2021ലെ കോവിഡു കാലത്തെ ആക്രി വാങ്ങിയത് വഴിപാട് മിച്ചം മാറ്റാന്‍ ലേലം വിളിച്ചയാള്‍; കൊണ്ടു പോയ ആക്രിയെല്ലാം ളാഹയില്‍ തള്ളി; വില പിടിപ്പുള്ള പലതും ആക്രിക്കിടെ കൊണ്ടു പോകുന്നത് പമ്പയില്‍ പോലീസും തടഞ്ഞു; 2020 ഒക്ടോബര്‍ 26-ന് തിരുവനന്തപുരത്ത് ഡി മണിയും പോറ്റിയും അഡ്വാന്‍സ് നല്‍കിയതിന് പിന്നാലെ ആക്രി ലേലം; ആ പഞ്ചലോഹ വിഗ്രഹം കോവിഡ് കാലത്ത് കടത്തിയത് എങ്ങനെ

Update: 2025-12-23 07:44 GMT

തിരുവനന്തപുരം: ശബരിമലയിലെ ആക്രി വില്‍പനയുമായി ബന്ധപ്പെട്ട വിവാദം ലോക്ഡൗണ്‍ കാലത്തെ നിയന്ത്രണങ്ങള്‍ക്കിടയില്‍ നടന്ന വലിയൊരു അഴിമതിയോ? കോവിഡ് രണ്ടാം തരംഗത്തിന്റെ സമയത്ത് 2021ലാണ് ഭക്തര്‍ക്ക് പ്രവേശനമില്ലാതിരുന്ന കാലത്താണ് സന്നിധാനത്തെ പഴയ സാധനങ്ങള്‍ ആക്രിയായി വിറ്റഴിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. എന്നാല്‍ ഇതിന്റെ മറവില്‍ അമൂല്യമായ പല വസ്തുക്കളും കടത്തപ്പെട്ടു എന്നതാണ് പ്രധാന ആരോപണം. ലേലം ചെയ്ത ആക്രി സാധനങ്ങള്‍ക്കൊപ്പം സന്നിധാനത്തെ അമൂല്യമായ പഞ്ചലോഹ വിഗ്രഹങ്ങളും സ്വര്‍ണ്ണപ്പാളികളും കടത്തിക്കൊണ്ടുപോയി എന്ന് ആരോപണം ഉയര്‍ന്നിരുന്നു. ദേവസ്വം ബോര്‍ഡിന്റെ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ലേല നടപടികള്‍ നടന്നതെന്നും, ഇതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും മുന്‍ മേല്‍ശാന്തിക്കും പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.

ആക്രി ഇടപാടുകളില്‍ 'ഡി ഉണ്ണി' എന്ന് വിളിക്കപ്പെടുന്ന വ്യക്തി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നും, പണം കൈമാറിയത് തിരുവനന്തപുരത്ത് വെച്ചാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നു. കടത്തിയ വസ്തുക്കള്‍ ബംഗ്ലൂരിലെ ഒരു സ്വര്‍ണ്ണ വ്യാപാരിയിലേക്കാണ് എത്തിയതെന്നാണ് മൊഴികള്‍ സൂചിപ്പിക്കുന്നത്. ഈ സംഭവത്തില്‍ ഇപ്പോള്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘവും ഒപ്പം സാമ്പത്തിക ഇടപാടുകള്‍ ഉള്ളതിനാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്. സന്നിധാനത്തെ സിസിടിവി ദൃശ്യങ്ങളും സ്റ്റോക്ക് രജിസ്റ്ററുകളും പരിശോധിക്കും. ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വര്‍ണ്ണപ്പാളികള്‍ ഇളക്കി മാറ്റുകയും അമൂല്യ വസ്തുക്കള്‍ കടത്തുകയും ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തു വന്നിട്ടുണ്ട്. കോവിഡ് ലോക്ഡൗണ്‍ കാലത്തെ നിയന്ത്രണങ്ങള്‍ മുതലെടുത്താണ് ഈ വലിയ കൊള്ള നടന്നതെന്നാണ് സൂചന.

