ഷൈനിക്ക് ഭര്‍ത്താവ് നോബിയുടെ വധഭീഷണി നേരത്തെ ഉണ്ടായിരുന്നു; ഭര്‍തൃവീട്ടിലെ പീഡനം അറിഞ്ഞപ്പോള്‍ മുതല്‍ വീട്ടിലേക്ക് വരാന്‍ പലവട്ടം പറഞ്ഞിട്ടും അവള്‍ വന്നില്ല; നോബി ക്രൂരമായി തല്ലിച്ചതയ്ക്കുമ്പോളും പ്രതികരിക്കാത്ത പഞ്ചപാവമായിരുന്നു; മകളുടെ വേര്‍പാടിന്റെ തീരാവേദനയിലും എല്ലാം മറുനാടനോട് തുറന്നുപറഞ്ഞ് ഷൈനിയുടെ അച്ഛന്‍ കുര്യാക്കോസ്

ഷൈനിക്ക് ഭര്‍ത്താവ് നോബിയുടെ വധഭീഷണി നേരത്തെ ഉണ്ടായിരുന്നു

Update: 2025-03-05 17:17 GMT

കോട്ടയം: ഏറ്റുമാനൂരില്‍ രണ്ടുമക്കളെയും കൂട്ടി ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയ ഷൈനിക്ക് ഭര്‍ത്താവ് നോബി ലൂക്കോസിന്റെ വധഭീഷണി നേരത്തെ ഉണ്ടായിരുന്നുവെന്ന് ഷൈനിയുടെ പിതാവ് കുര്യാക്കോസ്. നോബിയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ മറുനാടന്‍ മലയാളിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭര്‍ത്താവിന്റെ വീട്ടില്‍ നില്‍ക്കെ, കുടുംബശ്രീയില്‍ നിന്ന് വായപ് എടുത്ത പണം സ്വന്തം വീട്ടിലേക്ക് ഒരിക്കലും ഷൈനി കൊണ്ടുവന്നിട്ടില്ല. ആവശ്യത്തിന് പണമുള്ള കുടുംബമാണ് തങ്ങളുടേത്. ആ പണം ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെയാണ് അവള്‍ ചെലവഴിച്ചത്. എന്നിട്ടും അത് തിരിച്ചടയ്ക്കാനുളള ബാധ്യത അവളുടെ മേല്‍ വന്നു.

ഭര്‍തൃവീട്ടിലെ പീഡനം അറിഞ്ഞപ്പോള്‍ മുതല്‍ മകളോട് വീട്ടിലേക്ക് വരാന്‍ പലവട്ടം പറഞ്ഞതാണ്. പക്ഷേ അവള്‍ വന്നിട്ടില്ല. മൂന്നുമക്കളെ ഓര്‍ത്തിട്ടാവണം അവള്‍ വരാതിരുന്നത്. ഭര്‍ത്താവ് ക്രൂരമായി തല്ലുമ്പോഴും അവള്‍ പ്രതികരിച്ചിരുന്നില്ല. അവള്‍ അത്രയും പഞ്ച പാവമായിരുന്നു. ഷൈനിയുടെ സഹോദരന്‍ അവള്‍ക്ക് ഒരുപാട് സഹായങ്ങള്‍ ചെയ്തുകൊടുത്തതാണ്. ഷൈനി ജൂലൈ 9 ന് വീട്ടില്‍ എത്തിയപ്പോള്‍ മുതല്‍ അവന്‍ അവളെ പൊന്നുപോലെ നോക്കി. നഴ്‌സിങ് പഠനത്തിന് ശേഷം 9 വര്‍ഷത്തെ ഇടവേള വന്നത് കൊണ്ട് അതുനികത്താന്‍ ഒരു കോഴ്‌സ് പഠിക്കണമായിരുന്നു. അതിനുള്ള പണവും ഞങ്ങളാണ് നല്‍കിയത്. അതുപൂര്‍ത്തിയാക്കിയ ശേഷം മുംബൈ ആശുപത്രിയില്‍ പോകാനിരിക്കെയാണ് ഈ അനിഷ്ട സംഭവമെന്നും കുര്യാക്കോസ് മറുനാടനോട് പറഞ്ഞു.

അച്ഛന്‍ കുര്യാക്കോസിന്റെ മൊഴി എടുത്ത ശേഷമാണ് പോലീസ് നോബിയെ അറസ്റ്റ് ചെയ്തത്. ജൂണ്‍ 9ന് നടന്ന സംഭവത്തില്‍ കരിങ്കുന്നം പോലീസില്‍ പരാതി നല്‍കിയെന്നും അച്ഛന്‍ പറഞ്ഞു. ആ കേസില്‍ നോബി മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നുവെന്നാണ് മനസ്സിലാക്കുന്നതെന്നും അച്ഛന്‍ പ്രതികരിച്ചു. 2024 ജൂണിലായിരുന്നു ഈ സംഭവം. അതിന് ശേഷം അച്ഛനൊപ്പം വീട്ടിലായിരുന്നു ഷൈനിയും മക്കളും. ഭര്‍ത്താവ് ഒരിക്കല്‍ പോലും വീട്ടിലേക്ക് വന്നതുമില്ല.

