അന്ന് പരാതി കൊടുത്ത സുനിതയ്ക്ക് ഷെറിന് നല്‍കിയത് ഇനിയും എഴുതാനായി 'പേന'! 2025ല്‍ ചീത്തവിളിച്ച് അടികൊടുത്ത നൈജീരിയക്കാരിയെ പരാതി കൊടുത്തതിന് പിന്നാലെ മാറ്റിയത് തിരുവനന്തപുരത്തേക്ക്; കണ്ണൂര്‍ വനിതാ ജയിലിലും കാരണവര്‍ കേസ് പ്രതിയ്ക്ക് ഇപ്പോഴും സമ്പൂര്‍ണ്ണ ആധിപത്യം; ഷെറിനെ കൈകാര്യം ചെയ്യാതിരിക്കാന്‍ ഡ്രഗ് ഡോണിനെ മാറ്റിയതോ?

Update: 2025-03-05 06:24 GMT

കണ്ണൂര്‍: കണ്ണൂര്‍ വനിതാ ജയിലിനുള്ളില്‍ ഷെറിന്റെ അക്രമം പോലീസിന് മുന്നില്‍ പരാതിയായി എത്തിയതിന് പിന്നില്‍ കാനേ സിംപേ ജൂലിയെ തിരുവനന്തപുരം ജയിലിലേക്ക് മാറ്റാനുള്ള തന്ത്രം. ജൂലിയെ കണ്ണൂരില്‍ നിന്നും മാറ്റിയേ മതിയാകൂവെന്ന നിര്‍ബന്ധം പിടിച്ചത് ഷെറിനാണ്. ഈ ആവശ്യം സാധ്യമാക്കാനാണ് ജൂലിയെ കൊണ്ട് പോലീസില്‍ പരാതി കൊടുത്തത്. ഇതോടെ ജയലിനുള്ളിലെ സംഘര്‍ഷം രേഖയായി. പിന്നാലെ തിരുവനന്തപുരത്തേക്ക് മാറ്റുകയും ചെയ്തു നൈജീരിയക്കാരിയെ. 24-ാം തീയതി രാവിലെയാണ് സംഘര്‍ഷമുണ്ടായത്. കാര്യമായൊന്നും സംഭവിക്കാത്തതു കൊണ്ടു തന്നെ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. എന്നാല്‍ ഇവളുള്ളിടത്ത് കഴിയില്ലെന്ന് ഷെറിന്‍ നിര്‍ബന്ധം പിടിച്ചു. ഇതോടെയാണ് നൈജീരിയക്കാരിയെ കൊണ്ട് പരാതി കൊടുത്ത് നിസാര വകുപ്പില്‍ കേസെടുത്ത് എല്ലാം രേഖയാക്കിയത്. ഇതോടെ ജൂലിയെ ജയില്‍ മാറ്റുകയും ചെയ്തു. അക്രമം എല്ലാം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇതെല്ലാം മാധ്യമങ്ങളിലും എത്തിയത്. ഒന്നാം തീയതിയാണ് ഡ്രോണ്‍ ജയിലിന് മുകളിലൂടെ പറന്നത്. ഇതും വൈകിയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതെല്ലാം കുറ്റവാളികളെ സംരക്ഷിക്കാനായിരുന്നു.

ജൂലിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തതെന്ന് എഫ് ഐ ആറില്‍ വ്യക്തമാണ്. ഷെറിന്‍ കാരണവരും ഷബ്‌നയുമാണ് പ്രതികള്‍. ഷബ്‌ന റിമാന്‍ഡ് തടവുകാരിയാണ്. ഇവര്‍ 2022ലാണ് ജയിലില്‍ എത്തിയതെന്നാണ് സൂചന. 24ന് രാവിലെ 7.45ന് പൂഴാതി അംശം പള്ളിക്കുന്ന് വനിതാ ജയിലില്‍ വച്ച് പരാതിക്കാരി കുടിവെള്ളം എടുക്കാന്‍ പോകുന്ന സമയത്ത് ഒന്നാം പ്രതി പരാതിക്കിരെയ പിടിച്ചു തള്ളി. രണ്ടാം പ്രതി അസഭ്യ വര്‍ഷവുമായി നിനക്ക് കാണിച്ച് തരാം എന്നു പറഞ്ഞഥ് പരാതിക്കാരിയെ പുറത്തും നെഞ്ചിലും പിടിച്ചു തള്ളി. ഇതില്‍ നിസ്സാര പരിക്ക് പറ്റിയെന്നാണഅ എഫ് ഐ ആര്‍ പറയുന്നത്. 26നാണ് വനിതാ ജയില്‍ സൂപ്രണ്ട് പരാതി അയച്ചു തന്നതെന്ന് എഫ് ഐ ആറില്‍ വ്യക്തമാണ്. ഇതിനെ തുടര്‍ന്ന് നാലരയോടെ ജയിലിലെ വെല്‍ഫെയര്‍ ഓഫീസറുടെ മൊഴി രേഖപ്പെടുത്തി. അതിന് ശേഷമാണ് ബിഎന്‍എസിലെ വകുപ്പ് പ്രകാരം കേസെടുത്തത് എന്നാണഅ എഫ് ഐ ആര്‍ പറയുന്നത്. മൊഴി അടക്കം ചെയ്താണ് എഫ് ഐ ആര്‍ ഇട്ടത്. മലയാളത്തിലാണ് നൈജീരിയക്കാരിയെ ചീത്ത വിളിച്ചത്. ഈ തെറിയും കേരളത്തിലെ ജയില്‍ വാസത്തിനിടെ നൈജീരിയക്കാരി മനസ്സിലാക്കി എന്ന് വേണം മനസ്സിലാക്കാന്‍. വനിതാ എ എസ് ഐയാണ് ജയിലിലെത്തി മൊഴി എടുത്തത്. എന്തുകൊണ്ടാണ് പരാതിയിലെ കാലതാമസമെന്നത് ആര്‍ക്കും പിടികിട്ടാത്ത കാര്യമാണ്. സാധാരണ നിലയില്‍ അക്രമം കാട്ടുന്നവരെയാണ് ജയിലില്‍ നിന്നും മാറ്റാറുള്ളത്. ഇവിടെ ജൂലിയെയാണ് മാറ്റിയത്. ഇത് ഷെറിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന് വ്യക്തം. ജയില്‍ അധികൃതര്‍ക്കിടയില്‍ ഷെറിന്റെ സ്വാധീനം നേരത്തെ തടവുപുള്ളികള്‍ തന്നെ തുറന്നു പറഞ്ഞിരുന്നു. ഇനി ഒരിക്കല്‍ കൂടി മര്‍ദ്ദനം കിട്ടിയാല്‍ ഷെറിനെ ശരിയായി കൈകാര്യം ചെയ്യുമെന്ന സന്ദേശം നൈജീരിയക്കാരി ജയില്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു. ഷെറിന് അടികിട്ടുമോ എന്ന ഭയത്തിലാണ് ജൂലിയെ ജയില്‍ മാറ്റിയതെന്നും സൂചനയുണ്ട്.

