷത്തെ വാറന്റി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ പേരിലാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിനായി മുരാരി ബാബു ദേവസ്വം ബോര്‍ഡിനോട് അനുമതി തേടിയെങ്കിലും ലഭിച്ചില്ല. എന്നാല്‍, ആ നടപടിയുടെ തുടര്‍ച്ചയായാണ് കഴിഞ്ഞ മാസം പാളികള്‍ ഇളക്കിയെടുത്ത് ഉദ്യോഗസ്ഥര്‍ മുഖേന ചെന്നൈയില്‍ എത്തിച്ചത്. ഹൈക്കോടതി നിയോഗിച്ച സ്‌പെഷല്‍ കമ്മിഷണറെ അറിയിക്കാതെയായിരുന്നു ഇത്. തട്ടിപ്പു നടന്ന 2019 ല്‍ പുതിയതായി സ്ഥാപിച്ച പാളികളില്‍ 397 ഗ്രാം സ്വര്‍ണമാണ് പൂശിയത്. 4 വര്‍ഷത്തിനു ശേഷം 2023 ല്‍ തന്നെ ഇതിനു കേടുപറ്റിയെന്നു ചൂണ്ടിക്കാട്ടി വീണ്ടും ഇളക്കിയെടുത്തു കൊണ്ടുപോകാനുള്ള നീക്കം ആരംഭിച്ചിരുന്നു. ഉണ്ണിക്കൃഷ്ണന്‍ പോറ്റി തന്നെയാണ് ഇതിനും ചരടു വലിച്ചതെന്നാണ് വിവരം. 2024 ഒക്ടോബര്‍ 10ന് മുരാരി ബാബു സ്മാര്‍ട് ക്രിയേഷന്‍സിന് അയച്ച കത്തില്‍ ശില്‍പത്തിലെ 'ചെമ്പ്' പാളികളുടെ അറ്റകുറ്റപ്പണി നടത്തി സ്വര്‍ണം പൂശണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അവര്‍ ഒക്ടോബര്‍ 16ന് അയച്ച മറുപടിക്കത്തില്‍ വ്യക്തമാകുന്നു. ഒരു ചെലവുമില്ലാതെ 34 ആഴ്ചയ്ക്കുള്ളില്‍ ഇതു ചെയ്തു നല്‍കാമെന്നും പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടണമെന്നും കത്തില്‍ പറയുന്നുണ്ട്. ഈ മറുപടിക്കത്തിന്റെ പകര്‍പ്പിലാണ് 'ദ്വാരപാലക ശില്‍പങ്ങള്‍ കൊടുത്തുവിടാന്‍ അനുവദിക്കണം' എന്ന കുറിപ്പ് മുരാരി ബാബു ദേവസ്വം ബോര്‍ഡിനു നല്‍കിയത്. പിന്നാലെ ഉണ്ണിക്കൃഷ്ണന്‍ പോറ്റി നേരിട്ടു വിളിച്ച് ഈ വിഷയം സംസാരിച്ചെങ്കിലും അനുമതി നിരസിച്ചുവെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറയുന്നു.
