ഗുണ്ടായിസം അട്ടിപ്പേര്‍ അവകാശമായി വച്ചിരിക്കുന്ന പരനാറികള്‍ നടത്തിയ അക്രമം ആണിത്! ഇതാണോ കമ്മ്യൂണിസം? ഇതാണോ ജനാധിപത്യം? ഇതാണോ വിപ്ലവം? ഇങ്ങനെ പോസ്റ്റിട്ടയാള്‍ക്ക് ശബരിമലയില്‍ 'താക്കോല്‍ സ്ഥാന' നിയമനം; ശബരിമല നട തുറക്കും മുമ്പ് ആദ്യ വെടിപൊട്ടിക്കല്‍ ഇടതു അനുകൂലികള്‍ വക
പത്തനംതിട്ട: കാലം നിനക്കൊന്നും മാപ്പു തരില്ലെന്ന വാക്കുമായി സിപിഎമ്മിനെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ട വ്യക്തിയ്ക്ക് ശബരിമലയില്‍ താക്കോല്‍ സ്ഥാനം. ഗുണ്ടായിസം അട്ടിപ്പേര്‍ അവകാശമായി വച്ചിരിക്കുന്ന പരനാറികള്‍ നടത്തിയ അക്രമം ആണിത്. ഇതാണോ നിങ്ങള്‍ പറയുന്ന കമ്മ്യൂണിസം? ഇതാണോ നിങ്ങള്‍ പറയുന്ന ജനാധിപത്യം? ഇതാണോ നിങ്ങള്‍ പറയുന്ന വിപ്ലവം? ഒന്നോര്‍ക്കുക... ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്....-ഇങ്ങനെ സിപിഎമ്മിനെ വിമര്‍ശിച്ച് പോസ്റ്റിട്ടയാള്‍ ശബരിമലയില്‍ എത്തിയത് എങ്ങനെ അന്ന് അന്വേഷിക്കമെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡിലെ പ്രബല വിഭാഗം.
ശബരിമല സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന പബ്ലിസിറ്റി കം പബ്ലിക് ഇന്‍ഫെര്‍മേഷന്‍ സെന്ററിലെ 'കോണ്‍ഗ്രസ് നിയമനം' ചര്‍ച്ചയാക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സിപിഎം അനുകൂലികളുടെ നീക്കം. അനൗണ്‍സറായി ജോലി നല്‍കിയ വ്യക്തി കോണ്‍ഗ്രസ് ബാല മഞ്ചിന്റെ പഞ്ചായത്ത് ഭാരവാഹിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഒരു പ്രമുഖ കോണ്‍ഗ്രസ് ജനപ്രതിനിധിയുടെ വിശ്വസ്തനുമാണത്രേ. സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും പൊലീസിനെതിരെയും വിമര്‍ശിച്ച് നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റുകള്‍ ഇടുന്ന വ്യക്തിയെ സന്നിധാനത്ത് നിയോഗിക്കുന്നതിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഇടതു സംഘടനകള്‍ക്ക് എതിര്‍പ്പ്.
ശബരിമലയില്‍ ഈ സീസണില്‍ മാധ്യമങ്ങള്‍ക്ക് വലിയ വിലക്കാണ്. ആദ്യമായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ കൊണ്ടു വരുന്നു. ശബരിമലയില്‍ ഭക്തര്‍ക്കുണ്ടാകുന്ന കുറവുകള്‍ പുറത്ത് ചര്‍ച്ചയാകാതിരിക്കാനാണ് ഇതെല്ലാം. പോലീസിന്റെ അടി ഭക്തര്‍ക്ക് കിട്ടുമ്പോള്‍ വാര്‍ത്തയാകുന്നത് ദേവസ്വം ബോര്‍ഡിന് വലിയ തലവേദനയാണ്. അടിസ്ഥാന സൗകര്യക്കുറവും ചര്‍ച്ചയാകുന്നത് ദേവസ്വം ബോര്‍ഡ് ആഗ്രഹിക്കുന്നില്ല. ഇങ്ങനെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വിവാദങ്ങളെ ഒഴിവാക്കാനാണെങ്കില്‍ തീര്‍ത്ഥാടന കാലം തുടങ്ങുന്നതിന് തൊട്ടു മുമ്പ് ദേവസ്വം ബോര്‍ഡിലെ ഇടത് അനുകൂലികള്‍ ആദ്യ വിവാദം തുറന്നു വിടുകയാണെന്നതാണ് വസ്തുത.