കാരണവര്‍ വധക്കേസ് പ്രതി ഷെറിന്റെ മര്‍ദനത്തനിരയായ തടവുകാരിയെ ജയില്‍ മാറ്റിയാണ് ജയില്‍ അധികൃതര്‍ പ്രശ്ന പരിഹാരം സാധ്യമാക്കിയത് കണ്ണൂര്‍ വനിതാ ജയിലില്‍ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് കാനേ സിംപേ ജൂലിയെ മാറ്റിയത്. നൈജീരിയക്കാരിയായ സഹതടവുകാരിയെ അക്രമിച്ചതിന് ഷെറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. കേരളത്തിലെ സ്ത്രീ കുറ്റവാളികളില്‍ ഏറ്റവും കുപ്രസിദ്ധയാണ് ഷെറിന്‍. ഷെറിന്‍ മര്‍ദ്ദിച്ച നൈജീരിയകാരിയും ചെറിയ പുള്ളിയല്ല. ആഫ്രിക്കന്‍ മയക്കു മരുന്ന് മാഫിയയെ ഇന്ത്യയുമായി ചേര്‍ത്ത് നിര്‍ത്തിയ ക്രിമിനല്‍ സംവിധാനത്തിലെ പ്രധാനിയാണ് കാനേ സിംപേ ജൂലി. അഞ്ചു കോടിയുടെ കൈക്കൈനുമായി കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു നാലു കൊല്ലം മുമ്പ് ഇവര്‍ അഴിക്കുള്ളിലായത്. നല്ലനടപ്പിന്റെ പേരില്‍ ഷെറിന് ഇളവ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിവാദമായിരുന്നു. ജയിലില്‍ നല്ല പെരുമാറ്റമെന്നും ശിക്ഷ ഇളവിന് യോഗ്യതയുണ്ടന്നുമായിരുന്നു വനിതാ ജയില്‍ ഉപദേശക സമിതിയുടെ കണ്ടെത്തല്‍. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ശിക്ഷ ഇളവ് നല്‍കാനുള്ള തീരുമാനം. മന്ത്രിസഭ ശിപാര്‍ശ നിലവില്‍ ഗവര്‍ണര്‍ക്ക് മുന്നിലാണ്. ഇതിനിടെയാണ് ജയിലിലെ മര്‍ദ്ദന വിവാദം. കണ്ണൂര്‍ വനിതാ ജയിലിന് മുകളിലൂടെ ഡ്രോണും പറന്നു അതിന് ശേഷം. ഇതോടെ ഷെറിന്റെ ജയിലിലെ മര്‍ദ്ദനം പുതിയ തലത്തിലേക്ക് എത്തും. ഇനി ശിക്ഷാ ഇളവ് കിട്ടാനും സാധ്യത കുറവാണ്.

ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയിലില്‍ അനുഭവിച്ചുവന്ന സുഖലോലുപതകളെ കുറിച്ച് വെളിപ്പെടുത്തലുമായി സഹതടവുകാരിയായിരുന്ന സുനിത രംഗത്ത് വന്നിരുന്നു. ഭീഷണിപ്പെടുത്താതെ തന്നെ ഷെറിന്റെ കാര്യങ്ങളൊക്കെ നടത്തിക്കൊടുക്കാന്‍ ജയിലില്‍ ആളുകളുണ്ട്. ഷെറിന്‍ ആരോടും വഴക്കിടുന്ന സ്വഭാവക്കാരിയല്ല. അതിന്റെ ആവശ്യമുണ്ടാവാറില്ല. എല്ലാവരോടും സ്നേഹത്തോടെയാണ് പെരുമാറാറുള്ളത്. ഷെറിനെ ലോക്കപ് ചെയ്യാറില്ല, ഉദ്യോഗസ്ഥരോടൊപ്പവും തയ്യല്‍ ക്ലാസിലുമൊക്കെയായി ഓടി നടക്കുകയാണ് പതിവെന്ന് സുനിത പറയുന്നു.ഡിഐജി പ്രദീപുമായി നിരന്തരം മൊബൈല്‍ഫോണില്‍ സംസാരിക്കും. പ്രദീപ് എല്ലാ ആഴ്ചയും വരും. വൈകിട്ട് ആറുമണിയോടെ ജയിലിലെത്തും. മറ്റു വനിതാ ജീവനക്കാരുമായി സംസാരിച്ചിരിക്കും. പിന്നാലെ ഏഴുമണിയോടടുത്ത് ഷെറിനെ സെല്ലില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകും. മണിക്കൂറുകള്‍ കഴിഞ്ഞാണ് തിരിച്ചെത്തിക്കുന്നത്. പ്രദീപ് സര്‍ ഒരു പ്രശ്‌നവുമുണ്ടാക്കില്ല. പതിവായി ഫോണില്‍ സംസാരിക്കാറുണ്ട് .നല്ലബന്ധത്തിലാണ് എന്നൊക്കെയാണ് ഷെറിന്‍ പറഞ്ഞിട്ടുള്ളത്. മൂന്നുനേരം പുറത്തുനിന്നുള്ള ഭക്ഷണം, സ്വന്തമായി മൊബൈല്‍ഫോണ്‍, പത്തുപതിനായിരം രൂപയുടെ മേക്കപ് സാധനങ്ങള്‍, വീട്ടില്‍ നിന്നും കൊണ്ടുവന്ന വസ്ത്രങ്ങള്‍, ബെഡ്, ബെഡ്ഷീറ്റുകള്‍, ഓഫീസില്‍ നിന്നും സെല്ലിലേക്ക് നടക്കാന്‍ കുട അങ്ങനെ പുറത്തെങ്ങനെയാണോ ജീവിക്കുന്നത് സമാനമായ രീതിയിലാണ് ജയിലിനകത്തും ഷെറിന്‍ കഴിഞ്ഞതെന്നും സുനിത വെളിപ്പെടുത്തിയിരുന്നു.

