ശബരിമലയിലെ എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൊടുത്തു; അച്ചന്‍കോവിലിലെ വഴിപാട് നേട്ടം കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുവിനും തീറെഴുതി; തെളിവുകള്‍ നിരവധിയുണ്ടായിട്ടും പദ്മകുമാറിന് വിലങ്ങു വീഴുന്നില്ല; ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം വരും വരെ 'വെയിറ്റിംഗ്'; പിന്നില്‍ പന്തളം രാജാവിനോട് അയ്യപ്പനുണ്ടായിരുന്ന അതേ 'മകന്‍ കരുതല്‍'! പ്രസിഡന്റ് അഴിക്കുള്ളിലായാല്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും വിലങ്ങു വീഴുമോ?

Update: 2025-11-18 06:33 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പദ്മകുമാറിനെ എസ്.ഐ.ടി. അറസ്റ്റു ചെയ്യാന്‍ വൈകുന്നത് വിവാദത്തില്‍. ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെയാണ് സ്വര്‍ണപ്പാളികള്‍ ചെമ്പെന്ന് രേഖപ്പെടുത്തി കടത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. എന്നിട്ടും സിപിഎം നേതാവായ പദ്മകുമാറിനെ അറസ്റ്റു ചെയ്തില്ല. ഇതിന് പിന്നില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പങ്കുണ്ടെന്നാണ് സൂചന. പദ്മകുമാറിനെ അറസ്റ്റു ചെയ്താല്‍ ആ ദേവസ്വം ഭരണ സമിതിയിലുള്ള രണ്ടു പേരേയും കൂടി അകത്താക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് വൈകുന്നത്. ഒരു മകന്റെ അച്ഛന്‍ സ്‌നേഹം ഇതിന് കാരമാണെന്നാണ് പ്രചരണം. ഇതിനിടെ ബോര്‍ഡ് സെക്രട്ടറിയായ ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കീഴ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഹൈക്കോടതിയില്‍ നിന്നും ജയശ്രീയ്ക്ക് അനുകൂല തീരുമാനം വന്നാല്‍ പദ്മകുമാര്‍ അടക്കമുള്ളവര്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കും. ഈ സാധ്യത കൂടി ദേവസ്വം ഭരണ സമിതി അംഗങ്ങള്‍ ഉപയോഗിച്ചേക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായിരുന്നു എന്‍ വാസു. ദേവസ്വം പ്രസിഡന്റും ദേവസ്വം കമ്മീഷണറായുമായിരുന്ന വാസുവിനെ അറസ്റ്റു ചെയ്തിട്ടും പദ്മകുമാറിനെ വെറുതെ വിടുന്നത് ചില ഇടപെടലുകള്‍ കാരണമാണ്.

ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെയാണ് സ്വര്‍ണപ്പാളികള്‍ ചെമ്പെന്ന് രേഖപ്പെടുത്തി കടത്തിയതെന്ന് തെളിയിക്കുന്ന രേഖകളും എസ്.ഐ.ടിക്ക് ലഭിച്ചിട്ടുണ്ട്. ദേവസ്വം ജിവനക്കാരുടെ മൊഴിയും പദ്മകുമാറിനെതിരാണ്. സ്വര്‍ണക്കൊള്ള നടന്ന സമയത്തെ ഗാര്‍ഡ് മുതല്‍ ഉന്നത ഉദ്യോഗസ്ഥരായിരുന്നവരുടെ വരെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ സര്‍വസ്വാതന്ത്ര്യവും പ്രസിഡന്റ് എന്ന നിലയില്‍ പദ്മകുമാര്‍ നല്‍കിയിരുന്നു എന്നാണ് ജീവനക്കാരുടെ മൊഴി. പോറ്റിക്കു സഹായം ചെയ്യാന്‍ പദ്മകുമാര്‍ നിര്‍ബന്ധിച്ചിരുന്നെന്നും ജീവനക്കാരുടെ മൊഴി നല്‍കി. ശബരിമല ഗസ്റ്റ് ഹൗസുകളില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ഒന്നിലധികം മുറികള്‍ നല്‍കിയിരുന്നു. പോറ്റി ഉപയോഗിച്ചിരുന്നത് പ്രസിഡന്റിന് അനുവദിച്ചിരുന്ന മുറിയായിരുന്നു. പൂജകള്‍ ബുക്ക് ചെയ്യുമ്പോള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നെന്ന് 2019 ല്‍ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. സന്നിധാനത്ത് നട അടച്ചിടുന്ന സമയത്ത് പോലും ഉണ്ണിക്കൃഷ്ണന്‍ പോറ്റി എത്തിയിരുന്നു. പോറ്റിയുടെ ബന്ധുക്കളും അതിഥികളും ശബരിമലയില്‍ എത്തുമ്പോള്‍ ഉപയോഗിച്ചിരുന്നത് ദേവസ്വം പ്രസിഡന്റിന്റെ മുറിയാണ്. ഇവരെ ദര്‍ശനത്തിനായി കൊണ്ടുപോയിരുന്നത് ദേവസ്വം ഗാര്‍ഡുമാരാണെന്നും മൊഴിയുണ്ട്.

ഇത്തരം മൊഴികളുടെ അടിസ്ഥാനത്തില്‍ പദ്മകുമാറിനെ അറസ്റ്റ് ചെയ്യാന്‍ എസ്.ഐ.ടി. തിരുമാനിച്ചു. രണ്ടു തവണ ആവശ്യപ്പെട്ടിട്ടും പദ്മകുമാര്‍ എസ്.ഐ.ടി. മുന്നില്‍ ഹാജരായിട്ടില്ല. പദ്മകുമാര്‍ ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണു വിവരം. ഇതിനൊപ്പം ജയശ്രീയുടെ ജാമ്യ ഹര്‍ജിയിലെ വിധിയും നിരീക്ഷിക്കും. ചൊവ്വാഴ്ച വരെ ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ഇതാണ് പദ്മകുമാറിനെ പോലുള്ളവര്‍ക്ക് പ്രതീക്ഷയായത്. അതിനിടെ അച്ചന്‍ കോവില്‍ ക്ഷേത്രത്തിലെ വഴിപാട് അഴിമതിക്ക് പദ്മകുമാര്‍ ഒത്താശ ചെയ്തുവെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. ക്ഷേത്ര പൂജയ്ക്കായി കിട്ടുന്ന രസീത് തുകയില്‍ ഒരു വിഹിതം ക്ഷേത്രത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കാണ്. വഴിപാടുകള്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടിയാണ് ഇത്. എന്നാല്‍ പല ക്ഷേത്രങ്ങളിലും ഒരു ദിവസം ഒന്നില്‍ അധികം ഗണപതി ഹോമങ്ങള്‍ക്ക് വിശ്വാസികള്‍ രസീത് എടുക്കാറുണ്ട്. ഇതില്‍ നിശ്ചിത എണ്ണത്തിന് വിഹിതം പൂര്‍ണ്ണമായും അഡ്മിനിസ്‌ട്രേറ്രീവ് ഓഫീസര്‍ക്ക് എടുക്കാം. ഒരു പരിധി കഴിയുമ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് കിട്ടുന്ന വിഹിതത്തിലെ ഒരു പങ്ക് കൂടി ദേവസ്വത്തിന് നല്‍കണം.

