നന്തന്‍കോട്ടെ 'ദക്ഷിണാമൂര്‍ത്തി കെട്ടിടത്തിന്' അഡ്വാന്‍സ് കൊടുത്തത് പോറ്റി! ജീവനക്കാരില്‍ നിന്നും പിരിവെടുത്ത് സിപിഎം അനുകൂല സംഘടനയെ കൊണ്ട് അത് വാങ്ങിച്ചത് പത്മകുമാര്‍; ആ അഡ്വാന്‍സ് പോയത് ആറന്മുളയിലെ വീട്ടിലേക്കും; പോറ്റിയുമായി വാണിജ്യ-വ്യാപാര ബന്ധങ്ങള്‍; ശബരിമലയിലെ അഴിമതിക്ക് തെളിവ് എസ് എ ടിയ്ക്ക്; ഇനി ആരും 'ഭരണപരമായ വീഴ്ചയില്‍' പിടിക്കരുത്; സ്വര്‍ണ്ണ കൊള്ളയ്ക്ക് പത്മകുമാര്‍ കൂട്ടു നിന്നത് സാമ്പത്തിക മോഹത്തില്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). നന്തന്‍കോട്ടെ ദക്ഷിണാമൂര്‍ത്തിയുടെ പേരിലെ കെട്ടിടം അടക്കം വാങ്ങിയതില്‍ അസ്വാഭാവികതകളുണ്ട്. ഇതിനിടെയാണ് കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെതിരേ ശക്തമായ തെളിവുകള്‍കണ്ടെത്തുന്നത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി പത്മകുമാറിന്റെ ബന്ധം തെളിയിക്കുന്ന രേഖകള്‍ എസ്ഐടി കണ്ടെത്തി. ഇന്നലെ (വെള്ളിയാഴ്ച), പത്മകുമാറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തിയിട്ടുണ്ട്. സിപിഎം നേതാവാണ് പത്മകുമാര്‍. വെറും ഭരണപരമായ വീഴ്ച മാത്രമാണ് പത്മകുമാറിന് സംഭവിച്ചതെന്ന് സിപിഎം പ്രചരിപ്പിക്കുന്നുണ്ട്. ഇതിനിടെയാണ് സാമ്പത്തിക ഇടപാടിന്റെ രേഖ കിട്ടുന്നത്. അതായത് ശബരിമലയിലെ അഴിമതിയ്ക്ക് തെളിവാണ് ഈ സംഭവം.
നന്തന്‍കോട്ടെ ദക്ഷണാമൂര്‍ത്തിയുടെ പേരിലുള്ള കെട്ടിടം സിപിഎം നിയന്ത്രണത്തിലുള്ള സംഘടനയ്ക്ക് സ്വന്തമാണ്. ഇവിടെ ഒരു പഴയ കെട്ടിടമുണ്ടായിരുന്നു. ഈ കെട്ടിടം വാങ്ങി പുതുക്കിയതാണ് പുതിയത്. ഇതിന് വേണ്ടി ദേവസ്വം ബോര്‍ഡില്‍ വലിയ പിരിവ് നടന്നു. ഇതുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തി. അഴിമതി നടന്നുവെന്നും സംസ്ഥാന പോലീസിന് കീഴിലെ വിജിലന്‍സ് അന്വേഷിക്കണമെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇത് എന്‍ വാസു, ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കെ അട്ടിമറിച്ചു. രാഷ്ട്രീയ പ്രേരിതമാണ് ആരോപണമെന്ന് പറഞ്ഞ് ആവശ്യം തള്ളി. ഇത് ഹൈക്കോടതിയുടെ മുന്നിലുമെത്തി. ഈ ഫയല്‍ ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ കേസിന് പിന്നിലും പത്മകുമാര്‍-ഉണ്ണികൃഷ്ണന്‍ പോറ്റി മാഫിയയായിരുന്നു. ഈ കെട്ടിടം വാങ്ങാന്‍ ആദ്യം അഡ്വാന്‍സ് നല്‍കിയത് പത്മകുമാറായിരുന്നു. ഈ അഡ്വാന്‍സ് പിന്നീട് തിരിച്ചു വാങ്ങി. അതിന് ശേഷമാണ് സംഘടന വാങ്ങുന്നത്.
