തിരുവനന്തപുരത്ത് പ്രാഥമിക ചര്‍ച്ച; രണ്ടാം വട്ടം കണ്ടു മുട്ടിയപ്പോള്‍ ഷാള്‍ അണിയിച്ച് കേരളാ നേതാക്കള്‍; ആലുവാ പാലസിലെ ആശയ വിനിമയം വിജയിച്ചതോടെ ദേവികുളം മുന്‍ എംഎല്‍എ ഇനി ഡല്‍ഹിക്ക് പറക്കും; കേന്ദ്രമന്ത്രി അത്താവാലയുമായുള്ള കൂടിക്കാഴ്ചയില്‍ എല്ലാം നിശ്ചയിക്കും; ആര്‍പിഐയുമായി കൂടുതല്‍ അടുത്ത് എസ് രാജേന്ദ്രന്‍; സിപിഎം മുന്‍ നേതാവ് ബിജെപി മുന്നണിയിലേക്കോ?
തിരുവനന്തപുരം: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപി മുന്നണിയില്‍ എത്തുമെന്ന് സൂചന. അംബേദ്കറിന്റെ ആശയങ്ങളുമായി ദേശീയ തലത്തില്‍ ബിജെപിക്കൊപ്പം നില്‍ക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യന്‍ അത്താവാല എന്ന പാര്‍ട്ടിയില്‍ രാജേന്ദ്രന്‍ ചേര്‍ന്നേയ്ക്കും. ആര്‍പിഐയുടെ കേരളത്തിലെ നേതാക്കളുമായി രണ്ടാം വട്ട ചര്‍ച്ച രാജേന്ദ്രന്‍ പൂര്‍ത്തിയാക്കി. ഇനി ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി അത്താവാലയുമായി കൂടികാഴ്ച നടത്തും. അതിന് ശേഷം ഔദ്യോഗികമായി പാര്‍ട്ടിയില്‍ അംഗത്വം എടുത്തേക്കും.
ഇടുക്കിയുടെ സമഗ്ര വികസനമെന്ന ഉറപ്പ് ലഭിച്ചാല്‍ ദേശീയ ജനാധിപത്യ മുന്നണിയിലെ പാര്‍ട്ടിയായ ആര്‍ പി ഐയില്‍ രാജേന്ദ്രന്‍ ചേര്‍ന്നേക്കും. കേന്ദ്രമന്ത്രി രാംദാസ് അത്താവാലയാണ് പാര്‍ട്ടിയുടെ ദേശീയ നേതാവ്. ആര്‍പിഐയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ സി രാജീവ് ദാസുമായിട്ടായിരുന്നു രാജേന്ദ്രന്റെ കേരളത്തിലെ ചര്‍ച്ചകള്‍. തിരുവനന്തപുരത്തും ആലുവയിലുമായി രണ്ടു വട്ടം കൂടികാഴ്ച നടന്നു. ആര്‍.പി.ഐ നേതാക്കളായ സുധീഷ് നായര്‍, ജയകുമാര്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. തിരുവനന്തപുരത്തായിരുന്നു കൂടിക്കാഴ്ച. ഇടുക്കിയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ അംബേദ്കര്‍ ആശയം ഉയര്‍ത്തിപിടിക്കാനാണ് രാജേന്ദ്രന്റെ ആലോചന. സിപിഎമ്മിലേക്ക് രാജേന്ദ്രന്‍ പോകില്ലെന്നാണ് സൂചന. ആലുവാ പാലസിലായിരുന്നു രണ്ടാമത്തെ ചര്‍ച്ച. അതും വിജയിച്ചു. സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ഡോ രാജീവ് മേനോന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു കേരളത്തിലെ ചര്‍ച്ചകള്‍.