പുറത്തുനിന്നും കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാന്‍ ഷെറിന്‍ ക്ഷണിച്ചിരുന്നു. പക്ഷേ താന്‍ പോയിട്ടില്ലെന്നും സുനിത പറഞ്ഞു. ഷെറിന്റെ സഹതടവുകാരി രമ്യയെക്കൊണ്ടാണ് ഡ്രസ് നിര്‍ബന്ധിച്ചു കഴുകിക്കാറുള്ളതെന്നും സുനിത വെളിപ്പെടുത്തി. സുനിത വിയ്യൂര്‍ ജയിലില്‍ നിന്നും നിരാഹാരം കിടന്നുവന്ന വ്യക്തിയാണെന്നും വലിയ സൗഹൃദത്തിനൊന്നും പോകേണ്ടന്നുമായിരുന്നു ഷെറിന് ലഭിച്ച ഉപദേശം .ഷെറിന്റെ സഹതടവുകാരി രമ്യയെക്കൊണ്ടാണ് ഡ്രസ് നിര്‍ബന്ധിച്ചു കഴുകിക്കാറുള്ളത്. ഇതിനെതിരെ പരാതിപ്പെട്ടപ്പോള്‍ എന്തിനാണ് തന്നെ ഉപദ്രവിക്കുന്നതെന്നും ജയിലില്‍ നിന്നിറങ്ങാന്‍ സഹായിക്കാമെന്നും ഷെറിന്‍ വാഗ്ദാനം ചെയ്തു. ജയില്‍ സൂപ്രണ്ട് ഒക്കെ ഒരു ചെറിയ കുട്ടിയെ കൊഞ്ചിക്കുന്ന പോലെയാണ് ഷെറിനോട് സംസാരിക്കുന്നത്. ഷെറിന്‍ പ്രദീപ് സര്‍ ബന്ധത്തെക്കുറിച്ചുള്ള പരാതി കൊടുത്തപ്പോള്‍ സൂപ്രണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നുവെന്നും സുനിത പറഞ്ഞിരുന്നു. പരാതി കൊടുക്കുന്ന സമയം ഷെറിന്‍ പരോളില്‍ പോയിരുന്നു. തിരിച്ചുവന്നത് 2500രൂപ വിലമതിക്കുന്ന പേനയുമായാണ്. പേന തനിക്ക് തന്നു. തനിക്കെതിരെ പരാതിയെഴുതാന്‍ ഉപയോഗിച്ചോളൂ എന്നു പറഞ്ഞാണ് പേന കൈമാറിയത്-ഇതായിരുന്നു സുനിതയുടെ വെളിപ്പെടുത്തല്‍. ഇതെല്ലാം പുറത്തു വന്നിട്ടും കണ്ണൂരില്‍ ഷെറിന് വലിയ പിന്തുണ കിട്ടുന്നുവെന്നതിന് തെളിവാണ് പുതിയ കേസും പരാതിക്കാരിയെ ജയില്‍ മാറ്റിയ സംഭവവും.

