കേന്ദ്രമന്ത്രി അത്താവാലയുടെ പാര്‍ട്ടിയില്‍ ചേര്‍ന്ന് ദേവികുളം മുന്‍ എംഎല്‍എ ബിജെപി പക്ഷത്ത് എത്തുമോ? തിരുവനന്തപുരത്ത് എസ് രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി ആര്‍പിഐയുടെ കേരളാ നേതാക്കള്‍; അന്‍വറിനോട് സിപിഎമ്മിന്റെ മുന്‍ ജനപ്രതിനിധിയ്ക്ക് താല്‍പ്പര്യക്കുറവോ? ഇടുക്കിയില്‍ വികസനമെത്തിക്കുന്നവര്‍ക്കൊപ്പം രാജേന്ദ്രന്‍ നില്‍ക്കുമെന്ന് വിലയിരുത്തല്‍

Update: 2025-01-10 05:53 GMT

തിരുവനന്തപുരം: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് പിവി അന്‍വറുമായി സഹകരണത്തിന് താല്‍പ്പര്യമില്ലെന്ന് സൂചന. കഴിഞ്ഞ ദിവസം രാജേന്ദ്രന് സിപിഎമ്മില്‍ അംഗത്വം പുതുക്കാമെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി വര്‍ഗീസ് അറിയിച്ചിരുന്നു. എന്നാല്‍ ഇനിയും സിപിഎമ്മില്‍ രാജേന്ദ്രന്‍ അംഗത്വം പുതുക്കുന്നില്ല. അതിനിടെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി രാജേന്ദ്രന്‍ ചര്‍ച്ച നടത്തി. അംബേദ്കറിന്റെ ആശയങ്ങളുമായി ദേശീയ തലത്തില്‍ ബിജെപിക്കൊപ്പം നില്‍ക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യന്‍ അത്താവാലയുമായി സഹകരിക്കാനാണ് സാധ്യത തേടുന്നത്. ഇടുക്കിയുടെ സമഗ്ര വികസനമെന്ന ഉറപ്പ് ലഭിച്ചാല്‍ ദേശീയ ജനാധിപത്യ മുന്നണിയിലെ പാര്‍ട്ടിയായ ആര്‍ പി ഐയില്‍ രാജേന്ദ്രന്‍ ചേര്‍ന്നേക്കും. കേന്ദ്രമന്ത്രി രാംദാസ് അത്താവാലയാണ് പാര്‍ട്ടിയുടെ ദേശീയ നേതാവ്. ആര്‍പിഐയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ സി രാജീവുമായിട്ടായിരുന്നു രാജേന്ദ്രന്റെ പ്രാഥമിക ചര്‍ച്ച. ആര്‍.പി.ഐ നേതാക്കളായ സുധീഷ് നായര്‍ ജയകുമാര്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. തിരുവനന്തപുരത്തായിരുന്നു കൂടിക്കാഴ്ച. ഇടുക്കിയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ അംബേദ്കര്‍ ആശയം ഉയര്‍ത്തിപിടിക്കാനാണ് രാജേന്ദ്രന്റെ ആലോചന.