എസ് രാജേന്ദ്രന്‍ പാര്‍ട്ടിയിലേക്ക് മടങ്ങി വരുന്നത് തള്ളാതെ സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയായ സി വി വര്‍ഗീസ് പ്രതികരിച്ചിരുന്നു. രാജേന്ദ്രന്‍ പാര്‍ട്ടിയെയും പാര്‍ട്ടി രാജേന്ദ്രനെയും തള്ളി പറഞ്ഞിട്ടില്ല. മെമ്പര്‍ഷിപ്പ് പുതുക്കുന്ന കാര്യം രാജേന്ദ്രനോട് സംസാരിച്ചിട്ടുണ്ടെന്നും സി.വി. വര്‍ഗീസ് പറഞ്ഞു. എന്നാല്‍ ഈ ഓഫര്‍ രാജേന്ദ്രന് താല്‍പ്പര്യമില്ല. എംഎം മണിയോട് അടുക്കാന്‍ താല്‍പ്പര്യമില്ല. ഇതിനൊപ്പം സിപിഎമ്മിലെ മറ്റ് രണ്ടു പേരുമായും അകല്‍ച്ചയുണ്ട്. അതുകൊണ്ടാണ് രാജേന്ദ്രന്‍ മറ്റ് രാഷ്ട്രീയ സാധ്യതകള്‍ തേടുന്നത്.
ബിജെപി നേതാക്കളുമായി രാജേന്ദ്രന് അടുത്ത ബന്ധമുണ്ട്. ദേശീയ നേതാവ് പ്രകാശ് ജാവദേകര്‍ പോലും പ്രധാനപ്പെട്ട സുഹൃത്തായാണ് രാജേന്ദ്രനെ പരിഗണിക്കുന്നത്. എന്നാല്‍ ബിജെപിയിലേക്ക് നേരിട്ട് പോകാന്‍ രാജേന്ദ്രന് താല്‍പ്പര്യക്കുറവുണ്ട്. അതുകൊണ്ടാണ് അംബേദ്കറിനോട് അടുപ്പമുള്ള പാര്‍ട്ടിയിലേക്ക് പോകുന്നത്. മഹാരാഷ്ട്രയില്‍ ദളിത് രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുന്ന പാര്‍ട്ടിയാണ് ആര്‍പിഐ. കേന്ദ്ര മന്ത്രി പദമുള്ളതിനാല്‍ അത്താവാലയ്ക്ക് കരുത്തുമുണ്ട്. ഈ സാഹചര്യത്തിലാണ് ദേശീയ ജനാധിപത്യ സഖ്യത്തിലെ ഈ പാര്‍ട്ടിയെ കുറിച്ച് ആലോചന നടക്കുന്നത്.
തിരുവനന്തപുരത്ത് ആര്‍പിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി പ്രാഥമിക ചര്‍ച്ചയാണ് നടന്നത്. അതിന് ശേഷം വീണ്ടും കൊച്ചിയില്‍ കൂടികാഴ്ച നടന്നു. ഷാള്‍ അണിയിച്ച് ചര്‍ച്ചകള്‍ ശുഭ സൂചനയാണെന്ന സന്ദേശവും ആര്‍പിഐ നല്‍കി. അത്താവാലയെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ രാജീവ് അറിയിച്ചിട്ടുണ്ട്. രാജേന്ദ്രനുമായുള്ള കൂടിക്കാഴ്ചയും ചര്‍ച്ചയും ആര്‍പിഐ സ്ഥിരീകരിക്കുന്നുണ്ട്. ഇടുക്കിയുടെ സമഗ്രവികസനമെന്ന അജണ്ടയാണ് രാജേന്ദ്രന്‍ ആര്‍പിഐയ്ക്ക് മുന്നില്‍ വച്ചിരിക്കുന്നത്. ഇനി കേന്ദ്രമന്ത്രി അത്താവാലയെ രാജേന്ദ്രന്‍ കാണും.
നേരത്തെ അന്‍വറിനെ കൂടെ കൂട്ടാന്‍ പിവി അന്‍വര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ രാജേന്ദ്രന് ആ രാഷ്ട്രീയ നീക്കത്തോട് താല്‍പ്പര്യമുണ്ടായില്ല. ഇതിനിടെയാണ് ആര്‍പിഐക്കാരന്‍ രാജേന്ദ്രനെ ബന്ധപ്പെടുന്നത്. ബിജെപി ദേശീയ നേതൃത്വത്തിന്റെ അറിവും ഈ രാഷ്ട്രീയ നീക്കത്തിന് പിന്നിലുണ്ടെന്നാണ് സൂചന.