വാടകയ്‌ക്കെടുത്ത ഫ്ലാറ്റുകൾ പണയത്തിന്‌ നൽകി തട്ടിയത് ലക്ഷങ്ങൾ; മിന്റു മണിയുടെ അറസ്റ്റിന് പിന്നാലെ കൂടുതൽ പരാതികൾ; ഇതുവരെ മറുനാടന് കിട്ടിയത് 10 എഫ്ഐആറുകൾ; ചങ്ങനാശ്ശേരി സ്വദേശിക്ക് നഷ്ടമായത് 10 ലക്ഷത്തോളം രൂപ; തട്ടിപ്പിൽ ആശയെ കൂടാതെ എറണാകുളം സ്വദേശികളായ മുഹമ്മദ് സാദിഖും, നിസാമും പങ്കാളികൾ

Update: 2025-07-05 13:17 GMT

കാക്കനാട്: മാണിക്കുളങ്ങര ഗ്ലോബൽ വില്ലേജ് അപ്പാർട്ട്മെന്റിൽ ഫ്ലാറ്റ് നൽകാമെന്ന വ്യാജേന നടന്നത് വൻ തട്ടിപ്പ്. വാടകയ്ക്ക്‌ എടുത്ത ഫ്ലാറ്റുകൾ ഉടമ അറിയാതെ പണയത്തിന്‌ നൽകി പലരിൽനിന്നായി ലക്ഷങ്ങളാണ് പ്രതികൾ തട്ടിയത്. തട്ടിപ്പ് വാർത്ത പുറത്ത് വന്നതോടെ നിരവധി പേർ പരാതിയുമായി രംഗത്തെത്തുകയാണ്. കഴിഞ്ഞ ദിവസവും ഇൻഫോപാർക്ക്, തൃക്കാക്കര സ്റ്റേഷനുകളിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വാഴക്കാലയിൽ താമസിക്കുന്ന മിന്റു കെ മണി(39) യാണ് തട്ടിപ്പിലെ പ്രധാനി. ഇയാളെ കഴിഞ്ഞ ചൊവാഴ്ചയാണ് തൃക്കാക്കര പോലീസ് പിടികൂടിയത്. എന്നാൽ തട്ടിപ്പിൽ കൂടുതൽ പേർ പങ്കാളികളായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ഫ്ലാറ്റ്‌ തട്ടിപ്പിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 10 കേസുകളുടെ എഫ്ഐആറുകൾ മറുനാടൻ ശേഖരിച്ചിട്ടുണ്ട്. തൃക്കാക്കര സ്റ്റേഷനിലെ നാലും ഇൻഫോപാർക്ക് സ്റ്റേഷനിലെ ആറ് കേസുകളുടെയും വിവരങ്ങളാണ് മറുനാടന് ലഭിച്ചിരിക്കുന്നത്. നൂറോളംപേർ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. മിന്റ് കെ മണി അറസ്റിലായതിന് പിന്നാലെ തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്തിക്കുന്ന കേസിൽ 4 പ്രതികളാണുള്ളത്. കാക്കനാട് സ്വദേശിയായ ആശയാണ് തട്ടിപ്പിലെ മറ്റൊരു പ്രതി. ഇവരെ കൂടാതെ മുഹമ്മദ് സാദിഖ്, നിസാം എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചങ്ങനാശ്ശേരി സ്വദേശി നൽകിയ പരാതിയിലാണ് കേസ്. പത്ത് ലക്ഷത്തോളം രൂപയാണ് പരാതിക്കാരന് നഷ്ടമായത്.

മാണിക്കുളങ്ങര ഗ്ലോബൽ വില്ലേജ് അപ്പാർട്ട്മെന്റിൽ പൂർണ്ണമായും ഫർണിഷ് ചെയ്ത 2 ബിഎച്ച്കെ അപ്പാർട്ട്മെന്റ് നൽകാമെന്നായിരുന്നു ഉറപ്പ് നൽകിയായിരുന്നു പ്രതികൾ പണം തട്ടിയത്. കഴിഞ്ഞ മാസം 5നാണ് പരാതിക്കാരനെ പ്രതികൾ സമീപിക്കുന്നത്. ശേഷം പല തവണകളായി പണം രണ്ടാം പ്രതിയായ ആശയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിക്കുകയായിരുന്നു. വാഴക്കാല, ഇൻഫോപാർക്ക് തുടങ്ങിയ സ്ഥലങ്ങളിലെ ഫ്ലാറ്റുകളിലും സമാന തട്ടിപ്പ് നടന്നു. വാഴക്കാല രാമകൃഷ്ണ നഗർ ഭാഗത്തെ മലബാർ സഫാ പാലസ് അപ്പാർട്ട്മെന്റിൽ പൂർണ്ണമായും ഫർണിഷ് ചെയ്ത ഫ്ലാറ്റ്‌ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന തുതിയൂർ സ്വാദേശിയുടെ പരാതിയിൽ കഴിഞ്ഞ ദിവസം തൃക്കാക്കര പോലീസ് കേസെടുത്തിരുന്നു.

ആറ് ലക്ഷം രൂപയാണ് ഇയാളിൽ നിന്നും പ്രതികൾ തട്ടിയത്. ഫ്ലാറ്റ്‌ വാടകയ്ക്ക്‌ നൽകാനുണ്ടെന്ന് സമൂഹമാധ്യമങ്ങൾ വഴിയും ഒഎൽഎക്സ് ആപ്പുകൾ വഴിയും പരസ്യം നൽകിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്‌. കാക്കനാട് മാണിക്കുളങ്ങര റോഡിലുള്ള ഗ്ലോബൽ വില്ലേജ് അപ്പാർട്ട്മെന്റിൽ ഫ്ലാറ്റ് നൽകാമെന്ന്‌ പറഞ്ഞ് ഒരാളിൽനിന്ന്‌ എട്ട്‌ ലക്ഷവും മറ്റൊരാളിൽനിന്ന് 6.5 ലക്ഷം രൂപയും തട്ടിയെടുത്തതിനെ തുടർന്നാണ് പോലീസിൽ പരാതി ലഭിക്കുന്നത്. അന്വേഷണം ആരംഭിച്ചതോടെ കൂടുതൽപേർ രംഗത്തുവന്നു. സമാന രീതിയിലാണ് പരാതികൾ പരാതിക്കാരെ പറ്റിച്ചിരിക്കുന്നത്.

11 മാസത്തേക്ക് കരാർ എഴുതിയാണ്‌ പണയത്തിന് നൽകുന്നത്‌. എട്ടുമുതൽ 10 ലക്ഷം രൂപയാണ് ഫ്ലാറ്റിനായി വാങ്ങിയിരുന്നത്. കരാർ കാലാവധി തീരുമ്പോൾ നിലവിലെ താമസക്കാരന് പണയതുകയുടെ ഒരുവിഹിതം മടക്കി നൽകി ബാക്കി പിന്നെ നൽകാമെന്ന്‌ പറഞ്ഞ് ഫ്ലാറ്റ് മാറാൻ ആവശ്യപ്പെടും. ഇതിനിടെ ഇതേ ഫ്ലാറ്റ് കാണിച്ച് മറ്റുപലരിൽനിന്ന്‌ ലക്ഷങ്ങൾ വാങ്ങിക്കും. പണയത്തുക മുഴുവൻ ലഭിക്കാത്തവരും പണം നൽകിയിട്ടും ഫ്ലാറ്റ് ലഭിക്കാത്തവരുമായി നിരവധിപേരുണ്ട്‌. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. തട്ടിപ്പിൽ പങ്കാളികളായ മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 

Tags:    

Similar News