എസ് രാജേന്ദ്രന്‍ പാര്‍ട്ടിയിലേക്ക് മടങ്ങി വരുന്നത് തള്ളാതെ സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വര്‍ഗീസ് പ്രതികരിക്കുമ്പോള്‍ സിപിഎം വാതില്‍ തുറന്നിടുകയായിരുന്നു. രാജേന്ദ്രന്‍ പാര്‍ട്ടിയെയും പാര്‍ട്ടി രാജേന്ദ്രനെയും തള്ളി പറഞ്ഞിട്ടില്ല. മെമ്പര്‍ഷിപ്പ് പുതുക്കുന്ന കാര്യം രാജേന്ദ്രനോട് സംസാരിച്ചിട്ടുണ്ടെന്നും സി.വി. വര്‍ഗീസ് പറഞ്ഞു. എന്നാല്‍ ഈ ഓഫര്‍ രാജേന്ദ്രന് താല്‍പ്പര്യമില്ല. എംഎം മണിയോട് അടുക്കാന്‍ താല്‍പ്പര്യമില്ല. ഇതിനൊപ്പം സിപിഎമ്മിലെ മറ്റ് രണ്ടു പേരുമായും അകല്‍ച്ചയുണ്ട്. അതുകൊണ്ടാണ് രാജേന്ദ്രന്‍ മറ്റ് രാഷ്ട്രീയ സാധ്യതകള്‍ തേടുന്നത്. ബിജെപി നേതാക്കളുമായി രാജേന്ദ്രന് അടുത്ത ബന്ധമുണ്ട്. ദേശീയ നേതാവ് പ്രകാശ് ജാവദേകര്‍ പോലും പ്രധാനപ്പെട്ട സുഹൃത്തായാണ് രാജേന്ദ്രനെ പരിഗണിക്കുന്നത്. എന്നാല്‍ ബിജെപിയിലേക്ക് നേരിട്ട് പോകാന്‍ രാജേന്ദ്രന് താല്‍പ്പര്യക്കുറവുണ്ട്. ഇതിനിടെയാണ് ആര്‍പിഐയുമായുള്ള ചര്‍ച്ചാ വിവരം പുറത്തു വരുന്നത്. മഹാരാഷ്ട്രയില്‍ ദളിത് രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുന്ന പാര്‍ട്ടിയാണ് ആര്‍പിഐ. കേന്ദ്ര മന്ത്രി പദമുള്ളതിനാല്‍ അത്താവാലയ്ക്ക് കരുത്തുമുണ്ട്. ഈ സാഹചര്യത്തിലാണ് ദേശീയ ജനാധിപത്യ സഖ്യത്തിലെ ഈ പാര്‍ട്ടിയെ കുറിച്ച് ആലോചന നടക്കുന്നത്.

തിരുവനന്തപുരത്ത് ആര്‍പിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി പ്രാഥമിക ചര്‍ച്ചയാണ് നടന്നത്. അത്താവാലയെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ രാജീവ് അറിയിക്കും. രാജേന്ദ്രനുമായുള്ള കൂടിക്കാഴ്ച രാജീവ് സമ്മതിക്കുകയും ചെയ്തു. ഇടുക്കിയുടെ സമഗ്രവികസനമെന്ന അജണ്ടയാണ് രാജേന്ദ്രന്‍ ആര്‍പിഐയ്ക്ക് മുന്നില്‍ വച്ചിരിക്കുന്നത്. അടുത്ത ഘട്ട ചര്‍ച്ചകള്‍ ശുഭകരമായാല്‍ കേന്ദ്രമന്ത്രി അത്താവാലയെ രാജേന്ദ്രന്‍ കാണും. ഇതിനിടെയാണ് സിപിഎം വീണ്ടും രാജേന്ദ്രനെ കൂടെ കൂട്ടാന്‍ ശ്രമിക്കുന്നത്. രാജേന്ദ്രന്‍ പാര്‍ട്ടിയെ തള്ളി പറയാത്തത് പാര്‍ട്ടിയോട് താല്‍പര്യമുള്ളതുകൊണ്ടെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി വര്‍ഗീസ് പറയുന്നത്. പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കുക എന്നത് രാജേന്ദ്രന്‍ ചെയ്യേണ്ടതാണെന്നും അംഗത്വം പുതുക്കിയാലേ ചുമതലയും ഘടകവും തീരുമാനിക്കുകയുള്ളൂവെന്നുമാണ് അദ്ദേഹം പറയുന്നത്. ആര്‍പിഐയുടെ മലയാളിയായ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ രാജീവ് മേനോന്‍ പറഞ്ഞിട്ടാണ് കേരളാ ഘടകം രാജേന്ദ്രനുമായി ചര്‍ച്ച നടത്തിയത്.


