തൊഴുത്തില്‍ എട്ട് പശുക്കള്‍; ഒരു റോട്ട് വീലര്‍; ചെറിയ കൂടു നിറയെ കോഴികള്‍; ആഹാരം കിട്ടാതെ വളര്‍ത്തു മൃഗങ്ങള്‍ വലയുന്നു; ചാവക്കാട്ടെ ഇരട്ടപ്പുഴയ്ക്ക് സമീപത്തുള്ള കുഞ്ഞമ്മയുടെ വീടിലും അവരില്ല; കൊച്ചിയില്‍ ജോലി ചെയ്യുന്ന രമയുടെ മകന്‍ ആദര്‍ശും നിരീക്ഷണത്തില്‍; പാലക്കാട്ടെ അമ്മാവന്റെ സ്ഥലങ്ങളിലും ഒളിച്ചിരിക്കാന്‍ സാധ്യത; സുകാന്തിന്റെ 'ഐബി ബുദ്ധിയില്‍' വലഞ്ഞ് കേരളാ പോലീസ്
മലപ്പുറം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണം നേരിടുന്ന സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനൈ കുറിച്ച് പോലീസിന് വിവരമൊന്നുമില്ല. സുകാന്തിന്റെ അച്ഛനും അമ്മയും അടക്കം മുങ്ങി. ആ വീട്ടിലുള്ളത് പട്ടിണിയിലായ വളര്‍ത്തുമൃഗങ്ങള്‍ മാത്രമാണ്. തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യാവാര്‍ത്ത പുറത്തുവന്നശേഷം സുകാന്തും മാതാപിതാക്കളും എവിടെയാണെന്ന് വ്യക്തമല്ല. മകനും ഈ യുവതിയുമായുള്ള ബന്ധം അച്ഛനും അമ്മയ്ക്കും എല്ലാം അറിയാം. യുവതി ഗര്‍ഭച്ഛിദ്രത്തിന് വിധേയായെന്നതിനും തെളിവ് പുറത്തു വന്നിട്ടുണ്ട്. ഇതെല്ലാം അറിയാമായിരുന്നു സുകാന്ത് അച്ഛനേയും അമ്മയേയും കൊണ്ട് നാടുവിട്ടു. വീട്ടുവളപ്പില്‍നിന്ന് പശുക്കളുടെ വലിയ കരച്ചില്‍ ഉയരുന്നത് പിതിവാണ് ഇപ്പോള്‍. വിശപ്പു കാരണമാണ് ഇത്. തൊഴുത്തില്‍ എട്ടു പശുക്കള്‍, റോട്ട്വീലര്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ, ഒരു ചെറിയ കൂടുനിറയെ കോഴികള്‍ എന്നിവ വീട്ടുവളപ്പിലുണ്ട്. ഇവയെല്ലാം ഉപേക്ഷിച്ചാണ് അവര്‍ നാടുവിട്ടത്.
സുകാന്തിന്റെ കുടുംബത്തിന് ആകെ അടുപ്പമുള്ളത് അമ്മയുടെ സഹോദരിയുമായാണ്. ലതയും സഹദേവനും ചാവക്കാട്ടെ ഇരട്ടപ്പുഴയ്ക്ക് അടുത്താണ് താമസിക്കുന്നത്. സുകാന്തും അമ്മയും അച്ഛനും ഇവരുടെ വീട്ടില്‍ ആണ് ഒളിവില്‍ കഴിഞ്ഞുവെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇവിടെ അടക്കം പോലീസ് നിരീക്ഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്തിയില്ല. ഇവരുടെ മകന്‍ ആദര്‍ശിന് എറണാകുളത്താണ് ജോലി. ആദര്‍ശിന്റെ ജോലി സ്ഥലവും മൊബൈലും എല്ലാം പോലീസ് നിരീക്ഷണത്തിലാണഅ. ഇതിനൊപ്പം അമ്മയുടെ സഹോദരന് പാലക്കാട്ടും വീടുണ്ട്. ഈ സ്ഥലത്തും പോലീസ് പരിശോധന നടത്തിയെന്നാണ് സൂചന. ഈ സഹോദരനും കുറച്ചു നാളായി ലതയ്‌ക്കൊപ്പമാണ് കഴിയുന്നത്. ലതയെയും കുടുംബത്തെയും ചോദ്യം ചെയ്താല്‍ സുകാന്തിനെ നിഷ്പ്രയാസം കണ്ടു പിടിക്കാമെന്ന അഭിപ്രായം പോലീസിലുണ്ട്. പക്ഷേ ഈ വഴിയിലേക്ക് കടന്നിട്ടില്ല. മതിയായ തെളിവുകള്‍ സുകാന്തിനെതിരെ കിട്ടിയെന്നാണ് പോലീസ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ബന്ധുകളുടെ മൊഴി എടുത്ത് സുകാന്തിനെ കണ്ടെത്താനും ശ്രമിക്കും.