950 രൂപ ദിവസ വേതനത്തില്‍ അനൗണ്‍സറായാണ് ഇയാളെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമിച്ചിരിക്കുന്നത്. സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും പൊലീസിനെതിരെയും നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റുകള്‍ ഇടുന്നത് ഇയാള്‍ക്ക് പതിവാണെന്ന് തിരുവിതാം ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് ഇടത് സംഘടനകളുടെ ഭാരവാഹികള്‍ പറയുന്നു. മണ്ഡല മകരവിളക്ക് സീസണ്‍ കാലത്ത് മാത്രമല്ല മാസപുജ ഉള്‍പ്പെടെ ശബരിമല നട തുറക്കുന്ന എല്ലാ സമയങ്ങളിലും ഈ വ്യക്തിയെ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നുവെന്നതാണ് ശ്രദ്ധേയം.
തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാരനാണെന്ന് കാണിച്ച് ഇയാള്‍ തന്റെ അമ്മയുടെ ചികില്‍സയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കി നേരത്തെ പണം ശേഖരിച്ചിരുന്നു ഇതര സംസ്ഥാനത്തിന് നിന്നുള്‍പ്പെടെ നിരവധി അയ്യപ്പ ഭക്തര്‍ ഇത്തരത്തില്‍ ചികില്‍സ സഹായ അക്കൗണ്ടിലേക്ക് പണം ഇട്ടുകൊടുത്തിട്ടുണ്ട്.
ഇതിനെതിരെയും ഇടതു സംഘടനാ നേതാക്കള്‍ ആ സമയത്ത് രംഗത്ത് എത്തിയിരുന്നു. ഒരു ദേവസ്വം ബോര്‍ഡ് അംഗവും വിഷയം പ്രസിഡന്റിന്റെ ശ്രദ്ധയില്‍ പ്പെടുത്തി. എന്നിട്ടും നടപടികളുണ്ടായിട്ടില്ല.
നിരവധി അനൗണ്‍സര്‍മാര്‍ പാര്‍ട്ടി കത്തും മുന്‍ ദേവസ്വം മന്ത്രിയുടെ കത്തുമായി വന്നിട്ടും അവര്‍ക്ക് ആര്‍ക്കും ദേവസ്വം അധികൃതര്‍ സന്നിധാനത്ത് അനൗണ്‍സറായി ജോലി നല്‍കുന്നില്ലന്ന പരാതിയും സിപിഎം അനുകൂലികള്‍ക്കുണ്ട്. എന്തായാലും സര്‍ക്കാരിനെതിരെ നിരന്തരം സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസുകാരനെ മാറ്റണമെന്നാണ് ആവശ്യം. ഈ നിയമന വിവാദം ഇടതുപക്ഷ സംഘടനാ നേതാക്കള്‍ ദേവസ്വം മന്ത്രിയുടെ ശ്രദ്ധയില്‍ നേതാക്കള്‍ പെടുത്തിയതായും സൂചനയുണ്ട്.
വിഷയത്തില്‍ ദേവസ്വം പ്രസിഡന്റ് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇടതുപക്ഷ സംഘടനാ ഭാരവാഹികള്‍. മുഖ്യമന്ത്രിയ്ക്ക് എതിരെയിട്ട പോസ്റ്റുള്‍പ്പെടെ പരാതിയില്‍ ചൂണ്ടിക്കാട്ടാനാണ് നീക്കം.