പൊതുപരിപാടിയില്‍ മുന്‍ എംല്‍എ എന്ന നിലയില്‍ എകെ മണിയുടെ പേര് വച്ചാല്‍ എസ് രാജേന്ദ്രന്റെ പേരും വെക്കണം. അത് പ്രോട്ടോക്കോളാണ്. പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതിന്റെ പേരില്‍ അങ്ങനെ ചെയ്യുന്നത് ശരിയല്ല. അതില്‍ പരാതി നല്‍കേണ്ടത് രാജേന്ദ്രനാണെന്നും വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് കാരണമായവര്‍ ഇപ്പോഴും നേതൃസ്ഥാനത്തുണ്ടെന്നും അവര്‍ അവിടെ ഇരിക്കുന്നിടത്തോളം ഭീതിയോടെ കഴിയേണ്ടിവരുമെന്നും എസ്.രാജേന്ദ്രന്‍ പ്രതികരിക്കുകയും ചെയ്തു. ഇതില്‍ സിപിഎമ്മിനൊപ്പം ചേരില്ലെന്ന സന്ദേശമുണ്ടെന്നാണ് വിലയിരുത്തല്‍. കുറച്ചു ദിവസം മുമ്പ് പി.വി.അന്‍വര്‍ എം.എല്‍.എ.യുമായി കൂടിക്കാഴ്ച നടത്തിയതായി രാജേന്ദ്രന്‍ സമ്മതിച്ചിരുന്നു. പ്രോട്ടോക്കോള്‍ പാലിക്കാതെ നാലുവര്‍ഷമായി തന്നെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അന്‍വറുമായുള്ള കൂടിക്കാഴ്ച യാദൃച്ഛികമായി സംഭവിച്ചതാണ്. യാത്രയ്ക്കിടയില്‍ കട്ടപ്പനയില്‍വെച്ചാണ് അദ്ദേഹവുമായി സംസാരിച്ചത്. വന്യമൃഗശല്യം തടയണമെന്ന് ആവശ്യപ്പെട്ട് അന്‍വര്‍ നടത്തുന്ന ജനകീയയാത്രയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാടുകളോട് യോജിപ്പാണുള്ളത്. സമരം തികച്ചും ന്യായമാണ്. അന്‍വറുമായി സംസാരിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ ചേരുമെന്ന് അര്‍ഥമില്ല. അന്‍വര്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കണമോയെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും രാജേന്ദ്രന്‍ പറഞ്ഞിരുന്നു. പാര്‍ട്ടി അംഗത്വം പുതുക്കിയിട്ടില്ല. അതുകൊണ്ട് താന്‍ പാര്‍ട്ടിക്ക് എതിരാണെന്ന് അര്‍ഥമില്ല. രണ്ട് നീതി പാര്‍ട്ടിയില്‍ പാടില്ല. സംസ്ഥാന കമ്മിറ്റിയും ജില്ലാ സെക്രട്ടറിയും ഇത്തരത്തില്‍ നിലപാട് എടുത്തുവെന്ന് കരുതുന്നില്ലെന്നും രാജേന്ദ്രന്‍ വിശദീകരിച്ചിരുന്നു.


 



താന്‍ ജില്ലാ കമ്മിറ്റി അംഗവും എം.എല്‍.എ.യും ആയിരുന്ന സമയത്ത് ചില നേതാക്കള്‍ക്കെതിരേ പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ നടപടി ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ പരിപാടികളില്‍ പ്രോട്ടോക്കോള്‍ പാലിക്കാതെ നാലുവര്‍ഷമായി തന്നെ ഒഴിവാക്കുകയാണ്. മുന്‍ എം.എല്‍.എ. എന്ന നിലയില്‍ കോണ്‍ഗ്രസ് നേതാവ് എ.കെ.മണിയെ പരിപാടികള്‍ക്ക് ക്ഷണിക്കുന്നുണ്ട്. ചില നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങി തന്നെ ഒഴിവാക്കുകയാണെന്നും രാജേന്ദ്രന്‍ വിശദീകരിച്ചിട്ടുണ്ട്. ഇതിനിടെ ഇടുക്കിയില്‍ നിര്‍ണ്ണായക നീക്കവുമായി പി വി അന്‍വര്‍ എംഎല്‍എ എന്ന തരത്തിലായിരുന്നു കഴിഞ്ഞ ആഴ്ച വാര്‍ത്ത എത്തിയത്.

ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയെന്നും ഇടതുവിമതരെ ഒപ്പം ചേര്‍ക്കാന്‍ ലക്ഷ്യമിട്ട് ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ)യ്ക്ക് ഇടുക്കിയില്‍ അനൗദ്യോഗിക ജില്ലാ കമ്മിറ്റി രൂപീകരിച്ചുവെന്നും വാര്‍ത്ത വന്നു. എന്നാല്‍ അന്‍വറിനോട് രാജേന്ദ്രന് അത്ര താല്‍പ്പര്യമില്ലെന്നാണ് പുറത്തു വരുന്ന വിലയിരുത്തലുകള്‍.

Tags:    

Similar News