ഇതിന് വേണ്ടി വ്യാപക പരിവ് ദേവസ്വം ജീവനക്കാര്‍ക്കിടയില്‍ നടന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയടക്കം സ്‌പോണ്‍സര്‍ഷിപ്പ് നല്‍കി. ഇതും പത്മകുമാറിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് തിരുവനന്തപുരത്ത് വരുമ്പോള്‍ തങ്ങാന്‍ കൂടി വേണ്ടിയായിരുന്നു ഈ സംവിധാനമൊരുക്കല്‍. ഇതില്‍ അഡ്വാന്‍സ് പോറ്റിയെ കൊണ്ടു കൊടുപ്പിച്ച പത്മകുമാര്‍ സാമ്പത്തിക ലാഭവും ഉണ്ടാക്കി. അന്ന് പ്രസിഡന്റായിരുന്ന പത്മകുമാര്‍ ഈ അഡ്വാന്‍സ് സ്വന്തമാക്കാനായിരുന്നു സംഘടനയെ കൊണ്ട് ഈ സ്ഥലം വാങ്ങിപ്പിച്ചത്. ഇത് അടക്കം പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. തെളിവുകള്‍ എല്ലാം വീട്ടിലെ റെയ്ഡില്‍ കിട്ടുകയും ചെയ്തു. പന്ത്രണ്ടു മണിക്കൂറോളം നീണ്ട പരിശോധനായായിരുന്നു അന്വേഷണസംഘം പത്മകുമാറിന്റെ വീട്ടില്‍ വെള്ളിയാഴ്ച നടത്തിയത്. പ്രധാനമായും പോറ്റിയും പത്മകുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ചുള്ള വിവരങ്ങളാണ് ഇന്നലെ അന്വേഷിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് ഭൂമിയിടപാടുമായി ബന്ധപ്പെട്ട രേഖകള്‍ എസ്ഐടിക്ക് ലഭിച്ചെന്നാണ് സൂചന.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ഇടപാടുകള്‍ നടന്നായി നേരത്തെ തന്നെ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയില്‍നിന്ന് മൊഴി ലഭിച്ചിരുന്നു. പത്മകുമാറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെന്നും പോറ്റി പറഞ്ഞിരുന്നു. എന്നാല്‍ പത്മകുമാര്‍ ഇക്കാര്യങ്ങള്‍ നിഷേധിച്ചിരുന്നു. പോറ്റി നേരത്തെ നല്‍കിയ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ക്കു വേണ്ടിയായിരുന്നു എസ്ഐടിയുടെ പരിശോധന. പോറ്റിയും പത്മകുമാറും ചേര്‍ന്ന് 2020,21,22 കാലഘട്ടത്തില്‍ വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകള്‍ പ്രത്യേകിച്ച് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടന്നിരുന്നു. ആറന്മുളയിലും പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളും നടന്നതായി എസ്ഐടിക്ക് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ക്ക് വേണ്ടിയാണ് പത്മകുമാറിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ഭൂമിയിടപാടുകളുടെ രേഖകള്‍ ലഭിച്ചെന്നാണ് വിവരം.
പത്മകുമാറും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ നല്ല സൗഹൃദമുണ്ടായിരുന്നു എന്നതിന്റെ തെളിവും എസ്ഐടിക്ക് ലഭിച്ചിട്ടുണ്ട്. പത്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പത്തനംതിട്ടയിലെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു പോറ്റി. ചില സമയങ്ങളില്‍ ആ വീട്ടില്‍ താമസിക്കുകയും ചെയ്തിട്ടുണ്ട്. വീട്ടില്‍വെച്ച് ഗൂഢാലോചന നടന്നിരിക്കാനും സാധ്യതയുണ്ടെന്നാണ് എസ്ഐടിയുടെ വിലയിരുത്തല്‍. 2020, 2021, 2022 വര്‍ഷങ്ങളില്‍ ഇടപാടുകള്‍ നടത്തി. ഭൂമിയിടപാടുകള്‍ നടത്തിയതിനും തെളിവുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ വാങ്ങിച്ചതായും തെളിവുകള്‍ കിട്ടി. വീട് കേന്ദ്രീകരിച്ച് തുടര്‍ന്നും അന്വേഷണം നടത്തും. ആറന്മുളയിലെ വീട്ടിലാണ് എസ്‌ഐടി സംഘം റെയ്ഡ് നടത്തടത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രത്യേക അന്വേണസംഘം പത്മകുമാറിന്റെ വീട്ടിലെത്തി പരിശോധന ആരംഭിച്ചത്.
വനിത പൊലീസ് ഉദ്യോഗാസ്ഥര്‍ അടമുള്ള സംഘമാണ് പരിശോധന നടത്തിയത്. വീടിനോടുള്ള ചേര്‍ന്നുള്ള ഓഫീസ് മുറിയിലാണ് പ്രധാനമായും പരിശോധിച്ചത്. ശബരിമലയിലെ യോഗദണ്ഡില്‍ സ്വര്‍ണം പൂശുന്നതില്‍ പത്മകുമാറിന്റെ മകന്റെ പങ്കും പരിശോധിക്കുന്നുണ്ട്. യോഗദണ്ഡില്‍ സ്വര്‍ണം പൂശുന്നതിന്റെ ചുമതല പത്മകുമാറിന്റെ മകനാണ് നല്‍കിയിരുന്നത്. അത് വിവാദമായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ തട്ടിപ്പ് നടത്താന്‍ അവസരം ഒരുക്കി കൊടുത്തതില്‍ പത്മകുമാറിന്റെ പങ്ക് എസ്‌ഐടിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
