ബസിൽ വെച്ച് പീഡനശ്രമം; കെഎസ്ആർടിസി ഡ്രൈവർക്കെതിരായ വനിതാ കണ്ടക്ടറുടെ പരാതിയിൽ നടപടിയില്ല; ദുഷ്പ്രചാരം നടത്തി മാനസിക പീഡനവും; പ്രതി കുറ്റസമ്മതം നടത്തിയിട്ടും യുവതിയോട് അധികാരികളുടെ അവഗണന

Update: 2025-01-03 09:42 GMT

ഇരിട്ടി: പീഡന പരാതിയിൽ നടപടിയില്ലെന്ന ആരോപണവുമായി കെഎസ്ആർടിസി വനിതാ ബസ് കണ്ടക്ടർ. സഹപ്രവർത്തകനെതിരെയായിരുന്നു പീഡന പരാതി. കണ്ണൂർ കെഎസ്ആർടിസി ഡിപ്പോ അധികാരികൾക്ക് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയിട്ടും ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം. സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ സുധീഷ് ബാബുവിനെതിരെ ഇരിട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബർ മാസമായിരുന്നു വനിതാ ബസ് കണ്ടക്ടർക്കെതിരെ പീഡനമുണ്ടായത്. ബസിൽ വിശ്രമിക്കവെയാണ് യുവതിക്കെതിരെ ഡ്രൈവറുടെ ക്രൂരതയുണ്ടായത്. തുടർന്ന് യുവതി കെഎസ്ആർടിസി ഡിപ്പോ അധികാരികൾക്ക് പരാതി നൽകുകയായിരുന്നു. ശേഷം ട്രാൻസ്‌പോർട് വകുപ്പിലെ സ്ത്രീ സംരക്ഷണ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും ഇയാൾക്കെതിരെ നടപടിയുണ്ടായില്ല. എന്നാൽ പ്രതി ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ യുവതിക്കെതിരെ ദുഷ്പ്രചാരങ്ങൾ നടത്തി മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് ആരോപണം.

സംഭവത്തിൽ യുവതി ഇരിട്ടി പൊലീസിൽ പരാതി നൽകി. ബിഎൻഎസ് 75 (1), 79 വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ പ്രതി നടത്തുന്ന ദുഷ്പ്രചാരങ്ങൾ ജോലിയെ ബാധിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. കെഎസ്ആർടിസി അധികാരികൾക്ക് നൽകിയ പരാതിയിൽ യൂണിറ്റ് തലത്തിൽ അന്വേഷണം നടത്തിയിരുന്നു. പ്രതി കുറ്റക്കാരനാണെന്ന് ബോധ്യമായിട്ടും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. ജീവന് പോലും ഭീക്ഷണി നിലനിൽക്കുമ്പോഴും പ്രതിക്കെതിരെ നടപടിയുണ്ടാകാത്തത് നിരാശാജനകമായ അവസ്ഥയാണെന്നും പ്രതിക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നുമാണ് പരാതിയിൽ പറയുന്നത്. 

Tags:    

Similar News