എടപ്പാളിനു സമീപം ശുകപുരത്തെ പെട്രോള്‍ പമ്പിനടുത്താണ് സുകാന്ത് സുരേഷിന്റെ വീട്. വിശാലമായ പുരയിടത്തിലേക്കുള്ള ഗേറ്റ് പൂട്ടിയ നിലയിലാണ്.അയല്‍വാസികളുമായി കാര്യമായ അടുപ്പമോ സൗഹൃദമോ പുലര്‍ത്തിയിരുന്നില്ല. പൂജയും മന്ത്രവാദവുമെല്ലാം ഇവിടെ നടന്നിരുന്നു. നിരവധി സ്ഥലങ്ങള്‍ ഇവര്‍ക്കുണ്ട്. സുകാന്തിന്റെ പിതാവ് ഏറെക്കാലം വിദേശത്തായിരുന്നു. അമ്മ ടീച്ചറായിരുന്നു. സുകാന്ത് ഏകമകനാണ്. മികച്ച സാമ്പത്തികനിലയിലുള്ള കുടുംബത്തിന് വിവിധയിടങ്ങളിലായി ഭൂമിയും മറ്റും സ്വന്തമായുണ്ടെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു. പിതാവ് ഇടക്കാലത്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസും നടത്തിയിരുന്നു. പുരയിടത്തിന്റെ അതിരിലെ ഇടുക്കുവഴിയിലൂടെ കടന്നു കയറി അയല്‍വാസികളായ അലി, ഇബ്രാഹിം, ഷാഫി തുടങ്ങിയവര്‍ പശുക്കള്‍ക്ക് വൈക്കോലും വെള്ളവും നായയ്ക്ക് ചോറും മറ്റും നല്‍കിയിരുന്നു. വിവാദം കത്തി പടര്‍ന്നതോടെ അയല്‍ക്കാര്‍ ഭയത്തിലായി. ഇതോടെ വളര്‍ത്തുമൃഗങ്ങള്‍ വലഞ്ഞു. ഭക്ഷണവും വെള്ളവും കിട്ടാതെ വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങുമെന്ന ആശങ്കയായതോടെ ഗ്രാമപ്പഞ്ചായത്തംഗം ഇ.എസ്. സുകുമാരനെ അറിയിക്കുകയും അദ്ദേഹം എത്തി നായയ്ക്ക് തീറ്റയും പശുക്കള്‍ക്ക് കാലിത്തീറ്റയും മറ്റും സാധനങ്ങളും വാങ്ങി നല്‍കുകയും ചെയ്തു.
ഐ.ബി.ഉദ്യോഗസ്ഥയെ കാമുകനായ സുകാന്ത് ചൂഷണം ചെയ്തതിന് കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തിയതിന്റെ രേഖകള്‍ ഉള്‍പ്പെടെ കുടുംബം കൈമാറിയിട്ടും സുകാന്തിനെതിരെ കേസെടുക്കാന്‍ പേട്ട പൊലീസ് തയാറായിട്ടില്ല. യുവതി മരിച്ച് പത്തു ദിവസം കഴിഞ്ഞിട്ടും അന്വേഷണം തുടരുകയാണെന്ന മറുപടി മാത്രമാണ് പൊലീസില്‍നിന്നു ലഭിക്കുന്നത്. സുകാന്ത് ഇപ്പോഴും ഒളിവിലാണ്. സുകാന്തിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. വിമാനത്താവളങ്ങള്‍ വഴി രാജ്യം വിടുന്നതു തടയാനാണു നടപടി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ കുടുംബത്തിന് ലഭിക്കും. ഇതിനു ശേഷം ഡിജിപിയെ നേരില്‍ക്കണ്ട് പരാതി കൊടുക്കുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടി ആലോചിക്കുമെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു. ഒരു കൂട്ടുകാരിക്കൊപ്പമാണ് ആശുപത്രിയിലെത്തി ഗര്‍ഭഛിദ്രം നടത്തിയതെന്നാണു പൊലീസ് കണ്ടെത്തിയത്. ബാങ്ക് രേഖകള്‍ പരിശോധിച്ചപ്പോള്‍ ആശുപത്രിയില്‍ പണം നല്‍കിയതിന്റെ വിവരം ലഭിച്ചതിനെ തുടര്‍ന്നാണു കുടുംബം വിവരം പൊലീസില്‍ അറിയിച്ചത്. ഗര്‍ഭഛിദ്രം നടത്തിയിരുന്നുവെന്ന് കുടുംബം അറിയുന്നതും അപ്പോള്‍ മാത്രമാണ്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരു