നുസ്രത്ത് ജഹാനും കൂട്ടരും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മോദിയുടെ ചിത്രം വച്ച് വോട്ടു പിടിക്കും; ദളിത് രാഷ്ട്രീയം ഉയര്‍ത്തുന്ന അത്താവാലയുടെ പാര്‍ട്ടിയെ എന്‍ഡിഎയിലേക്ക് എടുക്കാത്തതിന് പിന്നില്‍ ഒരു നേതാവന്റെ മാത്രം ഇഷ്ടക്കേടെന്ന് വിലയിരുത്തല്‍; സാഗ്മയുടെ പാര്‍ട്ടിയെ കേരളാ ബിജെപി അംഗീകരിച്ചത് ആര്‍പിഐയുടെ പ്രതിഷേധമാകുന്നു

Update: 2025-10-13 08:38 GMT


തിരുവനന്തപുരം: വയനാട് ലോക്സഭ സീറ്റില്‍ നുസ്റത്ത് ജഹാനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(എ) ബിജെപി ദേശീയ നേതൃത്വത്തിന് നല്‍കിയത് കേരളത്തില്‍ പാര്‍ട്ടി സംഘടനാ സംവിധാനമുണ്ടെന്ന സന്ദേശമാണ്. പിന്നീട് സ്വന്തം സ്ഥാനാര്‍ത്ഥിയെ വയനാട്ടില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു. ദേശീയ തലത്തില്‍ നടന്ന ചര്‍ച്ചകളുടെ പ്രതിഫലനമായിരുന്നു ഇതെല്ലാം. പല പ്രധാന നേതാക്കളയേും എന്‍ഡിഎയില്‍ എത്തിക്കാനുള്ള പാലമായി പ്രവര്‍ത്തിക്കുകയും ചെയ്തു. എന്നിട്ടും ഇതിന്റെ ഫലം അത് വാലയുടെ പാര്‍ട്ടിക്ക് കേരളത്തില്‍ കിട്ടുന്നില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും കേരളത്തിലെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ ആര്‍പിഐയെ ഉള്‍പ്പെടുത്തുന്നില്ല. ഇതില്‍ തികഞ്ഞ അതൃപ്തിയിലാണ് കേന്ദ്ര മന്ത്രികൂടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(എ)യുടെ നേതാവായ രാംദാസ് അത്താവാലെ. ദേശീയ തലത്തില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ആര്‍പിഐ.

കേരളത്തില്‍ മത്സരിപ്പിച്ചാല്‍ വോട്ട് നേടാന്‍ കഴിയുന്ന നുസ്റത്ത് ജഹാന്‍ അടക്കമുള്ളവര്‍ ആര്‍പിഐയിലുണ്ട്. ഇത്തരം സ്ഥാനാര്‍ത്ഥികളെ പരമാവധി ഉപയോഗിക്കാന്‍ ഇനി ആര്‍പിഐ തയ്യാറാകും. കേരളത്തില്‍ എന്‍ഡിഎ മുന്നണിയില്‍ ആര്‍ പി ഐയില്‍ എടുത്തില്ലെങ്കില്‍ കഴിയുന്നിടത്തെല്ലാം സ്വന്തം നിലയ്ക്ക് ആര്‍പിഐ മത്സരിക്കും. ദേശീയ തലത്തില്‍ എന്‍ഡിഎയുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ ആര്‍ പി ഐ സ്ഥാനാര്‍ത്ഥികളും പ്രധാനമന്ത്രി മോദിയുടെ ചിത്രം അടക്കം ഉപയോഗിച്ച് വോട്ട് പിടിക്കും. ഇത് ബിജെപിയ്ക്ക് വലിയ തലവേദനയുമാകും. ഫലത്തില്‍ കേരളത്തില്‍ രണ്ട് എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥികള്‍ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. അത്താവാലയും ദേശീയ ബിജെപി നേതൃത്വവുമായി ഇക്കാര്യത്തില്‍ ഉടന്‍ ചര്‍ച്ച നടത്തും.

കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെ അവഗണനയ്ക്കെതിരെ കടുത്ത നടപടികള്‍ എടുക്കാന്‍ ദേശീയ നേതൃത്വം ആര്‍പിഐ കേരളാ ഘടകത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നിലധികം കത്തുകള്‍ എന്‍ഡിഎ സഹകരണവുമായി ബന്ധപ്പെട്ട് ബിജെപിക്ക് നല്‍കി. എന്‍ഡിഎ കണ്‍വീനറായ പികെ കൃഷ്ണദാസ് അടക്കം ആര്‍പിഐയുടെ മുന്നണി പ്രവേശനത്തെ എതിര്‍ക്കുന്നില്ല. എന്നാല്‍ ഒരു ബിജെപി ജനറല്‍ സെക്രട്ടറിയാണ് പാര വയ്ക്കുന്നതെന്നാണ് ആര്‍പിഐയുടെ പരാതി. ആര്‍പിഐയെ അനുഭാവ പൂര്‍ണ്ണമായി പരിഗണിക്കുമെന്ന് കൃഷ്ണദാസ് ഉറപ്പു നില്‍കിയിരുന്നു. ഇത് എന്തുകൊണ്ടാണ് നടക്കുന്നില്ലെന്നത് ആര്‍ പി ഐ നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്.