ഉദാഹരണത്തിന് ഒരു ദിവസം അഞ്ചു ഗണപതി ഹോമം ചെയ്താലും പത്ത് ഗണപതി ഹോമം ചെയ്താലും ചെലവ് ഏതാണ്ട് ഒരേ തുകയാകും. ഈ പഴുതുപയോഗിച്ച് അഡ്‌നിസ്‌ട്രേറ്റീവ് ഓഫീസര്‍ വരുമാന കൂടുതല്‍ ഉണ്ടാകാതിരിക്കാനാണ് ഈ തീരുമാനം. എന്നാല്‍ പദ്മകുമാര്‍ പ്രസിഡന്റായിരിക്കുമ്പോള്‍ അച്ചന്‍കോവില്‍ ക്ഷേത്രത്തിന് മാത്രമായി ഇളവ് നല്‍കി ഉത്തരവിറക്കി. ഇതിന് പിന്നില്‍ അഴിമതിയുണ്ടെന്നാണ് സൂചന. പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന വ്യക്തിയുടെ അടുത്ത ബന്ധുവായിരുന്നു അന്ന് ആ ക്ഷേത്രത്തിലെ പ്രധാനി. പക്ഷേ സിപിഎം സംഘടനയിലാണ് ഇയാള്‍ ഇപ്പോഴുള്ളത്. അച്ചന്‍ കോവിലിലെ അഴിമതിയും ശബരിമല കൊള്ളയുടെ അതേ കാലത്താണ് നടന്നത്. രണ്ടും അയ്യപ്പ ക്ഷേത്രങ്ങളാണ്. . തമിഴ് നാട്ടില്‍ നിന്ന് ശബരിമലയ്ക്ക് പോകുന്ന അയ്യപ്പഭക്തര്‍ കുളത്തൂപ്പുഴ, ആര്യങ്കാവ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം അച്ചന്‍കോവില്‍ ക്ഷേത്രത്തിലെത്തിയാണ് ശബരിമലയിലേക്ക് പുറപ്പെടുന്നത്.

വഴിപാടിന് സാധനങ്ങള്‍ വാങ്ങാന്‍ അഡ്‌നിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് നല്‍കുന്നത് സപ്ലയര്‍ കോസ്റ്റാണ്. അതായത് വഴിപാട് സാധനങ്ങള്‍ വാങ്ങുന്നതിന് കൊടുക്കേണ്ട തുക. ഇത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എഴുതി എടുത്ത് സാധനം വാങ്ങുന്ന ആള്‍ക്ക് കൊടുക്കുമെന്നാണ് പൊതു ധാരണ. എന്നാല്‍ എണ്ണയും തിരിയും പൂവും മാലയുമെല്ലാം ഭക്തര്‍ തന്നെ ക്ഷേത്രങ്ങളില്‍ നേരിട്ട് കൊടുക്കാറുണ്ട്. അതുകൊണ്ട് തന്നെ വഴിപാട് സാധനങ്ങളെല്ലാം ഭക്തരില്‍ നിന്നും കിട്ടും. എങ്കിലും എല്ലാ ക്ഷേത്രങ്ങളിലും ചെലവിനായുള്ള തുക അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍ എഴുതി എടുക്കാറുണ്ട്. ചില ക്ഷേത്രങ്ങളില്‍ ഗണപതി ഹോമം പോലുള്ള ദിവസത്തില്‍ ഒന്നു മാത്രം ചെയ്യുന്ന പൂജകള്‍ക്ക് നിരവധി വിശ്വാസികളും പേര് നല്‍കും. ഈ സാഹചര്യത്തിലാണ് ഒരു പരിധി കഴിഞ്ഞ് ബുക്ക് ചെയ്യുന്ന വഴിപാടുകളില്‍ നിന്നും സപ്ലയര്‍ കോസ്റ്റ് ദേവസ്വം ബോര്‍ഡ് എടുക്കുന്നത്. ഈ തുകയാണ് അച്ചന്‍ കോവില്‍ ക്ഷേത്രത്തില്‍ മാത്രം ഇളവ് നല്‍കിയത്. ഇതിലൂടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് ദിവസവും ആയിരങ്ങള്‍ ലാഭമുണ്ടാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പ്രത്യേകിച്ച് മണ്ഡല-മകരവിളക്ക് തീര്‍ത്ഥ്ടാന കാലത്ത് ഇവിടെ തിരക്ക് വളരെ കൂടുതലാണ്.

Tags:    

Similar News