സുഹൃത്തിനൊപ്പം യുവതി ആശുപത്രിയിലെത്തിയ വിവരം സ്ഥിരീകരിച്ചത്. യുവതിയുടെ ബാഗില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട മരുന്നിന്റെ കുറിപ്പടിയും ലഭിച്ചു. സുകാന്ത് യുവതിയെയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും മകളില്‍ നിന്നു പണം തട്ടിയെടുത്തുവെന്നും പിതാവ് മധുസൂദനന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗര്‍ഭഛിദ്രം നടത്തുന്നതിന് ഏറെ നടപടിക്രമങ്ങളുണ്ട്. ഈ നടപടിക്രമങ്ങള്‍ ആശുപത്രി പാലിച്ചിരുന്നോ എന്നതും ഉയരുന്ന ചോദ്യമാണ്. ഇനിയും സുകാന്തിനെതിരെ ഐബിയും നടപടി എടുത്തിട്ടില്ല. നെടുമ്പാശ്ശാരി വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥനാണ് രേഖകളില്‍ ഇപ്പോഴും സുകാന്ത്.
സുകാന്തും തമ്മിലുള്ള അടുപ്പം അറിഞ്ഞ മാതാപിതാക്കള്‍ വിവാഹം നടത്താന്‍ തയാറാണെന്ന് അറിയിച്ചിരുന്നു. സുകാന്തിന്റെ കുടുംബവുമായി സംസാരിക്കാമെന്ന് പറഞ്ഞപ്പോള്‍ ഓരോ കാരണം പറഞ്ഞ് സുകാന്ത് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നു. സുകാന്തിന്റെ പിതാവിന്റെ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ പറഞ്ഞാണ് നീട്ടിക്കൊണ്ടുപോയത്. ഇതോടെ എന്തെങ്കിലും തീരുമാനമാകുന്നതു വരെ ബന്ധം തുടരുന്നതിനെ യുവതിയുടെ മാതാപിതാക്കള്‍ വിലക്കിയിരുന്നു. കുറച്ചുകൂടി സമയം വേണമെന്നാണ് യുവതി മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനിടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതാകാം യുവതിയെ മരണത്തിലേക്കു നയിച്ചതെന്നാണു കരുതുന്നത്. മരണദിവസം രാവിലെയും യുവതി അമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഒരു തരത്തിലുള്ള പ്രശ്‌നങ്ങളുമുള്ളതായി യുവതി പറഞ്ഞിരുന്നില്ല. സുകാന്തിന് വേറെയും ബന്ധങ്ങളുണ്ടായിരുന്നു. കുഭമേളയ്ക്ക് പോയി നോര്‍ത്ത് ഈസ്റ്റിലെ യുവതിയെ പീഡിപ്പിച്ചു. തിരുവനന്തപുരത്തുകാരിയെ പ്രണയ ചതിയില്‍ വീഴ്ത്തി പണവും മാനവും കവര്‍ന്നു. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ സുകാന്ത് ഒരു സൈക്കോ ആണെന്നാണ് വ്യക്തമാകുന്നത്. മകള്‍ക്ക് സമ്മാനിച്ച കാര്‍ കൊച്ചി ടോള്‍പ്ലാസ കടന്ന മെസേജ് വന്നപ്പോഴാണ് സഹപ്രവര്‍ത്തകനുമായുള്ള ബന്ധം പത്തനംതിട്ടയിലെ കുടുംബം അറിയുന്നത്. പ്ലസ് വണ്‍ കാലത്ത് തുടങ്ങിയ പരിശീലനമാണ് മകളെ ഐ.ബി.ഉദ്യോഗസ്ഥയാക്കിയത് എന്നും അച്ഛന്‍ പറഞ്ഞു. അസമയത്തെ യാത്രകള്‍ വിലക്കിയിട്ടുണ്ട്.ചോദ്യം ചെയ്തിട്ടുണ്ട്. ജോലി കിട്ടിയതിന് പിന്നാലെ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ തന്നെ ജോലിക്കാര്യം പുറത്തു പറയരുതെന്നും,വീട്ടുകാര്‍ പോലും ജോലിക്കാര്യങ്ങള്‍ ചോദിക്കരുത് എന്നും പറഞ്ഞിരുന്നുവെന്നും അച്ഛന്‍ പറയുന്നു.