ഇക്കാര്യം ബിജെപി ദേശീയ നേതൃത്വത്തെ അത്താവല തന്നെ അറിയിക്കും. അബേദ്കര്‍ രൂപീകരിച്ച പിന്നോക്ക വിഭാഗ ക്ഷേമ ചിന്ത ഉയര്‍ത്തുന്ന പാര്‍ട്ടിയാണ് ആര്‍പിഐ. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ബിജെപി മുന്നണിയ്ക്ക് ഏറെ സംഭാവനകള്‍ നല്‍കാന്‍ ആര്‍പിഐയ്ക്ക് കഴിയുകയും ചെയ്യും. ദിവസങ്ങള്‍ക്ക് മുമ്പ് മേഘാലയ മുഖ്യമന്ത്രി കോണ്‍രാഡ് സാങ്മയുടെ പാര്‍ട്ടിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി കേരളത്തില്‍ എന്‍ഡിഎയുടെ ഭാഗമായി. എന്‍പിപിയെക്കാള്‍ സംഘടനാ കരുത്ത് കേരളത്തില്‍ ആര്‍പിഐയ്ക്കുണ്ട്. ആര്‍ സി രാജീവ് ദാസാണ് സംഘടനയുടെ കേരളത്തിലെ വര്‍ക്കിംഗ് പ്രസിഡന്റ്. ഡോ രാജീവ് മേനോന്‍ ആര്‍പിഐയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാണ്. മലയാളിയായ രാജീവ് മേനോനും കേരളത്തില്‍ പ്രത്യേക താല്‍പ്പര്യം എടുക്കുന്നുണ്ട്. എന്നിട്ടും ആര്‍ പിഐയെ കേരളത്തിലെ എന്‍ഡിഎ പരിഗണിക്കുന്നില്ലെന്നത് ഗൗരവത്തിലാണ് പാര്‍ട്ടിയും എടുക്കുന്നത്.

ആര്‍ സി രാജീവ് ദാസ് നേരിട്ട് പാര്‍ട്ടിയുടെ ആവശ്യം പികെ കൃഷ്ണദാസിനെ അറിയിച്ചിരുന്നു. രേഖാമൂലം കത്തും നല്‍കി. എന്നാല്‍ ഒരു ബിജെപി ജനറല്‍ സെക്രട്ടറി ഇക്കാര്യത്തില്‍ നടപടി വേണ്ടെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. ബിജെപിയുമായി നേരിട്ട് സഹകരിക്കാന്‍ താല്‍പ്പര്യക്കുറവുള്ള പല ദളിത് നേതാക്കളേയും പാര്‍ട്ടിയ്ക്കൊപ്പം ചേര്‍ക്കാന്‍ ആര്‍പിഐ ശ്രമിച്ചിരുന്നു. അങ്ങനെ വരുന്ന നേതാക്കള്‍ സ്വാഭാവികമായും എന്‍ഡിഎയുടെ ഭാഗവുമാകും. ഇത്തരം നീക്കങ്ങളില്‍ ബിജെപിയുടെ സഹകരണവും ആര്‍ പി ഐ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തീര്‍ത്തും നിരാശാജനകമായിരുന്നു ബിജെപിയുടെ ഭാഗത്തു നിന്നുള്ള ഇടപെടലെന്ന് ആര്‍പിഐ പറയുന്നു. മേഘാലയ മുഖ്യമന്ത്രി കോണ്‍രാഡ് സാങ്മയുടെ പാര്‍ട്ടിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയെ എന്‍ഡിഎയില്‍ എടുത്ത് തങ്ങളെ അപമാനിക്കുകയാണെന്ന അഭിപ്രായവും ആര്‍പിഐയ്ക്കുണ്ട്.

മേഘാലയ മുഖ്യമന്ത്രി ശ്രീ കോണ്‍രാഡ് സാങ്മയുടെ പാര്‍ട്ടിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്‍ഡിഎയുടെ ഭാഗമായത് കഴിഞ്ഞ ആഴ്ചയാണ്. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ ശക്തമായ സാന്നിധ്യമാണ് എന്‍പിപി എന്ന് കേരളത്തിലെ എന്‍ഡിഎ വിലയിരുത്തി. ബിജെപി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനില്‍ വെച്ച് നടന്ന എന്‍ഡിഎ നേതൃയോഗത്തില്‍, എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ കൂടിയായ ബിജെപി അധ്ക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്‍പിപിഎയെ മുന്നണിയിലേക്ക് സ്വീകരിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് എന്‍പിപി സംസ്ഥാന അധ്യക്ഷന്‍ തോമസ് കെ.ടി., വൈസ് പ്രസിഡന്റ് ജേക്കബ് തോമസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ിജു ഗോവിന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലും ശ്രീ രാജീവ് ചന്ദ്രശേഖര്‍ വിഭാവനം ചെയ്യുന്ന വികസിത കേരളം എന്ന ആശയത്തിലും ആകൃഷ്ടരായാണ് പാര്‍ട്ടി എന്‍ഡിഎയുടെ ഭാഗമായതെന്ന് എന്‍പിപിസംസ്ഥാന അധ്യക്ഷന്‍ തോമസ് കെ.ടി. വ്യക്തമാക്കുകയും ചെയ്തു.

Tags:    

Similar News