ഷൈനി വീട്ടില്‍ നിന്നും ഇറങ്ങി വന്നുവെന്നത് തെറ്റാണ്. ജൂണ്‍ 9ന് രാവിലെ മുതല്‍ രാത്രി വരെ മകളെ അവന്‍ മര്‍ദ്ദിച്ചു. അതിന് ശേഷം വീട്ടില്‍ നിന്നും ആ കുട്ടികളേയും അമ്മയേയും ഇറക്കി വിട്ടു. റോഡില്‍ നിന്നിട്ടും ഷൈനി വിളിച്ചില്ല. എന്നാല്‍ ഇതുകൊണ്ട് അല്‍പക്കത്തുള്ള നോബിയുടെ ബന്ധു എന്നെ ഫോണില്‍ വിളിച്ചു. ഞാന്‍ വണ്ടിയില്‍ പോയി റോഡില്‍ നിന്ന മകളെ കൂട്ടിക്കൊണ്ടു വന്നു. എന്നോട് ആ വീട്ടില്‍ നടന്നതൊന്നും അവള്‍ പറഞ്ഞില്ല. മര്‍ദ്ദിച്ചതും അറിയിച്ചില്ല. എന്നാല്‍ ദേഹത്ത് നിറയെ പാടുകളുണ്ടായിരുന്നു. ഇക്കാര്യം പോലീസിനേയും അറിയിച്ചു-കുര്യാക്കോസ് പറയുന്നു. കൊച്ചിയില്‍ ഹോസ്റ്റലിലുള്ള മകന് ആഴ്ചയില്‍ അഞ്ച് മിനിറ്റ് പുറത്തേക്ക് വിളിക്കാന്‍ കഴിയുമായിരുന്നു. അന്ന് അമ്മയെ അവന്‍ വിളിക്കുമായിരുന്നു. മകന്‍ മുമ്പ് അമ്മയ്ക്കെതിരെ കേസ് കൊടുത്തതിനെ കുറിച്ച് അറിയില്ലെന്നാണ് ഷൈനിയുടെ അച്ഛന്‍ പറയുന്നത്. ചാനലുകളില്‍ വാര്‍ത്ത വന്നതു മാത്രമേ അറിയൂവെന്നാണ് അച്ഛന്‍ വിശദീകരിക്കുന്നത്.


Full View

12 ഇടത്ത് ജോലി തേടി പോയി. നഴ്സ് ജോലിയില്‍ നിന്നും ബ്രേക്കുള്ളതു കൊണ്ടാണ് കിട്ടാത്തത്. സഹോദരങ്ങളുടെ സഹായത്തോടെ ഓണ്‍ലൈന്‍ കോഴ്സിന് ചേര്‍ന്നിരുന്നു. മുംബൈയില്‍ ജോലി ശരിയായി വരുമ്പോഴായിരുന്നു മകളുടെ മരണമെന്നും കുര്യാക്കോസ് പറയുന്നു. ഇപ്പോള്‍ നോബിയെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ട്. നിയമത്തില്‍ വിശ്വാസമുണ്ടെന്നും കുര്യാക്കോസ് പ്രതികരിച്ചു. മകളുടേയും കൊച്ചു മക്കളുടേയും മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ തളയ്ക്കുന്നത് വരെ കുര്യാക്കോസ് നിയമ പോരാട്ടം നടത്തും. മതിയായ തെളിവുകള്‍ തന്റെ പക്കലുണ്ട്. ഗാര്‍ഹിക പീഡനത്തിന് ഇരയാണ് തന്റെ മകള്‍. ആത്മഹത്യയിലേക്ക് മകളെ നോബി എത്തിച്ചതാണെന്ന് ഈ അച്ഛന്‍ വിശ്വസിക്കുന്നു.

കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് നോബി കുര്യക്കോസ് അറസ്റ്റിലായത് ഇന്നാണ്. ഭാര്യ മരിക്കുന്നതിന്റെ തലേ ദിവസം വാട്ട്സാപ്പ് സന്ദേശം അയച്ചിരുന്നതായി നോബി മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റുമാനൂര്‍ പൊലീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നോബിയുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കും. വാട്ട്സാപ്പ് സന്ദേശം വീണ്ടെടുക്കാനുള്ള ശ്രമം പൊലീസ് തുടങ്ങി. ഏറ്റുമാനൂര്‍ 101 കവല വടകര വീട്ടില്‍ ഷൈനി(43), അലീന(11), ഇവാന(10) എന്നിവരെയാണ് ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംബവത്തില്‍ നോബിയെ ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ബന്ധുക്കളുടേയും നാട്ടുകാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷൈനിയുടെ ഭര്‍ത്താവ് നോബിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുടുംബപ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് പൊലീസ് കരുതുന്നു. നോബി ലൂക്കോസും ഷൈനിയും നാളുകളായി പിരിഞ്ഞ് കഴിയുകയാണ്. ഇവര്‍ തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ഒമ്പത് മാസമായി ഷൈനി പാറോലിക്കലിലെ സ്വന്തം വീട്ടിലാണ് താമസം. നോബി വിദേശത്തായിരുന്നു. കോടതിയില്‍ വിവാഹമോചന കേസ് നടക്കുന്നതിനിടെയാണ് ഷൈനിയും മക്കളും ജീവനൊടുക്കിയത്.

ഫെബ്രുവരി 28ന് പുലര്‍ച്ചെ 5.20നായിരുന്നു സംഭവം. കോട്ടയം നിലമ്പൂര്‍ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ലോക്കോ പൈലറ്റാണ് പൊലീസില്‍ അറിയിച്ചത്. നഴ്‌സായിരുന്ന ഷൈനിക്ക് വിവാഹശേഷം ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ഭര്‍ത്താവുമായി പിരിഞ്ഞ ശേഷം ജോലിക്ക് ശ്രമിച്ചിരുന്നെങ്കിലും കിട്ടാതിരുന്നത് മാനസികമായി തളര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഷൈനിയുടെ മറ്റൊരു മകന്‍ എഡ്വിന്‍ എറണാകുളം ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. മരിച്ച അലീനയും ഇവാനയും തെള്ളകം ഹോളി ക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയ നോബിയെ തൊടുപുഴയിലെ വീട്ടില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.


Tags:    

Similar News