യുവതിയെ മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വിമാനത്താവളത്തില്‍ നിന്നിറങ്ങിയ യുവതി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്‌സ്പ്രസിന് മുന്നിലാണ് ചാടിയത്. ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് പാളത്തിലൂടെ നടക്കുമ്പോള്‍ നാലു തവണയാണ് യുവതിയും സുകാന്തുമായി സംസാരിച്ചതെന്ന് പൊലീസ് പറയുന്നു. ഫോണ്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ എട്ടു സെക്കന്‍ഡ് വീതം മാത്രമാണ് ഈ വിളികള്‍ നീണ്ടിട്ടുള്ളത്. ഈ ഫോണ്‍ വിളികള്‍ എന്തിനായിരുന്നുവെന്നും എന്തായിരുന്നു ലക്ഷ്യമെന്നുമാണ് കണ്ടെത്തേണ്ടത്. പലതവണ സുകാന്തിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ട്. അപൂര്‍വമായി മാത്രമാണ് തിരികെ സുകാന്തിന്റെ അക്കൗണ്ടില്‍ നിന്നും പണം ഇട്ടിട്ടുള്ളതും. സുകാന്തിനെ കാണാന്‍ പലവട്ടം യുവതി കൊച്ചിയിലേക്ക് പോയിരുന്നു. സുകാന്ത് പലവട്ടം തിരുവനന്തപുരത്തും വന്നിട്ടുണ്ട്. എന്നാല്‍ യാത്രാ ചെലവുകള്‍ വഹിച്ചിരുന്നതും യുവതിയായിരുന്നു.
പത്തനംതിട്ടക്കാരിയുടെ മരണത്തിലേക്ക് നയിച്ചത് സുകാന്തിന്റെ ഒഴിവാക്കലായിരുന്നു. സാമ്പത്തികമായി സുകാന്ത് യുവതിയെ ചൂഷണം ചെയ്തിരുന്നു. ഇതിനൊപ്പം ലൈംഗികമായും പീഡിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം തെളിയിക്കുന്ന മെഡിക്കല്‍ രേഖകള്‍ ഐബിയ്ക്ക് യുവതിയുടെ അച്ഛന്‍ കൈമാറി കഴിഞ്ഞു. അതിനിടെ തിരുവനന്തപുരത്തുകാരിയായ മറ്റൊരു യുവതിയേയും പ്രണയച്ചതിയില്‍ സുകാന്ത് വീഴ്ത്തിയെന്നാണ് സൂചന. ഇതിനിടെ കുംഭമേളയ്ക്ക് പോയ സുകാന്ത് അവിടേയും പീഡക റോള്‍ അണിഞ്ഞുവെന്ന വിവരമാണ് ഐബിയ്ക്ക് കിട്ടുന്നത്. സുകാന്തിനെതിരെ പോലീസ് കേസെടുത്തിട്ടില്ലെന്നും സൂചനകളുണ്ട്. എല്ലാം വിശദമായി വിലയിരുത്തി ഉടന്‍ കേസെടുക്കും. അവധി എടുത്തു പോയ സുകാന്ത് നിലവില്‍ ജോലിക്ക് പോകുന്നില്ല. ഈ സാഹചര്യത്തില്‍ കാരണം കാണിക്കാതെ ജോലിക്ക് എത്തുന്നില്ലെന്ന കുറ്റം ചുമത്തി ഇയാളെ സര്‍വ്വീസില്‍ നിന്നും പുറത്താക്കാന്‍ ഐബി തീരുമാനിച്ചിട്ടുണ്ട്. അനധികൃത അവധിയായി കണക്കാക്കിയാകും നടപടി. പ്രൊബേഷന്‍ കാലം കഴിഞ്ഞിട്ടില്ലാത്തതിനാല്‍ സര്‍വ്വീസില്‍ നിന്നും പുറത്താക്കാനും കഴിയും.