2021 ഒക്ടോബറില്‍ അന്താരാഷ്ട്ര വിപണിയില്‍ 5.34 കോടി രൂപ വിലവരുന്ന കൊക്കെയ്‌നുമായി കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായ തടവുകാരിയാണ് കാനേ സിംപേ ജൂലി. ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ ദോഹ വഴി കൊച്ചിയിലെത്തിയപ്പോഴാണ് ഐവറി കോസ്റ്റ് പാസ്പോര്‍ട്ട് ഉടമയായ കാനേ സിംപേ ജൂലി പിടിയിലായത്. 580 ഗ്രാം കൊക്കെയ്‌നുമായാണ് നൈജീരിയക്കാരിയായ ഇവപ്ഡ പിടിയിലായത്. മതിയായ രേഖകളില്ലാതെയാണ് ഇവര്‍ കൊച്ചിയിലെത്തിയത്. എമിഗ്രേഷന്‍ വിഭാഗം ഇവരെ തടഞ്ഞുവെച്ചു. എമിഗ്രേഷന്‍ വിഭാഗം ഇക്കാര്യം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) യൂണിറ്റിനെ അറിയിച്ചു. ഡി.ആര്‍.ഐ. എത്തി ബാഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ് കൊക്കെയ്ന്‍ കണ്ടെത്തിയത്. ലാബില്‍ അയച്ച് പരിശോധന നടത്തിയാണ് പിടിച്ചത് കൊക്കെയ്ന്‍ തന്നെയാണോ എന്ന് ഉറപ്പിച്ചത്. മതിയായ യാത്രാരേഖകള്‍ ഇല്ലാതെ എത്തുന്നവരെ സാധാരണയായി മടക്കി അയയ്ക്കാറാണ് പതിവ്. കൊക്കെയ്ന്‍ കണ്ടെത്തിയതിനാലാണ് തിരിച്ചു വിടുന്നതിനു പകരം സ്ത്രീയെ പിടിച്ചുവെച്ചത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഇവരുടെ സംഘത്തില്‍പ്പെട്ട മറ്റൊരു യുവതിയെക്കുറിച്ചും ഡി.ആര്‍.ഐ.യ്ക്ക് വിവരം ലഭിച്ചു. ഇവരെ നെടുമ്പാശ്ശേരിയിലെ ഒരു ഹോട്ടലില്‍നിന്ന് പിടിച്ചു. ഐവറി കോസ്റ്റ് സ്വദേശിനി സീവി ഒടോത്തി ജൂലിയറ്റ് ആണ് അന്ന് പിടിയിലായത്. ഇവര്‍ 2021 ജനുവരിയില്‍ കൊച്ചിയിലെത്തിയതാണ്. ഇവരും മയക്കുമരുന്നു മാഫിയയുടെ പ്രധാന കണ്ണികളായിരുന്നു.