ശബരിമല ക്ഷേത്രത്തിന്റെ സ്‌പെഷ്യല്‍ കമ്മീഷണറായി ആര്‍. ജയകൃഷ്ണനെ കേരള ഹൈക്കോടതി നിയമിച്ചത് 2024നാണ് . രണ്ടു വര്‍ഷത്തേക്കാണ് ഈ സുപ്രധാന പദവിയിലേക്ക് അദ്ദേഹത്തെ നിയമിച്ചിത്. അന്ന് പട്ടികജാതി/പട്ടികവര്‍ഗ്ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരമുള്ള കേസുകള്‍ പരിഗണിക്കുന്ന കൊല്ലം കൊട്ടാരക്കരയിലെ പ്രത്യേക കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചുവരികയാണ് ആര്‍. ജയകൃഷ്ണന്‍. ശബരിമല ക്ഷേത്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, ഭരണപരമായ കാര്യങ്ങള്‍, തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുക എന്നതാണ് സ്‌പെഷ്യല്‍ കമ്മീഷണറുടെ പ്രധാന ചുമതല. ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമപരമായ മേല്‍നോട്ടം ഉറപ്പാക്കുക, കണ്ടെത്തുന്ന പ്രശ്‌നങ്ങളും ആവശ്യമായ ശുപാര്‍ശകളും ഹൈക്കോടതിക്ക് റിപ്പോര്‍ട്ടുകളായി സമര്‍പ്പിക്കുക എന്നിവയും ചുമതലയാണ്. മണ്ഡല-മകരവിളക്ക് മഹോത്സവമുള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങളില്‍ ദശലക്ഷക്കണക്കിന് ഭക്തരെത്തുന്ന ശബരിമലയില്‍, സുഗമമായ തീര്‍ത്ഥാടനം ഉറപ്പാക്കുന്നതിലും നിയമപ്രകാരമുള്ള ക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നതിലും സ്‌പെഷ്യല്‍ കമ്മീഷണര്‍ക്ക് നിര്‍ണായക പങ്കുണ്ട്. മുന്‍കാലങ്ങളിലും ഈ പദവിയിലുണ്ടായിരുന്നവര്‍ ക്ഷേത്രത്തിന്റെ സുസ്ഥിരമായ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
കൊല്ലം കൊട്ടാരക്കരയിലെ പ്രത്യേക കോടതി ജഡ്ജി എന്ന നിലയില്‍ ആര്‍. ജയകൃഷ്ണന്റെ സേവന പരിചയം, ശബരിമലയിലെ സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അദ്ദേഹത്തിന് മുതല്‍ക്കൂട്ടാകുമെന്ന് അന്ന് തന്നെ വിലയിരുത്തപ്പെട്ടിരുന്നു. കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹത്തിനുള്ള പ്രായോഗിക ജ്ഞാനം, ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധ സാമൂഹികവും നിയമപരവുമായ വിഷയങ്ങളില്‍ കൃത്യമായ കാഴ്ചപ്പാടോടെ ഇടപെടാന്‍ അദ്ദേഹത്തെ സഹായിച്ചുവെന്നതാണ് വസ്തുത. ശബരിമല ക്ഷേത്രത്തിന്റെ കാര്യങ്ങളില്‍ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമായ നിയമപരമായ മേല്‍നോട്ടം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഈ ജഡ്ജി പ്രവര്‍ത്തിക്കുകയും ചെയ്തു. ശബരിമല ക്ഷേത്രത്തിന്റെയും തീര്‍ത്ഥാടകരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ജയകൃഷ്ണന്റെ സേവനം എത്രത്തോളം നിര്‍ണ്ണായകമായി എന്നതിന് തെളിവാണ് സ്വര്‍ണ്ണ പാളിയിലെ അദ്ദേഹത്തിന്റെ ഇടപെടല്‍. ജയകൃഷ്ണന്‍ ജില്ലാ ലീഗല്‍ അതോറിറ്റി സെക്രട്ടറിയായിരുന്ന കാലത്താണ് രാജ്യത്തെ മികച്ച ലീഗല്‍ സര്‍വ്വീസ് അതോറിട്ടിക്കുള്ള ദേശീയ പുരസ്‌കാരം പത്തനംതിട്ടയ്ക്ക് കിട്ടിയത്. കോട്ടയത് ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട്, തിരുവനന്തപുരം വാടക നിയന്ത്രണ കോടതിയില്‍ ജൂനിയര്‍ സിവില്‍ ജഡ്ജ്, പത്തനംതിട്ട ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട്, സബ് ജഡ്ജ്, തിരുവനന്തപുരത്ത് ചീഫ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേട്ട്, പോക്‌സോ കോടതി ജഡ്ജ്, സര്‍വ്വകലാശാല അപ്പലേറ്റ് ട്രിബ്യൂണല്‍ ജഡ്ജ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
പന്തളം എന്‍ എസ് എസ് ബോയ്‌സ് ഹൈസ്‌കൂളില്‍ പ്രഥമാധ്യാപകനായി വിരമിച്ച തട്ടയില്‍ കൊറ്റിനാട്ട് പരേതനായ വിജി രാമചന്ദ്രകുറുപ്പിന്റെ മകനാണ് ജയകൃഷ്ണന്‍. പെരുമ്പുളിക്കല്‍ എസ് എസ് എസ് എച്ച് എസില്‍ പ്രഥമാധ്യാപികയായിരുന്ന കെ ശാരദാമ്മയാണ് അമ്മ. പിവി സ്മിതയാണ് ഭാര്യ. രണ്ടു മക്കളുമുണ്ട്.