വഴിപാട് മിച്ചം ലേലം പിടിച്ചയാളായിരുന്നു അന്ന് ആക്രി ലേലവും പിടിച്ചത്. ഇയാള്‍ പല വിലപിടിപ്പുള്ള സാധനങ്ങളുമായി പമ്പയില്‍ എത്തിയെന്നും പോലീസ് പിടിച്ചെന്നും സൂചനകളുണ്ട്. എന്നാല്‍ കേസൊന്നും എടുത്തില്ല. പിന്നീട് ആക്രി ലേലം പിടിച്ചയാള്‍ സാധനങ്ങള്‍ കൊണ്ടു പോയതുമില്ല. ലോറിയില്‍ കൊണ്ടു പോയ സാധനങ്ങളാണ് പൂങ്കാവനത്തിന് പുറത്ത് ലാഹയില്‍ ഉപേക്ഷിച്ചത്. രാത്രിയിലായിരുന്നു ഇത്. ഏന്തോ വില പിടിപ്പുള്ള സാധാനങ്ങള്‍ എടുത്ത ശേഷം ബാക്കി ഉപേക്ഷിച്ചുവെന്ന് അന്ന് തന്നെ നാട്ടുകാര്‍ പറഞ്ഞിരുന്നു.

ളാഹയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വസ്തുക്കളില്‍ പലതും ദേവസ്വം ബോര്‍ഡിന്റെ കണക്കുപുസ്തകത്തില്‍ ഉള്ളവയായിരുന്നു എന്നത് അന്ന് തന്നെ ദുരൂഹത വര്‍ദ്ധിപ്പിച്ചിരുന്നു. രാത്രിയുടെ മറവില്‍ വിലപിടിപ്പുള്ള അമൂല്യ വസ്തുക്കള്‍ കടത്തിക്കൊണ്ടുപോയ ശേഷം തെളിവ് നശിപ്പിക്കാനാണോ ബാക്കി സാധനങ്ങള്‍ വനമേഖലയില്‍ ഉപേക്ഷിച്ചതെന്ന കാര്യവും സംശയത്തിലാണ്. വിവാദമായ 'ഡി മണ്ണി' എന്ന ഇടനിലക്കാരന്‍ മുന്‍ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് സൂചന. 2020 ഒക്ടോബര്‍ 26-ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വെച്ച് ഇവര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും അവിടെ വെച്ച് ലക്ഷക്കണക്കിന് രൂപ കൈമാറിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബംഗ്ലൂരിലെ സ്വര്‍ണ്ണ വ്യാപാരിക്ക് കൈമാറിയ അമൂല്യ വസ്തുക്കള്‍ അവിടെ നിന്ന് പിന്നീട് തമിഴ്‌നാട് വഴി വിദേശ രാജ്യങ്ങളിലേക്ക് കടത്തിയതായാണ് പ്രാഥമിക നിഗമനം. കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ കാരണം ദേവസ്വം വിജിലന്‍സിനോ ഭക്തര്‍ക്കോ സന്നിധാനത്ത് നിരീക്ഷണം നടത്താന്‍ കഴിയാതിരുന്ന സാഹചര്യം ഈ സംഘം സമര്‍ത്ഥമായി ഉപയോഗിച്ചുവെന്നാണ് നിഗമനം. ചന്ദ്രഗ്രഹണ സമയത്തെ ആചാരപരമായ പ്രത്യേകതകള്‍ പോലും വിഗ്രഹങ്ങളിലെ സ്വര്‍ണ്ണപ്പാളികള്‍ ഇളക്കി മാറ്റാന്‍ ഈ സംഘം ഉപയോഗിച്ചുവെന്ന ഞെട്ടിക്കുന്ന മൊഴികളും ചര്‍ച്ചയായിട്ടുണ്ട്.

Similar News