കാനേ സിംപേ ജൂലി കൊക്കെയ്‌നുമായി എത്തിയത് വസ്ത്രവ്യാപാരിയാണെന്ന വ്യാജേനയായിരുന്നു. മുംബൈയില്‍ വിതരണം ചെയ്യാനാണ് കൊക്കെയ്ന്‍ കൊണ്ടുവന്നത്. ഇവരില്‍നിന്ന് കൊക്കെയ്ന്‍ ഏറ്റുവാങ്ങാന്‍ നെടുമ്പാശ്ശേരിയിലെത്തിയിരുന്ന ഐവറി കോസ്റ്റ് സ്വദേശിനിയാണ് സീവി ഒടോത്തി ജൂലിയറ്റി. അറസ്റ്റിലാകുന്നതിന് മുമ്പ് മൂന്നു വര്‍ഷത്തിലേറെയായി മുംബൈയില്‍ താമസിക്കുന്ന ഒടോത്തി ജൂലിയറ്റാണ് മയക്കുമരുന്ന് കടത്തിന് ചുക്കാന്‍ പിടിക്കുന്നത്. മുംബൈയില്‍ വസ്ത്ര വ്യാപാരിയെന്ന നിലയിലാണ് ജൂലിയറ്റ് തങ്ങിയിരുന്നത്. സീവി ഒടോത്തി ജൂലിയറ്റിന്റെ നിര്‍ദേശപ്രകാരമാണ് കാനേ സിംപേ ജൂലി കൊക്കെയ്‌നുമായി കൊച്ചിയിലെത്തിയത്. കൊക്കെയ്ന്‍ കൊച്ചിയില്‍ എത്തിച്ചുനല്‍കിയാല്‍ 20 ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു. നൈജീരിയയിലെ ലോഗോസില്‍നിന്നാണ് ഇവര്‍ കൊച്ചിയിലേക്ക് തിരിച്ചത്. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ദോഹ വഴി കൊച്ചിയിലെത്തി. സീവി ഒടോത്തി ജൂലിയറ്റ് മുംബൈയില്‍നിന്ന് നേരത്തെ തന്നെ നെടുമ്പാശ്ശേരിയിലെത്തി ഹോട്ടലില്‍ മുറിയെടുത്ത് തങ്ങുകയായിരുന്നു. ട്രെയിന്‍ മാര്‍ഗ്ഗമായിരുന്നു ഇവര്‍ കൊച്ചിയില്‍ എത്തിയത്. ജൂലിയറ്റ് കൊച്ചിയിലെ ലഹരിമരുന്ന് ഇടപാടുകളിലെ പ്രധാന കണ്ണിയെന്നാണ് കരുതുന്നത്. പലപ്പോഴായി യുവതികളെ ഉപയോഗിച്ച് ഇവര്‍ വിദേശത്ത് നിന്നും കൊച്ചിയിലേക്ക് ലഹരിമരുന്ന് കടത്തിയതായാണ് വിവരം. ബിസിനസിനു തുണി വാങ്ങാന്‍ എത്തിയതെന്നായിരുന്നു കാനേ ഇമിഗ്രേഷന്‍ വിഭാഗത്തോട് പറഞ്ഞത്. എന്നാല്‍ ഇവരുടേത് ബിസിനസ് വീസ അല്ലാതിരുന്നത് സംശയത്തിനിടയാക്കി. തുടര്‍ന്ന് ബാഗ് പരിശോധിക്കുകയായിരുന്നു. ലഹരിമരുന്ന് കണ്ടെത്തിയതോടെ ഇവരെക്കൊണ്ട് ജൂലിയറ്റിനെ വിളിച്ചുവരുത്തിയാണ് ഡിആര്‍ഐ അധികൃതര്‍ അറസ്റ്റ് ചെയ്തത്.

ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ലാഗോസില്‍ നിന്ന് ദോഹ വഴി 2021 ഒക്ടോബര്‍ 16 ശനിയാഴ്ചയാണ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ (സിയാല്‍) കാനേ സിംപേ ജൂലി എത്തിയത്. ട്രോളി ബാഗിന്റെ അടിയില്‍ കള്ളക്കടത്ത് ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കൈയിന്‍. ഇന്ത്യയിലെ ലഹരി മാഫിയയില്‍ നിര്‍ണ്ണായ സ്വാധീനമുള്ള നൈജീരിയന്‍ ഗ്രൂപ്പിലെ പ്രധാനികളായിരുന്നു ഇവര്‍.

Tags:    

Similar News