നടന്നു പോകവെ യുവതിയുടെ നിതംബത്തില്‍ കടന്നു പിടിച്ചു കൗമരക്കാരന്‍; ബഹളം വെച്ചു പിന്നാലെ ഓടിയപ്പോള്‍ സൈക്കിളില്‍ രക്ഷപെട്ടു; രോഷം കൊണ്ട് ജ്വലിച്ച യുവതി അപമാനിച്ചവരെ കണ്ടെത്താന്‍ സ്വയം അന്വേഷകയായി; പത്ത് ദിവസത്തെ പരിശ്രമത്തില്‍ കൗമാരക്കാരനെ കണ്ടെത്തി പോലീസില്‍ ഏല്‍പ്പിച്ചു യുവതി; ഒരു അപൂര്‍വ്വ പോരാട്ടവീര്യത്തിന്റെ കഥ
നടന്നു പോകവെ യുവതിയുടെ നിതംബത്തില്‍ കടന്നു പിടിച്ചു കൗമരക്കാരന്‍
കൊച്ചി: നടന്ന് പോകുന്നതിനടയില്‍ ശരീരത്ത് കടന്ന് പിടിച്ച കൗമാരക്കാരനെ പത്ത് ദിവസത്തെ ആന്വേഷണത്തിനൊടുവില്‍ സ്വയം കണ്ടെത്തി പോലീസില്‍ ഏല്‍പ്പിച്ച് യുവതി. എറണാകുളത്തെ ഒരു സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അതിക്രമം നടത്തിയത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നിയമ നടപടികള്‍ വേണ്ടെന്ന് യുവതി അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് കൗമാരക്കാരനെ കൗണ്‍സിലിങ്ങിന് അയച്ചു.
എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ സമാധി റോഡില്‍ സെപ്റ്റംബര്‍ 2 ന് വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. നടന്ന് പോകുന്നതിനിടയില്‍ സ്‌കൂള്‍ യൂണിഫോം ധരിച്ച കൗമാരക്കാരന്‍ സൈക്കിളില്‍ കടന്ന് പോയി. തൊട്ട് പിന്നാലെ കൗമാരക്കാരന്‍ തിരിച്ചെത്തി യുവതിയുടെ പിന്‍ഭാഗത്ത് പിടിക്കുകയായിരുന്നു. യുവതി ബഹളം വച്ച് പിന്നാലെ ഓടിയെങ്കിലും സൈക്കിളില്‍ വളരെ വേഗം രക്ഷപെട്ടു. തുടര്‍ന്ന് യുവതി എളമക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
പരാതി സ്വീകരിച്ചെങ്കിലും തെളിവുകള്‍ ഉണ്ടെങ്കിലേ നടപടി എടുക്കാനാവൂ എന്ന് പോലീസ് അറിയിച്ചു. ഇതോടെ യുവതി അതിക്രമം നേരിട്ട റോഡിലെത്തി പരിശോധന നടത്തി. സമീപത്തെ ഒരു സ്ഥാപനത്തിലെ സിസിടിവി ശ്രദ്ധയില്‍പ്പെട്ടു. സ്ഥാപന ഉടമയുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കൗമാരക്കാരന്‍ തന്നെ കടന്ന് പിടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. ഈ ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയെങ്കിലും അന്വേഷണ പുരോഗതിയുണ്ടായില്ല. അങ്ങനെ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്താന്‍ യുവതി മുന്നിട്ടിറങ്ങി. സൈബര്‍ സുരക്ഷാ മേഖലയില്‍ ജോലി ചെയ്യുന്ന സുഹൃത്തിന്റെ സഹായവും ഒപ്പം യുവതി തേടി.
ഇരുവരും സമീപത്തെ പല സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. തനിക്ക് നേരെയുണ്ടായ അതേ രീതിയില്‍ മറ്റ് യുവതികള്‍ക്കും നേരെ കൗമാരക്കാരന്‍ അതിക്രമം നടത്തുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. പല ദിവസങ്ങളില്‍ തനിക്ക് അതിക്രമം ഏറ്റ അതേ സമയങ്ങളിലും. ഇതോടെ കൗമാരക്കാരനെ വെറുതെ വിടാന്‍ യുവതി തയ്യാറായില്ല. കൂടുതല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കൗമാരക്കാരനെ തിരിച്ചറിയുകയും ധരിച്ചിരുന്ന യൂണിഫോം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പഠിക്കുന്ന സ്‌ക്കൂളും കണ്ടെത്തി. സ്‌ക്കൂളിലെത്തി അന്വേഷിച്ചപ്പോഴാണ് കൗമാരക്കാരന്‍ പ്ലസ് വണിന് പഠിക്കുകയാണെന്ന് മനസ്സിലായത്. തുടര്‍ന്ന് യുവതി കൗമാരക്കാരനെ എളമക്കര പോലീസില്‍ ഏല്‍പ്പിച്ചു.
പോലീസ് ചോദ്യം ചെയ്യലില്‍ കണ്ടപ്പോള്‍ പിടിക്കാന്‍ തോന്നി എന്നാണ് പോലീസിന് മൊഴി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നിയമ നടപടി വേണ്ടെന്നും ചെയ്ത തെറ്റ് ബോധ്യപ്പെടുത്തിയ ശേഷം വിട്ടയക്കാനുമാണ് യുവതി പോലീസിനോട് ആവശ്യപ്പെട്ടത്. ഇതോടെ പോലീസ് കൗമാരക്കാരനെ കൗണ്‍സിലിങ്ങിന് അയച്ചു.